ADVERTISEMENT

ഇന്ത്യയിലെ സ്മാർട് ഫോൺ ഉപഭോക്താക്കൾ കാത്തിരുന്ന ഷവോമിയുടെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളില്‍ ഒന്നായ റെഡ്മി നോട്ട് സീരിസിന്റെ പുതുക്കിയ പതിപ്പുകള്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ. വിലയുടെ കാര്യത്തില്‍ പതിവു തെറ്റിക്കാതെയാണ് പുതിയ മോഡലുകള്‍ എത്തിയിരിക്കുന്നത്. 10,000 രൂപ മുതല്‍ 17,000 രൂപ വരെയാണു വില. പ്രൊസസറിന്റെയും ക്യാമറയുടെയും കാര്യത്തിൽ ഇരു മോഡലുകളും തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ഇവയിലെ സൂപ്പര്‍ സ്റ്റാര്‍ റെഡ്മി നോട്ട് 7 പ്രോയില്‍ അവതരിപ്പിച്ചിരിക്കുന്ന 48 എംപി ക്യാമറ സെന്‍സറാണ്. ക്യമാറ ഇന്നത്തെ മുന്തിയ പല സ്മാര്‍ട് ഫോണുകളെക്കാളും മികച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

റെഡ്മി നോട്ട് 7 പ്രോ ക്യാമറ

 

റെഡ്മി നോട്ട് 7 പ്രോയുടെ പ്രധാന ആകര്‍ഷണിയത അതിന്റെ 48 എംപി ക്യാമറയാണ്. 1/2-ഇഞ്ച് വലുപ്പമുള്ള സ്റ്റാക്കു ചെയ്ത സീമോസ് സെന്‍സറായ സോണി IMX586 ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഡൈനമിക് റെയ്ഞ്ച് 4X ആണ്. F/1.79 അപേച്ചറുള്ള 6pc ലെന്‍സും ഉപയോഗിച്ചിരിക്കുന്നു. ഇത് കൂടുതല്‍ പ്രകാശം കടത്തിവിട്ട് തെളിമയുള്ള ഫോട്ടോ എടുക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യം ഫൊട്ടോഗ്രഫിയില്‍ വൈദഗ്ധ്യം ഇല്ലാത്തവര്‍ക്കും തുണയാകുമെന്നു കമ്പനി കരുതുന്നു. 33 വ്യത്യസ്ത സീനുകള്‍ തിരിച്ചറിയാനാകും റെഡ്മി നോട്ട് 7 പ്രോയുടെ ക്യാമറയ്ക്ക്. എഐ പോര്‍ട്രെയ്റ്റ് മോഡ് 2.0 ലൂടെ 8 എഫക്ടുകളുള്ള സ്റ്റുഡിയോ ലൈറ്റിങും ലഭ്യമാക്കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 30 ഫ്രെയിം വച്ച് 4കെ വിഡിയോ റെക്കോഡു ചെയ്യാനുമാകും. പിന്നിലെ ഇരട്ട ക്യാമറ സിസ്റ്റത്തിലുള്ള രണ്ടാമത്തെ ക്യാമറ 5 എംപിയുടെ ഡെപ്ത് സെന്‍സറാണ്. ഇരട്ട എല്‍ഇഡി ഫ്ലാഷ് ലൈറ്റും ഉണ്ട്. പ്രഥമ വിലയിരുത്തലില്‍ ക്യാമറ മികച്ചതു തന്നെയാണ്, പ്രത്യേകിച്ചും 15,000 രൂപയില്‍ താഴെ ലഭ്യമാക്കിയിരിക്കുന്നുവെന്ന കാര്യം പരിഗണിച്ചാല്‍. സെല്‍ഫിക്കായി 13 എംപി ക്യാമറ ഉപയോഗിച്ചിരിക്കുന്നു. ഫെയ്‌സ് അണ്‍ലോക്കും സപ്പോര്‍ട്ടു ചെയ്യും.

 

റെഡ്മി നോട്ട് 7 ക്യാമറ

 

ചൈനയില്‍ പ്രോയുടെ ഇരട്ട ക്യാമറ സിസ്റ്റം തന്നെയാണു നല്‍കിയിരിക്കുന്നതെങ്കിലും ഇന്ത്യയില്‍ റെഡ്മി നോട്ട് 7 ന് 12+2 ഇരട്ട ക്യാമറയാണ് കിട്ടുന്നത്.

 

നല്ല ഡിസൈന്‍

 

ഒറ്റ നോട്ടത്തില്‍ മനോഹരവും ഈടുറ്റതെന്നും തോന്നിപ്പിക്കുന്ന തരം നിര്‍മാണ മികവ് ഈ ഫോണില്‍ കാണാം. സാംസങ് ഗ്യാലക്‌സി എം20, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 തുടങ്ങിയ ഫോണുകളെക്കാള്‍ മികച്ചതാണിത്. 2.5ഡി കോര്‍ണിങ് ഗൊറിലാ ഗ്ലാസ് 5 മുന്നിലും പിന്നിലും ഉപയോഗിച്ചിരിക്കുന്നു. ചെറിയ രീതിയില്‍ വെള്ളം തെറിച്ചാല്‍ കേടാവില്ല. പക്ഷേ, ഔദ്യോഗികമായി ഇത് വെള്ളത്തെയൊ പൊടിയെയോ പ്രതിരോധിക്കാമെന്ന് കമ്പനി പറയുന്നില്ല. ടൈപ്-സി പോര്‍ട്ട് ആദ്യമായി വരുന്ന റെഡ്മി സീരിസാണിത്. ഡേറ്റാ ട്രാന്‍സ്ഫര്‍ വേഗത്തിലാക്കും. സ്മാര്‍ട് ടിവികള്‍ക്ക് റിമോട്ട് കണ്ട്രോള്‍ ആയി ഉപയോഗിക്കാന്‍ ഇന്‍ഫ്രാ റെഡ് ശേഷിയുമുണ്ട്. (നോട്ട് 7, 7 പ്രോ മോഡലുകള്‍ സമാനമാണ് ഇത്തരം മിക്ക കാര്യങ്ങളിലും.)

 

സ്‌ക്രീന്‍

 

രണ്ടു മോഡലുകള്‍ക്കും 6.3-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. മുന്‍ ക്യാമറ സിസ്റ്റം ഇരിക്കുന്ന നോച്ചിനെ ഡോട് നോച് എന്നാണ് ഷവോമി വിളിക്കുന്നത്. 19.5:9 അനുപാതത്തില്‍ നിര്‍മിച്ചിരിക്കുന്ന സ്‌ക്രീനാണ് ഈ വിലയ്ക്ക് ഇന്നു വിപണിയില്‍ ലഭിക്കുന്ന ഏറ്റവും നല്ല ഡിസ്‌പ്ലെയെന്ന് ഷവോമി അവകാശപ്പെട്ടു. നേരിട്ടു സൂര്യപ്രകാശം അടിക്കുമ്പോള്‍ പോലും സ്‌ക്രീന്‍ വ്യക്തത നശിക്കുന്നില്ല. 

 

ഹാര്‍ഡ്‌വെയര്‍

 

എട്ടു കോറുള്ള, ക്രിയോ 460 ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചു നിര്‍മിച്ച, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 675 പ്രൊസസറാണ് 7 പ്രോ മോഡലിനു ശക്തിപകരുന്നത്. 11 എന്‍എം ഫിന്‍ഫെറ്റ് (11 nm Finfet ) സാങ്കേതികവിദ്യ ഇണക്കിയ ചിപ്പാണിത്.  4 ജിബി അല്ലെങ്കില്‍ 6 ജിബി (4GB /6GB LPDDR4X ) റാമുളള രണ്ടു വേര്‍ഷനുകളുണ്ട്. ക്വാല്‍കം സ്‌പെക്ട്രാ ഐഎസ്പിയും ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് 48 എംപി ക്യാമറയുടെ പ്രവര്‍ത്തനം സാധ്യമാക്കുന്നത്. അഡ്രെനോ 612 ജിപിയു ഉണ്ട്. ഇരു മോഡലുകള്‍ക്കും 4000 mAh ബാറ്ററിയും ഉണ്ട്. ക്വിക് ചാര്‍ജിങ് സാധ്യമായ ഈ മോഡലിന്, 18 വാട്‌സ് ക്വിക് ചാര്‍ജര്‍ കൂടെ ലഭിക്കും. ഇരു മോഡലുകള്‍ക്കും ആന്‍ഡ്രോയിഡ് 9.0 കേന്ദ്രീകരിച്ചു സൃഷ്ടിച്ച് എംഐയുഐ 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

 

നോട്ട് 7

 

സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത.് മുന്‍ ക്യാമറ സിസ്റ്റം പ്രോ വേര്‍ഷനില്‍ കിട്ടുന്നതു തന്നെയാണ്. 

 

വിലയും ലഭ്യതയും

 

റെഡ്മി നോട്ട് 7 പ്രോയ്ക്ക രണ്ടു വേരിയന്റുകളാണ് ഉള്ളത്, 4ജിബി, 64ജിബി മോഡലും (വില 13,999 രൂപ), 6ജിബി, 128 ജിബിയും (വില 16,999 രൂപ). മാര്‍ച്ച് 13 മുതല്‍ ലഭ്യമാകും.

 

നോട്ട് 7

 

3 ജിബി, 32 ജിബി മോഡലാണ് തുടക്കം. വില 9,999 രൂപ. 4ജിബി, 64ജിബി മോഡലും ഉണ്ട്. ഇതിന് 11,999 രൂപ നല്‍കണം. മാര്‍ച്ച് 6ന് വില്‍പ്പനയ്ക്ക് എത്തും. ഇരുമോഡലകുളും ഫ്ലിപ്കാര്‍ട്ട്, എംഐ.കോം, എംഐഹോം സ്‌റ്റോറുകളിലൂടെയാണ് വില്‍പ്പന.

 

ക്യാമറ ഐഫോണിനെതിനെക്കാള്‍ മികച്ചതോ?

 

ഒരു പക്ഷേ ഇത് ചില സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് കേള്‍ക്കാനിമ്പമുള്ള വാര്‍ത്തയായിരിക്കും. തങ്ങളുടെ റെഡ്മി നോട്ട് സീരിസിലെ പുതിയ മോഡലുകള്‍ അവതരിപ്പിച്ച ശേഷം ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ ഷവോമിയുടെ ഇന്ത്യയിലെ മാര്‍ക്കറ്റിങ് മേധാവി അനുജ് ശര്‍മ്മ അവകാശപ്പെട്ടത് തങ്ങളുടെ നോട്ട് 7 പ്രോയുടെ ക്യാമറ ഐഫോണ്‍ എക്‌സ്എസ്, എക്‌സ്എസ് മാക്‌സ്, വണ്‍പ്ലസ് 6 ടി തുടങ്ങിയ മോഡലുകളുടേതിനേക്കാള്‍ വളരെ മികച്ചമാണെന്നാണ്. തങ്ങളുടെ തൊട്ടടുത്ത എതിരാളിയായ സാംസങ് ഗ്യാലക്‌സി എം20, റിയല്‍മി 2 പ്രോ എന്നിവയുടെ ക്യാമറകളെക്കാള്‍ ഏറെ മെച്ചമാണെന്നും അദ്ദേഹം അവകാശപ്പെട്ടുകൊണ്ട് ഫോണുകളിലെടുത്ത ഈ ചിത്രങ്ങള്‍ താരതമ്യം ചെയ്യാനായി ട്വിറ്ററില്‍ പങ്കുവച്ചു. https://bit.ly/2BUeI5q. 

 

ഇതു സംഭവ്യമാണോ? തീര്‍ച്ചയായും. എന്നാല്‍, ഷവോമിയുടെ അവകാശവാദം മുഖവിലയ്‌ക്കെടുക്കേണ്ട. സ്വതന്ത്ര ടെസ്റ്റുകള്‍ വരട്ടെ. പക്ഷേ ഓര്‍ക്കുക, ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ സോണിയുടെ സെന്‍സറുകള്‍ വാങ്ങിയാണ് ക്യമാറയ്ക്കായി ഉപയോഗിക്കുന്നത്. സോണിയുടെ ഏറ്റവും പുതിയ 48MP Sony IMX586 ക്യാമറ മൊഡ്യൂളാണ് റെഡ്മി നോട്ട് 7 പ്രോ മോഡലുകളില്‍ പ്രധാന ക്യാമറയായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ സെന്‍സര്‍ ഷവോമിയെക്കൂടാതെ മറ്റു പല നിര്‍മാതാക്കളും ഉപയോഗിക്കുന്നുണ്ട്. ഈ ക്യാമറ പ്രകടനം ഭേദമായി തോന്നിയാല്‍ അദ്ഭുതപ്പെടേണ്ട.

 

ആപ്പിള്‍ 'വിശ്വാസികളെയും' മറ്റും അസ്വസ്ഥരാക്കി, ഐഫോണും മറ്റുമായി താരതമ്യം ചെയ്തതില്‍ തെറ്റുണ്ടോ? `മുന്തിയ കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വില കുറഞ്ഞ കാറില്‍ ഒരു ഫീച്ചര്‍ മെച്ചമാണെന്നു പറഞ്ഞ് അതു വാങ്ങിയേക്കാമെന്നു വയ്ക്കില്ല. പ്രീമിയം സെഗ്‌മെന്റിന്റെ രഹസ്യം അതാണ്. ഇത്തരം പ്രൊഡക്ടുകളില്‍ അവര്‍ ആകൃഷ്ടരാവില്ല. എന്നാല്‍, കൊടുക്കുന്ന കാശു മുതലാകുന്നുമെന്ന തോന്നല്‍ വരുത്തിത്തീര്‍ക്കാനാകുന്ന പ്രൊഡക്ടുകള്‍ ലോകത്ത് എന്നും വിജയമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഷവോമിയുടെ വിജയ രഹസ്യവും മറ്റൊന്നല്ലല്ലോ. എന്നാല്‍, പ്രായോഗികമായി ചിന്തിച്ചാല്‍ ഒരു ഫോണില്‍ ഉപയോക്താക്കള്‍ക്കു വേണ്ട ഫീച്ചറുകളെല്ലാം വൃത്തിയായി ഇണക്കി തന്നെയാണ് ഇത്തരം ഫോണുകള്‍ എത്തുന്നത് എന്നും കാണാം. കൂടുതല്‍ വില കൊടുക്കുന്നത് ഡംഭുകാണിക്കാന്‍ വേണ്ടി മാത്രമാണ് എന്ന വാദവം ഇന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലും ബലപ്പെടുകായാണ്. പക്ഷേ, ഷവോമിക്ക് 'ഇന്ത്യയിലെ മധ്യനിര' സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഏറ്റവും മികച്ചത് എന്ന പേരു പോകുമൊ എന്ന പേടി ആദ്യമായി വന്നിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇത്തരം ഒരു കമന്റ് നടത്തിയതെന്നും വാദമുണ്ട്. സാംസങും മറ്റു കമ്പനികളും ഷവോമിയുടെ അതേ തന്ത്രങ്ങളുമായി രംഗത്തിറങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com