sections
MORE

5ജി, ക്യാമറ വിപ്ലവം, 3ഡി, ടെക്നോളജി കുത്തിനിറച്ച് ഗ്യാലക്‌സി S10 പ്ലസ് പുറത്തിറങ്ങി

galaxy-s10-1
SHARE

ലോകത്തെ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ ഈ വര്‍ഷത്തെ മുന്‍നിര ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചു. 2019 ലെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ് S10 പ്ലസ് ആണ് അവതരിപ്പിച്ചത്. സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ രംഗത്ത് സാംസങ്ങിന്റെ പത്താം വര്‍ഷമാണിതെന്ന പ്രത്യേകതയുമുണ്ട് ഇതിന്.

പുതിയതായി എന്തെങ്കിലും?

S10, S10 പ്ലസ് മോഡലുകളെക്കുറിച്ച് ഇതുവരെ പുറത്തുവന്ന ഊഹാപോഹ റിപ്പോർട്ടുകളിൽ എന്തെങ്കിലുമുണ്ടോ? കഴിഞ്ഞ ദിവസം സാംസങ് പുറത്തെടുത്ത നാലു മോഡലുകളില്‍ രണ്ടെണ്ണം മാത്രമാണിവ. (S10E, S105G എന്നിവയാണ് മറ്റുള്ളവ) നേരിട്ടുകാണുമ്പോള്‍ ഇവ ശരിക്കും പ്രീമിയം അനുഭവം പകരുന്നുവെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അറ്റം മുതല്‍ അറ്റം വരെ പരന്നു കിടക്കുന്ന ഡിസ്‌പ്ലെയാണ് ആദ്യം മനസ്സില്‍ പതിയുന്നത്. പിന്നിലെ ക്യാമറ ത്രയത്തിനുമുണ്ട് കാഴ്ചയില്‍ ആകര്‍ഷണീയത. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്‌ക്രീനില്‍ തന്നെയാണ്. പ്രോസസിങ് ശക്തിയുടെയും സ്‌ക്രീന്‍ നിര്‍മാണത്തിന്റെയും ക്യാമറ പ്രകടനത്തിന്റെയും മികച്ച സമ്മേളനമാണ് പുതിയ പ്രധാന മോഡലുകള്‍.

സ്‌ക്രീന്‍

സ്‌ക്രീന്‍ നിര്‍മാണത്തില്‍ ഇന്നുള്ള ഒരു കമ്പനിക്കും സാംസങ്ങിനെ ഒന്നും പഠിപ്പിക്കാനില്ല. ആപ്പിള്‍ പോലും ഈ ടെക്‌നോളജി സാംസങ്ങില്‍ നിന്ന് കാശുകൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. പുതിയ മോഡലുകളില്‍ S10 പ്ലസിന് 6.4-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും, S10ന് 6.1-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലെയുമാണ് ഉള്ളത്. ക്വാഡ് എച്ഡി പ്ലസ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറകല്‍ക്ക് ഇരിക്കാനായി സ്‌ക്രീനില്‍ ദ്വാരങ്ങളിട്ടിട്ടുണ്ട്. ഇത് നോച്ചുകളുടെയത്ര വിലക്ഷണമല്ല. 19:9 അനുപാതത്തിലുള്ളതാണ് സ്‌ക്രീനുകള്‍. ഔദ്യോഗികമായി ലോകത്തെ ആദ്യത്തെ എച്ഡിആര്‍ പ്ലസ് സ്‌ക്രീന്‍ സ്‌ക്രീനുമായാണ് ഈ മോഡലുകള്‍ എത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുൻപ് സാംസങ് സ്‌ക്രീനുകളെ തെറി പറഞ്ഞിരുന്നവര്‍ പോലും ഇപ്പോള്‍ അവയെ പുകഴ്ത്തുന്നതു കാണാം. ഐഫോണുകളിലെ സാംസങ് ഡിസ്‌പ്ലെ ശീലമായിതിനാലായിരിക്കാം. സൂര്യപ്രകാശത്തില്‍ എത്ര മനോഹരമായി വായിക്കാമെന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തിയ മറ്റൊരു കാര്യം. കണ്ണിനു ഹാനികരമെന്നു കരുതുന്ന നീലവെളിച്ചത്തെ ക്രമീകരിക്കാന്‍ സ്‌ക്രീനിനു സാധിക്കുമെന്നും പറയുന്നു.

galaxy-s10-2

ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

സ്‌ക്രീനുകളെ മനോഹരമാക്കാനായി ഫിംഗര്‍പ്രിന്റ് സ്‌കാനറുകളെ പിന്നിലേക്കു മാറ്റിയുള്ള പരീക്ഷണം മുന്‍നിര ഫോണുകളില്‍ നിന്ന് ഒഴിവാകുകയാണ്. പിന്നില്‍ അണ്‍ലോക് ചെയ്യാന്‍ ശ്രമിച്ച് അറിയാതെ പന്‍ക്യാമറകളില്‍ തൊടേണ്ടി വന്നിട്ടില്ലാത്തവരുണ്ടോ? അവ ഇനി മുന്നിലെ സ്‌ക്രീനിനുള്ളില്‍ തന്നെ പിടിപ്പിച്ചിരിക്കും. ക്വാല്‍കം ഉണ്ടാക്കിയ അള്‍ട്രാസോണിക് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കല്‍ സെറ്റ്-അപ് ചെയ്തു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ അണ്‍ലോക് ചെയ്യാനാകുമെന്നു കാണം. മെഷീന്‍ ലേണിങ് ഇതിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിനാല്‍ കുറച്ചു തവണ ഉപയോഗിച്ചു കഴിയുമ്പോള്‍ വളരെ എളുപ്പത്തില്‍ അണ്‍ലോക്കിങ് സാധ്യമാകുമെന്ന് സാംസങ് അറിയിച്ചു. സ്‌ക്രീനിന്റെ കീഴെയുള്ള മൂന്നിലൊന്നു ഭാഗത്തിന്റെ നടുവിലാണ് വിരല്‍പ്പാടു പതിക്കേണ്ടത്. സ്‌ക്രീന്‍ ഓഫാണെങ്കില്‍ പോലും വിരല്‍ പതിച്ചാല്‍ ഫോണ്‍ ഉണരും. പക്ഷേ, ഉണര്‍ന്ന സ്‌ക്രീനില്‍ എവിടെയാണ് വിരല്‍ വയ്‌ക്കേണ്ടതെന്നു കാണിച്ചു തരുന്നതിനാല്‍ ചിലര്‍ക്ക് അങ്ങനെ ചെയ്യേണ്ടതായി വരും. ഉപയോഗത്തിലൂടെ ഇത് വളരെ എളുപ്പമായി തീരും. സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഈ ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റിയേക്കില്ലെന്ന വാര്‍ത്ത പടര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയല്ല, തങ്ങളുടെ പുതിയ മോഡലുകള്‍ക്കുതകുന്ന സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഉടന്‍ വരുമെന്ന് സാംസങ് ഉറപ്പു നല്‍കി.

സാംസങ് ഉത്തരവാദിത്വമുള്ള കമ്പനിയാകുന്നു

നിങ്ങളുടെ വിരലടയാളത്തിന്റെ ബയോമെട്രിക് ഡേറ്റ നോക്‌സ് ട്രസ്റ്റ് സോണ്‍ (Knox Trust Zone) എന്ന പ്രദേശത്ത് ഫോണിനുള്ളില്‍ തന്നെ സൂക്ഷിക്കുമെന്ന് കമ്പനി പറയുന്നു. ആപ്പിളിനു ശേഷം ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു കമ്പനി ഇതു പറഞ്ഞു കേള്‍ക്കുന്നതായി ഈ ലേഖകന്റെ ശ്രദ്ധയില്‍ പെടുന്നത്. നിങ്ങളുടെ ബയോമെട്രിക് ഡേറ്റയ്ക്ക് അതീവ പ്രാധാന്യം നല്‍കുക തന്നെ വേണം. പല കമ്പനികളും ഇവയെ തങ്ങളുടെ ക്ലൗഡിലേക്ക് വലിച്ചു കൊണ്ടു പോകുന്നു. ഈ മോഡലുകള്‍ക്ക് ഫെയ്‌സ് അണ്‍ലോക് സംവിധാനവുമുണ്ട്. ഇതിന്റെ ഡേറ്റ ഇത്ര സുരക്ഷിതമല്ല. വേണ്ടവര്‍ക്ക് അതും ഉപയോഗിക്കാം.

ക്യാമറ ത്രയം

കഴിഞ്ഞ വര്‍ഷം വാവെയ് മെയ്റ്റ് 20 പ്രോ തുടങ്ങിയ മോഡലുകളില്‍ കണ്ട പോലെ മൂന്നാമതൊരു ക്യാമറയുമായാണ് സാംസങ് എത്തിയിരിക്കുന്നത്. കൂടുതലായി എത്തിയിരിക്കുന്നത് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ്. ഇതിന് 123 ഡിഗ്രി വീക്ഷണകോണ്‍ ഉണ്ട്. റെസലൂഷന്‍ 16 എംപിയാണ്. കേന്ദ്ര ക്യാമറയ്ക്ക് 77 (12 എംപി) ഡിഗ്രിയും ടെലീ ലെന്‍സിന് 45 ഡിഗ്രിയും (12എംപി) വീക്ഷണകോണ്‍ ആണ് നല്‍കിയിരിക്കുന്നത്. പുതിയ (വൈഡ്) ക്യമറയ്ക്ക് ഡ്യുവല്‍ പിക്‌സല്‍ മികവും, കഴിഞ്ഞ വര്‍ഷം കണ്ട ഡ്യൂവല്‍ അപേച്ചര്‍ ഫീച്ചറും ഉണ്ട്. മറ്റുള്ള ക്യാമറകള്‍ക്കും ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. എന്നാല്‍, സാംസങിന്റെ ക്യാമറ സെറ്റ്-അപ് വാവെയ് മെയ്റ്റ് 20 പ്രോയെ തോല്‍പ്പിക്കന്‍ പോന്നവയല്ല എന്നാണ് നിഗമനം. പക്ഷേ, വൈഡ് ആംഗിള്‍ ലെന്‍സിന്റെ വരവ് സാംസങ് ഉപയോയ്ക്താക്കള്‍ക്ക് ഫോട്ടോ എടുക്കല്‍ എളുപ്പമാക്കും. വിശാലമായ പ്രകൃതി ദൃശ്യങ്ങളും വളരെയധികം ആളുകളെ ഒരുമിച്ചു ഫോട്ടോ എടുക്കുന്നതിനുമെല്ലാം ഈ ലെന്‍സ് സഹായകരമാകും. നിങ്ങള്‍ക്ക് ഒറ്റ നോട്ടത്തില്‍ എന്തുമാത്രം കാണാനാകുന്നോ അത്രയും സാംസങ്ങിന്റെ വൈഡ് ക്യമാറയ്ക്കു പകര്‍ത്താനുമാകുമെന്നു പറയുന്നു. ചിത്രം വിരല്‍ കൊണ്ട് സൂം ചെയ്ത് അടുത്തേക്കു കൊണ്ടുവന്നും ഫോട്ടോ എടുക്കാം.

galaxy-s10-

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ ഷോട്ട് നിര്‍ദ്ദേശങ്ങളാണ് മറ്റൊരു ക്യാമറാ പുതുമ. ഫ്രെയ്മിങിനെക്കുറിച്ചും മറ്റും നിര്‍ദ്ദേശങ്ങള്‍ തരും. ഇത് ഗൗരവത്തിലെടുക്കാവുന്ന ഒന്നാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. മറ്റു പ്രധാന ഫോണുകളെപ്പോലെ സീന്‍ റെക്കഗ്നിഷനും പുതിയ മോഡലുകള്‍ക്കുണ്ട്.

വിഡിയോ ഷൂട്ടര്‍മാര്‍ക്കും ആവേശം പകരുന്നതാണ് ഇവയുടെ ശേഷി. എച്ഡിആര്‍10പ്ലസില്‍ ഷൂട്ടു ചെയ്യാമെന്നതാണ് ഒരു മികവ്. സൂപ്പര്‍ സ്റ്റെഡി ഷോട്ട് നല്ല സ്റ്റബിലൈസേഷന്‍ നല്‍കുന്നു. മുന്നിലും പിന്നിലുമുള്ള ക്യാമറകള്‍ 4K ക്വാളിറ്റിയിലുള്ള വിഡിയോ ഷൂട്ടു ചെയ്യുന്നു. ഇത് വ്‌ളോഗര്‍മാര്‍ക്ക് വളരെ ഇഷ്ടപ്പെടാന്‍ വഴിയുണ്ട്. 10 എംപിയാണ് സെല്‍ഫി ക്യാമറ. മുന്‍ ക്യാമറയ്ക്കും ഡ്യൂവല്‍ പിക്‌സല്‍ ടെക്‌നോളജി നല്‍കിയിട്ടുണ്ട്. ചടുതലതയുള്ള ഓട്ടോഫോക്കസും ഉണ്ട്.

S10 പ്ലസിന്റെ സവിശേഷതയാണ് ആര്‍ജിബി-ഡെപ്ത് സെന്‍സിങ് ക്യാമറ. പോര്‍ട്രെയ്റ്റ് മോഡില്‍ ഇത് വളരെ ഗുണകരമാകും. എന്നാല്‍ പ്രായോഗിക തലത്തില്‍ അത്രമേല്‍ വ്യാത്യാസം കൊണ്ടുവരുന്നുണ്ടോ എന്ന് പറയാനാവില്ല. 

ബാറ്ററിയും പ്രകടനവും

ക്യമാറയുടെ കാര്യത്തില്‍ മാത്രമല്ല സാംസങ് വാവെയുടെ അനുകര്‍ത്താവാകുന്നത്. ബാക്ഗ്രൗണ്ടില്‍ കിടന്ന് ബാറ്ററി നശിപ്പിക്കുന്ന ആപ്പുകള്‍ നങ്ങള്‍ക്കു വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് കാലക്രമത്തില്‍ മനസ്സിലാക്കി വേണ്ടാത്തവയെ ക്ലോസ് ചെയ്യുന്ന ഫീച്ചര്‍ ചൈനീസ് കമ്പനിയില്‍ നിന്ന് പകര്‍ത്തിയതാണെന്നു പറയപ്പെടുന്നു. സിപിയു, റാം ബുദ്ധി പൂര്‍വ്വം ഉപയോഗിക്കാന്‍ ഈ ഫോണിനു സാധിക്കും. ഇതിലൂടെ ആപ്പുകള്‍ ലോഞ്ച് ചെയ്യുന്ന സ്പീഡ് വര്‍ധിപ്പിക്കുന്നു. പുതിയ ഒപ്ടിമൈസേഷനിലൂടെ 24-മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഈ മോഡലുകള്‍ക്ക് കിട്ടിയേക്കുമത്രെ. ബിക്‌സ്ബി റൂട്ടീന്‍സ് ആണ് മറ്റൊരു പുതുമ. നിങ്ങളുടെ ആവശ്യം പഠിച്ച ശേഷം പ്രതീക്ഷിക്കുന്ന സെറ്റിങ്‌സില്‍ ആപ്പുകള്‍ ലോഞ്ചു ചെയ്യാനുള്ള കഴിവാണിത്. നിങ്ങള്‍ രാത്രിയില്‍ ഡു നോട്ട് ഡിസ്‌റ്റേര്‍ബ് ഫങ്ഷന്‍ ഉപയോകിക്കുന്നുണ്ടെങ്കില്‍ അത് പ്രവര്‍ത്തിപ്പിച്ചു തരും.

galaxy-s10

വാവെയില്‍ നിന്ന അനുവര്‍ത്തിച്ച വയര്‍ലെസ് പവര്‍ഷയെര്‍ ഫങ്ഷനും ഇതിനുണ്ട്. ചീ വയര്‍ലെസ് ചാര്‍ജിങ്ങുള്ള മറ്റു ഫോണുകളെ ഇതുപയോഗിച്ച് ചാര്‍ജ് ചെയ്യാം. പുതിയ ഗ്യാസക്‌സി ബഡ്‌സ് (Galaxy Buds) ഇയര്‍ഫോണുകളെ ഈ വിധത്തല്‍ ചാര്‍ജ് ചെയ്യാം. പക്ഷേ, ഫോണിന് കെയ്‌സിട്ട് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചാര്‍ജിങ് ശക്തി കുറയും.

1 ടിബി വരെ സ്റ്റോറേജ്

പത്താം വാര്‍ഷിക ഫോണുകളില്‍ തങ്ങളുടെ വണ്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ് പുതിക്കി അവതരിപ്പിച്ചിട്ടുണ്ട്. ഇത് നാവിഗേഷന്‍ സുഗമമാക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറാണ് ഫോണുകള്‍ക്ക് കരുത്തു പകരുന്നത്. (ഇന്ത്യ അടക്കം ചില വിപണികളില്‍ ഇതിനു തുല്യമായ എക്‌സിനോസ് 9820 സാംസങ് പ്രൊസസറായിരിക്കാം എത്തുക.)  പ്ലസ് മോഡലിന് പരമാവധി 1 ടിബി വരെ സംഭരണശേഷിയുള്ള മോഡലുണ്ട്. 12 ജിബി വരെ റാമും കിട്ടും. S10 മോഡിലന് പരമാവധി 512 ജിബിയായിരിക്കും സംഭരണ ശേഷി. 8 ജിബി ആയിരിക്കും പരമാവധി റാം. ഇതൊന്നും പോരെങ്കില്‍ മൈക്രോഎസ്ഡി കാര്‍ഡുകളും ഈ മോഡലുകള്‍ സ്വീകരിക്കും. എപി 69 വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ട്. വൈ-ഫൈ 6 എത്തുന്നതിനാല്‍ ഡേറ്റാ സ്പീഡ് വര്‍ധിക്കും. ഗിഗാബൈറ്റ് എല്‍ടിഇ കിട്ടുന്നതിന് സ്‌നാപ്ഡ്രാഗണ്‍ X20 മോഡമാണ് ഉപയോഗിച്ചിരിക്കുന്നത്.

5G

മുകളില്‍ പറഞ്ഞ സാംസങ് ഗ്യാലക്‌സി S10 5G ഫോണില്‍ മാത്രമാണ് 5G കണക്ടിവിറ്റി ലഭ്യം. ഇതിന് 6.7-ഇഞ്ച് സ്‌ക്രീനും, 4,500 mAh ബാറ്ററിയും ഉണ്ട്. എന്നാല്‍ ഇതിന്റെ പരമാവധി സ്‌റ്റോറേജ് 256 ജിബി ആയിരിക്കും. മൈക്രോഎസ്ഡികാര്‍ഡ് സ്ലോട്ടും ഉണ്ടായിരിക്കില്ല. 5G മോഡത്തിന് സ്ഥലമൊരുക്കിയതാണ് സ്ഥലക്കുറവു വരാന്‍ കാരണമെന്നു പറയുന്നു. ക്യമറാ മികവ് S10 പ്ലസിന്റെതിനോടു സമാനമായിരിക്കും. കൂടുതലായി 3D ഡെപ്ത് ക്യാമറ മുന്നിലും പിന്നിലും ഉണ്ട്. ടൈം ഓഫ് ഫ്‌ളൈറ്റ് ടെക്‌നോളജിയിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവവും ഈ ഹാന്‍ഡ്‌സെറ്റില്‍ ലഭ്യമായിരിക്കും.

galaxy-s10-3

വില

മാര്‍ച്ച് 8ന് ഇവ വാങ്ങാന്‍ സാധിക്കുമെന്നാണ് പറയുന്നത്. 

ഗ്യാലക്‌സി S10ന്റെ തുടക്ക വില 899.99 ഡോളറാണ്.

S10 പ്ലസ് തുടക്ക വില 999.99 ഡോളറാണ്.

കുറഞ്ഞ പ്രോസസറും ശേഷിയുമുള്ള S10e മോഡലിന് 749.99 ഡോളര്‍ നല്‍കണം. 

S10, S10 പ്ലസ് മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് ചില വിപണികളില്‍ 129.99ഡോളര്‍ വിലയുള്ള ഗ്യാലക്‌സി ബഡ്‌സ് ഫ്രീ ആയി നല്‍കുന്നുണ്ട്. 

5ജി ഫോണിന്റെ വില പുറത്തു വിട്ടിട്ടില്ല.

നിശ്ചയമായും ലോകത്തെ ഇന്നത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളുടെ കൂട്ടത്തില്‍ പുതിയ ഗ്യാലക്‌സി കുടുംബാംഗങ്ങളും എണ്ണപ്പെടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA