sections
MORE

ഐഫോണിനേക്കാൾ മികച്ച ക്യാമറയുമായി ഷവോമി Mi9, കുറഞ്ഞ വിലയും

Xiaomi_Mi_9_specs
SHARE

ചൈനീസ് കമ്പനി ഷവോമി അങ്ങനെയാണ്, പ്രതീക്ഷ നല്‍കലില്ല. രഹസ്യാത്മകതയില്ല. വാചകമടിയില്ല. തങ്ങള്‍ക്ക് ചെയ്യാനാകുന്നത് വെറുതെയങ്ങു പ്രവര്‍ത്തിച്ചു കാണിക്കും! കമ്പനിയുടെ പ്രധാന സ്മാര്‍ട് ഫോണ്‍ മോഡലുകളിലൊന്നായ Mi 9 കമ്പനി അനാവരണം ചെയ്തത് സാംസങ്ങിന്റെ ഗ്യാലക്‌സി S10 അനാവരണ ചടങ്ങിന് അല്‍പ്പം മുൻപായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സാംസങ്ങിനു പിന്നാലെ പോകും മുൻപ്, സാംസങ് ഗ്യാലക്‌സി S10 കുടുംബത്തെ പരിചയപ്പെടുത്തുന്ന അതേദിവസം തന്നെ ഷവോമി ഫോണും അനാവരണം ചെയ്ത് ആത്മവിശ്വാസം കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. അനാവരണ ദിവസം തന്നെ Mi 9ന്റെ പിന്‍ ക്യാമറ സിസ്റ്റത്തിന്റെ റേറ്റിങ് ഡിഎക്‌സ്ഒ പുറത്തും വിട്ടു. ഐഫോണുകളെക്കാള്‍ മികച്ചതെന്ന് അഭിപ്രായം.

Mi 9ന് പ്രത്യേകതകളുടെ കൂട്ടത്തില്‍ എടുത്തു പറയേണ്ടത് ഈ മോഡലിലൂടെ അമേരിക്കന്‍ ഉപയോക്താക്കളിലേക്ക് കടന്നു കയറാമെന്നാണ് ചൈനയിലെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമി കരുതുന്നത്. വിലയും ഫീച്ചറുകളും നിര്‍മാണത്തികവും പ്രവര്‍ത്തന മികവും കാണിച്ച് അമേരിക്കക്കാരെ കയ്യിലെടുക്കാന്‍ പുറത്തിറക്കുന്ന ഫോണെന്ന പേരുള്ളതിനാല്‍ മോശം വരില്ലെന്ന് ഊഹിക്കാമല്ലോ.

ഹാര്‍ഡ്‌വെയര്‍

സാംസങ് ഗ്യാലക്‌സി S10 പ്ലസ് ഉപയോഗിക്കുന്ന അതേ സ്‌നാപ്ഡ്രാഗണ്‍ 855 ആണ് Mi 9നു ശക്തി പകരുന്നത്. 6 ജിബി അല്ലെങ്കില്‍ 12 ജിബി റാം വേരിയന്റുകള്‍ ലഭ്യമാക്കും. 6.39-ഇഞ്ച് വലുപ്പമുള്ള മനോഹരമായ അമോലെഡ് സ്‌ക്രീനാണ് (2340x1080 പിക്‌സല്‍ റെസലൂഷന്‍) ഈ ഫോണിന്റെ മുഖശ്രീ. വളവുള്ള ഗ്ലാസ് നിര്‍മിതമായ ബോഡി ആകര്‍ഷകമാണ്. ഗ്രിപ്പിന്റെ സുഖം ഒന്നു വേറെ തന്നെ. നിര്‍മാണത്തിലിത് വണ്‍പ്ലസ് ഫോണുകളുടെ രീതി പിന്തുടരുന്നതായി തോന്നാം.

ഓണ്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, എൻഎഫ്‌സി, ഇന്‍ഫ്രാറെഡ് റിമോട്ട് തുടങ്ങിയ ഫങ്ഷനുകളുമുണ്ട്.

പ്രകടനം

ഇവിടെ അദ്ഭുതങ്ങളൊന്നുമില്ല. ഒരു സുപ്രധാനമായ ആധുനിക ഫോണ്‍ എങ്ങനെ പ്രവര്‍ത്തിക്കുമോ അതേവേഗം ഈ ഫോണിലും പ്രത്യക്ഷത്തില്‍ പ്രകടമാണ്. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കാലതാമസം തോന്നുന്നില്ലെന്നു പറയാം. ഒരു പക്ഷേ, ആന്‍ഡ്രോഡ് പൈയുടെ മേല്‍ പുതപ്പിച്ച ഷവോമിയുടെ സ്വന്തം MIUI അല്‍പ്പം കൂടെ പരിഷ്‌കരിച്ചാല്‍ ഉപയോഗ സുഖം വര്‍ധിക്കുക പോലും ചെയ്യാം.

ഫോണിന്റെ തിളങ്ങുന്ന പിന്‍ഭാഗത്ത് മൂന്നു ക്യാമറകളാണുള്ളത്. ഇവയില്‍ മുഖ്യ ക്യാമറയ്ക്ക് സോണിയുടെ 48-മെഗാപിക്‌സല്‍ IMX586 സെന്‍സര്‍ ഉള്ളതുമാണ്. f/1.75 ആണ് അപേച്ചര്‍. (ഈ സെന്‍സര്‍ മുൻപ് വാവെയ് ഓണര്‍ വ്യൂ 20യില്‍ കണ്ടതാണ്.) ഈ സെന്‍സറിന്റെ സവിശേഷത, ഇതുപയോഗിച്ച് നിങ്ങള്‍ക്ക് 48 എംപി ചിത്രങ്ങള്‍ എടുക്കാമെങ്കിലും ഡിഫോള്‍ട്ട് മോഡില്‍ ഇവയുടെ മള്‍ട്ടിപ്പിൾ പിക്‌സല്‍സിനെ ഒരു പിക്‌സല്‍ ആയാണു പരിഗണിക്കുക. പ്രായോഗികമായി പറഞ്ഞാല്‍ 12 എംപി ചിത്രമാണ് ലഭിക്കുക. ഇതാകട്ടെ 48 എംപിയില്‍ നിന്ന് വാറ്റിക്കുറുക്കിയെടുക്കുന്നതാകയാല്‍ ഹൃദ്യമായ നിറങ്ങളും ആകര്‍ഷകമായ ഷാര്‍പ്‌നെസും നല്‍കുകയും ചെയ്യുന്നു. പക്ഷേ, 48 എംപി ഷോട്ടുകളും എടുക്കാം. അവയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ കാണാം. പക്ഷേ, അവയില്‍ മുൻപു പറഞ്ഞ 12 എംപി ചിത്രങ്ങളെക്കാള്‍ വേറെ മികവൊന്നും കാണാനില്ല. പ്രായോഗികമായി പറഞ്ഞാല്‍ 12 എംപി ഫയലുകളായിരിക്കും മെച്ചം. വേണമെന്നുളളപ്പോള്‍ 48 എംപിയുടെ ശക്തിയും കെട്ടഴിച്ച് ആസ്വദിക്കാം.

ഡിഎക്‌സ്ഒ റാങ്കിങ്

ഫോണ്‍ പുറത്തിറക്കിയ ദിവസം തന്നെ ഡിഎക്‌സ്ഒ റാങ്കിങും പുറത്തു വന്നിരിക്കുകയാണ്. പുതിയ റാങ്കിങ് പ്രകാരം 109 പോയിന്റുമായി വാവെയ് മെയ്റ്റ് 20 പ്രോയും, P20 പ്രോയും ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ് Mi 9. 107 പോയിന്റാണ് അവര്‍ക്കുള്ളത്. 105 പോയിന്റുള്ള ഐഫോണ്‍ XS മാക്‌സിനെ കവച്ചുവച്ചാണ് ഷവോമി രണ്ടാം സ്ഥാനത്തെത്തുന്നത്. (സാംസങ്ങിന്റെ പുതിയ S10 മോഡലുകള്‍ ടെസ്റ്റു ചെയ്തിട്ടില്ല.)

എന്നാല്‍, ഈ റാങ്കിങ് സോണി സെന്‍സറിനെ മാത്രം ആശ്രയിച്ചുള്ളതല്ലെന്നു കരുതുന്നു. സോണി സെന്‍സറിന്റെ മികവാണെങ്കില്‍ ഏകദേശം 15,000 രൂപയ്ക്ക് എത്താന്‍ പോകുന്ന ഷവോമി റെഡ്മി നോട്ട് 7 പ്രോയും ഈ പ്രകടനം നടത്തിയേക്കും. നോട്ടിലും ഈ സെന്‍സര്‍ ഉപയോഗിക്കുമെന്നു പറയുന്നു. 12 എംപി ടെലി ലെന്‍സാണ് മറ്റൊരു ക്യാമറയ്ക്ക്. 16 മെഗാപിക്‌സല്‍ റെസലൂഷനുള്ള സൂപ്പര്‍ വൈഡ് ലെന്‍സുമുണ്ട്. ഇത് പക്ഷേ, സാംസങ്ങിന്റെ ഗ്യാലക്‌സി S10 പ്ലസ് മോഡിലിലും മറ്റും കണ്ട അത്ര വൈഡ് അല്ല–117 ഡിഗ്രിയാണ് ഇത്. പക്ഷേ, ഇതിന് ഒരു സൂപ്പര്‍ മാക്രോ മോഡ് ഉണ്ട്. നാലു സെന്റിമീറ്റര്‍ വരെ അടുത്തു ഫോക്കസ് ചെയ്യാം. വൈഡ് ആംഗിളില്‍ വരുന്ന വക്രീകരണം നേരെയാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി ഉപയോഗിക്കുന്നു.

മറ്റൊരു പ്രത്യേകത മൂണ്‍ മോഡാണ്. ചന്ദ്രന്റെ ചിത്രങ്ങളെടുക്കാന്‍ മറ്റു ഫോണുകളെക്കാള്‍ ഒരു പക്ഷേ മികച്ചത് Mi 9 ആയിരിക്കാമെന്നു പറയുന്നു. ഇതിനാണ് മൂണ്‍ മോഡ് അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോയിലുള്ള ഒരു ഫീച്ചര്‍ ടിക്‌ടോക്കിലേക്ക് ക്ലിപ്പുകള്‍ എഡിറ്റു ചെയ്ത് മിനുക്കാനുള്ള കഴിവാണ്.

കൂടുതല്‍ സ്ഫുടമായ ശബ്ദം Mi 9ന്റെ മികവുകളിലൊന്നാണ്. 3300 mAh ആണ് ബാറ്ററി. മെലിഞ്ഞ ഫോണ്‍ ഉണ്ടാക്കാനാണ് കുറഞ്ഞ കപ്പാസിറ്റിയുള്ള ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്. 18w ചാര്‍ജര്‍ ക്വിക് ചാര്‍ജിങ്ങിൽ മികവു കാണിക്കും. ഒരു മണിക്കൂറെടുക്കില്ല പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലെത്താന്‍ എന്നത് ഏറെ ആകര്‍ഷകമായ ഒന്നായിരിക്കും. എതിരാളികളില്‍ ഷവോമിക്ക് അടുത്തു നില്‍ക്കുന്നത് സാംസങ്ങും വാവെയുമാണ്– 15w ചാര്‍ജര്‍. ആപ്പിളും കൂട്ടരും പിന്നെയും പിന്നിലാണ്. വയര്‍ലെസ് ചാര്‍ജിങ് സാധ്യമാണ്. ഇതിനായി 15 ഡോളര്‍ വിലയുള്ള ചാര്‍ജര്‍ ഇറക്കിയിട്ടുണ്ട്. ചാര്‍ജറിന്റെ കോഡു കുത്താന്‍ മടിച്ച് വയര്‍ലെസ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ മൊത്തം ചാര്‍ജിങ് സമയം അര മണിക്കൂര്‍ വര്‍ധിക്കും. പുതിയ ചാര്‍ജിങ്ങിന്റെ ശേഷി ചൂഷണം ചെയ്യാനായി 10,000 mAh പവര്‍ ബാങ്കും ഇറക്കിയിട്ടുണ്ട്.

തുടക്ക മോഡലിന് 6GB/128GB ആയിരിക്കും ലഭിക്കുക. ഈ മോഡലിന് 2,999 യുവാന്‍ ആണു വില. ഏകദേശം 446 ഡോളര്‍. ഷവോമി ആരാധകര്‍ക്ക് ഒരു ദുഃഖ വാര്‍ത്തയുണ്ട്. 3,000 യുവാനില്‍ കുറഞ്ഞു കിട്ടുന്ന അവസാന ഫ്‌ളാഗ്ഷിപ് ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്. ഈ വര്‍ഷത്തെ മികച്ച ഫോണുകളില്‍ നിന്നു പ്രതീക്ഷിക്കുന്ന ഏകദേശ പ്രകടനം Mi 9നും പ്രതീക്ഷിക്കാമെന്ന് പറയാം. എന്നാല്‍, ഇതുകൊണ്ടൊന്നും ഷവോമി അമേരിക്കയില്‍ വിജയിക്കണമെന്നില്ലെന്ന് ചില ടെക് വിദഗ്ധർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA