sections
MORE

ഐഫോണ്‍ 11ന്റെ അന്തിമ ഡിസൈന്‍ അത്യാകര്‍ഷകം; ഭാവനാ ചിത്രങ്ങൾ പുറത്ത്

iPhone-11
SHARE

വിവിധ ബ്രാൻഡുകളുടെ പുതിയ സ്മാര്‍ട് ഫോണുകൾ അവതരിപ്പിക്കുന്ന തിരക്കാണിപ്പോൾ. ഈ മാസം തന്നെ രണ്ടു സുപ്രധാന മോഡലുകളാണ് പുറത്തെത്തുക. ആദ്യം ഗൂഗിളിന്റെ 'വില കുറഞ്ഞ' പിക്‌സല്‍ മോഡലുകളാണ് എത്തുക എന്നാണ് റിപ്പോർട്ടുകള്‍. ഈ വിലക്കുറവ് അനുഭവിക്കാനുള്ള ഭാഗ്യം ഇന്ത്യക്കാര്‍ക്ക‌് ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കുറഞ്ഞ മോഡലിന് വണ്‍പ്ലസ് 6ടി യെക്കാള്‍ വിലക്കൂടുതലായിരിക്കും. വണ്‍പ്ലസ് 6ടിയുടെ തുടക്ക വില 37,999 ആണ്. പിക്‌സല്‍ 3എ എക്‌സ്എല്‍ എന്ന മോഡിലിന്റെ വില 44,999 രൂപയായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. കുറഞ്ഞ മോഡലായ പിക്‌സല്‍ 3എ എന്ന ഫോണിന് എന്തു വില വരുമെന്ന് അറിയില്ല. എന്തായാലും, വണ്‍പ്ലസ് 6ടി ഇപ്പോള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത് എന്നു കൂടെ പറഞ്ഞോട്ടെ. തുടക്ക മോഡലിന് ആമസോണിന്റെ ഇപ്പോള്‍ നടക്കുന്ന സെയിലിലെ വില 32,999 രൂപയാണ്.

പിക്‌സല്‍ മോഡലുകള്‍ കഴിഞ്ഞാല്‍ എത്തുക വണ്‍പ്ലസ് 7, 7 പ്രോ എന്നീ മോഡലുകളായിരിക്കും. ട്രിപ്പിള്‍ ക്യാമറ, 90 ഹെട്‌സ് സ്‌ക്രീന്‍ റിഫ്രഷ് റെയ്റ്റ് തുടങ്ങിയവ അടക്കം, ഇന്നേവരെ ഇറങ്ങിയിരിക്കുന്ന പല ആന്‍ഡ്രോയിഡ് ഫോണുകളെയും നാണിപ്പിക്കുന്ന രീതിയിലായിരിക്കും ഇവ എത്തുക എന്നു പറയുന്നു. അതും കഴഞ്ഞാല്‍ പിന്നെ ഒരു കാലത്തെ സ്മാര്‍ട് ഫോണ്‍ രാജാവിന്റെ ഊഴമാണ്. ആപ്പിളിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോണുകളെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിവായിക്കഴിഞ്ഞു. ഐഫോണുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം പിന്‍ പ്രതലമാണ് ഇവയുടെ സവിശേഷത. ഇവിടെ എടുത്തു പറയേണ്ടത് പുതിയ ട്രിപ്പിള്‍ ക്യാമറ സിസ്റ്റത്തെക്കുറിച്ചാണ്. (പുതിയ ക്യാമറാ ഡിസൈനെക്കുറിച്ച് ഒരു വാക്ക്. ഒരു കാലത്ത് ആപ്പിളിനെ കോപ്പിയടിക്കുന്ന പരിപാടിയായിരുന്നു ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ്ക്ക്. എന്നാലിപ്പോള്‍, വാവെയ് തങ്ങളുടെ മെയ്റ്റ് 20 പ്രോയില്‍ അവതരിപ്പിച്ച അതേ ഡിസൈൻ ആപ്പിള്‍ കടമെടുത്തിരിക്കുന്നത് പോലെ തോന്നും പുതിയ ഫോണുകളുടെ ഡിസൈന്‍ കണ്ടാല്‍. വാവെയ് ക്യാമറ സിസ്റ്റത്തെ ഫോണിന്റെ മുകള്‍ ഭാഗത്ത്, നടുവിലായാണ് പിടിപ്പിച്ചിരുന്നതെങ്കില്‍ ആപ്പിള്‍ അത് ഇടതു ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. ക്യാമറയുടെ പ്രവര്‍ത്തനത്തിലും വ്യത്യാസം കണ്ടേക്കും.

എന്തായാലും, പുറത്തു വന്ന വാര്‍ത്തകൾ വച്ച്, ഹസന്‍ കൈമാക് എന്ന ജര്‍മനി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രാഫിക് ഡിസൈനര്‍ പുതിയ ഐഫോണുകള്‍ എങ്ങനെ ഇരിക്കുമെന്നതിനെപ്പറ്റി തന്റെ ഭാവനയിലുള്ള രൂപങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഐഫോണ്‍ 11ലും, 11 മാക്‌സിലും ക്യാമറ സിസ്റ്റം ബോഡിയില്‍ നിന്നു അല്‍പം പൊന്തിയായിരിക്കും ഇരിക്കുക എന്ന കേട്ടുകേള്‍വി പോലും ഉള്‍ക്കൊള്ളിച്ചാണ് മോഡലുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ അദ്ദേഹത്തിന്റെ ഭാവനയും ഉണ്ട്. ഉദാഹരണത്തിന് പുതിയ ഐപാഡുകളില്‍ മ്യൂട്ട് സ്വിച്ച് മാറ്റത്തോടയാണ് ആപ്പിള്‍ അവതരിപ്പിച്ചത്. അത് പുതിയ ഐഫോണിലും കാണാനുള്ള സാധ്യതയുണ്ട്. പക്ഷേ, കയ്മാക് തന്റെ ഡിസൈനില്‍ നാളിതുവരെയുള്ള എല്ലാ ഐഫോണിലും കണ്ടുവന്ന മ്യൂട്ട് സ്വിച്ചാണ് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ എങ്ങനെ ചിന്തിക്കുമെന്ന് ഐഫോണ്‍ അവതരണം വരെ കാത്തിരിക്കേണ്ടി വന്നേക്കും.

കറുപ്പു നിറത്തിലുള്ള ക്യാമറ മൊഡ്യൂളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത് എന്നും കാണാം. എന്നാല്‍, നേരത്തെ വന്ന സൂചനകള്‍ പ്രകാരം ഫോണിന്റെ ബോഡിയുടെ നിറമായിരിക്കും ക്യാമറ മൊഡ്യൂളിനും എന്നാണ് കേട്ടിരുന്നത്. അദ്ദേഹം തന്റെ സങ്കല്‍പ ഫോണിനെക്കുറിച്ചുള്ള വിഡിയോയും ഇറക്കിയിട്ടുണ്ട്.

ഓര്‍ക്കുക, ഇതെല്ലാം ഊഹാപോഹങ്ങളെ കേന്ദ്രീകരിച്ചു സൃഷ്ടിച്ച ഭാവനാ വിലാസമാണ്. എന്നാല്‍, അന്തിമ ഫോണ്‍ ഇങ്ങനെ ആയിക്കൂടായെന്നുമില്ല.

പുതിയ ആന്റിനാ ഡിസൈന്‍

പണിപ്പുരയിലുള്ള ഐഫോണുകളെക്കുറിച്ച് പുറത്തു വരാറുള്ള അഭ്യൂഹങ്ങളില്‍ ഏറ്റവും കൃത്യതയുള്ള നല്‍കുന്നയാള്‍ എന്ന ഖ്യാതിയാണ് അടുത്ത കാലത്ത് മിങ്-ചി കുവോയ്ക്ക് (Ming-Chi Kuo) കിട്ടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ പ്രകാരം 2019ലെ ഐഫോണുകള്‍ക്ക് പുതിയ ആന്റിനാ ഡിസൈന്‍ ആയിരിക്കും ഉപയോഗിക്കുക. പുതിയ മോഡലുകളില്‍ ലിക്വിഡ് ക്രിസ്റ്റല്‍ പോളിമര്‍ (liquid crystal polymer (LCP)) ആന്റിനകളായിരിക്കില്ല മറിച്ച്, മോഡിഫൈഡ് പിഐ ( modified-PI (MPI) ആന്റിനകളായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ലിക്വിഡ് ക്രിസ്റ്റല്‍ പോളിമര്‍ ആന്റിനയുടെ റേഡിയോ ഫ്രീക്വന്‍സി പ്രകടനം (RF performance) താരതമ്യേന മോശമായിരിക്കുമെന്നാണ് ഒരു വാദം.

മിക്കപ്പോഴും സാംസങ്ങിന്റെ ഫോണ്‍ നിര്‍മാണത്തെ ആപ്പിളിനെക്കാള്‍ പിന്നിലാണ് എല്ലാവരും തന്നെ കണ്ടിരുന്നത്. എന്നാല്‍, അതീവ ശ്രദ്ധ വേണ്ട ഒരു കാര്യത്തില്‍ സാംസങ് 2009 മുതല്‍ ആപ്പിളിനെക്കാള്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറിയിരുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. തങ്ങളുടെ മിക്ക ഫോണുകളുടെയും ആര്‍എഫ് പ്രകടനം മികച്ചതാക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ എക്‌സ് എസ് മാക്‌സിന്റെ സാര്‍സ് എഫ്‌സിസി അളന്നത് 1.0 W/kg എന്നാണ്. എന്നാല്‍ സാംസങ് ഗ്യാലക്‌സി നോട്ട് 9ന് എഫ്‌സിസി അളന്നത് കേവലം 0.33 W/kg ആണ്. ഐഫോണ്‍ മാക്‌സിന്റെ വികിരണ ശേഷി സാംസങ് മോഡലിനെക്കാള്‍ മൂന്നിരട്ടിയാണ് എന്നത് ആപ്പിളിനെ നാണം കെടുത്തുന്ന കാര്യമാണ്. അതിനൊരു മാറ്റം വരുത്താന്‍ ഈ വൈകിയ വേളയിലെങ്കിലും ആപ്പിള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നറിയുന്നത് ആശ്വാകരമാണ്. എന്നാല്‍, 2020ല്‍ ഇറക്കാനിരിക്കുന്ന 5ജി മോഡലുകളുടെ ആന്റിനകളില്‍ വീണ്ടും ലിക്വിഡ് ക്രിസ്റ്റല്‍ പോളിമര്‍ ഉപയോഗിച്ചേക്കാമെന്നും കുവോ പറയുന്നു. വരുന്ന ഐപാഡ് മോഡലുകളിലും ഈ മെറ്റീരിയല്‍ തന്നെയായിരിക്കും ഉപയോഗിക്കുക എന്നും അദ്ദേഹം പറയുന്നു. പഴയ മെറ്റീരിയല്‍ ഉപയോഗിച്ചാലും വികരണ ശേഷി കുറയ്ക്കാനുളള ശ്രമങ്ങളും കമ്പനി നടത്തുമെന്നു പ്രതീക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA