ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാളായ വാവെയ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ പി30 പ്രോ അവതരിപ്പിച്ചു. ഒപ്പം, അല്‍പം കുറഞ്ഞ മോഡലായ പി30യും. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാമറ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റാണ് വാവെയ് പി30 പ്രോ എന്നാണ് ടെക് വിദഗ്ധർ പറയുന്നത്. വാവെയ് പി30 പ്രോയുടെ ക്യാമറ ടെക്നോളജി കണ്ടവരെല്ലാം അദ്ഭുതപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആപ്പിളിന്റെയും സാംസങ്ങിന്റെയും ഏറ്റവും മികച്ച മോഡലുകളുമായി ഏറ്റുമുട്ടാന്‍ സജ്ജമായ രീതിയില്‍ നിര്‍മിച്ചതാണ് ഫ്ലാഗ്ഷിപ് ഫോണായ പി30 പ്രോ. പ്രവര്‍ത്തന മികവിന്റെ സിംഹഭാഗവും തങ്ങളുടെ പുതിയ ക്യാമറ സിസ്റ്റത്തില്‍ ഒതുക്കിയിരിക്കുകയാണ് വാവെയ് എന്നു പറയാം. ഇതുവരെയുള്ള തങ്ങളുടെ മികച്ച മോഡലുകളൊക്കെ ഫൊട്ടോഗ്രഫി മികവിനായി സൃഷ്ടിച്ചവ ആയിരുന്നെങ്കില്‍ പുതിയ മോഡല്‍ വിഡിയോഗ്രാഫിയിലും മുന്നിലെത്താനുള്ള ആവേശം കാണിക്കുന്നതു കാണാം. വിശ്രുത ജര്‍മന്‍ ക്യാമറ നിര്‍മാതാവ് ലൈക്കയുമായി ചേര്‍ന്ന് വാവെയ് സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ അവര്‍ അവഗണിക്കാന്‍ കഴിയാത്ത വന്‍ശക്തിയായി മാറുകയായിരുന്നു. തങ്ങളുടെ പി9 മോഡലിലാണ് ഈ സൗഹൃദത്തില്‍ വിരിഞ്ഞ ആദ്യ ക്യാമറാ സിസ്റ്റം. പുതിയ പി30 പ്രോ, മറ്റു കമ്പനികള്‍ക്ക് ക്യാമറ നിര്‍മാണത്തില്‍ ക്ലാസു നല്‍കുന്നതു പോലെയാണ് എന്നു പറയാം.

ഹാര്‍ഡ്‌വെയറും പ്രകടനവും

6.47-ഇഞ്ച് വലുപ്പമുള്ള, അല്‍പം ചെരിവുള്ള ഓലെഡ് ഡിസ്‌പ്ലെയാണ് (2,340 x 1,080 പിക്‌സല്‍സ്) ഫോണിന്റെ സ്‌ക്രീന്‍. കാഴ്ചയില്‍ മുന്‍ മോഡലുകളേക്കാള്‍ മികവു തോന്നും. എന്നാല്‍, ഈ സ്‌ക്രീനിനു ഡീഫോള്‍ട്ടായി അല്‍പം കൂടെ ബ്രൈറ്റ്‌നസ് നല്‍കിക്കൂടായിരുന്നോ എന്നു തോന്നും. സ്‌ക്രീനിനുള്ളിലുമുണ്ട് അമ്പരപ്പിക്കുന്ന സാങ്കേതികവിദ്യ. ഡിസ്‌പ്ലെയിലൂടെ ശബ്ദവും പുറത്തെത്തിക്കുന്നു! ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. പക്ഷേ, ഇത് സാംസങ് S10 പ്ലസ് മോഡലിലും കാണുന്ന അത്ര പുരോഗതി പ്രാപിച്ചതല്ല.

p30-1-JPG

വാവെയുടെ സ്വന്തം കിരിന്‍ 980 പ്രൊസസറാണ് ഫോണിനു ശക്തിപകരുന്നത്. 6 ജിബി റാമും ഉണ്ട്. ആന്‍ഡ്രോയിഡ് 9 പൈ കേന്ദ്രീകരിച്ചു നിര്‍മിച്ച വാവെയുടെ സ്വന്തം ഇഎംയുഐ 9.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഒഎസ് മുന്‍ മോഡലുകളെക്കാള്‍ 52 ശതമാനം കൂടുതല്‍ വേഗം കൈവരിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത്ര കാലം ഫോണ്‍ ഫാസ്റ്റ് ആയിരുന്നോ എന്നു തീരുമാനിച്ചിരുന്നത് ഒരു ആപ് തുറക്കുമ്പോള്‍ അതിനു താമസം ഉണ്ടോ എന്നായിരുന്നെങ്കില്‍, പി30 പ്രോ ഉപയോക്താവിന്റെ മനസ്സറിഞ്ഞ് അല്‍പം മുന്നോട്ടു ചിന്തിച്ച്, പ്രവര്‍ത്തിക്കുന്നതു പോലെ ചടുലമായ പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, ഈ പ്രകടനം അങ്ങനെ തന്നെ നിലനല്‍ക്കുമെന്നു പറയാനാവില്ല. പുതിയ ഫോണുകള്‍ എപ്പോഴും അല്‍പം സ്പീഡ് കൂടുതല്‍ കാണിക്കും.

ഔഡി കണക്ട് ഡിജിറ്റല്‍ കീ

വാവെയ് ഇപ്പോള്‍ കാശുകാരുടെ ബ്രാന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു ഔഡി കാര്‍ ഉണ്ടെങ്കില്‍ കാറിന്റെ ഡിജിറ്റല്‍ താക്കോലായി പി30 പ്രോ ഉപയോഗിക്കാം. ജിമ്മില്‍ നിന്ന് നിങ്ങളുടെ പ്രകടന ഡേറ്റ, ആധുനിക ട്രെഡ്മില്‍ ആണെങ്കില്‍, ഫോണിന്റെ ഹെല്‍ത്ത് ആപ്പിലേക്കു ശേഖരിക്കാം. വാവെയുടെ ലാപ്‌ടോപ് ഉപയോഗിക്കുന്നവര്‍ക്ക് ഇരു ഡിവൈസുകളും തമ്മിലുള്ള ഡേറ്റ കൈമാറ്റം എളുപ്പമാക്കിയിട്ടുണ്ട്.

ബാറ്ററി

4,200 mAh ബാറ്ററിയാണ് പി30 പ്രോയ്ക്കുള്ളത്. ധാരാളം ഉപയോഗിച്ചാല്‍ പോലും 24 മണിക്കൂര്‍ നേരം ചാർജ് നിലനിൽക്കും. 40w സൂപ്പര്‍ ചാര്‍ജ് ടെക്‌നോളജിയും ലഭ്യമാണ്. 0-70 ശതമാനം ചാര്‍ജ് 30 മിനിറ്റിനുള്ളില്‍ കയറും. വയര്‍ലെസ് ചാര്‍ജിങ്ങും മറ്റു വയര്‍ലെസ് ചാര്‍ജിങ്ങുള്ള ഫോണുകളെ ചാര്‍ജ് ചെയ്യാനുള്ള ശേഷിയും ഉണ്ട്. (ഈ ഫീച്ചര്‍ വാവെയുടെ മെയ്റ്റ് 20 പ്രോയിലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ സാംസങ് S10 പ്ലസിനുമുണ്ട്. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണിലും അതുണ്ടാകുമെന്നു കരുതുന്നു.)

p30-2-JPG

ക്യാമറ

ഇന്ന് സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണത്തിന്റെ ഏറ്റവും മുന്നില്‍ വാവെയ്-ലൈക്ക ടീം തന്നെയാണ്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ വിസ്മയിപ്പിക്കുന്ന മികവു തന്നെയാണ് അവര്‍ ഓരോ വര്‍ഷവും കൊണ്ടുവരുന്നത്. ഈ ഫോണിന് പ്രായോഗികമായി പറഞ്ഞാല്‍ ഒരു മൂന്നു ക്യാമറ സെറ്റ്-അപ് ആണുള്ളത്. എന്നാല്‍, വാവെയ് പറയുന്നത് നാലു ക്യാമറകളുണ്ടെന്നാണ്. നാലാമതായി ഒരു ടൈം-ഓഫ്-ഫ്‌ളൈറ്റ് സെന്‍സറുമുണ്ട്. നാലാം ക്യാമറയെ നമുക്കു പരിഗണിക്കേണ്ട കാര്യമില്ല. ഇന്നേവരെ ഒരു ഫോണിനും ഇല്ലാത്ത തരം ശക്തിയേറിയ ഒരു സൂം ക്യാമറ സിസ്റ്റമാണ് ഈ ഫോണിനു ലഭിച്ചിരിക്കുന്നത്. 16 എംഎം മുതല്‍ 125 എംഎം വരെയാണ് ഒപ്ടിക്കല്‍ സൂം.

പ്രധാന ക്യാമറ f/1.6 അപേര്‍ച്ചറുള്ള, 40 എംപി ക്വാഡ് സെന്‍സര്‍ മൊഡ്യൂളാണ്. ഇതു ശേഖരിക്കുന്ന ഡേറ്റ കാച്ചിക്കുറുക്കി 10 എംപി ഫയലായി സേവു ചെയ്യുന്നു. 27എംഎം ആണ് ഇതിന്റെ ഫോക്കല്‍ ലെങ്ത്. ഒപ്ടിക്കലി സ്റ്റബിലൈസ്ഡ് ആണ്. സെന്‍സറിന് 1/1.7 വലുപ്പവുമുണ്ട്. കൂടുതല്‍ വൈഡ് പോകാനായി ഒരു 16എംഎം ലെന്‍സ് ഉണ്ട്. 20എംപിയാണ് ഇതിന്റെ റെസലൂഷന്‍. എന്നാല്‍ ഫോണിന്റെ ഈ വര്‍ഷത്തെ ക്യാമറകളിലെ ശ്രദ്ധാ കേന്ദ്രം 125എംഎം ലെന്‍സാണ്. ഇതു സ്റ്റബിലൈസ്ഡാണ് എന്നതു കൂടാതെ പുതിയ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്നും കാണാം. ഒരു പെരിസ്‌കോപില്‍ എന്നവണ്ണം ലെന്‍സുകളെ മടക്കിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പോ കമ്പനി ഇത്തരം ഒരു ലെന്‍സിന്റെ സാധ്യത മുൻപ് കാണിച്ചിട്ടുണ്ട്. എന്നാല്‍ അതു പ്രാവര്‍ത്തികമാക്കുകയാണ് വാവെയ് ചെയ്തിരിക്കുന്നത്. മെലിഞ്ഞ സ്മാര്‍ട് ഫോണുകളില്‍ പരമ്പരാഗത രീതിയല്‍ ലെന്‍സ് അടുക്കിയാല്‍ അതു പുറത്തേക്കു തള്ളി നില്‍ക്കും. ഇതിനൊപ്പം വാവെയ് ബുദ്ധിപൂര്‍വ്വം സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതവും ഒരുമിപ്പിച്ചിരിക്കുകയാണ്. സൂപ്പര്‍ റെസലൂഷന്‍ അല്‍ഗോറിതം, നിരവധി റോ ഫോട്ടോകള്‍ റസലൂഷന്‍ കൂടിയ ഒറ്റ ഫോട്ടോയായി ഒരുമിപ്പിക്കുന്നു. ഇതു ക്രോപ് ചെയ്താണ് സൂം എഫെക്ട് സൃഷ്ടിക്കുന്നത്. ഈ ലെന്‍സിന്റെ ഡിജിറ്റല്‍ സൂം 50X ആണ്!

p30-cmera

ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ വാവെയ് മേധാവി റിച്ചാഡ് യു ഫോണിന്റെ ക്യാമറ സിസ്റ്റം വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ പോലും അത്രമേല്‍ മികച്ച പ്രകടനം നടത്തുമെന്ന് അവകാശപ്പെട്ടു. (ലോ ലൈറ്റില്‍ ഗൂഗിള്‍ പിക്‌സല്‍ 3 ഫോണുകളാണ് ഇതുവരെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്.) ഈ ഫോണിന് പരമാവധി ഐഎസ്ഒ 409,600 വരെ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ വെളിച്ചക്കുറവുള്ള, 1 ലക്‌സില്‍ 91 Lux) വരെ നന്നായി എക്‌സ്‌പോസു ചെയ്ത ചിത്രങ്ങള്‍ എടുക്കാനാകുമെന്ന് യു പറഞ്ഞു.

ആര്‍വൈവൈബി സെന്‍സര്‍

ക്യാമറ നിര്‍മാതാക്കളല്ലാതന്നെ ഉപയോഗിക്കുന്നത് ചുവപ്പ്-പച്ച-നീല (ആര്‍ജിബി) സെന്‍സറാണ്. എന്നാല്‍ തങ്ങളുടെ പി30 പ്രോ ഫോണിന്റെ പ്രധാന ക്യാമറയ്ക്ക് ചുവപ്പ്-മഞ്ഞ-മഞ്ഞ-നീല സെന്‍സറാണ് വാവെയ് പരീക്ഷണാര്‍ഥം നല്‍കിയിരിക്കുന്നത്. ഇതിന് 40 ശതമാനം അധികം പ്രകാശം പിടിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇതിനൊപ്പം ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും, f/1.6 അപേര്‍ച്ചറും ചേരുമ്പോള്‍ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം.

പോര്‍ട്രെയ്റ്റ് മോഡ്, സൂപ്പര്‍ വൈഡ് ആംഗിള്‍ എന്നിവയും മുന്‍ മോഡലുകളെക്കാള്‍ മികച്ച പ്രകടനം നടത്തും. രണ്ടു ക്യാമറകള്‍ക്ക് ഒരേ സമയം വിഡിയോ റെക്കോഡു ചെയ്യാനാകും. വെളിച്ചമുള്ളപ്പോള്‍ സെക്കന്‍ഡില്‍ 60 ഫ്രെയിം വച്ച് വിഡിയോ ഷൂട്ടു ചെയ്യുന്ന ഫോണ്‍ വെളിച്ചം കുറഞ്ഞാല്‍, സെക്കന്‍ഡില്‍ 30 ഫ്രെയിമിലേക്ക് തനിയെ മാറും. നോച്ചുള്ള എച്ഡിആര്‍ ഡിസ്‌പ്ലെയാണ്. സെല്‍ഫി ക്യാമറ 32 എംപിയാണ്.

വില 128ജിബി, 512ജിബി എന്നീ രണ്ടു സ്റ്റോറേജ് ശേഷിയുള്ള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. തുടക്ക മോഡലിന് 899 പൗണ്ടും (77,718 രൂപ പ്രതീക്ഷിക്കുന്നു) അടുത്തതിന് 1099 പൗണ്ടുമാണ് വില.

p30-4-JPG

പി30

ഫ്ളാഗ്ഷിപ് ഫോണിന്റെയത്ര മികവില്ലാത്തതാണ് ഈ മോഡല്‍. എന്നാല്‍, പല ഫീച്ചറുകളും നില നിര്‍ത്തിയിട്ടുണ്ട്. 6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണിതിന്. പി30യ്ക്ക് മൂന്നു ക്യാമറ സെറ്റ്-അപ് ആണുള്ളത്. പ്രധാന ക്യാമറ പ്രോ മോഡലിന്റെ സ്‌പെസിഫിക്കേഷനോടു കൂടിയതാണ്. ടെലി ലെന്‍സ് 8എംപിയാണ്. 80എംഎം വരെ കിട്ടും.

സൂപ്പര്‍ വൈഡ് ആംഗിള്‍ 16എംപി സെന്‍സറാണ്. 3,650mAh ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ്ങുമുണ്ട്. 6ജിബി റാം/128 ജിബി സ്റ്റോറേജ് ശേഷിയുള്ള മോഡലിന് 799 യൂറോയാണു വില (62,163 രൂപ പ്രതീക്ഷിക്കുന്നു).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com