sections
MORE

എല്‍ജിയുടെ ഇരട്ട സ്‌ക്രീന്‍ ഫോണ്‍ അദ്ഭുതമാണ്, ലോകത്തെ ആദ്യ ഹാൻഡ്സെറ്റും

lg-v50-thinq-5g-dual-screen
SHARE

കൊറിയന്‍ ടെക്‌നോളജി കമ്പനി എല്‍ജി പുതിയതായി അവതരപ്പിച്ച V50 തിങ്ക് 5ജി (V50ThinQ 5G) പ്രതീക്ഷിച്ചതിലും മികച്ചതാണെന്നാണ് ചിലരുടെ ആദ്യ പ്രതികരണം. ഇക്കാലത്ത് എന്താണ് സ്മാര്‍ട് ഫോണ്‍ ഉപയോഗം എളുപ്പമാക്കാൻ ചെയ്യാനാകുന്നത് എന്നറിയണമെങ്കില്‍ ഈ ഫോണിനെക്കുറിച്ചു മനസ്സിലാക്കണം.

ബഹുമുഖ സാധ്യതയുമായി ഇരട്ട സ്‌ക്രീന്‍ വരുമ്പോള്‍

പുതിയ മോഡലില്‍ ടെക് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയതും മറ്റു നിര്‍മാതാക്കള്‍ ഭാവനയില്‍ പോലും കാണാത്തതുമായ ഒന്നാണ് കൂട്ടിച്ചേര്‍ക്കാവുന്ന രണ്ടാമത്തെ സ്‌ക്രീന്‍. ഫോണ്‍ വാങ്ങുമ്പോള്‍ ഇത് ഫ്രീ ആയി കൂടെ കിട്ടില്ല. അധികവില നല്‍കിയാല്‍ 6.2-ഇഞ്ച് വലുപ്പമുള്ള ഓലെഡ് ഡിസ്‌പ്ലെ വാങ്ങി, പ്രധാന സ്‌ക്രീനിനൊപ്പം പ്രവര്‍ത്തിപ്പിക്കാം. രണ്ടാം സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിങ് അല്ലെങ്കില്‍ ഗെയ്മിങ് താൽപര്യക്കാര്‍ക്ക് വളരെ ഇഷ്ടപ്പെടും. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇത് പ്രധാന സ്‌ക്രീനിന് ഒരു കവര്‍ അല്ലെങ്കില്‍ കെയ്‌സ് പോലെ പ്രവര്‍ത്തിക്കും. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന രീതി പല തരത്തില്‍ മാറ്റാന്‍ കഴിവുള്ളതാണ് രണ്ടാം സ്‌ക്രീന്‍ എന്ന സങ്കല്‍പ്പമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഉദാഹരണത്തിന്, വേണമെങ്കില്‍ ഒരു സ്‌ക്രീനില്‍ സിനിമ കാണുകയും അടുത്ത സ്‌ക്രീനില്‍ ഇന്റര്‍നെറ്റ് സേര്‍ച് ചെയ്യാനും സാധിക്കും.

രണ്ടാം സ്‌ക്രീന്‍ പിടിപ്പിച്ചു കഴിയുമ്പോള്‍ V50 തിങ്ക് 5ജിയുടെ പ്രധാന സ്‌ക്രീനില്‍ ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതില്‍ ടാപ് ചെയ്താല്‍ രണ്ടാം സ്‌ക്രീനും തെളിയും. പിന്നീട് ഏതു സ്‌ക്രീന്‍ വേണമെങ്കിലും ഉപയോഗിക്കാം. അല്ലെങ്കില്‍ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. മള്‍ട്ടി വിന്‍ഡോ ഫീച്ചര്‍ ഉപയോഗിച്ചാല്‍ സ്‌ക്രീനുകളെ വീണ്ടും രണ്ടായി വിഭജിക്കാം. ഇതിലൂടെ ഒരേസമയം പല ആപ്പുകളെ പ്രവര്‍ത്തിപ്പിക്കാം. ഇത് ഒന്നിലേറെ വിന്‍ഡോ ഓപ്പണ്‍ ചെയ്തു വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമായിരിക്കുമെന്നു പറയുന്നു. ചില ഗെയിമുകള്‍ കളിക്കുമ്പോള്‍ രണ്ടാം സ്‌ക്രീന്‍ ഗെയിം നിയന്ത്രിക്കാന്‍ മാത്രമായും ഉപയോഗിക്കാം. ഇതിലൂടെ വിരലുകള്‍ ഗെയിമിനിടയ്ക്കു കയറുന്ന പ്രശ്‌നത്തിനും പരിഹാരമാകും. രണ്ടാം സ്‌ക്രീനിനെ 104 ഡിഗ്രി അല്ലെങ്കില്‍ 180 ഡിഗ്രിയില്‍ ഉറപ്പിക്കാം. ഫോണിന്റെ ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ടാം സ്‌ക്രീന്‍ ചാര്‍ജു ചെയ്യേണ്ടതായി വരുന്നില്ല.

മറ്റു ഫീച്ചറുകള്‍

കൈപ്പത്തിയുടെ ഞരമ്പു പരിശോധിച്ച് ഒതന്റിക്കേഷന്‍ നടത്തുന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഈ ശേഷിയുള്ള ലോകത്തെ ആദ്യത്തെ ഹാന്‍ഡ്‌സെറ്റാണിത്. ഇതാകട്ടെ സാധാരണ ഫിംഗര്‍പ്രിന്റ് സ്‌കാനറിനെക്കാള്‍ വളരെ സുരക്ഷിതമാണെന്നും പറയുന്നു. ഇതു സാധ്യമാക്കുന്നത് ടൈം ഓഫ് ഫ്‌ളൈറ്റ് Z ക്യാമറയുടെയും ഇന്‍ഫ്രാറെഡ് സെന്‍സറിന്റെയും സഹായത്തോടെയാണ്. ഇതിനെ എല്‍ജി ഹാന്‍ഡ് ഐഡി (Hand ID) എന്നാണ് വിളിക്കുന്നത്. ഉടമയുടെ കൈപ്പത്തിയിലെ ഞരമ്പുകളുടെ രൂപവും വലുപ്പവും മറ്റു സവിശേഷതകളും അളന്നാണ് ഐഡി സൃഷ്ടിക്കുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത കൈപ്പത്തി വെറുതെ മുന്‍ക്യാമറ സിസ്റ്റത്തിനു മുൻപാകെ കാണിച്ചാല്‍ മതി ഫോണ്‍ അണ്‍ലോക് ചെയ്യാന്‍.

v50-thinq

Z ക്യാമറയാണ് മറ്റൊരു സവിശേഷത. മികച്ച സെല്‍ഫികള്‍ എടുക്കാന്‍ സാധിക്കുമെന്നത് ഒരു കൂട്ടം ഉപയോക്താക്കള്‍ക്ക് ഉത്സാഹം പകരും. ഇന്‍ഫ്രാറെഡ് രശ്മികള്‍ അയച്ചാണ് മുഖത്തിന്റെ ത്രിമാന സവിശേഷതകള്‍ അളക്കുന്നത്. ഇതിലൂടെ ഫെയ്‌സ് അണ്‍ലോക്കും സാധ്യമാക്കുന്നു. ക്യാമറയ്ക്കു മുന്നില്‍ ഉടമയുടെ ചിത്രം പിടിച്ചാല്‍ അണ്‍ലോക്ക് ചെയ്യാനാവില്ല. മറ്റു പ്രകാശത്തിന്റെ സാന്നിധ്യവും 3D ഫെയ്‌സ് അണ്‍ലോക് സമയത്ത് ഈ ക്യാമറ സിസ്റ്റത്തിനു പ്രശ്‌നമല്ല. പല തരത്തിലുള്ള ബയോ മെട്രിക് ഓതറൈസേഷന്‍ ഫോണ്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നുവെന്ന് എല്‍ജി പറയുന്നു. Z ക്യാമറയുടെ മറ്റൊരു ഫീച്ചര്‍ എയര്‍ മോഷന്‍ ആണ്. കാർ ഡ്രൈവു ചെയ്യുമ്പോഴും മറ്റും വരുന്ന കോളുകള്‍ എടുക്കാനും അവസാനിപ്പിക്കാനും സ്‌ക്രീന്‍ ഷോട്ട് എടുക്കാനും മറ്റൊരു ആപ് തുറക്കാനും വോളിയം ക്രമീകരിക്കാനുമൊക്കെ ആംഗ്യങ്ങളിലൂടെ സാധിക്കും. ഫോണിന്റെ മുകളില്‍ കൈ വീശുക തുടങ്ങിയ ആംഗ്യങ്ങളിലൂടെ പലതും നര്‍വ്വഹിക്കാം.

മുന്‍ക്യാമറയുടെ പോട്രെയ്റ്റ് മോഡും സവിശേഷമാണ്. അതീവ കൃത്യതയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു പ്രത്യേകത വിഡിയോ പോര്‍ട്രെയ്റ്റ് ആണ്. പിന്‍ ക്യാമറയുമായി ബന്ധപ്പെട്ട ഫങ്ഷനാണിത്. ഇരട്ട ഫീല്‍ഡ് ഓഫ് വ്യൂ ലഭിക്കുന്നതിനാല്‍ പകര്‍ത്തുന്ന വിഡിയോ പ്രൊഫഷണല്‍ ലെന്‍സ് ഉപയോഗിച്ച് എടുത്തതു പോലെയുള്ള തോന്നല്‍ നല്‍കാന്‍ ഈ ക്യാമറ സിസ്റ്റത്തിനു സാധിക്കുമത്രെ. ഓഡിയോയുടെ കാര്യത്തിലും മികവുറ്റതാണ് എല്‍ജിയുടെ സെറ്റ്. സ്‌ക്രീന്‍ തന്നെ സ്പീക്കറാക്കാം (Crystal Sound OLED) എന്നതാണ് ഇതിനെ വേര്‍തിരിച്ചു നിർത്തുന്ന മറ്റൊരു ഘടകം. മുന്‍ സ്പീക്കര്‍ വേണ്ടന്നു വയ്ക്കാന്‍ സഹായിക്കുന്നതാണിത്. പ്രധാന സ്പീക്കര്‍ ബൂംബോക്‌സ് (Boombox Speaker) ആണ്. യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ശബ്ദം ലഭിക്കുന്നതിന് ഇതു സഹായിക്കും. ഓഡിയോ മികവിനു പേരുകേട്ട കമ്പനിയാണ് എല്‍ജി. ആ പേരു തുടരുമെന്ന കാര്യം ഉറപ്പാക്കുന്ന ഒന്നാണ് പുതിയ ഫോണും.

പ്രധാന സ്‌പെസിഫിക്കേഷനുകള്‍

∙ പ്രൊസസര്‍ - സ്‌നാപ്ഡ്രാഗണ്‍ 855

∙ 5ജി മോഡം - സ്‌നാപ്ഡ്രാഗണ്‍ X50 5ജി

∙ ഡിസ്‌പ്ലെ - 6.4 ഇഞ്ച് ഫുള്‍വിഷന്‍ (19.5:9 QHD+ OLED (3120 x 1440 / 538 റെസലൂഷന്‍)

∙ സംഭരണശേഷി - 128 ജിബി, 2 ടിബി വരെയുള്ള മൈക്രോ എസ്ഡികാര്‍ഡ് സ്വീകരിക്കും. 

∙ റാം - 6ജിബി

lg-v50

ക്യാമറ

പിന്‍ ക്യാമറ: 16 എംപി സൂപ്പര്‍ വൈഡ് (F1.9 / 1.0µm / 107°) / 12എംപി സ്റ്റാന്‍ഡാര്‍ഡ് (F1.5 / 1.4µm / 78°) / 12എംപി ടെലി (F2.4 / 1.0µm / 45°)

മുന്‍ ക്യാമറ: 8എംപി സ്റ്റാന്‍ഡാര്‍ഡ് (F1.9 / 1.12µm / 80°) / 5 എംപി വൈഡ് (F2.2 / 1.12µm / 90°)

ഭാരം- 183 ഗ്രാം

നെറ്റ്‌വര്‍ക്ക്-3G / 4G LTE-A / 5G

മറ്റു പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്. ഈ ഫോണിനൊപ്പം വാങ്ങാവുന്ന രണ്ടാം സ്‌ക്രീനിനു 131 ഗ്രാം ഭാരമുണ്ട്.

എല്‍ജി G8 തിങ്ക്, എല്‍ജി G8s തിങ്ക് എന്നിങ്ങനെ മറ്റു രണ്ടു മോഡലും ലഭ്യമാക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ പല ഫീച്ചറുകളും ഈ മോഡലിലും ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA