sections
MORE

ആപ്പിള്‍ 'മുഴുവന്‍ ശക്തിയോടെ' ഇന്ത്യയിലേക്ക്; കമ്പനിയുടെ നീക്കങ്ങള്‍ ഇങ്ങനെ

tim-cook-modi
SHARE

തങ്ങള്‍ 'മുഴുവന്‍ ശക്തിയോടെയും' ഇന്ത്യന്‍ വിപണിയിൽ ഇടപെടാന്‍ ആഗ്രഹിക്കുന്നുവെന്ന് (We plan on going in there with sort of all of our might) എന്ന് ആപ്പിള്‍ കമ്പനിയുടെ മേധാവി ടിം കുക്ക് പറഞ്ഞു. ലോകത്തെ ഏറ്റവും  ബഹുമാനിക്കപ്പെടുന്ന സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നായ ആപ്പിളിന് തീരെ വഴങ്ങാത്ത ഒരു വിപണിയാണ് ഇന്ത്യ. കഴഞ്ഞ വര്‍ഷം അവരുടെ ഐഫോണ്‍ വില്‍പന കുത്തനെ ഇടിയുന്നതും കണ്ടു. 2018ല്‍ ഇന്ത്യയില്‍ ഏകദേശം 17 ലക്ഷം ഐഫോണുകളാണ് വിറ്റത്. 2017നെ അപേക്ഷിച്ച് 50 ശതമാനം ഇടിവാണിത്. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ ഒരു ശതമാനമാണ് ആപ്പിളിന് ഇപ്പോള്‍ അവകാശപ്പെടാനാകുന്നത്.

ഭാവി പരിപാടികള്‍

എന്നാല്‍, കമ്പനി ഇന്ത്യയെ എങ്ങനെ കാണുന്നുവെന്നും ഭാവി പരിപാടികള്‍ എന്തായിരിക്കുമെന്നതിന്റെയും വ്യക്തമായ വെളിപ്പെടുത്തലുകളാണ് കുക്ക് 2019 രണ്ടാം പാദത്തിലെ കമ്പനിയുടെ വരുമാനത്തെപ്പറ്റി സംസാരിക്കവെ പുറത്തുവിട്ടത്. വിപണിയിലേക്ക് മുഴുവന്‍ ശക്തിയോടെ കമ്പനിയുടെ സ്വന്തം റീട്ടെയിൽ സ്‌റ്റോറുകള്‍ സ്ഥാപിച്ചും ഇന്ത്യയില്‍ തന്നെ ഫോണ്‍ നിര്‍മാണം തുടങ്ങിയും മുന്നേറ്റം നടത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യന്‍ വിപണിയെ കുറിച്ച് നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്ന കുക്ക് പറഞ്ഞത് ദീര്‍ഘകാലത്തേക്ക് നോക്കുകയാണെങ്കില്‍ ഇന്ത്യ ഏറെ പ്രാധാന്യമുള്ള വിപണിയാണെന്നാണ്. എന്നാല്‍ ഹൃസ്വകാലം പരിഗണിച്ചാല്‍  വന്‍വെല്ലുവിളിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കായി തങ്ങള്‍ ചില പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിക്കഴിഞ്ഞു. അതുകൊണ്ട് അവിടെ നിന്ന് കൂടുതല്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ചെയ്യുന്ന ഓരോകാര്യവും തങ്ങള്‍ക്ക് ഒരു പാഠമാണ്. ഭാവിയില്‍ എന്തു ചെയ്യണമെന്ന ഉപദേശമായാണ് തങ്ങള്‍ ഇതിനെ കാണുന്നത്. അതിനാല്‍ എത്രയും കൂടുതല്‍ പഠിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. പഠിച്ചതനുസരിച്ചായിരിക്കും ഇന്ത്യയിലെയും തങ്ങളുടെ പ്രവര്‍ത്തനമെന്നാ കുക്ക് പറഞ്ഞത്. 

ആന്‍ഡ്രോയിഡ്

ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളുടെ തേര്‍വാഴ്ചയാണ്. എന്നാല്‍ അതു തങ്ങളെ അശേഷം അലോസരപ്പെടുത്തുന്നില്ല എന്നാണ് കുക്ക് പറഞ്ഞത്. 'ആന്‍ഡ്രോയിഡിന്റെ സാന്നിധ്യം തന്നെ അശേഷം ബാധിക്കുന്നില്ല. അവിടെ ആന്‍ഡ്രോയിഡാണ് എന്നതിനാല്‍ ആപ്പിളിനു ധാരാളം ബിസിനസ് സാധ്യതയുണ്ടെന്നാണ് കാണുന്നതെന്നും കുക്ക് പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മാണം

ആപ്പിള്‍ കൂടുതല്‍ ഐഫോണുകളും മറ്റും ഇന്ത്യയില്‍ നിര്‍മിച്ചേക്കുമെന്ന സൂചനയും കുക്ക് നല്‍കി. ഇവിടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷി കമ്പനി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ആപ്പിള്‍ സ്റ്റോര്‍

ഇതോടൊപ്പം ആപ്പിള്‍ സ്റ്റോറുകളും പല ഇന്ത്യന്‍ നഗരങ്ങളിലും സ്ഥാപിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായും കുക്ക് വെളിപ്പെടുത്തി. ആപ്പിള്‍ സ്‌റ്റോര്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ കമ്പനിയിപ്പോള്‍ സർക്കാരുമായി ചര്‍ച്ചയിലാണ്. ആപ്പിളിന്റെ പ്രൊഡക്ടുകളായ ഐഫോണ്‍, ഐപാഡ്, മാക് കംപ്യൂട്ടറുകള്‍ തുടങ്ങിയവ മാത്രമായിരിക്കും ഇത്തരം സ്റ്റോറുകളിലൂടെ വിറ്റഴിക്കുക. ഫോണും മറ്റ് ഉപകരണങ്ങളും നേരില്‍ കണ്ട് വിലയിരുത്താനുള്ള അവസരമൊരുക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാമെന്നാണ് ആപ്പിള്‍ കരുതുന്നത്. അമേരിക്കയടക്കം പല രാജ്യങ്ങളിലും എക്‌സ്‌ക്ലൂസീവ് ആപ്പിള്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോര്‍ തുടങ്ങുന്നുവെന്ന് കുറച്ചുകാലമായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. ഇതിന്റെ അനുവാദത്തിനായും സർക്കാരുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കുക്ക് വെളിപ്പെടുത്തി.

ആപ്പ് ഡെവലപ്‌മെന്റ്

തങ്ങള്‍ ഒരു 'ഡെവലപ്പര്‍, ആക്‌സിലറേറ്റര്‍' പ്രോഗ്രാം ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ ഡെവലപ്പര്‍മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശുഭ സൂചകമാണെന്നും കുക്ക് പറഞ്ഞു. എന്നാല്‍ ഒരു രാത്രി വെളുക്കുമ്പോള്‍ ഇതൊരു വമ്പന്‍ ബിസിനസായി തീരുമെന്ന പ്രതീക്ഷയൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഗംഭീര വളര്‍ച്ചാ സാധ്യതയാണ് ആപ് ഡെവലപ്‌മെന്റിലും നിലനില്‍ക്കുന്നതെന്ന് കുക്ക് ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA