ADVERTISEMENT

രാജ്യാന്തര വിപണിയിൽ ഈ വര്‍ഷം പതിനഞ്ചു 5ജി ഫോണുകളെങ്കിലും എത്തുമെന്നാണ് വാര്‍ത്തകള്‍. അവയില്‍ പലതിനും നല്ല വില നല്‍കേണ്ടതായും വരും. 12 കമ്പനികളെങ്കിലും 5ജി ഫോണുകളുടെ പണിപ്പുരയിലാണിപ്പോള്‍ എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. പെട്ടെന്നു പണിതീര്‍ത്ത് ഇറക്കാനായി തങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ മോഡലുകളിലൊന്നായ മെയ്റ്റ് 20 എക്‌സ് മോഡലിന് 5ജി നല്‍കുന്ന തിരക്കിലാണപ്പോള്‍ വാവെയ് കമ്പനിയത്രെ.

 

പടുകൂറ്റന്‍ സ്‌ക്രീന്‍

 

ഫോണുകള്‍ ടാബ്‌ലറ്റിന്റെ പ്രസക്തി ഇല്ലാതാക്കുന്ന കാലത്താണ് നമ്മളിപ്പോള്‍. എട്ടു വര്‍ഷം മുൻപ് 5.5-ഇഞ്ച് സ്‌ക്രീനുള്ള ഫോണുകളെ ഫാബ്‌ലറ്റുകളായാണ് കണ്ടിരുന്നത് എന്നോര്‍ക്കുക. എന്തോ, വലിയ സ്‌ക്രീന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറവല്ലെന്നും കാണാം. എന്തായാലും കഴിഞ്ഞ വര്‍ഷം ഇറക്കിയ 7.2-ഇഞ്ച് വലുപ്പമുള്ള ഓലെഡ് സ്‌ക്രീനുള്ള മെയ്റ്റ് 20എക്‌സ് ഫോണും ഒരു വിജയമായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കുമല്ലോ ഈ ഫോണിന് 5ജി ആന്റിന നല്‍കാന്‍ കമ്പനി തീരുമാനിക്കുന്നത്. വാവെയുടെ ശക്തിയുളള കിരിന്‍ 980 ആയിരിക്കും ഇതിന്റെ പ്രൊസസര്‍. 6ജിബി റാമുമുണ്ട്. ശക്തിയുടെ കാര്യത്തില്‍ മോശം വരില്ലെന്നാണ് പറയുന്നത്. ലൈക്കാ ബ്രാന്‍ഡഡായ ട്രിപ്പിള്‍ ക്യാമറയും ഇതിന്റെ പിന്നിലെ അലങ്കാരമാണ്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ക്യാമറ ഫോണായ മെയ്റ്റ് 20 പ്രോയുടെ പ്രകടനം ലഭിക്കുമെന്നു പറഞ്ഞാല്‍ ക്യാമറ സിസ്റ്റത്തിന്റെ ശക്തി മനസ്സിലാകുമല്ലോ. ഈ ഫോണില്‍ വാവെയുടെ ബാലോങ് 5000 മോഡമായിരിക്കാം 5ജി ചിപ്പായി ഉപയോഗിക്കുന്നത്.

 

പക്ഷേ, മെയ്റ്റ് 20 എക്‌സിനെക്കാള്‍ ഒരു കുറവും ഈ ഫോണിനുണ്ട്. ബാറ്ററി കപ്പാസിറ്റി 5,000 mAhല്‍ നിന്ന് 4,200 mAh ആയി കുറച്ചേക്കുമത്രെ. വിശാലമായ ഈ സ്‌ക്രീനിന് ഇതു മതിയാകുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍, അതു പരിഹരിക്കാനായി 40w സൂപ്പര്‍ചാര്‍ജ് ഫാസ്റ്റ് ചാര്‍ജര്‍ ഫോണിനൊപ്പം നല്‍കിയേക്കും. അതിവേഗ ചാര്‍ജിങ് സാധ്യമാകുന്നതോടെ ബാറ്ററിക്കുറവ് അനുഭവപ്പെട്ടേക്കില്ലെന്നാണ് പറയുന്നത്. വയര്‍ലെസ് ചാര്‍ജിങ് ഇല്ല.

 

എന്തായാലും മെയ്റ്റ് 20 എക്‌സ് എന്ന കൂറ്റന്‍ സ്‌ക്രീനുള്ള ഫോണിന്റെ 5ജി വേര്‍ഷന്റെ പണിപ്പുരയിലാണ് എന്നതിന്റെ തെളിവ് പുതുക്കിയ ഫോണിന്റെ പാക്കേജിങ്ങിന്റെ ചിത്രങ്ങള്‍ പുറത്തായതാണ്. അതേ തുടര്‍ന്ന് വാവെയ് വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു.

 

എന്നാല്‍, വാവെയ് മെയ്റ്റ് 20 എക്‌സ് അല്ല വാവെയുടെ ആദ്യ 5ജി ഫോണ്‍. ആ ഖ്യാതി മെയ്റ്റ് എക്‌സ് എന്ന ഹാന്‍ഡ്‌സെറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇതാണ് വാവെയ് ആദ്യമായി വിപണിയിലെത്തിച്ച ഫോള്‍ഡബിൾ ഫോണ്‍. ചില രാജ്യങ്ങളില്‍ മാത്രമാണ് ഇത് വിതരണത്തിനെത്തിച്ചത്. എന്തായാലും ഈ മോഡല്‍ താമസിയാതെ ഇന്ത്യയിലും അവതരിപ്പിച്ചേക്കുമെന്നു തന്നെയാണ് വാവെയ് പറയുന്നത്.

 

സാംസങ്, ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ കമ്പനികളുടെ 5ജി ഫോണുകള്‍ ഈ വര്‍ഷം വിപണിയിലെത്തും. വണ്‍പ്ലസ് 7, 7 പ്രോ മോഡലുകളുടെ പണി കഴിയുന്നതോടെ വണ്‍പ്ലസും തങ്ങളുടെ ആദ്യ 5ജി ഫോണിന്റെ പണി തുടങ്ങിയേക്കുമെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com