ADVERTISEMENT

പുതിയ ടെക്‌നോളജികൾ ഉൾപ്പെടുത്തിയ സ്മാര്‍ട് ഫോണുകള്‍ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുകയാണ്. ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ക്യാമറ ഫോണായ വാവെയ് പി30 പ്രോ അടക്കം ഏതാനും ഹൈ-എന്‍ഡ് ഫോണുകള്‍ ഈ മാസം ഇന്ത്യയിലെത്തുന്നുണ്ട്. പ്രതീക്ഷിക്കുന്ന മോഡലുകള്‍.

 

വാവെയ് പി30 പ്രോ

p30-2-JPG

 

സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചാണ് വാവെയ് പി30 പ്രോ എത്തിയിരിക്കുന്നത്. പാരീസില്‍ അവതരിപ്പിച്ച ഈ ഫോണ്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ആയിരിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയിലെ വില ഏപ്രില്‍ 9ന് വെളിപ്പെടുത്തുമെന്നും കമ്പനി പറയുന്നു. എന്നാല്‍, പി30 പ്രോ മോഡലിനൊപ്പം അവതരിപ്പിച്ച പി 30 ഫോണ്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തില്ലെന്നും കരുതുന്നു. ആപ്പിളിനും സാംസങ്ങിനും ആപ്പുറം ക്യാമറ ടെക്‌നോളജിയെ കൊണ്ടുചെന്ന ഫോണാണിത്. നാളിതുവരെ ഇറങ്ങിയ സ്മാര്‍ട് ഫോണുകളില്‍ ക്യാമറ ടെക്‌നോളജിയില്‍ പി30 പ്രോയ്‌ക്കൊപ്പം വരുന്ന ഒന്നുമില്ലെന്ന് വിലയിരുത്തുന്നവർ ആണയിടുന്നു. ലെന്‍സ് നിര്‍മാണ മികവും കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ മുന്നേറ്റങ്ങളെയും ബുദ്ധിപൂര്‍വ്വം സമ്മേളിപ്പിച്ച ഈ മോഡല്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി ഗൗരവമായി എടുക്കുന്നവര്‍ക്ക് പ്രിയങ്കരമാകുമെന്നാണു പ്രതീക്ഷ. കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

galaxy-a90

 

സാംസങ് ഗ്യാലക്‌സി എ90

realme-3-cover

 

ഗ്യാലക്‌സി എ സീരിസിലും എം സീരിസിലും ഇപ്പോള്‍ സാംസങ് തുടരെ തുടരെ ഫോണുകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. ഇതാകട്ടെ, ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പന തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടെയാണെന്നാണ് പറയപ്പെടുന്നത്. ഷവോമിയെ പോലെ തന്നെ വില കുറഞ്ഞ മോഡലുകള്‍ കൂടുതല്‍ ഫീച്ചറുകളുമായി എത്തിക്കുക എന്ന ദൗത്യമാണ് കമ്പനി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എ സീരിസിലെ ഏറ്റവും മുന്തിയ ഫോണായ എ90 ഈ മാസം തന്നെ അവതരിപ്പിക്കുമെന്നും അത് ഇന്ത്യയില്‍ ഏപ്രിലില്‍ തന്നെ വില്‍പന തുടങ്ങുമെന്നും കരുതുന്നു. ധാരാളം ഫീച്ചറുകള്‍ ഉണ്ടെങ്കിലും ഫ്ളാഗ്ഷിപ് ഫോണുകളുടെ വില ഉണ്ടാവില്ല എന്നാണ് അനുമാനം.

 

റിയല്‍മി 3 പ്രോ

 

റിയല്‍മി 2 പ്രോയുടെ പിന്‍ഗാമിയെ തങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നു കമ്പനി പറഞ്ഞിട്ടുണ്ട്. ഫോണിനെ പറ്റി അധികം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഇതിന്റെ പ്രോസസര്‍ എന്നാണ് അറിയുന്നത്.

 

അഞ്ചു ക്യാമറകളുള്ള നോക്കിയ 9 പ്യുവര്‍വ്യൂ

 

എച്എംഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ 9 പ്യുവര്‍വ്യൂ എല്ലാ രാജ്യങ്ങളിലും വില്‍പനയ്‌ക്ക് എത്തില്ലെന്നാണ് പറയുന്നത്. എന്നാല്‍, നോക്കിയ എന്ന പേരിനോട് പ്രേമത്തിലായ ഇന്ത്യക്കാരെ നിരാശരാക്കാന്‍ കമ്പനി തയാറല്ല. പ്യുവര്‍വ്യൂ നാമവുമായി പുനര്‍ജനിക്കുന്ന ആദ്യ ആന്‍ഡ്രോയിഡ് മോഡലായ ഇതിന് അഞ്ചു പിന്‍ ക്യാമറകളുടെ അകമ്പടിയുണ്ട്. ഫൊട്ടോഗ്രാഫിയില്‍ വാവെയ് പി30 പ്രോയെ പോലെ ഒരു ഓള്‍റൗണ്ടര്‍ ആയിരിക്കില്ലെങ്കിലും ഏറ്റവും മികച്ച ഫയലുകള്‍ ലഭ്യമാകാന്‍ സാധ്യതയുള്ള മോഡലുകളിലൊന്നാണിത്. ക്യമറകള്‍ അഞ്ചെണ്ണം ഉണ്ടെങ്കിലും അവയില്‍ ഒന്നു പോലും ടെലി ലെന്‍സോ, അള്‍ട്രാ വൈഡോ അല്ല എന്നതാണ് പ്രധാന വാര്‍ത്ത.

 

പിന്നില്‍ വര്‍ത്തുളാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന അഞ്ചു ലെന്‍സുകളും സൈസ് (Zeiss) നിര്‍മിച്ചതാണ്. ഇവയെല്ലാം 28 എംഎം, f/1.8 അപേര്‍ച്ചര്‍ ഉള്ളവയാണ്. ഇവയില്‍ മൂന്നെണ്ണം മോണോക്രോം ആണ്. രണ്ടെണ്ണം ആര്‍ജിബിയും. ആറാമതു കാണുന്ന ലെന്‍സ് ഡെപ്ത് വിവരം പിടിച്ചെടുക്കാനുള്ളതാണ്. 

 

കഴിഞ്ഞ വര്‍ഷത്തെ പ്രൊസറായ സ്‌നാപ്ഡ്രാഗണ്‍ 845 ആണ്. ഇതിനൊപ്പം ഫോട്ടോ പ്രൊസെസുചെയ്യുന്നതിനു മാത്രമായി ഒരു ചിപ്പും ഉണ്ട്.  6ജിബി റാമും 128 ജിബി സംഭരണ ശേഷിയുമാണ് ഫോണിനുള്ളത്. 699 ഡോളര്‍ വിലയിട്ടിരിക്കുന്ന ഫോണ്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി ഫൊട്ടോഗ്രാഫി പ്രേമികള്‍ ഉണ്ടായിരിക്കും.

 

ഗൂഗിളും ആപ്പിളും അടക്കമുളള കമ്പനികള്‍ കൂടതലും സോഫ്റ്റ്‌വെയറിനെ ആശ്രയിക്കുന്നതായി കാണാം. എന്നാല്‍, നോക്കിയ സോഫ്റ്റ്‌വെയറിനൊപ്പം ഹാര്‍ഡ് വെയറിനും പ്രാധാന്യം നല്‍കുന്നു. ഇമേജ് ക്വാളിറ്റിയില്‍ നോക്കിയ 9 പ്യുവര്‍വ്യൂ ഒരു വഴിത്തിരിവായാല്‍ സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണം പുതിയ ഘട്ടത്തിലേക്കു കടന്നേക്കും. ടെലി ലെന്‍സോ അള്‍ട്രാ വൈഡ് ലെന്‍സോ വേണമെന്നുള്ളവര്‍ക്ക് ഈ ഫോണ്‍ കൊള്ളില്ല. എന്നാല്‍ ഫോട്ടോയുടെ ക്വാളിറ്റി പരമാവധി വേണമെന്നുള്ളവര്‍ക്ക് ഇതു പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com