ADVERTISEMENT

നിലവിലെ ഫോണ്‍ നിര്‍മാണ കമ്പനികളെല്ലാം ആപ്പിളിനു പഠിക്കുന്നവരാണെന്നു ചിന്തിച്ചെങ്കില്‍ തെറ്റി. ചൈനയിലെ പേരുകേട്ട കമ്പനികളെല്ലാം സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ 10 ഡോളര്‍ ഫോണില്‍ ശ്രദ്ധയൂന്നുന്ന കമ്പനിയെന്ന നിലയിലാണ് ട്രാന്‍സിയണ്‍ (Transsion) ശ്രദ്ധപിടിച്ചുപറ്റുന്നത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും വളരുന്ന രാജ്യങ്ങളിലെ പാവപ്പെട്ടവരെ ലക്ഷ്യമാക്കി കീപാഡും മറ്റുമുള്ള, വില കുറഞ്ഞ ഫോണുകള്‍ എത്തിക്കാനാണ് അവരുടെ തീവ്രശ്രമം. ഇതാകട്ടെ, വന്‍ വിജയമാണു താനും. 2006ല്‍ തുടങ്ങിയ ഈ കമ്പനിയാണ് ഇന്ന് ആഫ്രിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ഫോണുകള്‍ എത്തിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. 

 

ടെക്‌നോ (Tecno), ഇന്‍ഫിനിക്‌സ് (Infinix), ഇറ്റെല്‍ (Itel) എന്നീ പേരുകളില്‍ ഫോണുകള്‍ ഇറക്കുന്ന കമ്പനി ഇപ്പോള്‍ സ്മാര്‍ട് ഫോണുകളും ഇറക്കി തുടങ്ങി. പക്ഷേ, പ്രധാന ശ്രദ്ധ ഇപ്പോഴും ബേസിക് ഫോണുകളില്‍ തന്നെയാണ്. വികസിത വിപണികളെ ശ്രദ്ധിക്കാതെ, ചെറിയ രാജ്യങ്ങളെയും വിപണികളേയും കേന്ദ്രീകരിച്ചു ഫോണ്‍ നിര്‍മിച്ച അവര്‍ വേറിട്ട തരം വിജയം നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഈ കമ്പനി 124 ദശലക്ഷം ഫോണുകളാണ് 70 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന തങ്ങളുടെ നെറ്റ്‌വര്‍ക്കുകളിലൂടെ വിറ്റഴിച്ചത്.

 

ട്രാന്‍സിയണ്‍ കൊണ്ടുവന്ന ഏതെങ്കിലും ഫീച്ചര്‍ നിങ്ങളുടെ ഫോണിലുണ്ടോ?

 

ലോകത്ത് ആദ്യമായി ഇരട്ട സിമുള്ള മൊബൈല്‍ ഫോണ്‍ ഇറക്കിയതിന്റെ ഖ്യാതി അവരുടെ പേരിലാണെന്നു വാദിക്കപ്പെടുന്നു. വിലക്കുറവില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കാനായി കിണഞ്ഞു ശ്രമിച്ചതിന്റെ ഫലമായിരുന്നു ഇത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും പല സിം കാര്‍ഡുകള്‍ ഉപയോഗിച്ചാലെ കാര്യം നടക്കൂവെന്നു മനസ്സിലാക്കിയാണ് ഇവര്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഐഫോണില്‍ പോലും അതു വന്നിരിക്കുന്നു.

 

ഇന്ത്യക്കാര്‍ക്കായി പ്രത്യേക ഫിംഗര്‍പ്രിന്റ് സെന്‍സര്‍

 

പ്രാദേശിക വിപണികളിലെ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പഠിച്ചിട്ടാണ് അവര്‍ ഫോണുകള്‍ ഇറക്കുന്നത് എന്നതിനാല്‍ അവരുടെ ബ്രാന്‍ഡിനെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഉപയോക്താക്കൾ കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെന്നും എണ്ണമയമുള്ള കൈവരലുകള്‍ കൊണ്ട് തൊട്ടാല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ക്ക് പ്രവര്‍ത്തനം എളുപ്പമല്ലെന്നും മനസ്സിലായതിനാല്‍ അവര്‍ എണ്ണ പ്രതിരോധ ശേഷിയുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറുകളുള്ള സ്മാര്‍ട് ഫോണുകള്‍ ഇറക്കി. ഇങ്ങനെ ഓരോ വിപണിയെയും വിശദമായി പഠിച്ച ശേഷമാണ് ഫോണുകള്‍ക്ക് പ്രത്യേകം ഫീച്ചറുകള്‍ നല്‍കുന്നത്.

 

transsion-holdings

ഫോണ്‍ വിപണി 

 

അടുത്തകാലത്തു നടത്തിയ കണക്കെടുപ്പില്‍ കാണുന്നത് 2018ല്‍ ലോകവ്യാപകമായി സ്മാര്‍ട് ഫോണ്‍ വിപണി 4.1 ശതമാനം ഇടിഞ്ഞുവെന്നാണ്. എന്നാല്‍ ആഫ്രിക്കയില്‍ 2.3 ശതമാനം വളര്‍ച്ചാണ് കാണിച്ചത്. ഇവിടെ ട്രാന്‍സിഷന്റെ ഹാന്‍ഡ്‌സെറ്റുകളായ ടെക്‌നോ, ഇന്‍ഫിനിക്‌സ്, ഇറ്റെല്‍ ഇവ ആഫ്രിക്കന്‍ ഫീച്ചര്‍ ഫോണ്‍ വിപണിയുടെ 58.7 ശതമാനവും കൈയ്യടക്കിയിരിക്കുകയാണ്. സ്മാര്‍ട് ഫോണ്‍ വിപണിയുടെ 34.3 ശതമാനവും അവരുടെ കൈയ്യിലാണ്. രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന് 22.6 ശതമാനവും വാവെയ് കമ്പനിക്ക് 9.9 ശതമാനവുമാണ് ഉള്ളത്.

 

ശ്രദ്ധ വിലയില്‍

 

തങ്ങളുടെ ഫീച്ചര്‍ ഫോണുകളുടെ ശരാശരി വില 65.95 യുവാന്‍ (ഏകദേശം 10 ഡോളര്‍) അയിരിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയാണ് ട്രാന്‍സിയണ്‍ നിര്‍മാണം നടത്തുന്നത്. സ്മാര്‍ട് ഫോണുകളുടെ വില 454.38 യുവാന്‍ ആയിരിക്കണമെന്നാണ് അവരുടെ തീരുമാനം. ഇതാകട്ടെ ആപ്പിളിന്റെ ഐഫോണ്‍ എക്‌സ്എസ് മാക്‌സിന്റെ വിലയുടെ 5 ശതമാനം മാത്രവും. (ചൈനയിലെ വില.) ബേസിക് ഫോണുകളുടെ വിലയിലെ കുറവ് അവരുടെ ബിസിനസ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിലേക്കും കാര്യമായി ശ്രദ്ധതിരിച്ചിരിക്കുകയാണ്. വാവെയ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളുമായി ഒന്നു മത്സരിക്കാനായി സ്വന്തം ഗവേഷണ കേന്ദ്രവും തുറന്നു. ഷാന്‍ഹായിലും ഷെന്‍സെണിലുമുള്ള ഗവേഷണശാലകള്‍ മറ്റു രാജ്യങ്ങളിലുള്ള തങ്ങളുടെ ടീമുകളും ഒത്തൊരുമിച്ച് പ്രാദേശിക താത്പര്യങ്ങള്‍ തിരുകി കയറ്റി വിപണികള്‍ക്ക് അനുയോജ്യമായ ഫോണുകള്‍ നിര്‍മിക്കുന്നു. ചൈനിയില്‍ നിന്നു വരുന്ന ഫോണുകളെല്ലാം നിലവാരമില്ലാത്തവയാണ് എന്ന തോന്നല്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നു പറയുന്നു.

 

ഇടിയുന്ന സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ മറ്റു ചൈനീസ് ബ്രാന്‍ഡുകള്‍ സബ് ബ്രാന്‍ഡുകളില്‍ ഫോണിറക്കുന്നു. വാവെയുടെ സബ് ബ്രാന്‍ഡ് ആയ ഓണറിന്റെ വമ്പന്‍ വിജയം ഇതു കാണിക്കുന്നു. എന്നാല്‍, ട്രാന്‍സിയണ്‍ പ്രാദേശിക ഫീച്ചറുകള്‍ തിരുകികയറ്റി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നു. വിലക്കുറവില്‍ ശ്രദ്ധിക്കുക എന്ന പ്രഖ്യാപിത മുദ്രാവാക്യത്തില്‍ മാറ്റം വരുത്താന്‍ കമ്പനി അടുത്ത കാലത്ത് തയാറായേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉപയോക്താക്കള്‍ ഫോണുകളുടെ വിലയ്ക്കു പ്രഥമ പരിഗണന നല്‍കുന്ന വിപണികളെ തന്നെയാകും അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തങ്ങളുടെ ആദ്യ ഐപിഒ ഇറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

 

ചൈനീസ് പ്രസിഡന്റിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് ആശയം ഏറ്റു പിടിച്ചാണ് ട്രാന്‍സിണ്‍ തങ്ങളുടെ വിജയ പാത കണ്ടെത്തിയത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ആശയത്തിലൂടെ ചൈനയെയും 65 ഓളം ലോക രാഷ്ട്രങ്ങളെയും തമ്മില്‍ കച്ചവടത്തിലൂടെ ബന്ധിപ്പിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ രാജ്യങ്ങളിലാണ് ആഗോള ജിഡിപിയുടെ 30 ശതമാനം. കൂടാതെ ലോക ജനസംഖ്യയുടെ 62 ശതമാനവും ബെല്‍റ്റ് ആന്‍ഡ് റോഡ് പ്രദേശത്തു വസിക്കുന്നു എന്നാണ് ലോക ബാങ്ക് പറയുന്നത്. ട്രാന്‍സിയണ്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ആശയത്തിലൂന്നിയും, ചൈന-ആഫ്രിക്ക ബന്ധങ്ങളിലൂന്നിയും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കയില്‍ ഇതിനോടകം ട്രാന്‍സിയണ്‍ ആഴത്തില്‍ വേരാഴ്ത്തിക്കഴിഞ്ഞു.

 

ഫോണ്‍ ചാര്‍ജു ചെയ്യാന്‍ 50 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവരുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ?

 

2006ല്‍ ജോര്‍ജ് സൂ ഷാവോജിയാങ് ആണ് ട്രാന്‍സിയണ്‍ കമ്പനി തുടങ്ങിയത്. നേരത്തെ പറഞ്ഞതു പോലെ ഇരട്ട സിം ഫീച്ചര്‍ കൊണ്ടുവന്നതാണ് കമ്പനിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ആഫ്രിക്കയില്‍ വിവിധ സേവനദാതാക്കളുടെ സിമ്മുകള്‍ മാറി മാറി ഉപയോഗിച്ചാല്‍ മാത്രമെ എന്തെങ്കിലും നടക്കൂവെന്നു മനസ്സിലായതില്‍ നിന്നാണ് ഈ ആശയം വരുന്നത്. ഒരു മാസം വരെ നില്‍ക്കുന്ന ബാറ്ററിയുള്ള ഫോണുകളും അവര്‍ വില്‍ക്കുന്നു. ആഫ്രിക്കയില്‍ ചിലര്‍ വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ വരെ യാത്ര ചെയ്തു വന്നാണ് ഫോണ്‍ ചാര്‍ജു ചെയ്യുന്നത്. ഇതിനാലാണ് കൂടുതല്‍ നേരം കിട്ടുന്ന ബാറ്ററിയുള്ള ഫോണുകള്‍ നിർമിക്കാനുള്ള പ്രധാന കാരണം. ട്രാന്‍സിയണില്‍ 14,000 ത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. ചൈനയിലും, ഇന്ത്യയിലും ബംഗ്ലാദേശിലും അവര്‍ക്ക് ഫാക്ടറികളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com