ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച ഫോണ്‍ നിര്‍മാതാക്കളായ സാംസങ് രണ്ടു പുതിയ സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചു, ഗ്യാലക്‌സി എ80, എ70‍. എ80 വിലയും ഫീച്ചറുകളും കൂടിയ ഫോണാണെങ്കില്‍ എ70ക്ക് അതിനു താഴെയാണു സ്ഥാനം.

 

galaxy-a80_2

ക്യാമറ, ഡിസ്‌പ്ലെ എന്നിവയിലാണ് ഫോണ്‍ നിര്‍മാണത്തില്‍ ഏറ്റവുമധികം മാറ്റം ഇന്നു വന്നു കാണുന്നത്. എ80 മോഡലില്‍ ഇതു രണ്ടിനും പ്രാധാന്യമുണ്ട് എന്നതാണ് ഫോണ്‍ പ്രേമികളെ ജിജ്ഞാസുക്കളാക്കുന്നത്. ഡിസ്‌പ്ലെയുമായി ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ ബന്ധിപ്പിച്ചിട്ടുമുണ്ട്. ആദ്യ പോപ്-അപ് ക്യാമറയുള്ള സാംസങ് മോഡലാണിത്. ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് ഉള്ള ഈ സിസ്റ്റം തിരിക്കാം (rotate). മികച്ച ക്യാമറ സംവിധാനം തന്നെ ഫോട്ടോ എടുക്കാനും സെല്‍ഫി എടുക്കാനും ഉപയോഗിക്കാമെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. മിക്ക ഫോണ്‍ നിര്‍മാതാക്കളും സെല്‍ഫിക്കു നൽകുന്നത് കുറഞ്ഞ സെന്‍സറും ഫീച്ചറുകളുമാണ്.

 

ക്യാമറ ഫീച്ചറുകള്‍

galaxy-a80_1-JPG

 

48 എംപി + 8എംപി ക്യാമറകളാണ് സെറ്റ്-അപ്പിലുള്ളത്. മൂന്നാമത്തെ ക്യാമറ 3ഡി സെന്‍സറാണ്. പ്രധാന ക്യാമറ f/2 അപേര്‍ച്ചറുള്ളതാണ്. രണ്ടാമത്തെ ക്യാമറയ്ക്ക് 123 ഡിഗ്രി കിട്ടുന്ന അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് നല്‍കിയിരിക്കുന്നത്. മൂന്നാമത്തെ ടൈം-ഓഫ്-ഫ്‌ളൈറ്റ്, 3ഡി ഡെപ്ത് സെന്‍സിങ് ക്യാമറയ്ക്ക് സബ്ജക്ടുമായുള്ള അകലവും വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകളും തത്സമയം അറിയാനാകും. ഇതിലൂടെ കൂടുതല്‍ കൃത്യതയുള്ള പോര്‍ട്രെയ്റ്റ് ഫോട്ടോകള്‍ അടക്കം പിടിച്ചെടുക്കാനാകുമെന്നു പറയുന്നു.

 

galaxy-a80_faster

ക്യാമറ സിസ്റ്റം തന്നെയാണ് ഇതിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. തിരശ്ചീനമായി പിടിപ്പിച്ച ക്യാമറ സിസ്റ്റം മികച്ച പ്രകടനം തന്നെയാണു നടത്തുന്നത്. പോപ്-അപ് ചെയ്ത് മുന്നിലേക്കു തിരിഞ്ഞു വന്ന് വളരെ വേഗം തന്നെ ചിത്രമെടുക്കുന്നത രീതി മികച്ചതാണ്. എന്നാല്‍ ഫോണ്‍ ഒരു നിരപ്പായ പ്രതലത്തില്‍ വച്ചിരിക്കുകയാണെങ്കില്‍ ക്യാമറയ്ക്കു തിരിയാനാവില്ല. സെല്‍ഫി എടുക്കുന്നവര്‍ അത്തരം പൊസിഷനില്‍ അതിനു ശ്രമിക്കില്ലെന്നതു കൊണ്ട് അതൊരു പ്രശ്‌നമായി കാണേണ്ട. എന്നാല്‍ ഈ ഫോണിന് പ്രത്യേകം സുരക്ഷാ കവര്‍ വേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ക്യാമറയ്ക്ക് എല്ലാത്തരം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്താനുള്ള വിവിധ മോഡുകളുണ്ട്. സൂപ്പര്‍ സ്ലോ-മോ, ഫോട്ടോയ്ക്കും വിഡിയോയ്ക്കും ഹൈപ്പര്‍ലാപ്‌സിനും ലൈവ് ഫോക്കസ് ഫീച്ചറും നല്‍കിയിട്ടുണ്ട്. എആര്‍ ഇമോജി ഫീച്ചറും സപ്പോര്‍ട്ടു ചെയ്യുന്നു. 

 

ഡിസ്‌പ്ലെ

 

ബെസലില്ലാത്ത ഡിസ്‌പ്ലെയാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത. ഇതിനെ ഡിസ്‌പ്ലെ നിര്‍മാണത്തിന്റെ മേധാവികളായ സാംസങ് വിളിക്കുന്നത് 'പുതിയ ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ' എന്നാണ്. 6.7-ഇഞ്ച് വലുപ്പമുള്ള, ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ അത്യുജ്ജ്വലമാണെന്നു പറയാതെ വയ്യ. സാംസങ്ങില്‍ നിന്ന് ഇതില്‍ കുറഞ്ഞ കാര്യങ്ങള്‍ പ്രതീക്ഷിക്കാന്‍ വയ്യ. എല്ലാ സാഹചര്യത്തിലും ഉചിതമായ പ്രതികരണം ഈ ഡ്‌സ്‌പ്ലെയില്‍ നിന്നു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. നോച്ചിനോടു വിടപറഞ്ഞതും വളരെ നേര്‍ത്ത ബെസല്‍ മാത്രം വച്ചതും മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു.

galaxy-a80_-JPG

 

3 ഡി ഗ്ലാസും മെറ്റലും ചേര്‍ത്തു നിര്‍മിച്ച പിന്‍ ഭാഗം പ്രീമിയം ഫോണാണ് ഇതെന്ന് നിരന്തരം ഓര്‍മിപ്പിക്കും. വെളിച്ചം പ്രതിഫലിപ്പിക്കുന്ന തരം ഡിസൈനാണുള്ളത്. അതും നിര്‍മാണ മികവ് വിളിച്ചോതുന്നു. എന്നാല്‍ ഫോണിന് അല്‍പം ഭാരക്കൂടുതലില്ലെ എന്നു തോന്നാം. ബാറ്ററി 3,700 mAh ആണ്. എന്നാല്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് ബാറ്ററി തീരല്‍ ഒരു പ്രശ്‌നമാകാന്‍ സാധ്യതയില്ല എന്നാണു വിലയിരുത്തല്‍. ഇന്റലിജന്റ് ബാറ്ററി പ്രകടനം ഉണ്ടാകുമെന്നും കമ്പനി പറയുന്നു. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സ്‌കാനറുണ്ട്. പക്ഷേ, ഇതു മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിൽ കാണിച്ച മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. സാംസങ്ങിന്റെ മുഖ്യ മോഡലുകളില്‍ ഒന്നായ ഗ്യാലക്‌സി എസ്10 പ്ലസിന്റെ ഫിംഗര്‍പ്രിന്റ് സെന്‍സറിനെ കബളിപ്പിക്കാമെന്ന വാര്‍ത്ത മൂലമാണോ ഈ ഫീച്ചര്‍ എനേബിൾ ചെയ്യാത്തതെന്ന് ന്യായമായും സംശയിക്കാം.

 

അകത്തുള്ളത്

 

സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറാണ് ഈ ഫോണിനു ശക്തിപകരുന്നത്. പ്രകടനം മോശം വരാനിടയില്ല എന്നാണ് തോന്നുന്നത്. 8 ജിബി റാമും 128ജിബി സ്റ്റോറേജ് ശേഷിയുമാണ് ഇതിനുള്ളത്. പക്ഷേ, മൈക്രോഎസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കില്ല എന്നത് ചിലര്‍ക്ക് ഒരു പ്രശ്‌നമായേക്കാം. ഫോണിന് ഇരട്ട സിം സ്ലോട്ടുകളുണ്ട്.

 

ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല. 649 യൂറോയാണു വിലയിട്ടിരിക്കുന്നത്. 50,500 രൂപ വന്നേക്കാം. എന്നാല്‍, 40,000 രൂപയില്‍ താഴെയാണ് ഇതിനു വിലയിടുന്നതെങ്കില്‍ വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 

ഗ്യാലക്‌സി എ70

 

എ80യുടെ അത്രയ്ക്ക് ഗാംഭീര്യമില്ലാത്ത മോഡലാണിത്. എന്നാലും ഡിസൈനിലെ ഭംഗി തിരിച്ചറിയാനാകും. പ്ലാസ്റ്റിക് പിന്‍ ഭാഗമാണെങ്കിലും ഗ്ലാസ് പോലെ തോന്നിക്കും. ഭാരക്കുറവാണ് ഇതിന്റെ ഗുണം. 6.7-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലെ ഫുള്‍എച്ഡി പ്ലസ് ആണ്. ഇന്‍ഫിനിറ്റി ഡിസ്‌പ്ലെയും വലുപ്പം കുറഞ്ഞ U നോച്ചും ഉണ്ട്. ഡിസ്‌പ്ലെ ആകര്‍ഷകമാണ്.

 

ക്യാമറ

 

32 എംപി + 8എംപി ക്യാമറകളാണ് ഇതിനുള്ളത്. 5 എംപി ഡെപ്ത് സെന്‍സറും കൂടെ ചേരുമ്പോള്‍ പിന്‍ ക്യാമറ സിസ്റ്റം പൂര്‍ത്തിയാകും. സാംസങ് ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന തരം മികവാര്‍ന്ന ഫോട്ടോകളാണ് ലഭിക്കുന്നത്. കൃത്യതയുള്ള നിറങ്ങള്‍ ഇതിന്റെ മേന്മയായി തോന്നി. മുന്നിലുള്ള 32 എംപി ക്യാമറയും ഗുണനിലവാരമുള്ളതാണ്. പിന്‍ ക്യാമറ സിസ്റ്റത്തിന് ലൈവ് ഫോക്കസ്, സൂപ്പര്‍ സ്ലോ-മോ, സ്ലോ മോഷന്‍, ഹൈപ്പര്‍ ലാപ്‌സ്, പ്രോ മോഡ് തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. മുന്‍ ക്യാമറയ്ക്ക് പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ എടുക്കുമ്പോള്‍ ലൈവ് ഫോക്കസ് മോഡ് ലഭ്യമാണ്.

 

മറ്റു ഹാര്‍ഡ്‌വെയര്‍

 

സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസറും, 6 ജിബി അല്ലെങ്കില്‍ 8 ജിബി റാമും ഉള്ള രണ്ടു മോഡലുകള്‍ ഇറക്കും. 128 ജിബിയായിരിക്കും സ്റ്റോറേജ് ശേഷി. 512ജിബി വരെ ശേഷിയുള്ള മൈക്രോഎസ്ഡി കാര്‍ഡും സ്വീകരിക്കും. 4,500 mAh ബാറ്ററിയാണ് ഉള്ളത്. ശരാശരി ഉപയോഗക്കാര്‍ക്ക് രണ്ടു ദിവസം വരെ ചാര്‍ജ് കിട്ടുമെന്നാണ് കരുതുന്നത്. 25w സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് ആണ് ഇതിന്റെ മറ്റൊരു ഫീച്ചര്‍. ഇടത്തരം ഫോണില്‍ ഇതു കാണുന്നത് പുതുമായാണ്. സാംസങ്ങിന്റെ വണ്‍ യൂസര്‍ ഇന്റര്‍ഫെയ്‌സാണ് നല്‍കിയിരിക്കുന്നത്. ഇത് ആന്‍ഡ്രോയിഡ് പൈ കേന്ദ്രമാക്കി സൃഷ്ടിച്ചതാണ്. വില ഇതെഴുതുന്ന സമയത്തു ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com