ADVERTISEMENT

ചിപ്പ് നിര്‍മാതാവ് ക്വാല്‍കം കമ്പനിയും ആപ്പിളും തമ്മില്‍ നിലനിന്നിരുന്ന കലഹം അവസാനിക്കുന്നു. അടുത്ത മാസം സാന്‍ഡിയെഗോ കോടതിയില്‍ ഏറ്റുമുട്ടാനിരിക്കെയാണ് ഏവരെയും അദ്ഭുതപ്പെടുത്തി ഇരു കമ്പനികളും ധാരണയിലെത്തിയത്. ഐഫോണിനെ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്യുന്ന സാങ്കേതികവിദ്യ തങ്ങളുടേതാണ് എന്നായിരുന്നു ക്വാല്‍കമിന്റെ വാദം. ഈ വിവാദം നിലനില്‍ക്കെ ആപ്പിളിന് 5ജി ഫോണുകള്‍ ഉണ്ടാക്കുക സാധ്യമല്ലായിരുന്നു. ആപ്പിള്‍ 5ജി ഫോണ്‍ ഇറക്കുന്നതു താമസിച്ചാല്‍ അവര്‍ മറ്റു കമ്പനികളെക്കാള്‍ ഏറെ പിന്നിലായി പോകുമെന്ന് ടെക്കികൾ നിരീക്ഷിച്ചിരുന്നു. ഇരു കമ്പനികളും കോടതിക്കു പുറത്ത് നടത്തിയ ധാരണ പ്രകാരം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നു വിശ്വസിക്കപ്പെടുന്നു. ചെറിയ പത്രക്കുറിപ്പു മാത്രമാണ് പുറത്തിറക്കിയത് എന്നതിനാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

 

തുടക്കത്തില്‍ സഖ്യത്തിലായിരുന്ന ക്വാല്‍കമും ആപ്പിളും പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. ആപ്പിൾ തങ്ങള്‍ക്ക് 700 കോടി ഡോളര്‍ തരണമെന്നായിരുന്നു ക്വാല്‍കം വാദിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ആപ്പിള്‍ നല്ലൊരു തുക ക്വാല്‍കമിനു നല്‍കാന്‍ തയാറായിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ക്വാല്‍കമിന്റെ ഓഹരികള്‍ 23 ശതമാനം ഉയര്‍ന്നതായി പറയുന്നു. ഈ പ്രശ്‌നം അവസാനിപ്പിച്ചതോടെ ആപ്പിളിന്റെ ഓഹരികള്‍ക്കും നേരിയ ചലനമുണ്ടായി. ആപ്പിള്‍ എത്ര തുകയാണ് നല്‍കുന്നതെന്നത് കോടതി രേഖകളില്‍ വന്നേക്കാമെന്നാണ് കരുതുന്നത്. തങ്ങളുടെ മുന്‍ ധാരണ പ്രകാരം നല്‍കാനുള്ള തുകയില്‍ 100 കോടി ഡോളറെങ്കിലും കുറച്ചു തരണമെന്നാണ് ആപ്പിള്‍ ക്വാല്‍കമിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

 

ഈ വിവാദം ഇരു കമ്പനികളെയും ബാധിച്ചു തുടങ്ങിയിരുന്നു. അതാണ് ഇനി കോടതി നടപടികളിലേക്കു നീങ്ങി സമയം കളയാതെ തീര്‍ത്തുകളയാമെന്ന് അവര്‍ തീരുമാനിച്ചതെന്നു പറയുന്നു. ആവശ്യത്തിലേറെ സമയം ഇരു കമ്പനികളും നശിപ്പിച്ചുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ക്വാല്‍കമിന്റെ കൈയ്യില്‍ മറ്റൊരു തുരുപ്പു ചീട്ടും ഉണ്ടായിരുന്നു. 5ജി ചിപ്പുകളുമൊത്തു പ്രവര്‍ത്തിക്കുന്ന മോഡം നിര്‍മിക്കുന്ന ഏക കമ്പനി ക്വാല്‍കം ആയിരുന്നു. ആപ്പിളിന്റെ പ്രധാന എതിരാളികളായ സാംസങും വാവെയും 5ജി ഫോണുകൾ സജ്ജമാക്കി കഴിഞ്ഞു. ക്വാല്‍കമിന്റെ ചിപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ ഐഫോണുകള്‍ക്ക് അതു വലിയ ക്ഷീണമുണ്ടാക്കുമായിരുന്നു.

 

വെറുതെ കുട്ടിക്കളി കളിച്ച് സമയം കളയുകയാണെന്ന് ഇരു കമ്പനികളും മനസ്സിലാക്കിയതാണ് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായതെന്നു പറയുന്നു. തങ്ങളുടെ ഊര്‍ജ്ജം 5ജി ഐഫോണ്‍ ഇറക്കുന്നതിനായാണ് ചിലവഴിക്കേണ്ടത് അല്ലാതെ ക്വാല്‍കമുമായി കോടതിയില്‍ മല്ലടിക്കാനല്ലെന്ന് ആപ്പിളും തീരുമാനിച്ചുവെന്നാണ് അനുമാനം. ക്വല്‍കമുമായി മുൻപ് കോടതിയില്‍ വച്ചു നടത്തിയ കേസിലും ആപ്പിള്‍ പരാജയപ്പെട്ടിരുന്നു. ക്വാല്‍കമിന്റെ മൂന്നു പേറ്റന്റുകളിലേക്ക് ആപ്പിള്‍ കടന്നു കയറിയെന്ന് സാന്‍ഡിയാഗോ കോടതി അന്നു കണ്ടെത്തുകയും 3.1 കോടി ഡോളര്‍ കമ്പനിക്കു നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും ഈ വര്‍ഷം 5ജി ഐഫോണ്‍ ഇറങ്ങാനിടിയില്ല. അത് 2020ല്‍ ആയിരിക്കും സംഭവിക്കുക.

 

നിലവില്‍ 2020ല്‍ 5ജി ഐഫോണിന് മോഡം നിര്‍മിക്കാന്‍ ഇന്റല്‍ കമ്പനിയെയാണ് ആപ്പിള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അടുത്തകാലത്ത് 5ജി മോഡം ഉണ്ടാക്കാന്‍ പറ്റില്ലെന്ന് ഇന്റല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതായിരിക്കാം ക്വാല്‍കമിനെ തന്നെ അടുപ്പിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതത്രെ. പിന്നെയല്ലെങ്കില്‍ സാംസങ്, വാവെയ്, മെഡിയടെക് തുടങ്ങിയ കമ്പനികളെ ആശ്രയിക്കേണ്ടി വരും. ഇതിനാകട്ടെ രാഷ്ട്രീയ മാനങ്ങള്‍ പോലും ഉണ്ടാകാം. വാവെയ് ആപ്പിളിനു 5ജി മോഡം നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അമേരിക്ക വാവെയ് കമ്പനിയെ പടിക്കു പുറത്തു നിർത്താനാണല്ലോ ഇഷ്ടപ്പെടുന്നത്.

 

ഇന്റലിന് 5ജി മോഡം സമയത്തിനു നിര്‍മിച്ചു തരാനായേക്കില്ലെന്നത് ആപ്പിളിന്റെ പേക്കിനാവുകളിൽ ഒന്നായിരുന്നുവെന്നു പറയുന്നു. ക്വാല്‍കമിന്റെ മോഡം വാങ്ങി ടെസ്റ്റിങ് തുടങ്ങാന്‍ ആപ്പിള്‍ എൻജിനീയര്‍മാരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്വാല്‍കം രണ്ടാം തലമുറയിലെ 5ജി മോഡം ഇറക്കാനും തയാറെടുക്കുകയാണ്. സ്‌നാപ്ഡ്രാഗണ്‍ എക്‌സ്55 എന്ന പേരിലായിരിക്കും ഇതിറങ്ങുക. 2020ല്‍ ഇറങ്ങുന്ന 5ജി ഫോണുകളില്‍ കുടുതലിനും ഇതായിരിക്കും ശക്തി പകരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com