sections
MORE

ഒരു ഫോൺ വിലയ്ക്ക് ഗൂഗിൾ നൽകിയത് 6.97 ലക്ഷത്തിന്റെ 10 പിക്സൽ3 ഫോണുകൾ

pink-pixels-3
SHARE

ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്. എന്നാല്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിലും കസ്റ്റമര്‍ കെയറിലും അവരിന്നും മികച്ച കമ്പനികളുടെ ശീലങ്ങളൊന്നും പഠിച്ചിട്ടില്ല. ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ ഉണ്ടാക്കുന്നത് ആന്‍ഡ്രോയിഡിന്റെ പരമാവധി ശക്തി കിട്ടാന്‍ എന്തു ചെയ്യണമെന്നു മറ്റു കമ്പനികള്‍ക്കു കാണിച്ചു കൊടുക്കാനാണ് എന്നു വാദിക്കുന്നവരുണ്ട്. അതെന്തായാലും, അവരുടെ വില്‍പനാനന്തര സേവനം ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെയത്ര മികച്ചതല്ലെന്നു കാണിച്ചു തരുന്നതാണ് ചില സംഭവങ്ങള്‍. 

ഹരിയാനയില്‍ നിന്നുള്ള ഒരു പിക്‌സല്‍ ഫോണ്‍ ഉടമ കേടായ തന്റെ ഫോണ്‍ ഗൂഗിള്‍ നന്നാക്കി നല്‍കുന്നില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രിക്കും കമ്പനിയുടെ മേധാവി സുന്ദര്‍ പിച്ചൈയ്ക്കും തന്റെ ചില ട്വീറ്റുകള്‍ ടാഗു ചെയ്തു. എന്നിട്ടും തനിക്കു നീതി ലഭിക്കുന്നില്ലെന്നു പറഞ്ഞ് ഡല്‍ഹിയിലെത്തി, ആരും ഇനി പിക്‌സല്‍ 1, 2, 3 മോഡലുകള്‍ വാങ്ങരുതെന്നു പറഞ്ഞ് പോസ്റ്റര്‍ പതിക്കുകയും ഇത് രാജ്യാന്തര മാധ്യമങ്ങള്‍ പോലും ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പുതിയ സംഭവം എന്തായാലും കൂടുതല്‍ രസകരമാണ്. ഇത്തവണ ഇന്ത്യക്ക് വെളിയിലാണ് അരങ്ങേറിയത്. തനിക്കു ലഭിച്ച പിക്‌സല്‍ 3 വൈകല്യങ്ങളുള്ളതാണ്, പൈസ തിരിച്ചു തരണമെന്നു പറഞ്ഞാണ് യു/ചീറ്റോഹ്‌സ് (u/Cheetohz) എന്ന പേരില്‍ അറിയപ്പെടുന്ന റെഡിറ്റ് (Reddit) ഉപയോക്താവ് ഗൂഗിളിനെ സമീപിച്ചത്. താന്‍ വാങ്ങിയ 128 ജിബി പിക്‌സല്‍ 3 മോഡലിന്റെ പ്രവര്‍ത്തനത്തില്‍ ആകെ പ്രശ്‌നം കണ്ടതിനാലാണ് ചീറ്റോഹ്‌സ് കമ്പനിയുടെ കസ്റ്റമര്‍ കെയറിനെ സമീപിച്ചതെന്ന് പറയുന്നു. മറ്റൊരു ഹാന്‍ഡ്‌സെറ്റ് നല്‍കുകയോ, പൈസ തിരിച്ചു തരികയോ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഫോണിനു നികുതിയായി നല്‍കിയ 80 ഡോളര്‍ ഗൂഗിള്‍ തിരിച്ചു നല്‍കി. പക്ഷേ, ഫോണിന്റെ വിലയായ 900 ഡോളര്‍ നല്‍കിയുമില്ല. ഇത്തരം അവസരങ്ങളില്‍ ഇക്കാലത്തെ പല ഉപയോക്താക്കളും കാര്യങ്ങള്‍ കൂടുതല്‍ പേര്‍ അറിയാനായി പബ്ലിക് ഫോറങ്ങളില്‍ വിവരങ്ങള്‍ പോസ്റ്റു ചെയ്യും. പല കമ്പനികളും നാറ്റക്കേസാകാതിരിക്കാനായി പ്രശ്‌നം പരിഹരിക്കുകയും ചെയ്യും. ആ വഴിയാണ് ചീറ്റോഹ്‌സ് സ്വീകരിച്ചത്. ബാക്കി പണം തിരിച്ചു തരാത്തതും മറ്റും റെഡിറ്റില്‍ പോസ്റ്റു ചെയ്തിരിക്കുന്ന സമയത്താണ് ചീറ്റോഹ്‌സിനു തോന്നുന്നത് പിക്‌സല്‍ 3 തന്റെ സ്വപ്ന ഫോണാണ്. ഒരെണ്ണം കൂടെ ഓര്‍ഡര്‍ ചെയ്‌തേക്കാമെന്ന്. ഗൂഗിള്‍ വലിയ കമ്പനിയാണല്ലോ, തന്റെ പണം ലഭിച്ചേക്കും. എന്തായാലും അതു വരുമ്പോഴേക്ക് മറ്റൊരു പിക്‌സല്‍ ഓര്‍ഡര്‍ ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു.

അദ്ദേഹം രണ്ടാമതൊരു പിക്‌സല്‍ 3 കൂടെ ഓര്‍ഡര്‍ ചെയ്തു. ഇത്തവണ പിങ്ക് നിറത്തിലുള്ള ഒരു ഫോണാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാൽ അദ്ദേഹത്തിന് പിങ്ക് നിറത്തിലുള്ള ഫോണ്‍ അല്ല അയച്ചു കിട്ടിയത്. ഇത്തവണയും ഗൂഗിളിന്റെ വില്‍പനക്കാരനു തെറ്റി. ആ തെറ്റ് വല്ലാത്ത ഒരു തെറ്റായിരുന്നു എന്നതാണ് ഇപ്പോള്‍ ഇത് മാധ്യമങ്ങൾക്ക് ആഘോഷമാകാന്‍ കാരണം. നിറം മാറിപ്പോയെങ്കിലും ഓര്‍ഡര്‍ ചെയ്ത ഒരു ഫോണിനു പകരം പത്തു ഫോണുകളാണ് ചീറ്റോഹ്‌സിനു ലഭിച്ചത്! അവയുടെ ചിത്രങ്ങളും ചീറ്റോഹ്‌സ് റെഡിറ്റില്‍ പോസ്റ്റു ചെയ്തു. തനിക്കു കിട്ടാനുളള 900 ഡോളറിനു പകരം 10,000 ഡോളറിനുള്ള (ഏകദേശം 6.97 ലക്ഷം രൂപ) ഫോണുകളാണ് തന്റെ കൈവശം എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. വാങ്ങിയ ഒരു ഫോണിന്റെ വിലയും ഗൂഗിള്‍ തനിക്കു തരാനുള്ള 900 ഡോളറും കുറച്ചാലും കക്ഷിക്ക് ഈ ഇടപാടില്‍ 8,000 ഡോളര്‍ ലാഭം കിട്ടിയിരിക്കുകയാണ്!

ഇപ്പോള്‍ ചീറ്റോഹ്‌സിനു വേണമെങ്കില്‍ പത്തു പിക്‌സല്‍ 3 ഫോണുകളും എടുക്കാം. ഇങ്ങനെ കൂടുതലായി ലഭിച്ചതു തിരിച്ചു കൊടുക്കണമെന്ന് അനുശാസിക്കുന്ന ഒരു നിയമവുമില്ല. എന്തായാലും സത്യസന്ധനായ ചീറ്റോഹ്‌സ് ഗൂഗിളിനെ തനിക്ക് ഒന്നിനു പത്ത് എന്ന അനുപാതത്തില്‍ ഫോണ്‍ കിട്ടിയ കാര്യം അറിയിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ഡിമാന്‍ഡ് തനിക്കു തരാനുള്ള 900 ഡോളര്‍ വേഗം മടക്കി തരണമെന്നാണ്. പകരം കൂടുതലായി തന്ന ഒമ്പതു ഫോണുകളും തിരിച്ചു തന്നേക്കാമെന്നാണ് കമ്പനിയോടു പറഞ്ഞിരിക്കുന്നത്. ഗൂഗിള്‍ പ്രതികരിക്കാതിരിക്കുകയോ, 900 ഡോളര്‍ തിരിച്ചു തരാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ കിട്ടിയ ഫോണുകള്‍ മറിച്ചു വിറ്റ് തന്റെ 900 ഡോളര്‍ തിരിച്ചു പിടിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇത്തരം സംഭവങ്ങള്‍ വിരളമായാണ് സംഭവിക്കുക. ശരിയായ രീതിയിലാണ് രണ്ടാമത്തെ ഓര്‍ഡര്‍ പ്രൊസസ് ചെയ്തു വന്നതെങ്കില്‍ ചീറ്റോഹ്‌സിന് ഒരു ഫോണ്‍ മാത്രമാകും ലഭിക്കുക. കിട്ടാനുള്ള 900 ഡോളര്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA