ADVERTISEMENT

ഇതാണ് ഗ്രൗണ്ട്: ഇന്ത്യയിൽ ഇന്റർനെറ്റ് വിപ്ലവം തന്നെ. ലോകത്ത് മൊബൈൽ ഇന്റർനെറ്റ് (ഡേറ്റ) ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ പേരിലെത്തുന്നത് നമ്മുടെ രാജ്യത്താണ്. രാജ്യത്തെ ജനസംഖ്യയ്ക്കൊപ്പം മൊബൈൽ കണക്‌ഷനുകളുമുണ്ട്. എന്നാൽ, ഇതിനർഥം രാജ്യത്തെ മുഴുവൻ പേരും മൊബൈൽ ഇന്റർനെറ്റ് ആസ്വദിക്കുന്നു എന്നല്ല. 97 കോടിയിലേറെ ആളുകൾ സ്മാർട്ഫോൺ ഉപയോഗിച്ചിട്ടില്ലാത്തവരാണ്. 18 കോടിയിലേറെ ഫീച്ചർ ഫോണുകളാണു കഴിഞ്ഞ വർഷം വിറ്റഴിഞ്ഞത്. ചില ഫീച്ചർ ഫോണുകളിൽ പരിമിത ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിലും അതു വെറുമൊരു കോംപ്രമൈസ് മാത്രം. റിലയൻസ് ജിയോ മൊബൈൽ ഡേറ്റയിൽ കൊണ്ടുവന്ന മാറ്റം സ്മാർട്ഫോൺ രംഗത്ത് ആരെങ്കിലും കൊണ്ടുവന്നാലേ രാജ്യത്തെ സാധാരണക്കാർക്കു മുന്നിൽ ഇന്റർനെറ്റിന്റെ വാതിലുകൾ പൂർണമായും തുറക്കപ്പെടൂ.

 

ഇതാണു കളി:

സ്മാർട്ഫോൺ വിപണിയിൽ, കുറഞ്ഞ വിലയ്ക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി നമ്മളെ ഞെട്ടിച്ച്, കച്ചവടത്തിൽ ഒന്നാം സ്ഥാനം നേടിയ ചൈനീസ് കമ്പനി ഷഓമി ഇക്കാര്യത്തിലൊരു ‘ജിയോ സ്റ്റൈൽ’ കളി തുടങ്ങിയിരിക്കുന്നു. ഒരു സ്മാർട്ജെൻ ആളിനും എഴുതിത്തള്ളാനാകാത്തൊരു സ്മാർട്ഫോൺ 4499 രൂപയ്ക്ക് അവതരിപ്പിച്ചുകൊണ്ട്. വില 5000 രൂപ എന്ന വൻ മതിൽ കടക്കാൻ സാധിക്കാത്ത ലക്ഷക്കണക്കിനാളുകളാണ് ‘റെഡ്മി ഗോ’ എന്ന ഫോണിന്റെ ലക്ഷ്യം.

 

ഡിസൈൻ:

സ്മാർട്ഫോണുകളെല്ലാം നോച്ച് ഡിസൈനും നേർത്ത വക്കുകളും വഴി സ്ക്രീനുകൾ പരമാവധി വലുതാക്കുന്ന തിടുക്കത്തിലായിരിക്കുമ്പോൾ റെഡ്മി ഗോ എത്തുന്നത് നോച്ച് ഇല്ലാത്ത, സ്ട്രോങ് വക്കുകളുള്ള 5 ഇഞ്ച് സ്ക്രീനുമായാണ്. 137 ഗ്രാം ഭാരമുള്ള ഫോൺ കയ്യിൽ പുഷ്പം പോലെ ഇരിക്കുമെന്നത് വളരെ സൗകര്യപ്രദം. പോക്കറ്റിലിടാനും എത്ര സൗകര്യം. ബ്രഷ്ഡ് മെറ്റാലിക് ഫിനിഷുള്ള പോളികാർബണേറ്റ് ബോഡിയും ഗോറില്ല ‌ഗ്ലാസുമാണ്.

1280 x 720 റസല്യൂഷനുള്ള ഹൈ ഡെഫിനിഷൻ സ്ക്രീൻ തെളിമയാർന്ന കാഴ്ച ഉറപ്പാക്കുന്നു. ഇൻഡോറിലും ഔട്ഡോറിലും ആവശ്യമുള്ളത്ര ബ്രൈറ്റ്നെസ്. 

2.5 മില്ലിമീറ്റർ ഹെഡ്ഫോൺ ജാക്, രണ്ടു സിം സ്ലോട്ട്, അതിനുപുറമെ മൈക്രോ എസ്ഡി സ്ലോട്ട് എന്നിവയുണ്ട്.

 

ക്യാമറ: 

പിന്നിൽ 8 മെഗാപിക്സൽ ക്യാമറയാണ്; എൽഇഡി ഫ്ലാഷ് സഹിതം. ഓട്ടോഫോക്കസുമുണ്ട്. 5 എംപി സെൽഫി ക്യാമറയും. വെളിച്ചത്തിൽ വളരെ മികവാർന്ന പ്രകടമാണു ക്യാമറകളുടേത്. സാഹചര്യം മനസ്സിലാക്കി പെരുമാറാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ക്യാമറയ്ക്കുണ്ട്. 

ഫുൾ ഹെഡെഫിനിഷൻ വിഡിയോയും ചിത്രീകരിക്കാം. മൈക്കും സ്പീക്കറും നല്ല നിലവാരം പുലർത്തുന്നു.

 

ബ്രെയിൻ:

ആൻഡ്രോയ്ഡ് ഗോ (ഓറിയോ) എന്ന സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഫോണാണ് റെഡ്മി ഗോ. എൻട്രി–ലെവൽ സ്മാർട്ഫോണുകൾക്കായി, ‘കട്ടി കുറ‍ച്ച’ ആൻഡ്രോയ്ഡാണു ഗോ. താരതമ്യേന കുറഞ്ഞ ഹാർഡ്‌വെയർ സ്പെസിഫിക്കേഷൻ ഉപയോഗിച്ച് മികച്ച അനുഭവം പകരാൻ ഓപ്പറേറ്റിങ് സിസ്റ്റം, പ്ലേ സ്റ്റോർ, ആപ്പുകൾ എന്നിവയൊക്കെ പാകപ്പെടുത്തിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 425 ക്വാഡ് കോർ 1.4 ജിഗാഹെട്സ് പ്രോസസർ 4ജിയുടെ വേഗവും സൗകര്യങ്ങളും അനുഭവിക്കാൻ അവസരമൊരുക്കുന്നു. ആപ്പുകൾ ഒട്ടും പതറാതെ പ്രവർത്തിക്കും. 1ജിബി റാം, 8ജിബി സ്റ്റോറേജ് ആണുള്ളത്. എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെയാക്കാം. ബാറ്ററി: 3000 എംഎഎച്ച് ബാറ്ററി വളരെ ഡീസന്റ് പ്രകടനം കാഴ്ചവയ്ക്കുന്നു. പവർ ബാങ്കില്ലാതെ യാത്രചെയ്യാം! 

 

ഇന്റർനെറ്റ്:

സാധാരണ ആൻഡ്രോയ്ഡ് ഫോണുകളിൻനിന്നു വ്യത്യസ്തമായി മിന്റ് ലോഞ്ചർ വഴിയാണ് ആപ്പുകൾ അനായാസം തുറക്കുക. ‘കസ്റ്റമൈസേഷൻ’ ഓപ്ഷനുകൾ ധാരാളം. യൂട്യൂബും ഫെയ്സ്ബുക്കും അടക്കമുള്ള ‘നിത്യോപയോഗ’ആപ്പുകൾക്കൊക്കെ ‘ലൈറ്റ്’ പതിപ്പുകളുണ്ട്. ഡേറ്റ പരമാവധി കുറച്ച് പ്രവർത്തിക്കാനുള്ള ബുദ്ധി, പക്ഷേ ഉപയോഗത്തിന് തടസ്സമൊന്നുമുണ്ടാക്കുന്നില്ല. പബ്ജി പോലുള്ള ഹെവി ഗെയിമുകൾ നടക്കില്ലെന്നേയുള്ളൂ.

 

തുടക്കക്കാർക്കുമാത്രമോ:

സ്മാർട്ഫോണിന്റെ പടി ചവിട്ടാൻ തുടങ്ങുവരെയാണ് റെഡ്മി ഗോ മുഖ്യമായും ലക്ഷ്യമിടുന്നതെങ്കിലും, ഇപ്പോൾ ഉയർന്ന ശേഷിയുള്ള ഫോണുള്ളവർക്ക് അഡീഷനൽ ഫോണായി ഉപയോഗിക്കാനും ഇത് അനുയോജ്യം. ഫുൾടൈം ഗെയിമിങ്ങും ഹെവി ഡൗൺലോഡുകളുമില്ലാത്ത രക്ഷിതാക്കൾക്കും മറ്റും സമ്മാനമായി നൽകാനുള്ള മികച്ച ഓപ്ഷനുമാണിത്. ഫ്ലിപ്കാർട്ടിലും മി.കോമിലും മി സ്റ്റോറുകൾ വഴിയും വിൽപനയ്ക്കെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com