ADVERTISEMENT

സ്മാർട്ഫോൺ എന്ന ആശയത്തിന്റെ രൂപവും ഭാവവും മാറിമറിഞ്ഞത് ഒരാഴ്ച കൊണ്ടാണ്. ക്യാമറയിലും ബാറ്ററിയിലും എഐയിലും നടത്തിവന്ന വിപ്ലവങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് ഫോൾഡിങ്, 5ജി ഫോണുകളുടെ രംഗപ്രവേശം. ഗാലക്സി എസ് 10 സീരീസ് അവതരിപ്പിച്ചതിനോടൊപ്പമാണ് എസ്10 5ജി എന്ന മോഡലും ഗാലക്സി ഫോൾഡ് എന്ന മോഡലും അവതരിപ്പിച്ച് സാംസങ് വിപണിയിലേക്ക് എത്തിയത്. തൊട്ടുപിന്നാലെ എത്തി വാവേ (Huawei). മേറ്റ് എക്സ് എന്ന ഫോൾഡിങ് 5ജി ഫോൺ സാംസങ്ങിനു കടുത്ത മത്സരമാണ് നൽകുന്നത്. ഈ നിരയിലേക്ക് ഒടുവിലെത്തിയത് എൽജിയാണ്. എൽജി വി50 തിങ്ക് 5ജി എന്ന മോഡൽ. ബാർസിലോനയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സാംസങ്ങും വാവേയും തങ്ങളുടെ ഫോൾഡിങ് ഫോണുകൾ ചില്ലിട്ട കൂട്ടിൽ അവതരിപ്പിച്ചപ്പോൾ എൽജി ആളുകൾക്ക് കൈകാര്യം ചെയ്യാൻ നൽകി ശ്രദ്ധ നേടി. 

ഏറ്റവും അടുത്ത ദിവസം തന്നെ ഫോൺ വിപണിയിലെത്തിക്കാനാണ് എൽജിയുടെ നീക്കം. വില പ്രഖ്യാപിച്ചിട്ടില്ല.

വിപണിയിലെത്താറായിട്ടില്ലെങ്കിലും ഒപ്പോയും തങ്ങളുടെ ഫോൾഡിങ് ഫോൺ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. എന്നാൽ, ഏറ്റവുമധികം അവതരണങ്ങളും വിപ്ലവങ്ങളും അരങ്ങേറിയത് 5ജി സാങ്കേതികവിദ്യയിലാണ്. ചൈനീസ് കമ്പനികളായ വൺ പ്ലസും ഒപ്പോയും 5ജി ഫോൺ അവതരിപ്പിച്ചപ്പോൾ ജാപ്പനീസ് കമ്പനിയായ സോണി ഫോൺ പ്രോട്ടോടൈപ്പും തയ്‍വാൻ കമ്പനിയായ എച്ച്ടിസി 5ജി ഹബും അവതരിപ്പിച്ചു. നിലവിൽ 5ജിയിൽ ആധിപത്യം ചൈനയ്ക്കു തന്നെ. 

വാവേ, വൺ പ്ലസ്, ഒപ്പോ, സെഡ്ടിഇ, ഷവൗമി എന്നിവയാണ് 5ജി ഉപകരണങ്ങൾ അവതരിപ്പിച്ച ചൈനീസ് കമ്പനികൾ. കൊറിയൻ കമ്പനിയായ സാംസങ് ആണ് ആദ്യം 5ജി സ്മാർട്ഫോൺ അവതരിപ്പിച്ചത്. സാംസങ്ങിന്റെ 5ജി ഫോൺ ഏപ്രിലിൽ വിപണിയിലെത്തുമ്പോൾ വാവേയുടെ 5ജി ഫോൺ ഈ വർഷം പകുതിയോടെയേ എത്തൂ.

വിവിധ കമ്പനികൾ ഇതുവരെ അവതരിപ്പിച്ച 5ജി സ്മാർട്ഫോണുകൾ

സാംസങ് ഗാലക്സി ഫോൾഡ്

5ജി കണക്ടിവിറ്റിയോടു കൂടിയ സാംസങ്ങിന്റെ ഫോൾഡിങ് ഫോൺ. ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസർ, 12 ജിബി റാം, 512 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള ഫോണിന് ഏകദേശം 1.40 ലക്ഷം രൂപയാണ് വില.

സാംസങ് ഗാലക്സി എസ്10 5ജി

പുതിയ എസ്10 ഫോണിന്റെ 5ജി പതിപ്പ്. 8 ജിബി റാം, 256 ജിബി ഇന്റേണൽ മെമ്മറി, 4500 മില്ലി ആംപിയർ ബാറ്ററി. വില, റിലീസിങ് വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

എൽജി വി50 തിങ്ക് 5ജി 

ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസർ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി. ഇതും ഒരു ഫോൾഡബിൾ ഫോണാണ്. ഇതിലെ മറ്റൊരു സവിശേഷത ഹാൻഡ് ഐഡിയാണ്. കയ്യിലെ ഞരമ്പുകൾ ആണ് ഇവിടെ ഐഡിയായി ഉപയോഗിക്കുക.

വാവേ മേറ്റ് എക്സ്

ഇത് വാവേയുടെ ഫോൾഡിങ് ഫോണാണ്. വാവേ കിരിൻ 980 പ്രൊസസർ, 8 ജിബി റാം, 512 ജിബി ഇന്റേണൽ മെമ്മറി. 1.84 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്ന വില.

ഷവൗമി മി മിക്സ് 3

ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസർ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി. വിലയാണ് ഈ 5ജി ഫോണിന്റെ ഏറ്റവും വലിയ ആകർഷണം- 49,000 രൂപ.

സെഡ്ടിഇ ആക്സൻ 10 പ്രോ 5ജി

ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസർ, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി.

വൺ പ്ലസ് 5ജി

തങ്ങളുടെ 5ജി ഫോണിന്റെ പ്രോട്ടോടൈപ്പ് മാത്രമാണ് വൺ പ്ലസ് അവതരിപ്പിച്ചത്. ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസറാണ് ഈ ഫോണിനും കരുത്തു പകരുന്നത്.

ഒപ്പോ 5ജി

ഒപ്പോയും ഫോണിന്റെ പ്രോട്ടോടൈപ്പ് ആണ് അവതരിപ്പിച്ചത്. ഫൈൻഡ് എക്സ് എന്ന മോഡൽ അടിസ്ഥാനമാക്കിയുള്ള മോഡലാണ് കമ്പനി അവതരിപ്പിച്ചത്. ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസർ, എക്സ്50 മോഡം എന്നിവയാണ് ഈ ഫോണിനും കരുത്ത് പകരുന്നത്.

സോണി എക്സ്പീരിയ 5ജി

ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസർ, എക്സ്50 മോഡം എന്നിവയുടെ മികവിൽ പ്രവർത്തിക്കുന്ന സോണിയുടെ ആദ്യ 5ജി ഫോണിന്റെ പ്രോട്ടോടൈപ്പും മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ചു. പ്രോട്ടോടൈപ്പ് ആയതുകൊണ്ടു തന്നെ എന്നു വിപണിയിൽ എത്തുമെന്ന് പറയാനാവില്ല.

എച്ച്ടിസി 5ജി ഹബ്

ഒരേ സമയം 5ജി ഹോട്ട്സ്പോട്ട് ആയും കണ്ടന്റ് സ്ട്രീമർ ആയും ബാറ്ററി പായ്ക്കായും പ്രവർത്തിക്കുന്ന ഉപകരണം. ക്വാൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസർ, 4 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നിവയും ഇതിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com