ADVERTISEMENT

മികച്ച ഫോണുകളിറക്കുന്ന ചൈനീസ് കമ്പനികളിലൊന്നായ ഒപ്പോയുടെ പുതിയ മോഡലായ എഫ് 11നെ പരിചയപ്പെടാം. വില കൂടിയ മോഡലുകളില്‍ കാണുന്ന ചില ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലാണ് ഫോണ്‍ ഇറക്കിയിരിക്കുന്നത്. കമ്പനിയുടെ വിലകൂടിയ മോഡലായ ഫൈന്‍ഡ് Xന്റെ രൂപസാദൃശ്യം കാണാതിരിക്കാനാവില്ല എന്നത് ഈ ഫോണിന്റെ മികവുകളിലൊന്നാണ്. കാരണം ഫൈന്‍ഡ് Xന്റെ വില ഏകദേശം 60,000 രൂപയാണ്. ഫൈന്‍ഡ് എക്‌സിൽ ഉള്ളതുപോലെ എഫ് 11നും മോട്ടൊറൈസു ചെയ്ത, പുറത്തേക്കു തള്ളിവരുന്ന സെല്‍ഫി ക്യാമറയുണ്ട്. പ്രധാന പിന്‍ ക്യാമറയുടെ 48 എംപി സെന്‍സറാണ് മറ്റൊരു മുഖ്യ സംസാരവിഷയം.

 

ഫോണിന്റെ മുന്‍വശം മുഴുവനും സ്‌ക്രീനാണ്. മുകളില്‍ ചെറിയ ബെസലും (ഇയര്‍പീസിനും പ്രോക്‌സിമിറ്റി സെന്‍സറിനുമായി എടുത്ത സ്ഥലം), താഴെ അതില്‍ അല്‍പ്പം കൂടുതല്‍ ബെസലുമുണ്ടെങ്കിലും നോച്ചിന്റെ അഭാവവും മറ്റും സ്‌ക്രീന്‍ പലരെയും ഒറ്റ നോട്ടത്തില്‍ തന്നെ ഇഷ്ടപ്പെടുത്തും. പ്രൊട്ടക്ടീവ് കെയ്‌സ് ഒപ്പം ലഭിക്കും. പോപ്-അപ് സെല്‍ഫി ക്യാമറയുടെ സുരക്ഷ കൂടി കണക്കിലെടുത്തു നിര്‍മിച്ചതാണിത്. തണ്ടർ ബ്ലാക്ക്, അറോറ ഗ്രീൻ എന്നീ രണ്ട് വേരിയന്റുകളിൽ എഫ് 11 പ്രോ ലഭിക്കും.

എട്ടു കോറുള്ള മെഡിയടെക് ഹെലിയോ പി70 പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്. (ഇതിന് നാലു കോര്‍ട്ടെക്‌സ് എ73 കോറുകളും, നാല് കോര്‍ട്ടെക്‌സ് എ53 കോറുകളുമുണ്ട്.) 6 ജിബി റാമുള്ള ഫോണിന് 64 ജിബി ആണ് സ്റ്റോറേജ്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഒരു സിം മതിയെന്നു വയ്ക്കണം. പ്ലാസ്റ്റിക് ആണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കിലും നല്ല നിര്‍മിതിയാണിതിന്. ഓണ്‍/ഓഫ് ബട്ടണ്‍ വലതു വശത്തും വോളിയം ബട്ടണുകള്‍ ഇടതു വശത്തുമാണ്. ഹൈബ്രിഡ് ഇരട്ട സിം ട്രേയാണ് ഫോണിനുള്ളത് എന്നതും യുഎസ്ബി ടൈപ്-സി ഇല്ല (മൈക്രോ യുഎസ്ബിയാണ് ഉള്ളത്) എന്നതും നിരാശപ്പെടുത്തുന്ന കാര്യങ്ങളുമാണ്. പിന്നില്‍ ഇരട്ട ക്യാമറകളും കപ്പാസിറ്റീവ് ഫിംഗര്‍പ്രിന്റ് സ്‌കാനറുമുണ്ട്. 190 ഗ്രാം ഭാരമാണുള്ളത്. 4,000 mAh ബാറ്ററിയുള്ള എഫ് 11നൊപ്പം, vooc 3.0 ഫാസ്റ്റ് ചാര്‍ജറും ഇയര്‍ ഫോണും ലഭിക്കും. വിവിധ ബാറ്ററി സേവിങ് മോഡുകളുമുണ്ട്. ഇതിലൂടെ ബാറ്ററി ദീര്‍ഘനേരത്തേക്ക് നിലനിര്‍ത്താം.

 

സമാന ഫീച്ചറുകളുള്ള ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് മുകളിലേക്ക് തള്ളി വരുന്ന സെല്‍ഫി ക്യാമറ ഫീച്ചറാണ്. സ്‌ക്രീനിന് 6.5-ഇഞ്ച് വലുപ്പവും ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുമുണ്ട്. രണ്ടു സിമ്മുകളും 4ജി, വോള്‍ട്ടി സപ്പോര്‍ട്ടു ചെയ്യും. ആന്‍ഡ്രോയിഡ് 9 പൈയുടെ മേല്‍ നിര്‍മിച്ച ഒപ്പോയുടെ സ്വന്തം കളര്‍ ഒഎസ് 6 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഒപ്പോയുടെ മുന്‍ മോഡലുകളെക്കാള്‍ മികവു തോന്നിക്കുന്നതാണ് ഒഎസ്. കളർ ഒഎസ് 6ൽ ആപ് ഡ്രോയർ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

oppo-f11--JPG

ഒപ്പോയുടെ സ്വന്തം ആപ് സ്റ്റോര്‍, തീം സ്‌റ്റോര്‍, മ്യൂസിക് പാര്‍ട്ടി, ഓറോമിങ് എന്നിവയ്‌ക്കൊപ്പം ഫെയ്‌സ്ബുക്, യുസി ബ്രൗസര്‍, പേടിഎം, വിങ്ക് മ്യൂസിക്, ഡെയ്‌ലിഹണ്ട്, വെബ്‌നോവല്‍, ന്യൂസ്‌പോയിന്റ്, ആമസോണ്‍ ഷോപ്പിങ്, ഷെയര്‍ചാറ്റ്, ഗെയിമുകള്‍ അങ്ങനെ പോകുന്നു ആപ്പുകള്‍. ഗൂഗിള്‍ ആപ്പുകളും പ്രീ ഇന്‍സ്‌റ്റാള്‍ ചെയ്തിട്ടുണ്ട്. മുന്‍ മോഡലുകളില്‍ ഉണ്ടായിരുന്ന സ്മാര്‍ട് ഡ്രൈവിങ് മോഡ് ഒഴിവാക്കിയിട്ടുണ്ട്. പകരം റൈഡിങ് മോഡ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

പ്രകടനം

 

oppo-f11-JPG

ഹെലിയോ പി70 പ്രൊസസറും 6 ജിബി റാമും ചേരുമ്പോള്‍ മികച്ച പ്രകടനം സാധ്യമാകുന്നു. ഫെയ്‌സ് ഡിറ്റക്‌ഷന്‍ ഫീച്ചറു പ്രവർത്തിക്കുന്നത് പൊങ്ങിവരുന്ന സെല്‍ഫി ക്യാമറയിൽ. മോട്ടറൈസ്ഡ് ക്യാമറ വേഗമുള്ളതാണെന്നുള്ളത് ആശ്വാസമാണ്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ മികച്ചതാണ്. ഗെയിമുകള്‍ മികച്ച രീതിയിൽ കളിക്കാം. ലൗഡ്‌സ്പീക്കറിന് നല്ല വോളിയം ഉണ്ട്. ബാറ്ററി പ്രകടനവും മികച്ചത്. വിവിധ ബാറ്ററി സേവറുകളുടെ സഹായം തേടിയാല്‍ പ്രകടനം വീണ്ടും മെച്ചപ്പെടും. കൂടെ കിട്ടുന്ന ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂജ്യത്തില്‍ നിന്ന ഏകദേശം 50 ശതമാനം വരെ അരമണിക്കൂറിനുള്ളില്‍ ചാര്‍ജാകും. പൂര്‍ണമായും ചാര്‍ജാകാനും അധികനേരം വേണ്ട.

 

ക്യാമറ

 

പിന്‍ക്യാമറ സിസ്റ്റത്തിലെ സ്റ്റാര്‍, f/1.7 ഉള്ള, 48+5 എംപി ക്യാമറയാണുള്ളത്. ഫോട്ടോ, വിഡിയോ പോര്‍ട്രെയ്റ്റ് മോഡുകളാണ് ആപ് തുറക്കുമ്പോഴെ ലഭ്യമാക്കിയിരിക്കുന്നത്. മെനുവില്‍ നിന്ന് പാനോ, എക്‌പേര്‍ട്ട്, ടൈം-ലാപ്‌സ്, സ്ലോ-മോ, നൈറ്റ്‌സ്‌കെയ്പ് മോഡുകളും വിളിച്ചുവരുത്താം. എച്ഡിആര്‍, ക്രോമാബൂസ്റ്റ് തുടങ്ങിയ മോഡുകളുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായി സീന്‍ റെക്കഗ്നിഷനും, ബ്യൂട്ടിഫിക്കേഷനും സാധ്യമാണ്.

 

48-എംപി റെസലൂഷനുള്ളതാണ് പ്രധാന പിന്‍ക്യാമറ എന്നു പറഞ്ഞല്ലോ. ഇത് ഡിഫോള്‍ട്ടായി എടുക്കുന്നത് 12 എംപി ചിത്രങ്ങളാണ്. 48-എംപി ചിത്രമാണ് വേണ്ടതെങ്കില്‍ ക്രോമാ ബൂസ്റ്റ്, എച്ഡിആര്‍, സീന്‍ റെക്കഗ്നിഷന്‍, തുടര്‍ച്ചയായ ഷൂട്ടിങ്, സൂം തുടങ്ങിയവയൊന്നും വര്‍ക്കു ചെയ്യില്ല. കൂടുതല്‍ റെസലൂഷനുള്ള ഫയല്‍ ലഭിക്കും. എന്നാൽ 12 എംപി ചിത്രത്തിൽ നിന്നും കാര്യമായ വ്യത്യാസമില്ല. വെളിച്ചമുള്ള സ്ഥലത്ത് ഫോക്കസിങ് അതിവേഗം നടക്കും. മാക്രോ ഷോട്ടുകള്‍ വരെ മികച്ചത്. രണ്ടാം ക്യാമറയ്ക്ക് ബാക്‌ഗ്രൗണ്ട് ബ്ലർ ആക്കാനുള്ള കഴിവുണ്ട്. രാത്രിയിലും മോശമല്ലാത്ത ചിത്രങ്ങൾ ലഭിക്കുന്നു.

 

സെല്‍ഫി ക്യാമറ 16-എംപിയാണ്. വെളിച്ചമുള്ള സമയത്ത് മികച്ച പ്രകടനമാണ് ഇതും നടത്തുന്നത്. മുന്‍-പിന്‍ ക്യാമറകള്‍ക്ക് 1080p മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇമേജ് സ്റ്റബിലൈസേഷന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

വില

 

ഒപ്പോ എഫ് 11 പ്രോയുടെ എംആര്‍പി 25,000 രൂപയ്ക്കു പത്തു രൂപ കുറവാണ് (24,990 രൂപ). സ്റ്റൈലൻ ഫോണും മികച്ച പ്രകടനവും പോപ് അപ് സെല്‍ഫി ക്യാമറ എന്ന ഫീച്ചറും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മോഡലാണ് ഒപ്പോ എഫ് 11 പ്രോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com