ADVERTISEMENT

സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ് ഫോണുകളുടെ നിര സാന്‍സ്ഫ്രാന്‍സിസ്‌കോയില്‍ അനാവരണം ചെയ്യുന്നതിനു കുറച്ചു മുൻപാണ് ഷവോമിയുടെ മുന്തിയ മോഡലായ Mi 9 ബെയ്ജിങില്‍ അവതരിപ്പിച്ചത്. ഈ മോഡലുകള്‍ തമ്മിലുള്ള താരതമ്യം സ്മാര്‍ട് ഫോണ്‍ നിർമാണത്തിലെ ചില പറയാത്ത കഥ പറയുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിളും സാംസങും പല വിപണികളിലും വാവെയോടും ഷവോമിയോടും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.

സാംസങ് സ്മാര്‍ട് ഫോണ്‍ നിര്‍മാണം തുടങ്ങുന്ന കാലത്ത് ആപ്പിളിനെ അനുകരിക്കുന്ന കമ്പനി എന്ന പേരു കേട്ടിരുന്നുവെങ്കില്‍ ഷവോമി അറിയപ്പെടുന്നതു തന്നെ ചൈനയിലെ ആപ്പിള്‍ എന്നോ പാവപ്പെട്ടവന്റെ ഐഫോണ്‍ നിര്‍മാതാവ് എന്നോ ആണ്.

എസ്10 പ്ലസ് vs എംഐ 9

ഇരു മോഡലുകളും ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നു. (സാംസങ് ഇന്ത്യ അടക്കമുള്ള ചില വിപണികളില്‍ എത്തിക്കുക എക്‌സിനോസ് 9820 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മോഡലായിരിക്കാം. ഇതിനു സ്‌നാപ്ഡ്രാഗണ്‍ 855ന് ഒപ്പമുള്ള പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഈ ചിപ് സാംസങ് തന്നെ നിര്‍മിക്കുന്നതാണ്.) ഇരു മോഡലുകളുടെയും ഇന്ത്യയിലെ വില സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എസ്10 മോഡലിന്റെ പ്രീ-ബുക്കിങ് ഫ്ലിപ്കാര്‍ട്ടില്‍ നടക്കുന്നു.

ഡിസ്‌പ്ലെ, ഡിസൈന്‍

എസ്10 പ്ലസ് മോഡലിന് 6.4-ഇഞ്ച് വലുപ്പമുളള ക്വാഡ് എച്ഡി പ്ലസ് കേര്‍വ്ഡ് ഡൈനമിക് അമോലെഡ് ഡിസ്‌പ്ലെ (Quad HD+ Curved Dynamic AMOLED display) ആണ് നല്‍കിയിരിക്കുന്നത്. ഇതിന് 19:9 അനുപാതവും 522 പിക്‌സല്‍ സാന്ദ്രതുയുമുണ്ട്. ഈ സാങ്കേതികവിദ്യ സാംസങ്ങിനു സ്വന്തമാണ്. ഇതുള്ള ലോകത്തെ ആദ്യ ഫോണ്‍ എന്നാണ് കമ്പനി അവരുടെ അഭിമാന ഫോണിനെ വിളിക്കുന്നത്. കണ്ണിന് ഹാനികരമായ നില വെളിച്ചത്തെ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഇതിലൂടെ ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരുന്നാലും വലിയ കുഴപ്പമുണ്ടാവില്ല. പൊതുവെ പറഞ്ഞാല്‍ നയന സുഖമുള്ള സ്‌ക്രീന്‍ എന്നാല്‍ പിക്ചര്‍ ക്വാളിറ്റിയും ഉന്നതം.

ഈ സ്‌ക്രീനിന്റെ മറ്റൊരു സവിശേഷത എച്ഡിആര്‍ 10 പ്ലസ് സര്‍ട്ടിഫിക്കറ്റ് ഉള്ളതാണെന്നതാണ്. ഇതിലൂടെ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രങ്ങളും വിഡിയോയും കാണിക്കാന്‍ സാധിക്കും. സിനിമാറ്റിക് ഇന്‍ഫിനിറ്റി (Infinity-O Display) ഡിസ്‌പ്ലെയാണ് ഇതിന്റെ മുഖമുദ്ര. ഇരട്ട മുന്‍ ക്യാമറകള്‍ക്കായി സ്‌ക്രീനില്‍ ദ്വാരമിട്ടിട്ടുണ്ട്.

അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ അടക്കം ചെയ്തതാണ് പുതിയ ഡിസ്‌പ്ലെ. ഇതിന് ഒരു 3D ഇമേജ് തിരിച്ചറിയാനാകും. വിരലടയാളം വായിച്ച് ഓതറൈസ് ചെയ്യുന്നു. ഇതിനെ പറ്റിക്കല്‍ എളുപ്പമായിരിക്കില്ലെന്ന് സാംസങ് പറയുന്നു. തുടക്കത്തില്‍ കാലതാമസമെങ്ങാനും തോന്നിയാലും കാലക്രമേണ വളരെ വേഗം ഓതറൈസേഷന്‍ നടത്തും. മെഷീന്‍ ലേണിങ്ങിന്റെ മികവാണിവിടെ കാണാനാകുന്നത്.

കഴിഞ്ഞ വര്‍ഷം കണ്ട രീതിയിലുള്ള ഗ്ലാസും മെറ്റലും കൂട്ടിക്കലര്‍ത്തിയുള്ള നിര്‍മാണമാണ് എസ്10 പ്ലസിന്. പക്ഷേ, കഴിഞ്ഞ വര്‍ഷത്തെതു പോലെയല്ലാതെ പിന്നില്‍ മൂന്നു ക്യാമറകളുടെ സാന്നിധ്യമുണ്ട്. ആറോളം നിറങ്ങളില്‍ ഫോണ്‍ ലഭ്യമാക്കും.

ഷവോമിയുടെ Mi 9നിലേക്കു വരുമ്പോള്‍ അതിന്റെ സ്‌ക്രീന്‍ 6.39-ഇഞ്ച് വലുപ്പമുള്ളതാണെന്നു കാണാം. ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള അമോലെഡ് ഡിസ്‌പ്ലെയാണ് ഇതിന്. ഇത് സാംസങ്ങില്‍ നിന്നു വാങ്ങിയതുമാണ്! 19.5:9 അനുപാതത്തിലുള്ള നിര്‍മിതിയുള്ള സ്‌ക്രീനിന്, മുന്‍ക്യാമറകള്‍ക്കിരിക്കാനായി ഡോഡ് ഡ്രോപ് നോച്ചും ഉണ്ട്. (ഉറപ്പായും സാംസങ്ങിന്റെ അത്ര മെച്ചപ്പെട്ട സ്‌ക്രീനായിരിക്കണമെന്നില്ല ഇത്. പക്ഷേ, 6.5-ഇഞ്ച് വലുപ്പത്തില്‍ താഴെയുള്ള ഫോണുകളില്‍ ഉപയോഗിക്കുമ്പോള്‍ ഇവ തമ്മില്‍ അത്ര വലിയ മാറ്റം അനുഭവിക്കാനാവില്ല. സ്‌ക്രീന്‍ ടെക്‌നോളജിയില്‍ വിജയി സാംസങ് ആണ്. ഇപ്പോഴത്തെ ഐഫോണുകളില്‍ പോലുമില്ലാത്ത അത്യാധുനിക സ്‌ക്രീന്‍ മികവ് സാംസങ് എസ്10 പ്ലസിനുണ്ട്.)

Mi 9ന് മൂന്നാം തലമുറയിലുള്ള ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുണ്ട്. മുന്‍ തലമുറയിലുള്ള ഷവോമി ഫോണുകളെക്കാള്‍ 25 ശതമാനം വേഗത്തില്‍ ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ സാധിക്കും. ഡിസ്‌പ്ലെയ്ക്കടിയിലാണ് ആംബിയന്റ് ലൈറ്റ് സെന്‍സര്‍ പിടിപ്പിച്ചിരിക്കുന്നത്.

മുകളിലും താഴെയും കോര്‍ണിങ് ഗൊറില ഗ്ലാസ് 6 ഉപയോഗിച്ച് സ്‌ക്രീനും പിന്‍ഭാഗവും ശക്തമാക്കിയിട്ടുമുണ്ട്. ഫോണിന് അനന്യമായ ഹോളോഗ്രാഫിക് റെയ്ന്‍ബോ സ്‌പെക്ട്രം കളര്‍ സന്നിവേശിപ്പിച്ചിരിക്കുന്നതിനാല്‍ ഓരോ തവണ എടുക്കുമ്പോഴും പ്രകാശത്തിനനുസരിച്ച് ചെറിയൊരു വ്യത്യാസം തോന്നാം. ഹോളോഗ്രാഫിക് ബ്ലൂ ഇലൂഷന്‍, ഡീപ് ഗ്രേ ഇലൂഷന്‍ എന്നിവ കൂടാതെ മറ്റു കളര്‍ ഓപ്ഷനുകളും ഉണ്ട്.

എസ്10 പ്ലസിന് 74.1 x 157.6 x 7.8 മില്ലിമീറ്റര്‍ വലുപ്പവും 175 ഗ്രാം ഭാരവുമാണ് ഉള്ളത്. (ഒരു സെറാമിക് വേര്‍ഷന്‍ ഉള്ളതിന് 198 ഗ്രാം ഭാരമുണ്ട്.) IP68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സും ഉണ്ട്.

Mi 9 ന്റെ വലുപ്പം 157.5 x 74.7 x 7.6 മില്ലിമീറ്ററാണ്. ഭാരം 173 ഗ്രാമാണ്. വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് പാടെ ഇല്ല.

മറ്റൊരു രസകരമായ സംഗതി എസ്10 പ്ലസിന് 3.5mm ഹെഡ്‌ഫോണ്‍ ജാക് ഉണ്ട്. ഷവോമിയുടെ ഫോണിനില്ല. പക്ഷേ, വാട്ടര്‍ റെസിസ്റ്റന്‍സും ഇല്ല!

ഈ വിഭാഗത്തില്‍ സാംസങ് ആണ് വിജയി എന്നു നിസംശയം പറയാം.

ഉള്‍ക്കരുത്ത്

നേരത്തെ പറഞ്ഞതു പോലെ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പാണ് എസ്10 പ്ലസിന്റെ ഉള്ളില്‍. ഇതിന് 7nm ഡിസൈനും എട്ടു കോറുകളും ഉണ്ട്. പരമാവധി സ്പീഡ് 2.8 GHz ആണ്. എക്‌സിനോസ് 9820ന് 8nm ഡിസൈനാണ്. പരമാവധി സ്പീഡ് 2.7 GHz ആണ്. ഇതാണ് ഇന്ത്യയിലേക്കു വരുന്നത്.

റാമിലും രണ്ടു വേരിയന്റ് ഉണ്ട്: 8GB LPDDR4X R റാം അല്ലെങ്കില്‍ 12GB റാം. സംഭരണശേഷിയുടെ കാര്യത്തില്‍ 128GB, 512GB, 1TB എന്നിങ്ങനെയായിരിക്കും മോഡലുകള്‍. 512GB വരെയുള്ള മെമ്മറി കാര്‍ഡും സ്വീകരിക്കും.

Mi9 ഉപയോഗിക്കുന്നതും സ്‌നാപ്ഡ്രാഗണ്‍ 855 ആണ്. പരമാവധി ക്ലോക് സ്പീഡ് 2.84GHz ആണ്. അഡ്രെനോ 640 ഗ്രാഫിക്‌സ് പ്രൊസസറുമുണ്ട്. തങ്ങളുടെ ഫോണിന് അന്റ്റുറ്റു (Antutu ) ബെഞ്ച്മാര്‍ക്ക് ടെസ്റ്റില്‍ 380,000 സ്‌കോര്‍ ലഭിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഷവോമി ഉപയോഗിക്കുന്നതും LPDDR4x റാമാണ്. ലഭ്യമായ കോണ്‍ഫിഗറേഷന്‍സ് ഇവയാണ്: 6GB+128GB, 8GB+128GB. Mi 9 മൈക്രോഎസ്ഡികാര്‍ഡ് സ്വീകരിക്കില്ല.

ക്യാമറകള്‍

ഇരു മോഡലുകള്‍ക്കും പിന്നില്‍ മൂന്നു ക്യാമറകളാണ്.

സാംസങ്ങിന്റെ കേന്ദ്ര ക്യാമറ f/1.5 അപേച്ചറുള്ള 12 എംപി സെന്‍സറാണ്. f/2.4 അപേച്ചറുള്ള 12 എംപി ടെലിലെന്‍സും 16 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും സാംസങ്ങിന്റെ പിന്‍ക്യാമറ സെറ്റ്-അപ് പൂര്‍ണ്ണമാക്കുന്നു. ഇവയ്‌ക്കെല്ലാം ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുമുണ്ട് എന്നത് കയ്യനക്കം കൊണ്ട് മോശമായി പോകാവുന്ന ചില ചിത്രങ്ങളെ രക്ഷെപെടുത്തും. 0.5 X മുതല്‍ 2X വരെ സൂമാണ് ലഭിക്കുന്നത്. കൂടാതെ 10X ഡിജിറ്റല്‍ സൂമും ഉണ്ട്. എടുത്തു പറയേണ്ട മറ്റൊരു കാര്യം അള്‍ട്രാ വൈഡ് ലെന്‍സിന് 123-ഡിഗ്രി വ്യൂ ലഭിക്കുമെന്നതാണ്.

മുന്നിലും ഇരട്ട ക്യാമറകളാണ്. പ്രധാന ക്യാമറയ്ക്ക് f/1.9 അപേച്ചറുള്ള 10MP ഡ്യൂവല്‍ പിക്‌സല്‍ സെന്‍സറാണ്. കൂടെയുള്ള ഷൂട്ടറിന് f/2.2 അപേച്ചറും 8MP സെന്‍സറും ഉണ്ട്. അള്‍ട്രാവൈഡ് ലെന്‍സ് ഒരാള്‍ ഒറ്റ നോട്ടത്തില്‍ കാണുന്നതെല്ലാം പിടിച്ചെടുക്കാൻ മാത്രം വൈഡ് ആണെന്ന് പറയുന്നു. മുന്‍-പിന്‍ ക്യാമറകള്‍ക്ക് 4K വിഡിയോ ഷൂട്ടു ചെയ്യാനാകുമെന്നതു കൂടാതെ എച്ച്ഡിആര്‍10 പ്ലസ് മോഡും ഉണ്ട്. ക്യാമറ പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ടി മാത്രമായി ഒരു ന്യൂറല്‍ പ്രൊസസിങ് യൂണിറ്റ് സാംസങ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീന്‍ ഒപ്റ്റിമൈസര്‍ മോഡില്‍ ഇതിന്റെ പ്രകടനം കാണാമെന്നു പറയുന്നു. ക്യാമറയുടെ മറ്റൊരു മികവ് ക്യാമറ ആപ്പില്‍ നിന്നു തന്നെ ഇന്‍സ്റ്റാഗ്രാമിലേക്കു ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാമെന്നതാണ്. ഫില്‍റ്റര്‍ എഫെക്റ്റുകളും ചേര്‍ക്കാം.

Mi 9ന്റെ പിന്‍ ക്യാമറ സിസ്റ്റവും ഉജ്ജ്വലമാണ്. 48MP+16MP+12MP ആണ് പിന്‍ ക്യാമറകള്‍. ഇവയില്‍ പ്രധാന ക്യാമറ 48MPയാണ്. സോണിയുടെ IMX586 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. പിക്‌സല്‍ ബിന്നിങ് ടെക്‌നോളജിയാണ് ഈ സെന്‍സറിന്റെ ആകര്‍ഷണീയത. നാലു പിക്‌സലുകളെ ഒന്നാക്കി സൃഷ്ടിക്കുന്ന 12MP ഫയലുകളും, 48MP റെസലൂഷനുള്ള ചിത്രങ്ങളും എടുക്കും. ഹൈബ്രിഡ് ഓട്ടോഫോക്കസ്, ക്യാമറ ശരിക്കാണു ഫോക്കസു ചെയ്യുന്നതെന്ന് ഉറപ്പാക്കും. അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിന് 117ഡിഗ്രി വീക്ഷണകോണാണ് ഉള്ളത്. ഇതു സാംസങ്ങിന്റെ ലെന്‍സിന്റെ അത്ര വൈഡ് പോകില്ല. പക്ഷേ, ഇതിന് 4 സെന്റിമീറ്റര്‍ അടുത്തു ഫോക്കസു ചെയ്യാനാകും എന്നതിനാല്‍ ഒരു മാക്രോ ലെന്‍സായും ഉപയോഗിക്കാം. വക്രീകരണം ഉറപ്പാണെങ്കിലും അതു ശരിയാക്കുന്ന കാര്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നോക്കിക്കോളും എന്നാണ് ഷവോമി പറയുന്നത്. മൂന്നാമതുള്ള 12MP ക്യാമറയാണ് ടെലി ലെന്‍സ്. ഇത് ഡെപ്ത് സെന്‍സിങ്ങിനും ഉപയോഗിക്കും. ക്യാമറ ആപ്പില്‍ നിന്ന് ടിക്‌ടോക് വിഡിയോ മിനുക്കി എഫെക്ടുകള്‍ സന്നിവേശിപ്പിച്ച് അപ്‌ലോഡ് ചെയ്യാം.

നൈറ്റ് മോഡാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 960fps സ്ലോമോ വിഡിയോ പിടിക്കല്‍ സാംസങ്ങിന്റെ ഫോണിലും ഷവോമിയിലും സാധിക്കും. സെല്‍ഫി ക്യാമറ 20MPയാണ്.

ക്യാമറയുടെ കാര്യത്തില്‍ സാംസങ് ധാരാളം അധ്വാനിച്ചിരിക്കുന്നതായി കാണാം. പൊതുവെ നല്ല ചിത്രങ്ങളാണ് സാംസങ്ങിന്റെ മുഖ്യ ഫോണുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എടുക്കുന്നത്. സോണിയുടെ സെന്‍സറിന്റെ മികവാണോ എന്നു പറയാന്‍ വയ്യെങ്കിലും ഷവോമി ലോകത്തെ ഇപ്പോഴത്തെ രണ്ടാമത്തെ മികച്ച ക്യാമറ ഫോണ്‍ ആണെന്ന് ഡിഎക്‌സോ വിധിയെഴുതുന്നു. സാംസങ് ഇതിനെ മറികടക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. റേറ്റിങ് ഒരു വശത്തു കിടക്കട്ടെ. ഷൂട്ടിങ്ങില്‍ സാംസങ്ങിന്റെ ഫോണ്‍ മോശം വരാനിടയില്ല.

ബാറ്ററി

എസ്10 പ്ലസിന് 4,100 mAh ബാറ്ററിയാണ് ഉള്ളത്. വയര്‍ലെസ് ആയും അല്ലാതെയും ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുണ്ട്. വയര്‍ലെസ് പവര്‍ഷെയറാണ് ഒരു സവിശേഷത. വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ഫോണിനെ ചാര്‍ജ് ചെയ്യാന്‍ ഈ മോഡലിനു സാധിക്കും. എസ്10 പ്ലസ് ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടിരിക്കുന്ന സമയത്തും മറ്റൊരു വയര്‍ലെസ് ചാര്‍ജിങ്ങുള്ള ഫോണിനെ ഇതിനു ചാര്‍ജു ചെയ്യാനാവും. സ്മാര്‍ട് ഫോണുകളും വാച്ചുകളും ഇയര്‍ബഡുകളും എല്ലാം ഇങ്ങനെ ചാര്‍ജ് ചെയ്യാം.

Mi 9 ന് 3,300 mAh ബാറ്ററിയാണുള്ളത്. ഇതിനും വയേഡും വയര്‍ലെസുമായ ചാര്‍ജിങ് സാധ്യമാണ്. 20w വയര്‍ലെസ് ചാര്‍ജറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫോണിനൊപ്പം ലഭിക്കുന്നത് 27w ചാര്‍ജറാണ്. ഇതില്‍ കുത്തിയാല്‍ 70 ശതമാനം ചാര്‍ജ് അര മണിക്കൂറിനുള്ളില്‍ കയറും. 100 ശതമാനത്തിലെത്താല്‍ ഒരു മണിക്കൂര്‍ കഷ്ടി.

വില

ഗ്യാലക്‌സി എസ്10 പ്ലസിന്റെ തുടക്ക വില 999.99 ഡോളറാണ്. അതായത് ഏകദേശം 71,000 രൂപ. വണ്‍ ടിബി സ്റ്റോറേജ് വേര്‍ഷന്റെ വില ഏകദേശം 1,13,000 രൂപയില്‍ കൂടുതലായിരിക്കും.

ഷവോമി Mi 9ന്റെ തുടക്ക വില 2999 യുവാനാണ്. എന്നു പറഞ്ഞാല്‍ 31,000 രൂപ! 12GB വേര്‍ഷന്‍ വേണമെങ്കിലോ 34,999 രൂപ നല്‍കണം. ട്രാന്‍സ്പരന്റ് എഡിഷന്‍ എന്നൊരു മോഡലും ഉണ്ട്. അതിന് 42,900 രൂപയും നല്‍കണം.

ഏകദേശം സമാന പ്രകടനം പ്രതീക്ഷിക്കാവുന്ന രണ്ടു മോഡലുകളുടെ വില വ്യത്യാസം ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയാണ്. ചൈനീസ് കമ്പനികളോടുള്ള അയിത്തം ഇല്ലായിരുന്നെങ്കില്‍ ലോക വിപണികളിൽ ഷവോമി ഒരു കലക്കു കലക്കുമായിരുന്നു എന്നാണ് ചില ടെക് ജേണലിസ്റ്റുകള്‍ പറയുന്നത്. പരിപൂര്‍ണ്ണതയുള്ള ഒരു ഉപകരണം കൈയ്യില്‍ വയ്ക്കണമെന്നു കരുതുന്നവര്‍ സാംസങ്ങിന്റെ ഫോണും പ്രായോഗികമായി ഫോണിന്റെ ശക്തിയാണു പരിഗണിക്കുന്നത് എന്നുള്ളവര്‍ കണ്ണുംപൂട്ടി ഷവോമിയുടെ മോഡലും വാങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com