sections
MORE

ഗൂഗിളിന്റെ വില കുറഞ്ഞ പിക്സൽ ഫോണുകൾ അവതരിപ്പിച്ചു; മികച്ച ഫീച്ചറുകൾ

Pixel-3a
SHARE

ഗൂഗിളിന്റെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് പിക്‌സല്‍ കുടുംബത്തില്‍ നിന്ന് രണ്ടു വില കുറഞ്ഞ ഫോണുകള്‍ പുറത്തിറങ്ങി, പിക്‌സല്‍ 3എ, 3എ എക്‌സ്എല്‍ എന്നിവയാണവ. ഇവ യഥാക്രമം 5.6-ഇഞ്ച്, 6-ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പത്തിലുള്ളവയായിരിക്കും. രണ്ടു മോഡലുകളും ഇന്ത്യയില്‍ ലഭ്യമാക്കും.

ഇരു മോഡലുകള്‍ക്കും ഫുള്‍എച്ഡിപ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍ (gOLED) സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 9.0 പൈ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 670 പ്രൊസസറാണ് ഇവയ്ക്കു ശക്തി പകരുന്നത്. 4ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് മറ്റു പ്രധാന ഹാര്‍ഡ്‌വെയര്‍ സ്‌പെസിഫിക്കേഷന്‍സ്. മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ലെന്നത് വലിയൊരു ന്യൂനതയായി ചിലര്‍ക്ക് അനുഭവപ്പെട്ടേക്കാം. ഇരു മോഡലുകള്‍ക്കും ഒരേ പിന്‍ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 12.2 മെഗാപിക്സൽ റെസലൂഷനുള്ള സോണിയുടെ IMX363 ഡ്യുവല്‍ പിക്‌സല്‍ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. f/1.8 അപേച്ചറുളള ഈ ക്യാമറയ്ക്ക് ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസും ഒപ്ടിക്കല്‍, ഇലട്‌ക്രോണിക് സ്റ്റബിലൈസേഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. സെല്‍ഫി ക്യാമറ 8 മെഗാപിക്സലാണ്.

ഇരു മോഡലുകളും ഒരു നാനോ സിം കാര്‍ഡും ഒരു ഇ-സിം കണക്‌ഷനും സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. എയര്‍ടെല്‍, റിലയന്‍സ് ജിയോ കസ്റ്റമര്‍മാര്‍ക്ക് ഇ-സിം വേണമെങ്കില്‍ ഫോണ്‍ വാങ്ങുമ്പോഴെ ആക്ടിവേറ്റു ചെയ്യാം. മൂന്നു നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നതെങ്കിലും വെള്ളയും കറുപ്പും നിറങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ എത്തുക. ഇരു മോഡലുകള്‍ക്കും 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ട്. ഫോണിനൊപ്പം 18W ചാര്‍ജറും യുഎസ്ബി ടൈപ്-സി കേബിളും ലഭിക്കും. ടൈപ്-സി ടു ടൈപ് എ അഡാപ്റ്ററും നല്‍കുന്നുണ്ട്.

30 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് കിട്ടുമെന്നതാണ് മറ്റൊരു ഗുണകരമായ മാറ്റം. പിക്സല്‍ 3എ എക്‌സ്എല്‍ ആണ് ഇതു വരെ ഇറങ്ങിയവയില്‍ വച്ച് ഏറ്റവും വലിയ ബാറ്ററിയടങ്ങുന്ന ഫോണ്‍– 3,700mAh. പിക്‌സല്‍ 3എ മോഡലിന് 3,000mAh ബാറ്ററിയാണ്. 18w ക്വിക് ചാര്‍ജറും ഉള്ളതിനാല്‍ മികച്ച ബാറ്ററി പ്രകടനം ലഭിക്കുമെന്നു കരുതുന്നു. ഇരു മോഡലുകള്‍ക്കും ഗൂഗിള്‍ ഫോട്ടോസില്‍ പരിധിയില്ലാത്ത സ്റ്റോറേജ് ലഭിക്കും.

പിക്‌സല്‍ 3എയുടെ ഇന്ത്യയിലെ വില 39,999 രൂപയായിരിക്കും. പിക്‌സല്‍ 3 എക്‌സ്എല്‍ന്റെ വില 44,999 രൂപയും ആയിരിക്കും. അതായത് പലരെ സംബന്ധിച്ചും വണ്‍പ്ലസ് മോഡലുകള്‍ ഇവയെക്കഴിഞ്ഞും ആകര്‍ഷകമായിരിക്കുമെന്നു പറയേണ്ടിവരും. ഇരു മോഡലുകളും മെയ് 15 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമായിരിക്കും. താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം.

എന്താണ് പുതിയ ഫോണുകളുടെ പ്രത്യേകതകള്‍

പിക്‌സല്‍ 3, പിക്‌സല്‍ 3 എക്‌സ് എല്‍ എന്നീ മോഡലുകളുടെ പ്രകടനമികവ് പിക്‌സല്‍ 3എ, 3എ എക്‌സ്എല്‍ എന്നീ മോഡലുകളിലേക്ക് പകര്‍ത്താനുള്ള ശ്രമമാണ് ഗൂഗിള്‍ നടത്തിയിരിക്കുന്നത്. നല്‍കുന്ന കാശിനുള്ള പ്രകടനം ലഭിക്കുന്നു എന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്.

എന്നാല്‍, കൂടിയ മോഡലുകളെ അപേക്ഷിച്ച് ചില കുറവുകളുമുണ്ട്: വാട്ടര്‍ റെസിസ്റ്റന്‍സ് ഇല്ല. താരതമ്യേന മോശം പ്രൊസസര്‍. സ്‌ക്രീനിന് അല്‍പം ബ്രൈറ്റ്‌നസ് കുറവു തോന്നും, പ്രത്യേകിച്ചു സൂര്യപ്രകാശം നേരിട്ടടിക്കുമ്പോള്‍.

തങ്ങള്‍ പിക്‌സല്‍ ഫോണുകള്‍ എന്തിനാണ് ഇറക്കുന്നതെന്ന് ഗൂഗിളിനു പോലും നല്ല നിശ്ചയമില്ലെന്നു ചലര്‍ പറയുന്നു. ആപ്പിളിനെയോ സാംസങ്ങിനെയോ പോലെ മികച്ച ഒരു ഹാര്‍ഡ്‌വെയര്‍ ടീം ഇല്ലാത്തത് കമ്പനിക്ക് പലപ്പോഴും നാണക്കേടുണ്ടാക്കുന്നു. പുതിയ പിക്‌സല്‍ മോഡലുകള്‍ ഇറങ്ങി അധികം താമസിയാതെ തന്നെ അവയുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിലാപങ്ങളും പ്രചരിച്ചു തുടങ്ങും. എന്നിരുന്നാലും പലര്‍ക്കും പിക്‌സല്‍ മോഡലുകള്‍ പ്രിയപ്പെട്ടവയുമാണ്. പ്യുവർ ആന്‍ഡ്രോയിഡിന്റെ അനുഭവം നല്‍കുന്നു. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ മികവ് നല്‍കുന്നു തുടങ്ങിയവയാണ് കേടു വരാത്ത ഫോണ്‍ കിട്ടിയവര്‍ക്ക് ആനന്ദം പകരുന്ന കാര്യങ്ങള്‍. ഇവ പുതിയ ഫോണുകളിലും ലഭിക്കുമെന്നതാണ് ഇവയെ താത്പര്യജനകമാക്കുന്നത്.

പുതിയ ഫോണുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കാണ്. എന്നു കരുതി അവയ്ക്ക് അല്‍പമൂല്ല്യമുള്ള ഫോണാണെന്ന തോന്നല്‍ ഉണ്ടാകുന്നുമില്ല. പ്ലാസ്റ്റിക്കിനു പുറമെ, സ്‌ക്രീനിനു മുകളില്‍ ഗൊറിലാ ഗ്ലാസിന്റെ ആവരണമല്ല ഉപയോഗിച്ചിരിക്കുന്നതെന്നും കാണാം. പകരം ഡ്രാഗണ്‍ട്രെയ്ല്‍ ഗ്ലാസ് (Dragontrail glass) ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം ചിലവു ചുരുക്കലിന്റെ ഭാഗമായാണ് കൊണ്ടുവന്നിരിക്കുന്നത്. എന്നല്‍ 'പിക്‌സല്‍ അനുഭവം' ഏകദേശം പൂര്‍ണ്ണമായി തന്നെ കൊണ്ടുവരാന്‍ കമ്പനിക്കു കഴിഞ്ഞിരിക്കുന്നു എന്നാണ് പലരും പറയുന്നത്. ചെറിയ ലാഗ് തൊന്നാമെങ്കിലും മികച്ച പ്രകടനം തന്നെയാണ് ഇരു മോഡലുകളുടേതും.

ക്യാമറ

ഇതാണ് പിക്‌സല്‍ അനുഭവത്തിന്റെ കേന്ദ്രം. ക്യാമറ ഒന്നേയുള്ളു എന്നതോ, എന്തു ക്യമറയാണ് എന്നതൊ ഒന്നുമല്ല മറിച്ച് മെഷീന്‍ ലേണിങ്ങിന് എടുക്കുന്ന ചിത്രങ്ങളുടെ മികവു വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട് എന്നതാണ് ഇതിന്റെ ഗുണം. പിക്‌സല്‍ 3യുടെ മിക്ക സോഫ്റ്റ്‌വെയര്‍ വേലകളും പുതിയ ഫോണിനും പകര്‍ന്നു കിട്ടിയിട്ടുണ്ട്. ടോപ് ഷോട്ട്, സൂപ്പര്‍ റെസ് സൂം, നൈറ്റ് ഷോട്ട് തുടങ്ങിയവയെല്ലാം ഉണ്ട്. വളരെ വില കൂടിയ ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പുതിയ പിക്‌സല്‍ മോഡലുകളിലെടുക്കുന്ന ചിത്രങ്ങള്‍ക്കാകും. പിക്‌സല്‍ വിഷ്വല്‍ കോര്‍ എന്ന ഹാര്‍ഡ്‌വെയര്‍ വില കുറഞ്ഞ ഫോണുകള്‍ക്കു നല്‍കിയില്ല എന്നതിനാല്‍ ഒറിജിനല്‍ പിക്‌സല്‍ ഫോണുകളുടെയത്ര പ്രവര്‍ത്തന വേഗമുണ്ടാവില്ല. ഒറിജിനല്‍ പിക്‌സലിന് എച്ഡിആര്‍ പ്ലസ് ഫോട്ടോ പ്രോസസിങ്ങിന് വെറും ഒരു സെക്കന്‍ഡ് മതിയായിരുന്നു എങ്കില്‍ പുതിയ മോഡലുകള്‍ക്ക് നാലു സെക്കന്‍ഡ് വരെ വേണ്ടിവരാം. എന്നാല്‍ ഇതൊരു പ്രശ്‌നമാക്കാതെയും ഇരിക്കാം. ഓരോ ഫോട്ടോയും എടുത്ത ശേഷം അതു കാണാന്‍ ശ്രമിക്കാതിരുന്നാല്‍ മതി. വേണ്ട ഫോട്ടോകള്‍ എടുത്ത ശേഷം കാണാന്‍ ശ്രമിച്ചാല്‍ പ്രോസസിങ് ബാക്ഗ്രൗണ്ടില്‍ പൂര്‍ത്തിയായിരിക്കും.

ഇന്നു വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ക്യാമറകള്‍ തന്നെ വേണമെങ്കില്‍ വാവെയ് പി 30 പ്രോ, സാംസങ് ഗ്യാലക്‌സി എസ്10 സീരിസ് തുടങ്ങിയവ പരിഗണിക്കണം. പിക്‌സല്‍ ഫോണുകള്‍ ഉപയോഗിച്ച് ഇഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫോണുകളും ഇഷ്ടപ്പെടും. അല്‍പം സ്പീഡു കുറവും മറ്റു ചില ഫീച്ചറുകളും ഇല്ലെന്നു മാത്രമാണ് പ്രശ്‌നം. എന്നാല്‍, മുന്തിയ ഫോണുകളുടെ മിക്കവാറും എല്ലാ ഫീച്ചറുകളും ആവാഹിച്ചെത്തുന്ന വണ്‍പ്ലസ് 7 പ്രോ പോലെയുള്ള ഫോണുകളോട് എങ്ങനെയാണ് പുതിയ പിക്‌സല്‍ ഫോണുകള്‍ പിടിച്ചുനില്‍ക്കുക എന്ന് അറിയില്ല. 5,000 രൂപയായിരിക്കും വണ്‍പ്ലസ് 7 പ്രോയ്ക്കു കൂടുതല്‍. അത്ര കാശു നല്‍കാനില്ലാത്തവര്‍ക്കായി വണ്‍പ്ലസ് 7ഉം ഉണ്ടാകും. പുതിയ പിക്‌സല്‍ ഫോണുകള്‍ വിജയിക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA