sections
MORE

ഫോണ്‍ വൃത്തിയാക്കാന്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍; വാട്ടര്‍പ്രൂഫ് ഫോണ്‍ കഴുകാമോ?

cleaning-smartphone-screen
SHARE

ടോയ്‌ലറ്റിന്റെ കൈപിടിയേക്കാള്‍ വൃത്തിഹീനമാണ് മിക്കവരുടെയും സ്മാര്‍ട് ഫോണിന്റെ സ്‌ക്രീനെന്നാണ് മുൻപ് നടത്തിയ ഒരു പഠനം പറഞ്ഞത്. ഒരു ദിവസം 80 മുതല്‍ 2,000 തവണ വരെ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ എടുക്കുന്നവര്‍ ലോകത്തുണ്ടെന്നാണ് മറ്റൊരു പഠനം പറയുന്നത്. ഇവരില്‍ പലരും ഭക്ഷണ സമയത്തു പോലും ഫോണ്‍ ഉപയോഗിച്ചേക്കും. ഇതടക്കമുള്ള പല പ്രവര്‍ത്തനങ്ങളും ഫോണില്‍ അഴുക്കു പുരളാനും വൃത്തിഹീനമാകാനും കാരണമാക്കും. പലപ്പോഴും സ്‌ക്രീനിലെ അഴുക്ക്, ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ തുടച്ചു വൃത്തിയാക്കുന്നവരെയാണ് നാം കാണുന്നത്. എന്നാല്‍ ഇതല്ല നല്ല രീതിയെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

സ്‌ക്രീന്‍ വൃത്തിയാക്കാനുള്ള പല നല്ല മാര്‍ഗങ്ങളുമുണ്ട്. അടുത്ത തവണ ഫോണെടുത്ത് വസ്ത്രത്തിൽ തുടയ്ക്കാൻ തോന്നുമ്പോള്‍ ഓർക്കുക, നല്ല ശീലങ്ങൾ നിങ്ങളുടെ വസ്ത്രത്തിനും ഫോണിന്റെ സ്‌ക്രീനിനും ആരോഗ്യം നല്‍കും. ചില ക്ലീനിങ് രീതികള്‍ ഫോണുകളെ നശിപ്പിക്കുകയും ചെയ്യും. പുതിയ ഫോണ്‍ സ്‌ക്രീനുകളിലുള്ള കോട്ടിങ്ങിനെ പല ക്ലീനിങ് രീതികളും നശിപ്പിക്കുമെന്നും ഓര്‍ത്തു വയ്ക്കുക.

വിന്‍ഡോ ക്ലീനര്‍

കണ്ണാടികളും ജനാല ചില്ലുമൊക്കെ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ ഉപയോഗിച്ചു തുടച്ചാല്‍ ഫോണിന്റെ സ്‌ക്രീന്‍ വളരെ വൃത്തിയായി കിട്ടും, പക്ഷേ ചെയ്യരുത്. ആയിരം ഡോളര്‍ തുടക്ക വിലയുള്ള ഐഫോണ്‍ X തുടങ്ങിയ ഫോണുകളുടെ സ്‌ക്രീനിലുള്ള പ്രതിരോധ ആവരണം പല തവണ ഈ രീതിയില്‍ ക്ലീന്‍ ചെയ്തു കഴിഞ്ഞാല്‍ പോകും. ഇത്തരം ദ്രാവകങ്ങള്‍ കോട്ടിങ് ഇളക്കികളയുകയും പിന്നെ സ്‌ക്രീനില്‍ പോറലേല്‍ക്കുന്ന രീതിയിലേക്ക് എത്തുകയും ചെയ്യും. 'പരുക്കന്‍' ക്ലീനറുകള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല.

ഒരു ക്ലീനിങ് ദ്രാവകവും സ്‌ക്രീനിന്റെ പോറല്‍ പ്രതിരോധം (scratch resistance) തകര്‍ത്തേക്കില്ല. പക്ഷേ, അതിന്റെ കോട്ടിങ് ഇളക്കി കളയുമെന്നാണ് ഒരു വാദം. കോട്ടിങ്ങുള്ള ഗ്ലാസില്‍ ഉപയോഗിക്കാന്‍ നല്ലതല്ല ഇത്തരം ദ്രാവകങ്ങള്‍ എന്നു തന്നെയാണ് ആപ്പിളും പറയുന്നത്.

പേപ്പര്‍ ടിഷ്യൂസ്

ഒരിക്കലും ഇവയും ഫോണിന്റെ സ്‌ക്രീന്‍ തുടയ്ക്കാന്‍ ഉപയോഗിക്കരുത്. പേപ്പര്‍ കൊണ്ടു തുടച്ചാല്‍ സ്‌ക്രീനില്‍ അത് പൊടി ബാക്കി വയ്ക്കും. കൂടാതെ സ്‌ക്രീനില്‍ പോറലേല്‍ക്കാനുള്ള സാധ്യതയുമുണ്ട്.

മെയ്ക്-അപ് റിമൂവര്‍

ചില മെയ്ക്-അപ് റിമൂവറുകളില്‍ സ്‌ക്രീനിന്റെ കോട്ടിങ്ങിനു കേടുവരുത്തുന്ന രാസവസ്തുക്കളുണ്ടാകാം. കട്ടിപിടിച്ച കറയാണെങ്കില്‍ പോലും മെയ്ക്-അപ് റിമൂവറിനു പകരം മൃദുവായ തുണിയും പച്ചവെള്ളവും ഉപയോഗിക്കുക.

വിദേശമദ്യം

ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട സ്‌ക്രീന്‍ ക്ലീനിങ് രീതിയായിരുന്നു വിദേശമദ്യം ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക എന്നത്. എന്നാല്‍, ഇനി ഇതും ഉപയോഗിക്കരുതെന്നാണ് പറയുന്നത്. ലോലമായ കോട്ടിങ്ങിന് പ്രശ്നങ്ങളുണ്ടാകും എന്നതാണു കാരണം. ഫോണുകളില്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നു പറയുന്ന ഘടകപദാര്‍ഥങ്ങളാണ് ഉപയോഗിച്ചരിക്കുന്നത് എങ്കില്‍ വേണമെങ്കില്‍ ഉപയോഗിക്കാം. തങ്ങളുടെ ഉപകരണങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ മദ്യം ഉപയോഗിച്ചേക്കരുതെന്ന് ആപ്പിള്‍ പ്രത്യേക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കംപ്രെസു ചെയ്ത വായു

ഇതും ഫോണിന് ഹാനികരമാണ് എന്നാണ് പൊതുവേ പറയുന്നത്. ഫോണിന്റെ മൈക്കിനായിരിക്കും ഇതു ക്ഷതമേല്‍പ്പിക്കുക. കംപ്രെസു ചെയ്ത വായു ഉപയോഗിച്ച് ക്ലീന്‍ ചെയ്യരുതെന്ന് ആപ്പിളടക്കമുള്ള കമ്പനികള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

പാത്രം, കൈ കഴുകാനുള്ള സോപ്

വെള്ളമൊഴിച്ചു നേര്‍പ്പിക്കാതെ ഇവ ഉപയോഗിക്കാനാവില്ല. മിക്ക ഫോണ്‍ കമ്പനികളും പറയുന്നത് ഫോണ്‍ വെള്ളം ഫോണിന്റെയടുത്തേക്ക് അടുപ്പിക്കരുതെന്നാണ്. ഉചിതം അല്‍പം നനച്ച മൃദുവായ തുണി തന്നെ.

വിനാഗിരി

ചിലര്‍ ഇത് ഉത്തമാമാണെന്നു പറയുന്നുണ്ടെങ്കിലും ഏറ്റവും പുതിയ സ്‌ക്രീന്‍ ടെക്‌നോളജിയുള്ള ഫോണുകള്‍ക്ക് ഇത് പറ്റില്ല. ഗ്ലാസ് ഭാഗങ്ങളിലെ ഒലിയോഫോബിക് (oleophobic-എണ്ണവികര്‍ഷക) കോട്ടിങ്ങിന് കേടുവരുത്തുന്നതാണ് മദ്യവും വിനാഗിരിയും. ഫോണിന്റെ മുന്നിലെ ഗ്ലാസ് പ്രതലമൊഴിച്ചുള്ള ഭാഗങ്ങള്‍ വേണമെങ്കില്‍ 50:50 അനുപാതത്തില്‍ വിനാഗിരിയും വെള്ളവും ചേര്‍ത്ത് ക്ലീന്‍ ചെയ്യാമെന്നും പറയുന്നു.

ഡിസ്ഇന്‍ഫക്ടന്റ് വൈപ്‌സ്

പ്രതലങ്ങളിലെ കീടാണുക്കളെ കളയാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരം ഉല്‍പന്നങ്ങളുടെ കൂടുകളില്‍ തന്നെ ഇവ ത്വക്കുമായി സമ്പര്‍ക്കത്തില്‍ വരരുതെന്ന് എഴുതിയിട്ടുണ്ട്. എപ്പോഴും മുഖവുമായി സമ്പര്‍ക്കത്തില്‍ വന്നേക്കാവുന്ന ഫോണിന്റെ സ്‌ക്രീന്‍ ക്ലീന്‍ ചെയ്യാന്‍ ഇത് നല്ലതായിരിക്കില്ല എന്നതിന് മറ്റു തെളിവു വേണ്ടല്ലോ. കൂടാതെ ഇവയിലും വിദേശമദ്യത്തിന്റെ ഉള്ളടക്കവും ഉണ്ട്. ഇത് കോട്ടിങ്ങിനു കേടുവരുത്തും.

വിരല്‍പ്പാടുകള്‍ എങ്ങനെ നീക്കം ചെയ്യാം?

ത്വക്കില്‍ നിരന്തരം എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ സ്‌ക്രീനില്‍ വിരലടയാളങ്ങള്‍ പതിയാതെ സൂക്ഷിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നു പറഞ്ഞാല്‍ ഓരോ തവണ ഫോണ്‍ എടുക്കുമ്പോഴും അതിലാകമാനം വിരലടയാളങ്ങള്‍ പതിയും. ഇതു ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗം മൈക്രോഫൈബര്‍ തുണി തന്നെയാണ്. വശങ്ങളും പിന്‍ പ്രതലവും തുടയ്ക്കാനും ഇതു തന്നെയാണ് ഉചിതം. എന്നാല്‍, സ്‌ക്രീനില്‍ നീക്കം ചെയ്യാന്‍ പറ്റാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ മൈക്രോഫൈബര്‍ തുണി, ശുദ്ധി ചെയ്ത വെള്ളം ഉപയോഗിച്ച് അല്‍പം നനച്ച ശേഷം ഉപയോഗിക്കുന്നതും നന്നായിരിക്കും.

അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്ന ഫോണ്‍ സോപ് (PhoneSoap) എന്ന ഉപകരണം ഉപയോഗിച്ചാല്‍ ബാക്ടീരിയകളെ കൊല്ലാമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍, അതിന് അധിക ചിലവാകുമെന്നതിനാല്‍ പലര്‍ക്കും ആകര്‍ഷകമായിരിക്കില്ല.

മെയ്ക്ക്-അപ് ഉപയോഗിക്കുന്നവരുടെ ഫോണില്‍ അതു പറ്റാതിരിക്കണമെങ്കില്‍ ഹെഡ് ഫോണ്‍ ഉപയോഗിക്കേണ്ടി വരും. അതല്ലെങ്കില്‍ നേരത്തെ പറഞ്ഞതു പോലെ മൈക്രോഫൈബര്‍ തുണി നനച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. പലരും മുഖത്തെ മെയ്ക്-അപ് നീക്കം ചെയ്യുന്ന രീതിയില്‍ തന്നെ ഫോണില്‍ പറ്റിയിരിക്കുന്നതും നീക്കം ചെയ്യാന്‍ ശ്രമിക്കും. ഇത് ആശാസ്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

വാട്ടര്‍പ്രൂഫ് ഫോണുകള്‍ കഴുകിയെടുക്കാമോ?

നിങ്ങളുടെ ഫോണിന് ഐപി67 അല്ലെങ്കില്‍ അതിനു മേലെ വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ടെങ്കില്‍ അതില്‍ വെള്ളം കയറില്ലെന്നാണ് പറയുന്നത്. ഐഫോണ്‍ 7 മുതലും പുതിയ ഗ്യാലക്‌സി S സീരിസുമെല്ലാം മൂന്നടി താഴ്ചയില്‍ വരെ വെള്ളത്തില്‍ 30 മിനിട്ട് കിടന്നാലും കുഴപ്പമില്ലെന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ ഇവയൊക്കെ ടാപ്പിന്റെ മുന്നില്‍ കാണിച്ചോ, ഒരു പാത്രത്തില്‍ വെള്ളമെടുത്തോ അങ്ങു കഴുകിയെടുത്താല്‍ പോരെ? ഇങ്ങനെ ചെയ്യുമ്പോള്‍ ചാര്‍ജിങ് പോര്‍ട്ടില്‍ വെള്ളം കയറും. അത് പൂര്‍ണമായും പോകുന്നതു വരെ ചാര്‍ജ് ചെയ്യാനാവില്ല എന്നതാണ് പ്രധാന പ്രശ്‌നം. (വയര്‍ലെസ് ചാര്‍ജര്‍ ഉപയോഗിക്കാം.) അതു കൊണ്ട് നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. വാട്ടര്‍ റെസിസ്റ്റന്റ് ഫോണ്‍ മേടിച്ചാല്‍ യാദൃച്ഛികമായി വെള്ളത്തില്‍ ചാടിയാല്‍ കുഴപ്പം വരില്ലെന്ന സമാധാനം കിട്ടുമെന്നല്ലാതെ അതിനെ നീന്താന്‍ പഠിപ്പിക്കാമെന്നു കരുതരുതെന്നാണ് മുന്നറിയിപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA