sections
MORE

രണ്ടാം തിരിച്ചുവരവിനൊരുങ്ങി നോക്കിയ, വരുന്നത് 48 മെഗാപിക്സൽ ക്യാമറ

Nokia-8
SHARE

സ്മാർട് ഫോൺ ലോകത്തെ ജനപ്രിയ നോക്കിയ ബ്രാന്‍ഡ് നാമത്തിൽ പുതിയ ഫോൺ എത്തുന്നു. എച്എംഡി ഗ്ലോബലാണ് നോക്കിയ ബ്രാന്‍ഡ് നാമത്തിന്റെ ഉടമകൾ. ചില വിപണികളില്‍ നോക്കിയ 8.1 പ്ലസ് എന്നും മറ്റു ചില വിപണികളില്‍ എക്‌സ്71 എന്നും പേരിട്ട ഫോണ്‍ ഏപ്രില്‍ രണ്ടിനു തായ്‌വാനില്‍വച്ചാകും പുറത്തിറക്കുക.

പ്രധാന സവിശേഷതകൾ

∙ ഫോണിന്റെ ഡിസ്‌പ്ലെയിൽ തുളയിട്ട് സൃഷ്ടിച്ച സെല്‍ഫി ക്യാമറയൊടു കൂടിയ ആദ്യ നോക്കിയ ഫോണ്‍ ആയിരിക്കാം
∙ 48 എംപി പ്രധാന പിന്‍ ക്യാമറ
∙ സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസര്‍
∙ സൈസ് ലെന്‍സ്

തായ്‌വാനില്‍ ഇതിന്റെ പേര് എക്‌സ്71 എന്നായിരിക്കും. രാജ്യാന്തര വിപണിയിൽ നോക്കിയ 8.1 പ്ലസ് എന്നായിരിക്കുമെന്നു കരുതുന്നു. നോക്കിയ ഇറക്കുന്ന 48 എംപി പിന്‍ ക്യാമറയുള്ള ആദ്യ മോഡലും ഇതായിരിക്കും. ഇതേ ചടങ്ങില്‍ തന്നെ അഞ്ചു ക്യാമറകളുള്ള നോക്കിയ 9 പ്യൂവര്‍വ്യൂ പുറത്തിറക്കും.

48 എംപി ക്യാമറ ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്ന ഫോണുകളുടെ കൂടെ എത്തുക എന്നതായിരിക്കും ഈ നോക്കിയ ഫോണിന്റെ ശ്രമവും. ഈ ഫോണുകളെല്ലാം തന്നെ സോണിയുടെ IMX586 സെന്‍സറാണു പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഓണര്‍ വ്യൂ 20, റെഡ്മി നോട്ട് 7 പ്രോ തുടങ്ങിയ മോഡലുകള്‍ ഈ ക്യാമറ മൊഡ്യൂളിന്റെ പ്രകടനത്തെക്കുറിച്ച് ഏകദേശ ധാരണ തന്നു കഴിഞ്ഞു. എന്നാല്‍ ക്യാമറയുടെ പ്രകടനത്തില്‍ നോക്കിയയുടെ 8.1 പ്ലസ് മോഡല്‍ ഇവയില്‍ നിന്നു വേറിട്ടു നില്‍ക്കാനായി രണ്ടു പ്രധാന മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഒന്നാമതായി പിന്നിലുള്ള ഇരട്ട ക്യാമറകള്‍ക്കു രണ്ടിനും ലെന്‍സ് സൈസ് (Zeiss) കമ്പനിയുടെ ബ്രാന്‍ഡിങ് ഉള്ളതായിരിക്കും. രണ്ടാമതായി ഇരട്ട ക്യാമറയില്‍ രണ്ടാമത്തേത് അള്‍ട്രാ വൈഡ് ആംഗിള്‍ ആയിരിക്കും 120 ഡിഗ്രിയായിരിക്കും വീക്ഷണകോണ്‍.

സ്‌ക്രീനില്‍ മുകളില്‍ ഇടതുവശത്ത്, തുളയിട്ട് സെല്‍ഫി ക്യാമറ പിടിപ്പിച്ചിരിക്കുന്നതിനാല്‍, ഡിസ്‌പ്ലെ വളരെ നേര്‍ത്ത ബെസലോടു കൂടിയതും മനോഹരവുമായിരിക്കുമെന്നു കരുതുന്നു. മോഡേണ്‍ ലുക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ഫോണ്‍ താത്പര്യജനകമായിരിക്കും. സ്‌ക്രീനിന്റെ പ്രതീക്ഷിക്കുന്ന വലുപ്പം 6.22-ഇഞ്ച് ആയിരിക്കുമെന്നു കരുതുന്നു.

ഫോണിന്റെ മറ്റു കാര്യങ്ങളെല്ലാം അടുത്തിടെ ഇറങ്ങിയ നോക്കിയ ഫോണുകളില്‍ നിന്ന് വിഭിന്നമായിരിക്കില്ല. 8.1 പ്ലസിന്റെ പിന്‍പ്രതലവും ഗ്ലാസ് നിര്‍മിതമാണ്. ഇതിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിടിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റിനായി ഒരു ബട്ടണ്‍ തന്നെ ഉണ്ട്. എല്‍ഇഡി നോട്ടിഫിക്കേഷന്‍ പവര്‍ ബട്ടണും പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് വണ്‍ ശക്തി പകരുന്ന ഫോണ്‍ ആകയാല്‍ ആന്‍ഡ്രോയിഡ് 9 ഓപ്പറേറ്റിങ് സിസ്റ്റവുമായാണ് എത്തുക. പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 7.1 ആയിരിക്കുമെന്നും അനുമാനിക്കുന്നു.

വിവാദം

നോക്കിയയുടെ സ്മാര്‍ട് ഫോണുകള്‍ രഹസ്യമായി ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനയിലേക്ക് അയച്ചിരുന്നുവെന്ന വാര്‍ത്ത കമ്പനിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഫിന്‍ലന്‍ഡിന്റെ ഡേറ്റ സംരക്ഷണ ഒംബുഡ്‌സ്മാന്‍ ഈ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. നോക്കിയയുടെ ഉടമയായ എച്എംഡി ഗ്ലോബല്‍ ഒരു ഫിന്‍ലന്‍ഡ് കമ്പനിയാണ്. നോക്കിയ 7 പ്ലസ് മോഡലുകളാണ് ചൈനീസ് സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ അയയ്ക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍ ഈ സെര്‍വറുകളുടെ ഉടമ ആരാണെന്നു പറയാന്‍ നോക്കിയ വൈമുഖ്യം കാണിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. അയച്ചുവെന്നു പറയുന്ന ഡേറ്റ ആരും ഡീകോഡു ചെയ്തിട്ടില്ലെന്ന് കമ്പനി പറഞ്ഞു. എന്തായാലും കമ്പനി ഈ ചോർച്ച ഉടനടി പരിഹരിക്കുകയും ചെയ്തു.

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ താമസിച്ചിറങ്ങിയെങ്കിലും മികച്ച മുന്നേറ്റം കാഴ്ചവച്ചു വരികയായിരുന്ന നോക്കിയയ്ക്ക് പുതിയ വിവാദം ചീത്തപ്പേരു സമ്പാദിച്ചു നല്‍കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. മൈക്രോസോഫ്റ്റില്‍ നിന്നാണ് നോക്കിയ എന്ന ബ്രാന്‍ഡ് നെയിം എച്എംഡി ഗ്ലോബല്‍ സ്വന്തമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA