sections
MORE

പിക്സൽ വിൽപന പരാജയമെന്ന് പിച്ചൈ; തുച്ഛ വിലയ്ക്ക് ഫോണിറക്കാനൊരുങ്ങി ഗൂഗിള്‍

pichai
SHARE

സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത! കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയില്‍ ഒട്ടും പിന്നിലല്ലാത്ത സ്മാര്‍ട് ഫോണാണ് ഗൂഗിള്‍ പിക്‌സല്‍. എന്നാല്‍ പല കാരങ്ങളാല്‍ ഈ ഫോണ്‍ അധികമാരും വാങ്ങുന്നില്ല. അതിനെല്ലാം അറുതിവരുത്താന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ സൂചന. വില കുറഞ്ഞ ഒന്നിലേറെ പിക്‌സല്‍ ഹാന്‍ഡ്‌സെറ്റുകൾ ഇറക്കാനാണ് ഉദ്ദേശമത്രെ. അതിനെക്കുറിച്ചു പറയും മുൻപ് പിക്‌സല്‍ എന്ന വിചിത്ര ഫോണിനെക്കുറിച്ച് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്കു പറയാനുള്ളതു കേള്‍ക്കാം.

പിച്ചൈ പറഞ്ഞത്

മറ്റു മിക്ക പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളെയും പോലെ ഗൂഗിളും വില്‍പനയില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. 2019ന്റെ ആദ്യ മാസങ്ങളില്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകള്‍ക്കൊപ്പം പിക്‌സല്‍ മോഡലുകളുടെയും വില്‍പന കുറഞ്ഞു. തങ്ങളുടെ ഓഹരിയുടമകളോട്, ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കമ്പനിയുടെ വരുമാനത്തെ കുറിച്ചു സംസാരിക്കവെയാണ് പിക്‌സല്‍ ഫോണുകളുടെ വില്‍പന കുറഞ്ഞ കാര്യം പറഞ്ഞത്. എന്നാല്‍ അതിനു പ്രത്യേക കരാണമൊന്നും പറയാതെ ഒഴുക്കനായി എതിര്‍കാറ്റാണ് (headwinds-എതിരൊഴുക്കുകള്‍, എതിര്‍കാറ്റ്) ആണ് പ്രശ്‌നമെന്നാണ് പറഞ്ഞത്. ഫോണ്‍ വ്യവസായത്തിനു മുഴുവന്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട് എന്നാണ് അദ്ദേഹം നിക്ഷേപകരെ ധരിപ്പിക്കാന്‍ ശ്രമിച്ചത്. അതില്‍ വാസ്തവം ഉണ്ടെങ്കിലും ഗൂഗിളിന്റെതായ പല പ്രശ്‌നങ്ങളും പിക്‌സല്‍ ഫോണ്‍ വില്‍പനയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മുന്തിയ ഫോണ്‍ വില്‍പന കുറഞ്ഞത് എന്തു കൊണ്ട്?

ഫോണ്‍ വാങ്ങല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തിയിരുന്നവര്‍ ഇപ്പോളത് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞു മതിയെന്നു തീരുമാനിച്ചിരിക്കുന്നതാണ് ഹൈ-എന്‍ഡ് ഹാന്‍ഡ് സെറ്റുകളുടെ വില്‍പന മന്ദീഭവിച്ചതിന്റെ ഒരു കാര്യം. ഇത്തരം ഫോണുകളുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയായിരുന്നല്ലോ. ഇതു കൂടാതെ, വലിയ വീരവാദം മുഴക്കി എത്തുന്ന ഫോണുകളില്‍ ഉപയോഗിച്ചുകൊണ്ടിരുന്നവയെക്കാള്‍ തങ്ങള്‍ക്ക് ഉപകാരമുള്ള ഫീച്ചറുകള്‍ ഇല്ലെന്ന കണ്ടെത്തല്‍ പലരെയും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഫോണ്‍ മാറുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതായും പറയുന്നു. നാലു വര്‍ഷം അല്ലെങ്കില്‍ ഫോണിന് എന്തെങ്കിലും കേടു വരുന്നതു വരെ എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നിരവധി ഉപയോക്താക്കള്‍. ആപ്പിള്‍ ഇതു മറികടക്കാനാകുന്നതല്ല എന്നു കണ്ടതുകൊണ്ടാണ് സോഫ്റ്റ്‌വെയര്‍ സൃഷ്ടിക്കാന്‍ ഇറങ്ങിയതു തന്നെ. ഹൈ-എന്‍ഡ് ഫോണ്‍ വിപണിയില്‍ വാങ്ങാന്‍ ആളുണ്ട് പക്ഷേ, വര്‍ഷാവര്‍ഷം അല്ലെങ്കില്‍ ഒന്നിടവിട്ട വര്‍ഷം ഫോണ്‍ മാറുന്ന പരിപാടി പലരും നിർത്തിയെന്നാണ് മറ്റൊരു വിദഗ്ധന്‍ പറഞ്ഞത്.

ഫോറസ്റ്ററിന്റെ പ്രധാന വിശകലന വിദഗ്ധന്‍ ഫ്രാങ്ക് ഗിലറ്റ് പറയുന്നത് ഗൂഗിള്‍ നേരിടുന്നത് വന്‍ വെല്ലുവിളിയാണ് എന്നാണ്. ഗൂഗിളിന്റെ വ്യക്തിത്വമില്ലായ്മയാണ് (identity crisis) പ്രശ്‌നങ്ങളില്‍ മുഖ്യം. ആപ്പിള്‍ സ്വന്തം സോഫ്റ്റ്‌വെയറായ ഐഒഎസ് ഉപയോഗിച്ച് ഫോണ്‍ നിര്‍മിച്ചു വില്‍ക്കുന്നു. എന്നാല്‍, ഗൂഗിള്‍ തങ്ങളുടെ സോഫ്റ്റ്‌വെയറായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് ഫോണുകള്‍ നിര്‍മിക്കാന്‍ സാംസങ്, നോക്കിയ, എല്‍ജി, വാവെയ്, സോണി തുടങ്ങിയ കമ്പനികളെ അനുവദിച്ചിരിക്കുന്നു. സ്വന്തം ഫോണ്‍ നിര്‍മിക്കുന്ന കാര്യം വരുമ്പോള്‍ ഗൂഗിളിന് ഹാര്‍ഡ്‌വെയര്‍ വാങ്ങാന്‍ ഇതില്‍ ചില കമ്പനികളെ തന്നെ ആശ്രയിക്കേണ്ടതായും വരുന്നു. ചുരുക്കി പറഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളോടു തന്നെ ഗൂഗിളിനു മത്സരിക്കേണ്ടിവരുന്നു. ലോകത്തെ ഏറ്റവുമധികം ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുകയും ആന്‍ഡ്രോയിഡിനെ പ്രചരിപ്പിക്കുന്നതിന് ഏറ്റവുമധികം പരിശ്രമിക്കുകയും ചെയ്യുന്ന സാംസങ്ങിനെ പിണക്കിയാല്‍ എങ്ങനെയിരിക്കും? ഇതാണ് ഗൂഗിള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം.

ക്യാമറകളുടെ എണ്ണം

ഗൂഗിളാണ് ഇപ്പോഴും ഫോണുകള്‍ക്ക് ഒറ്റ പിന്‍ ക്യാമറ മതിയെന്നു വിശ്വസിക്കുന്ന കമ്പനികളിലൊന്ന്. എന്നാല്‍, ഉപയോക്താക്കളുടെ കാര്യം പറഞ്ഞാല്‍ കൂടുതല്‍ ക്യാമറകളുള്ളതാണ് നല്ലതെന്ന ധാരണ അവര്‍ക്കിടയില്‍ എങ്ങനെയോ പരന്നു കഴിയുകയും ചെയ്തു. ഏറ്റവും മികച്ച ചിത്രങ്ങളെടുക്കുന്ന, പ്രത്യേകിച്ചും വെളിച്ചക്കുറവില്‍, ഫോണുകളില്‍ ഒന്നാണ് പിക്‌സല്‍ എന്നതു പോലും പലര്‍ക്കും ഈ ഫോണ്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നില്ല.

Pixel-Camera

സാന്നിധ്യമില്ലായ്മ

എതിരാളികളെ നിഷ്പ്രഭമാക്കുന്ന തരം പരസ്യ മേളങ്ങളോ, സ്‌റ്റോറുകളോ ഒന്നുമായി ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ പ്രചാരണം നടത്തുന്നില്ല. അതിനു കാരണം നേരത്തെ പറഞ്ഞതു തന്നെയാണ്. തങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികളെ പിണക്കരുതെന്ന ആഗ്രഹം. ഇത് പല ഉപയോക്താക്കളിലും ഗൂഗിളില്‍ ഒരു വിശ്വാസക്കുറവ് തോന്നാന്‍ കാരണമായിട്ടുണ്ട്. ഇത് മറ്റൊരു ഫോണ്‍ നിര്‍മാതാവും നേരിടാത്ത തരം പ്രശ്‌നമാണ് ഗൂഗിളിനു സമ്മാനിക്കുന്നത്.

ഹാര്‍ഡ് വെയര്‍കംപ്ലെയ്ന്റ്

പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഹാര്‍ഡ്‌വെയര്‍ കംപ്ലെയ്ന്റ് ഈ ഫോണ്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നായിരിക്കാം.

വില

മറ്റൊരു വിചിത്രമായ കാര്യം പിക്‌സല്‍ ഫോണുകളുടെ വിലയാണ്. ഐഫോണ്‍ എക്‌സ്ആറിന് (പിക്‌സലിനോട് ഏറ്റവുമധികം അടുത്തു നില്‍ക്കുന്ന ഐഫോണ്‍ മോഡല്‍) 749 ഡോളറാണു വിലയെങ്കില്‍ പിക്‌സലിന് 799 ഡോളറാണ്. രണ്ടിലേതു മോഡല്‍ വാങ്ങണമെന്നു നോക്കുന്നവര്‍ മിക്കവാറും ഐഫോണ്‍ മതിയെന്നു വയ്ക്കും.

തിരുത്തിക്കുറിക്കാന്‍ വില കുറഞ്ഞ ഫോണുകള്‍

തങ്ങളുടെ കൂടെ നില്‍ക്കുന്നവരെ പിണക്കാതെ സ്മാര്‍ട് ഫോണ്‍ വില്‍പന എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിന്റെ മറ്റൊരു സാധ്യതയാണ് ഗൂഗിള്‍ ഇപ്പോള്‍ ആരായുന്നത്. അവര്‍ അധികം താമസിയാതെ രണ്ടു വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ എന്നിങ്ങനെയാകാം അവയുടെ പേരുകള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടക്ക മോഡലിന്റെ വില 400 ഡോളറായിരിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. പ്രമുഖ വിപണികളിലെ ശരാശരി ഉപയോക്താവിന് താങ്ങാവുന്ന വിലയാണിത് എന്നാണ് വിലയിരുത്തല്‍. അങ്ങനെ ഗൂഗിളിന്റെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ മികവ് താഴേക്കിടയിലുള്ള ഉപയോക്താക്കളിലേക്കും എത്തിത്തുടങ്ങുമെന്നാണ് ഒരു വിശ്വാസം.

google-pixel-3-xl-camera

ഇനിയും പ്രശ്‌നമുണ്ട്. ഗൂഗിള്‍ ഇപ്പോള്‍ നടത്തുന്ന ഞാണിന്മേല്‍ കളിയുണ്ടല്ലോ, പാര്‍ട്ണര്‍മാരെ പിണക്കാതെ, ഫോണ്‍ വില്‍ക്കാനുള്ള ശ്രമം, അതു തുടരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വലിയ ഒച്ചയും അനക്കവുമൊന്നുമില്ലാതെയാണ് ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നതെങ്കില്‍ മറ്റു പിക്‌സല്‍ ഫോണുകളുടെ കാര്യത്തിലെന്ന പോലെ ചെറിയ വില്‍പനയൊക്കെ മതി എന്നാണ് ഗൂഗിളിന്റെ തീരുമാനം എന്നുറപ്പിക്കാം എന്നാണ് ഒരു വിലയിരുത്തല്‍. എന്നാല്‍, വന്‍ കോലാഹലത്തോടെയാണ് ഇവ അവതരിപ്പിക്കുകയെങ്കില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ വില്‍ക്കുന്ന കാര്യം ഗൗരവത്തിലെടുക്കുകയാണെന്നും തീരുമാനിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA