sections
MORE

ഫീച്ചറുകൾ കുത്തിനിറച്ച് വൺപ്ലസ് 7 പ്രോ, മികവില്‍ അത്യുജ്വലം, വില നിരാശപ്പെടുത്തി

oneplus-7-pro
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു. വണ്‍പ്ലസ് 7 പ്രോ എന്ന പേരിൽ അവതരിപ്പിച്ച ഫോണിന്റെ പ്രത്യേകതകളിൽ ഒന്ന് പോപ്-അപ് ക്യാമറയാണ്. പലരും പോപ്-അപ് ക്യാമറകളുള്ള ഫോണ്‍ വാങ്ങുന്നില്ലെന്നു വയ്ക്കുന്നതിന്റെ കാരണം അത് താഴെ വീണാല്‍ ഒടിഞ്ഞു പോകില്ലേ എന്നതാണ്. എന്നാൽ വണ്‍പ്ലസിന്റെ പുതിയ ഫ്ലാഗ്ഷിപ് ഫോണിന്, താഴേക്കു വീഴുന്ന കാര്യം തിരിച്ചറിഞ്ഞ് സെല്‍ഫി ക്യാമറയെ അകത്തേക്ക് ഒളിപ്പിക്കാൻ സാധിക്കും!

അമിത സ്മാര്‍ട് ഫോണ്‍ ഉപയോഗമാണ് ഇന്നു പലരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്ന്. ഇതിനെതിരെ പല രീതിയിലുള്ള മാര്‍ഗങ്ങള്‍ ടെക് കമ്പനികള്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കിലും അവയൊന്നും അത്ര സഫലമാണെന്നു പറഞ്ഞു കൂടാ. വണ്‍പ്ലസ് മറ്റാരും ചെയ്യാത്ത ഒരു ട്രിക്കുമായാണ് എത്തുന്നത്-സെന്‍ മോഡ്. സെന്‍ മോഡ് ആക്ടിവേറ്റു ചെയ്തു കഴിഞ്ഞാല്‍ 20 മിനിറ്റ് നേരത്തേക്ക് എന്തൊക്കെ ചെയ്താലും ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല!

ഇത്തരം സോഫ്റ്റ്‌വെയര്‍ മോഡുകള്‍ക്കപ്പുറം നിരവധി ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളുമായാണ് വണ്‍പ്ലസിന്റെ ഈ വര്‍ഷത്തെ മോഡലുകള്‍ ഇറങ്ങിയിരിക്കുന്നത്. ഇതാദ്യമായാ‌ണ് കമ്പനി ഒന്നിലേറെ മോഡലുകള്‍ ഒരേ സമയം അവതരിപ്പിക്കുന്നതു തന്നെ. വണ്‍പ്ലസ് 7 പ്രോ, വണ്‍ പ്ലസ് 7 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ക്കു പേരിട്ടിരിക്കുന്നത്. പുതിയ ഫോണുകളെപ്പറ്റി ശുഭ വാര്‍ത്തയും അശുഭ വാര്‍ത്തയും ഉണ്ട്. ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഏറ്റവും മികച്ച വണ്‍പ്ലസ് മോഡല്‍, ലോകത്ത് ഇന്നുള്ള ഏതു സ്മാര്‍ട് ഫോണിനൊപ്പമോ, ചില കാര്യങ്ങളില്‍ മെച്ചമായോ പ്രവര്‍ത്തിക്കുന്ന ഫോണ്‍ എന്നതൊക്കെ മികവുകളാണെങ്കിലും പ്രോ മോഡലുകളുടെ വില കൂട്ടിത്തന്നെയാണ് കമ്പനി ഇട്ടിരിക്കുന്നതെന്നത് വണ്‍പ്ലസ് പ്രേമികള്‍ക്ക് ഇഷ്ടക്കുറവിനു കാരണമായേക്കാം. എന്നാല്‍ സാംസങ് ഗ്യാലക്‌സി എസ് 10 പ്ലസിന്റെയും മറ്റും മികച്ച ഫീച്ചറുകള്‍ ചേര്‍ത്താണ് ഇതു നിര്‍മിച്ചിരിക്കുന്നതെന്നതും അത്തരം ഫോണുകളെക്കാള്‍ വിലകുറവാണ് എന്നതും പണമുള്ളവർക്ക് ഇഷ്ടപ്പെടുകയും ചെയ്യും.

വണ്‍പ്ലസ് 7 പ്രോ സ്‌പെസിഫിക്കേഷന്‍സ്

6.67-ഇഞ്ച് ക്യുഎച്ഡിപ്ലസ്, 90 ഹെര്‍ട്‌സ് ഡിസ്‌പ്ലെ; ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍, 12ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 48എംപി + 8എംപി+ 16എംപി പിന്‍ ക്യാമറ സിസ്റ്റം, 16 എംപി സെല്‍ഫി ക്യാമറ, 4,000 എംഎഎച് ബ്ാറ്ററി, ഓക്‌സിജന്‍ ഓഎസ് 9.5.

എടുത്തു പറയേണ്ട മികച്ച രണ്ടു ഫീച്ചറുകള്‍

സ്മാർട് ഫോൺ വിപണിയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്തതാണ് യുഎഫ്എസ് 3 സ്റ്റോറേജ് ചിപ്പ്. സാംസങ്ങിന്റെ ഫോൾഡബിൾ ഫോണില്‍ യുഎഫ്എസ് 3 ഉൾപ്പെടുത്തിയിരുന്നുവെങ്കിലും വിപണിയിൽ ഇറങ്ങിയിട്ടില്ല. വണ്‍പ്ലസ് മോഡലുകള്‍ക്ക് അതിവേഗം, എന്നു പറഞ്ഞാല്‍ ഈ സാങ്കേതികവിദ്യ ഇല്ലാത്ത ഏതു ഫോണിന്റെയും ഇരട്ടി വേഗത്തില്‍ ഡേറ്റ പകര്‍ത്തിയെടുക്കാനാകും. ഡോള്‍ബി അറ്റ്‌മോസ് സ്റ്റെറിയോ സ്പീക്കറുകളുടെ സാന്നിധ്യവും പുതിയ അമോലെഡ് സ്‌ക്രീനിന്റെ മികവും ഒത്തു ചേരുമ്പോള്‍ ലഭിക്കുന്നത് അതിഗംഭീരമായ ദൃശ്യ-ശ്രാവ്യ മികവാണ്. സിനിമ കാണല്‍ മറ്റൊരു തലത്തിലേക്ക് എത്തിക്കും. സെല്‍ഫി ക്യാമറയും നോച്ചും സ്‌ക്രീനില്‍ നിന്നു മാറിയത് കൂടുതല്‍ ഭംഗി വരുന്നതായി തോന്നും. സ്‌ക്രീനിനു നല്‍കിയിരിക്കുന്നത് 90 ഹെഡ്‌സ് അമോലെഡ് ഡിസപ്ലെയാണ് ((3,120 x 1,440). അസൂസ് റോഗ് ഫോണ്‍, നൂബിയ റെഡ് മാജിക് 3 തുടങ്ങിയ ഗെയ്മിങ് ഫോണുകളിലാണ് ഇത്ര കൂടിയ റിഫ്രഷ് റെയ്റ്റ് ഇതിനു മുൻപ് കണ്ടിട്ടുള്ളത്. എന്നാല്‍, അവയുടെ റെസലൂഷന്‍ ഫുള്‍ എച്ഡി മാത്രമാണ്. ആദ്യമായിട്ടാണ് ഇത്രയും മികച്ച ഒരു സ്‌ക്രീന്‍ വണ്‍പ്ലസ് അവതരിപ്പിക്കുന്നത്. എച്ഡിആര്‍10 പ്ലസ് ഫീച്ചറും ഒത്തുചേരുമ്പോള്‍ അത്യുജ്വലമായ സ്‌ക്രീന്‍ അനുഭവമാണ് വണ്‍പ്ലസ് 7 പ്രോ നല്‍കുന്നത്. ഈ സ്‌ക്രീന്‍ കുറച്ചു നേരം ഉപയോഗിച്ച ശേഷം മറ്റു മികച്ച ഫോണുകള്‍ പോലും ഉപയോഗിച്ചാല്‍ വ്യത്യാസം പെട്ടെന്നു മനസ്സിലാകും.

സ്‌ക്രീന്‍ അനുഭവം അത്രമേല്‍ വശ്യമായി തോന്നുന്നതിന്റെ മറ്റൊരു കാരണം, ഹാര്‍ഡ്‌വെയറിന്റെ കരുത്തും ആന്‍ഡ്രോയിഡ് 9 പൈ കേന്ദ്രമാക്കി നിര്‍മിച്ച ഓക്‌സിജന്‍ ഒഎസിന്റെ പ്രകടനവും കൂടിയാണ്. സ്‌ക്രീനില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് മറ്റൊരു ഫീച്ചര്‍. വണ്‍പ്ലസ് 6ടി യില്‍ ഇത് അത്ര മികച്ചതായിരുന്നില്ല. പക്ഷേ, പുതിയ ഫീച്ചര്‍ വാവെയ് പി30 പ്രോയെക്കാള്‍ മികച്ചതാണ്.

ചാര്‍ജിങ്, ബാറ്ററി

ഭാരക്കൂടുതലുള്ള ഒരു ഫോണാണ് വണ്‍പ്ലസ് 7 പ്രോ. 206ഗ്രാം തൂക്കമാണുള്ളത്. ഇതിനു കാരണം 4,000 എംഎഎച് ബാറ്ററി അടക്കം ചെയ്തിരിക്കുന്നതാണ്. 30W വാര്‍പ് ചാര്‍ജ് അഡാപ്്റ്ററാണ് ഫോണിനൊപ്പം ലഭിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. തലേ ദിവസം ചാര്‍ജ് ചെയ്തു വയ്ക്കാന്‍ മറന്നു പോകുന്ന സ്വഭാവമുള്ളവര്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും. എട്ടു മിനിറ്റിനുള്ളില്‍ 20 ശതമാനം ചാര്‍ജ് കയറും. ഫാസ്റ്റ് ചാര്‍ജിങ് ആണെങ്കിലും ഫോണോ, ചാര്‍ജറോ ചൂടാകുന്നില്ല എന്നതും മികവുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ധാരാളമായി ഉപയോഗിച്ചാലും ഏകദേശം 12 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് ആദ്യ അനുഭവം.

പോപ്-അപ് ക്യാമറ

oneplus-7-cam

16 മെഗാപിക്‌സല്‍ ക്യാമറയാണ് സെല്‍ഫി ക്യാമറയ്ക്ക്. 300,000 തവണ പോപ്-അപ് ചെയ്താലും ഇതു തകരാറിലാവില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അമിതമായി ഉപയോഗിച്ചാലും അഞ്ചു വര്‍ഷത്തേക്ക് പോപ്-അപ് മെക്കാനിസത്തിന് പ്രശ്‌നമുണ്ടാവില്ലെന്നു പറയുന്നു. ചെറിയ തട്ടും മുട്ടുമൊന്നും പ്രശ്‌നമാക്കേണ്ട എന്നും അവര്‍ പറയുന്നു. കമ്പനി പുറത്തു വിട്ട ഒരു വിഡിയോയും ഉണ്ട്. 49.2 പൗണ്ട് ഭാരമുള്ള ഒരു സിമന്റുകട്ട ഈ പോപ്-അപ് ക്യാമറ ഉയര്‍ത്തുന്നതായാണ് കാണിക്കുന്നത്. https://bit.ly/2VACbEG

എന്നാല്‍ ഇത്തരം അവകാശവാദങ്ങളെ എത്ര വിശ്വസിക്കാം എന്നറിയില്ല. തങ്ങളുടെ ഫോള്‍ഡബിൾ ഫോണ്‍ 200,000 തവണ മടക്കുകയും തുറക്കുകയും ചെയ്യാമെന്നു പറഞ്ഞാണ് സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ചത്. റിവ്യൂ ഹാന്‍ഡ്‌സെറ്റുകളില്‍ പോലും ചുളുക്കു വീണതിലാന്‍ അതിന്റെ വില്‍പന കമ്പനി മാറ്റിവച്ചതു തന്നെ ഉദാഹരണം. എന്തായാലും വണ്‍പ്ലസിന്റെ പോപ്-അപ് ക്യാമറയുടെ സ്ലൈഡര്‍ മെക്കാനിസത്തിനിടയില്‍ പൊടിയും അഴുക്കും ദ്രാവകങ്ങളും കയറി പ്രശ്‌നമാകില്ലേ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

പ്രകടനത്തില്‍ വണ്‍പ്ലസ് 6ടി യുടെ ക്യാമറയെക്കാള്‍ മികച്ചതാണിതെന്നു പറയാം. പഴയ മോഡലില്‍ ചിലപ്പോഴെങ്കിലും വ്യക്തതയില്ലാത്ത സെല്‍ഫികള്‍ റെക്കോഡു ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ആ പ്രശ്‌നം ഇല്ലാതാക്കിയിരിക്കുന്നു.

പിന്‍ ക്യാമറ സിസ്റ്റം

oneplus-7-camera

48-എംപി ക്യാമറ സെന്‍സറാണ് പ്രധാന ക്യാമറയ്ക്കുള്ളത്. എച്ഡിആര്‍ ഷോട്ടുകള്‍ വണ്‍പ്ലസ് 6ടി ഫോണിനെക്കാള്‍ നല്ല രീതിയില്‍ പ്രോസസ് ചെയ്യുന്നു. വെളിച്ചക്കുറവും കൂടുതലുമുള്ള ഭാഗങ്ങള്‍ സാമാന്യം തൃപ്തികരമായ രീതിയില്‍ ഒപ്പിയെടുക്കുന്നു. പകല്‍ വെളിച്ചത്തില്‍ പച്ചപ്പ് പകര്‍ത്തുന്നതില്‍ ഏറ്റവും മികച്ച ക്യാമറ ഫോണുകളെക്കാള്‍ മെച്ചാമാണ് ഈ ക്യാമറ എന്നാണ് ആദ്യ ടെസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. വാവെയ് പി30 പ്രോ ക്യാമറയിലെടുത്ത സമാനാമായ ചിത്രത്തിന് കുറച്ചു നിറം നഷ്ടപ്പെട്ടു പോയ അനുഭവം ഉണ്ടെങ്കില്‍, ഐഫോണ്‍ എക്‌സ്എസ് മാക്‌സിന്റെ ചിത്രങ്ങള്‍ യാഥാര്‍ഥ്യത്തില്‍ നിന്നു അകന്നു നില്‍ക്കുന്നതു പോലെയുള്ള അനുഭവമാണ് നല്‍കിയത്.

രാത്രി ചിത്രങ്ങളും മികച്ചതാണ്. 48 എംപി സെന്‍സറില്‍ ഉപയോഗിച്ചിരിക്കുന്ന പിക്‌സല്‍ ബിനിങ് സാങ്കേതിക വിദ്യയുടെ മികവാണിത്. പ്രോ മോഡില്‍ മാക്രോ ഷോട്ടുകളും പകര്‍ത്താം. പ്രധാന ക്യാമറയ്ക്കും ടെലി ഫോട്ടോ ലെന്‍സിനും (78എംഎം, 8എംപി) ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. 13 എംഎം അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് മൂന്നാമത്തെ ക്യാമറ. 16എംപി സെന്‍സറുള്ള ഈ ക്യാമറയ്ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. 4കെ/60പി വിഡിയോ ഫോണിന്റെ സ്‌ക്രീനില്‍ കാണാന്‍ ഉജ്വലമാണ്.

വെളിച്ചക്കുറവുള്ള സമയത്തെടുക്കുന്ന ചിത്രങ്ങളും മികച്ചാതണെന്നു കണ്ടല്ലോ. എന്നാല്‍ വെളിച്ചം വീണ്ടും കുറയുന്ന സമയത്ത് എടുക്കുന്ന ചിത്രങ്ങള്‍ക്ക് വാവെയും പിക്‌സല്‍ 3യും എന്തിന് അടുത്തിടെ പുറത്തിറക്കിയ പിക്‌സല്‍ 3എ വരെ ഈ ഫോണിനെക്കാള്‍ മികച്ച ചിത്രങ്ങള്‍ എടുക്കും. മറ്റൊരു പ്രശ്‌നം അകലെയുള്ള വസ്തുക്കളുടെ വിശദാംശങ്ങള്‍ നശിക്കുന്നുണ്ടോ എന്ന സംശയമാണ്. ഉദാഹരണത്തിന് വളരെ അകലെയുള്ള ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ക്ക് വ്യക്തത കുറവുണ്ടെന്നാണ് തോന്നുന്നത്. വണ്‍പ്ലസ് 6ടി യോടു താരതമ്യം ചെയ്യുമ്പോള്‍ പോലും ഇതു കാണാം. പിക്‌സല്‍ ബിനിങ്ങിന്റെ ഒരു ദൂഷ്യമാണിത്. സൂമിന്റെ കാര്യത്തില്‍ പി30 പ്രോ മികച്ചു നില്‍ക്കുന്നു. പൊതുവെ പറഞ്ഞാല്‍ നിലവിലുള്ള ഏതു മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറയുക്കുമൊപ്പമുള്ള പ്രകടനം പ്രതീക്ഷിക്കാം. പരസ്യത്തിനു വേണ്ടി നേരത്തെ ചെയ്യിച്ചതാകാം, എങ്കിലും ഈ ഫോണിന്റെ ക്യാമറയിലെടുത്ത ഫോട്ടോകള്‍ ചില മാസികകളുടെ കവര്‍ ചിത്രങ്ങള്‍ പോലുമാക്കി കഴിഞ്ഞു.

വണ്‍പ്ലസ് 7

182 ഗ്രാം തൂക്കമുള്ള ഈ ഫോണിന്, 6.4-ഇഞ്ച് വലുപ്പമുള്ള ഒപ്ടിക് അമോലെഡ് സ്‌ക്രീനാണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 855 ആണ് ശക്തി പകരുന്നത്. 8ജിബി വരെ റാമും, 256 ജിബി വരെ സ്റ്റോറേജ് ശേഷിയുമുണ്ട്. 48എംപി, 5എംപി എന്നീ രണ്ടു ക്യാമറകളടക്കുന്ന ഇരട്ട ക്യാമറ സിസ്റ്റമാണിതിന്. 16എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ഇരു ഫോണുകള്‍ക്കും ഇക്കാലത്തെ ഏത് ആധുനിക ഫോണിലും പ്രതീക്ഷിക്കുന്ന കണക്ടിവിറ്റി ഫീച്ചറുകളടക്കം എല്ലാം ഉണ്ട്.

വില

oneplus-7

വണ്‍പ്ലസ് 7

6ജിബി/128ജിബി- 32,999 രൂപ
8ജിബി/256ജിബി- 37,999 രൂപ

വണ്‍പ്ലസ് 7 പ്രോ

6ജിബി/128ജിബി- 48,999 രൂപ
6ജിബി/250ജിബി- 52,999 രൂപ
12ജിബി/256ജിബി- 57,999

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് വണ്‍പ്ലസ്. ഇന്ത്യയിലെ പ്രീമിയം ഫോണ്‍ പ്രേമികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കമ്പനിയുമാണിത്. എന്നാല്‍ അവരുടെ ചരിത്രത്തിലാദ്യമായാണ് വണ്‍പ്ലസ് 7 പ്രോയുടെയത്ര വിലയുള്ള ഫോണ്‍ ഇറക്കുന്നത്. എന്നാല്‍, ഇന്നേവരെ ഇറങ്ങിയിരിക്കുന്നവയില്‍ വച്ച് ഏറ്റവും മികച്ച വണ്‍പ്ലസ് മോഡലാണിതെന്നു നിസംശയം പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA