ADVERTISEMENT

ഈ വര്‍ഷത്തെ ഏറ്റവും പ്രാധാന്യമുള്ള സ്മാര്‍ട് ഫോണ്‍ മോഡലുകളിലൊന്നായ സാംസങ് ഗ്യാലക്‌സി എസ്10  പുറത്തിറങ്ങി. തൊട്ടു മുന്‍ വര്‍ഷങ്ങളിലിറങ്ങിയ ഗ്യാലക്‌സി എസ് സീരിസ് ഫോണുകളെപ്പോലെ മുന്‍ ഭാഗം മുഴുവന്‍ ഗ്ലാസ് നിര്‍മിതമാണ്. പിന്നിലും ഗ്ലാസ് കോട്ടിങ് ഉണ്ട്. ഈ ഫോണില്‍ പെട്ടെന്ന് പോറലേല്‍ക്കുമോ, പോക്കറ്റില്‍ കിടന്ന് ഞെളിഞ്ഞു പൊട്ടുമോ? ഇവയെല്ലാമാണ് പ്രശസ്ത യുട്യൂബര്‍ ജെറിറിഗ്എവ്‌രിതിങ് (JerryRigEverything) ടെസ്റ്റു ചെയ്തു കാണിക്കുന്നത്. ഫോണിലെ അതി നൂതന ഫീച്ചറുകളിലൊന്നാണ് സ്‌ക്രീനില്‍ പിടിപ്പിച്ച അള്‍ട്രാ സോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. പോറലേറ്റാല്‍ ഇതു തുടര്‍ന്നു പ്രവര്‍ത്തിക്കുമോ? പുതിയ ഗ്യാലക്‌സി എസ്10 കുടുംബത്തിലെ എല്ലാ ഫോണുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നതു കൊണ്ടും പല ഉപയോക്താക്കള്‍ക്കും ഈ വിഡിയോയും അതിലെ കണ്ടെത്തലുകളും താത്പര്യജനകമായിരിക്കും.

 

ഡിസ്‌പ്ലെ നിര്‍മാണത്തിലെ ഇന്നത്തെ അജയ്യരായ കമ്പനികളിലൊന്നാണ് സാംസങ്. ആപ്പിള്‍ പോലും മികച്ച സ്‌ക്രീനുകള്‍ക്കായി സാംസങ്ങിനെയാണ് ആശ്രയിക്കുന്നത്. ഏറ്റവും മികച്ച സ്‌ക്രീനാണ് എസ്10 മോഡലിനു കമ്പനി നല്‍കിയിരിക്കുന്നത്. ഇതിനെ സാംസങ് വിളിക്കുന്നത് ഇന്‍ഫിനിറ്റി സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ എന്നാണ്. ബെസല്‍ കുറഞ്ഞ് ഫോണിന്റെ മുന്‍ഭാഗം മുഴുവന്‍ ഒഴുകി പരന്നു കിടക്കുകയാണല്ലോ സ്‌ക്രീന്‍. ഇതിന്റെ താഴെ ഭാഗത്താണ് അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലെ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. ജെറിയുടെ ടെസ്റ്റ് കാണിക്കുന്നത് സ്‌ക്രീനില്‍ ചെറിയ പോറലുകളേറ്റാല്‍ അത് ഫിംഗര്‍പ്രിന്റ് സ്‌കാനറിനെ ബാധിക്കില്ലെന്നാണ്. പക്ഷേ, ആഴത്തിലുള്ള പോറലുകളേറ്റാല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പ്രവര്‍ത്തനരഹിതമാകും. അപ്പോഴും വേണമെങ്കില്‍ ഫെയ്‌സ് അണ്‍ലോക് ഉപയോഗിക്കാം. ഫോണിന്റെ ബാക്കി ഭാഗമെല്ലാം കോണിങ് ഗൊറില ഗ്ലാസ് സംരക്ഷണമുള്ളതാണ്. മുന്‍ക്യാമറയ്ക്കിട്ടിരിക്കുന്ന ദ്വാരമടക്കം പോറലേല്‍ക്കാന്‍ സാധ്യത കുറവാണ്.

 

വലിയ തോതില്‍ മര്‍ദ്ദമേല്‍പ്പിച്ചാല്‍ ഫോണിന്റെ വോളിയം, പവര്‍, ബിക്‌സ്ബി ബട്ടണുകള്‍ തള്ളിപ്പോകാം. എന്നാല്‍ ഇവ പഴയപടി തിരിച്ചു വയ്ക്കാം. പുതിയ അമോലെഡ് ഡിസ്‌പ്ലെ നേരിട്ടു തീയുമായി ബന്ധത്തില്‍ വന്നാല്‍ എന്തു സംഭവിക്കുമെന്നും യുട്യൂബര്‍ ടെസ്റ്റു ചെയ്തു. പൊള്ളലേല്‍പ്പിക്കുമ്പോള്‍ ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ മറ്റു മുന്‍നിര ഫോണുകളുടെ സ്‌ക്രീനുകളെപ്പോലെ സ്‌ക്രീന്‍ വെളുത്തു വന്നു. എന്നാല്‍ തീ പിന്‍വലിക്കുമ്പോള്‍ പിക്‌സലുകള്‍ വീണ്ടും വരുന്നതു കാണാം.

 

ഫോണ്‍ ശക്തിയില്‍ വളയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഫോണ്‍ പൊട്ടിപ്പോകുന്നില്ലെങ്കിലും ചെറിയൊരു വളവു വീഴുന്നുണ്ട്. ചെറിയ അളവില്‍ പോറലിനെതിരെയും ചൂടിനെതിരെയും എല്ലാം പ്രതിരോധം അടക്കം ചെയ്താണ് ഈ ഫോണ്‍ സാംസങ് നിര്‍മിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. മറ്റൊരു പ്രധാന പരീക്ഷണമായി ഡ്രോപ് ടെസ്റ്റ് അദ്ദേഹം നടത്തുന്നില്ല. ഫോണ്‍ എത്ര ഉയരെ നിന്നു താഴേക്കിട്ടാലാണ് അതു തകരുന്നതെന്നു മനസ്സിലാക്കാനാണിത്.

 

സാംസങ് ഗ്യാലക്‌സി എസ് കുടുംബത്തിലെ ഈ അംഗങ്ങള്‍ താമസിയാതെ ഇന്ത്യയില്‍ എത്തും. എസ് 10ഇ (55,900 രൂപ തുടക്ക വില), എസ് 10 (66,900 രൂപ), എസ് 10 പ്ലസ് (73,900 രൂപ). ഇവ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com