ADVERTISEMENT

വർഷങ്ങൾക്കു മുൻപ് പൂട്ടിയ നോക്കിയയുടെ പഴയ ചൈന്നെ പ്ലാന്റിൽ ആപ്പിളിന്റെ പത്താം വാർഷിക ഫോൺ ഐഫോൺ X നിർമിക്കും. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഐഫോൺ X ന്റെ ആദ്യ ഹാൻഡ്സെറ്റ് ജൂലൈയിൽ തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. 

 

തായ്‌വാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫോക്സ്കോൺ കമ്പനിയാണ് ആപ്പിളിനു വേണ്ടി ഐഫോൺ X നിർമിക്കുക. ചെന്നൈയിൽ 160 ഏക്കർ വ്യാപിച്ചു കിടക്കുന്ന പ്ലാന്റിലാണ് ഐഫോൺ X നിര്‍മിക്കുക. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ കേന്ദ്രത്തിൽ അടുത്ത സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമായിരിക്കും പുറത്തുവിടുക. ചൈന ഉൾപ്പടെയുളള രാജ്യങ്ങളിൽ ആപ്പിളിനു വേണ്ടി ഐഫോണുകൾ നിർമിച്ചു നൽകുന്ന കമ്പനിയാണ് ഫോക്സ്കോൺ. 2014 ൽ നിർത്തലാക്കിയ നോക്കിയ പ്ലാന്റ് ഫോക്സ്കോൺ നേരത്തെ വാങ്ങിയിരുന്നു.

 

അതേസമയം, ആപ്പിളിന്റെ ഐഫോൺ 7 ഇന്ത്യയിൽ നിർമിച്ചു വിതരണം ചെയ്യുമെന്ന് അറിയിച്ചതും ദിവസങ്ങൾക്ക് മുൻപാണ്. ഐഫോൺ എസ്ഇ, ഐഫോൺ 6 എന്നിവ കൂടാതെ ഐഫോൺ 7 നും നിർമാണം തുടങ്ങിയിട്ടുണ്ട്. ചൈനയിൽ വൻ പ്രതിസന്ധിയിലായ ഐഫോൺ വിപണി ഇന്ത്യയിലൂടെ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആപ്പിളിന്റെ പുതിയ നീക്കമെന്നാണ് വിദഗ്ധർ പറയുന്നത്.

 

ഐഫോൺ 7 ന്റെ നിർമാണം തുടങ്ങിയതായി ആപ്പിൾ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ഐഫോൺ Xന്റെ കാര്യം വെളിപ്പെടുത്തിയിട്ടില്ല. ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റുകൾ മെയ്ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ വരുന്നതോടെ ചെലവ് കുറയുമെന്നാണ് കരുതുന്നത്. നിലവിൽ ഐഫോണുകൾ വിദേശത്തു നിന്നു ഇറക്കുമതി ചെയ്യാൻ വലിയ നികുതി നൽകേണ്ടതുണ്ട്. ഇന്ത്യയിൽ നിർമിക്കുമ്പോൾ ഇതൊഴിവാക്കാം. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഐഫോൺ 7, ഐഫോൺ X വാങ്ങാനും സാധിക്കും.

 

ബെംഗളുരുവിലെ പ്ലാന്റിലാണ് ഐഫോൺ 7 നിർമിക്കുന്നത്. ആപ്പിളിന്റെ തായ്‌വാനിലെ നിർമാണ കമ്പനി വിസ്റ്റോൺ ആണ് ഇവിടത്തെ പ്ലാന്റിൽ ഐഫോണുകൾ നിർമിക്കുന്നത്. ഇന്ത്യയിലെ നിർമാണ യൂണിറ്റ് വികസിപ്പിക്കുന്നതിനായി ആപ്പിളിന്റെ 5000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com