sections
MORE

സാംസങ് ഫോൾ‌ഡബിൾ ഫോൺ സ്ക്രീൻ തകർന്നു, പുറത്തിറങ്ങും മുൻപെ തലവേദന

foldable-phone
SHARE

ഏറെക്കാലമായി പറഞ്ഞു കേട്ടതും കാത്തിരുന്നതുമായ സാംസങ്ങിന്റ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള ഫോണ്‍ ആഴ്ചകൾക്ക് മുൻപാണ് ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. തുടർന്ന് ഒരു സംഘം മാധ്യമപ്രവർത്തകര്‍ക്കും ഹാൻഡ്സെറ്റുകൾ റിവ്യൂ ചെയ്യുന്നവർക്കും നൽകി. എന്നാൽ ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ച ഹാൻഡ്സെറ്റുകളെല്ലാം പണിമുടക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതു സംബന്ധിച്ചുള്ള ട്വീറ്റുകളും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

സാംസങ്ങിന്റെ ഫോൾഡബിൾ ഫോൺ പരാജയപ്പെട്ട റിപ്പോർട്ടുകൾ രാജ്യാന്തര മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. ഔദ്യോഗികമായി പുറത്തിറങ്ങും മുൻപെയാണ് ഫോൾഡബിൾ സ്ക്രീനുള്ള ഹാൻഡ്സെറ്റ് പരാജയപ്പെട്ടിരിക്കുന്നത്. ചിലർക്ക് ഒരു ദിവസവും മറ്റു ചിലർക്ക് രണ്ടു ദിവസവും മാത്രമാണ് ഉപയോഗിക്കാൻ കഴിഞ്ഞത്. ഇതിനകം തന്നെ സ്ക്രീനിൽ പ്രശ്നങ്ങൾ കണ്ടു തുടങ്ങി. ചില ഹാൻഡ്സെറ്റുകൾ പ്രവർത്തിക്കാതെ വന്നതായും റിപ്പോർട്ടുകളുണ്ട്.

2000 ഡോളർ വിലയുള്ള ഫോൾഡബിൾ ഫോണിന്റെ രണ്ടു സ്ക്രീനുകൾ ഒന്നിപ്പിച്ചിരിക്കുകയാണ്. എന്നാൽ കുറച്ചു നേരം ഉപയോഗിക്കുന്നതോടെ രണ്ടു സ്ക്രീനിനുമിടയിൽ ലൈൻ വീഴുകയാണ്. ഡിസ്പ്ലെയിലെ ഹാർഡ്‌വെയറുകൾക്കും പ്രശ്നം കണ്ടിട്ടുണ്ട്. സാംസങ്ങിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ഫോൾഡബിൾ ഫോണിന്റെ സ്ക്രീന്‍ പ്രശ്നങ്ങൾ വൻ തലവേദനയാകുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

എന്താണ് ഗ്യാലക്സി ഫോൾഡ് ഫോൺ?

മടങ്ങിയിരിക്കുമ്പോള്‍ 4.6-ഇഞ്ച് വലുപ്പവും തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പത്തിലുള്ള ടാബ്‌ലറ്റായി വിശാലമായി വിടരാനും ശേഷിയുള്ള സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റാണ് ഗ്യാലക്സി ഫോൾ ഫോൺ. പുറമേ അമോലെഡ് ഡിസ്‌പ്ലെയാണെങ്കില്‍ (840 x 1,960 പിക്‌സല്‍) ഉള്ളില്‍ ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് അമോലെഡ് സ്‌ക്രീനായിരിക്കും (QXGA+ Dynamic AMOLED 1,536 x 2,152 പിക്‌സല്‍ റെസലൂഷന്‍). കുറേ തവണ ഇങ്ങനെ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോള്‍ രണ്ടു കഷണായി അടര്‍ന്നു കൈയ്യിലിരിക്കുമോ എന്നായിരുന്നു ഈ ഫോണ്‍ സങ്കല്‍പ്പത്തില്‍ ആകൃഷ്ടരായവര്‍ ചോദിച്ചിരുന്ന ചോദ്യം. ഇതിനും സാംസങ്ങിന് മറുപടിയുണ്ട്. രണ്ടു ലക്ഷം തവണ തുറക്കുകയും അടയ്ക്കുകയും ചെയ്താല്‍ ഒരു പ്രശ്‌നവും വരില്ലെന്നായിരുന്നു സാംസങ് അവകാശപ്പെട്ടിരുന്നത്.

മൊത്തം ആറു ക്യാമറകളാണ് ഈ ഫോണിനുള്ളത്. മൂന്നെണ്ണം പിന്നിലും ഒന്ന് നടുക്കും, രണ്ടെണ്ണം ഉള്ളിലും. ഫോണ്‍ എങ്ങനെ പിടിക്കുന്നോ അതിനനുസരിച്ച് ഫോട്ടോ എടുക്കാമെന്ന് സാംസങ് പറയുന്നു. ഈ മോഡലിനു ശക്തി പകരുന്നത് dnm 64-ബിറ്റ് പ്രൊസസറാണ്. 12ജിബി റാമും ഒപ്പമുണ്ടാകും. സംഭരണ ശേഷിയിലാണ് മറ്റൊരു പ്രത്യേകത. ഇതിന് 512GB (UFS3.0) സ്റ്റോറേജ് മെമ്മറിയാണ് നല്‍കിയിരിക്കുന്നത്. ഇത് നിലവിലുള്ള ഏതു ഫോണിനെക്കാളും ഇരട്ടി സ്പീഡില്‍ ഡേറ്റാ റെക്കോഡു ചെയ്യുമെന്നു പറയുന്നു.

4,380 ബാറ്ററിയാണ് ഫോണിനുള്ളത്. ഇത് മുറിച്ച് രണ്ടു വശത്തുമായി പിടിപ്പിച്ചിരിക്കുകയാണ്. ഭാരം ക്രമീകരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്. പക്ഷേ, ഇത്തരമൊരു ഉപകരണത്തിന് വേണ്ടത്ര ചാര്‍ജ് തരാന്‍ ബാറ്ററിക്കു കഴിയുമോ എന്ന് ചോദിക്കുന്നവരുണ്ട്. പ്രത്യേകിച്ചും മള്‍ട്ടി ടാസ്‌കിങ് ഒക്കെ നടത്താന്‍ കാര്യമായി ബാറ്ററി ശക്തി വേണ്ടിവരില്ലെന്നാണ് അവര്‍ ചോദിക്കുന്നത്.

അടഞ്ഞിരിക്കുമ്പോള്‍ 17 എംഎം ആണ് കനം. തുറക്കുമ്പോള്‍ 6.9എംഎം. ഇവയ്ക്ക് AKG സ്പീക്കറുകളുമുണ്ട്. ഗൂഗിളിനോട് ചേര്‍ന്നാണ് തങ്ങള്‍ ഈ ഫോണിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. പല ആപ്പുകളും ഈ ഫോം ഫാക്ടറില്‍ പ്രവര്‍ത്തിക്കാനായി സൃഷ്ടിച്ചവയല്ലല്ലോ. യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഈ ഫോണിനൊപ്പം ലഭിക്കും.

മള്‍ട്ടി ടാസ്‌കിങ് ആയിരിക്കും ഈ ഫോണിന്റെ സവിശേഷ ശക്തികളിലൊന്ന്. സ്‌ക്രീന്‍ മൂന്നായി വിഭജിച്ച് മൂന്ന് ആപ്പുകളെ ഒരേസമയം പ്രവര്‍ത്തിപ്പിക്കാമെന്നത് ചില ഉപയോക്താക്കള്‍ക്ക് വളരെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒന്നാണ്. നിങ്ങള്‍ക്ക് യുട്യൂബ് കാണുകയും വാട്‌സാപ്പില്‍ സന്ദേശം കുറിക്കുകയും ഇന്റര്‍നെറ്റ് ബ്രൗസു ചെയ്യുന്നതും ഒരേ സമയത്തു നടത്താമെന്ന് വേണമെങ്കില്‍ പറയാം. ആപ് കണ്ടിന്യുവിറ്റിയാണ് മറ്റൊരു പ്രധാന സവിശേഷത. പുറത്തെ സ്‌ക്രീനില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ആപ് അതേപടി അകത്തും ലഭിക്കും. ഉദാഹരണം ഗൂഗിള്‍ മാപ്‌സോ, നെറ്റ്ഫ്ലിക്‌സോ ഒക്കെ വലുപ്പത്തില്‍ കാണാനായി തുറന്നാല്‍ അതിന് പുറമെ കണ്ടിരുന്ന അതേ വ്യൂ അകത്തും കിട്ടും.

പ്രത്യക്ഷത്തില്‍ സുഗമായ പ്രവര്‍ത്തനമാണ് ഗ്യാലക്‌സി ഫോള്‍ഡിന്റെത്. ഇത് ഏപ്രില്‍ അവസാനം മാത്രമായിരിക്കും വിപണിയിലെത്തുക. ചില വിപണികളില്‍ മെയ് മാസത്തിലും. അതിനു മുൻപ് കൂടുതല്‍ വ്യക്തമായ ഒരു പരിചയപ്പെടുത്തല്‍ സാംസങ് നടത്തിയേക്കും. ഫോണിന്റെ വില ഏകദേശം 2,000 ഡോളറാണ്. പുതിയ ഫോം ഫാക്ടര്‍ പരീക്ഷിക്കുന്ന ആദ്യ പ്രമുഖ നിര്‍മാതാവാണ് സാസങ്. വാവെയും ഷവോമിയും തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഉടന്‍ പുറത്തിറക്കുമെന്നു പറയുന്നു. ആപ്പിളും ഇത്തരമൊരു ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഭാവിയുടെ സാങ്കേതികവിദ്യയാണോ ഇതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA