sections
MORE

പിക്‌സല്‍ 4 മോഡല്‍ അബദ്ധത്തിൽ പുറത്തുകാണിച്ചോ? ചിത്രങ്ങള്‍ പറയുന്നതെന്ത്?

google-io-pixel-4
SHARE

ഐഫോണുകളോ, എന്തിന് സാംസങ്ങിന്റെ മുന്‍നിര ഫോണുകളോ എല്ലാം പുറത്തിറക്കുമ്പോള്‍ നടക്കുന്ന ആഘോഷം ഗൂഗിള്‍ കമ്പനിയുടെ പിക്‌സല്‍ മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ ഉണ്ടാവാറില്ല. എന്നാലും ഇവയെക്കുറിച്ചുളള വാര്‍ത്തകളും അതീവ താത്പര്യത്തോടെയാണ് സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ കേള്‍ക്കാറ്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയില്‍ ഇനി എന്തു മാസ്മര പ്രകടനമാണ് ഗൂഗിള്‍ നടത്തുക? കലര്‍പ്പില്ലാത്ത ആന്‍ഡ്രോയിഡ് ഒഎസിലെ പുതിയ ഫീച്ചറുകള്‍, ഗൂഗിള്‍ അസിസ്റ്റന്റിന്റെ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ ഫോണുകല്‍ ഇറങ്ങുമ്പോള്‍ മനസ്സിലാക്കാനാകും എന്നതാണ് കാരണം. ഈ വര്‍ഷത്തെ പ്രധാന പിക്‌സല്‍ മോഡലുകളായിരിക്കും പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ്എല്‍ എന്നിവ. അവ എന്ന് ഔദ്യോഗികമായി പുറത്തിറക്കും എന്നതിനെപ്പറ്റി സ്ഥിരീകരിച്ച വാര്‍ത്തകള്‍ വന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം തങ്ങളുടെ ഡെവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ നടത്തിയ കോണ്‍ഫറന്‍സില്‍, യാദൃശ്ചികമായി പിക്‌സല്‍ 4 മോഡല്‍ കാണിച്ചോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ വിഡിയോയാണ് ഈ സംശയത്തിനു പിന്നില്‍.

നിങ്ങള്‍ ഗൂഗിളിന്റെ ഡെലവപ്പര്‍ കോണ്‍ഫറന്‍സ് വിഡിയോ മുഴുവന്‍ കുത്തിയിരുന്നു കണ്ടയാളാണെങ്കില്‍ പോലും പിക്‌സല്‍ ഫോണ്‍ പ്രത്യക്ഷപ്പെട്ടുവെന്നു കരുതുന്ന നിമിഷങ്ങള്‍ മനസ്സിലായിട്ടുണ്ടാകാന്‍ വഴിയില്ല. ഗൂഗിള്‍ അതേപ്പറ്റി ഒരക്ഷരം മിണ്ടിയില്ല എന്നതാണ് കാരണം. ഗൂഗിള്‍ അസിസ്റ്റന്റിന്റെ അടുത്ത വേര്‍ഷന്‍, സ്‌കോട്ട് ഹോഫ്മാന്‍ പരിചയപ്പെടുത്തുന്നിടത്താണ് പിക്‌സല്‍ 4 എത്തിയത്. ഈ സമയത്ത് ഗൂഗിളിന്റെ ഒരു പ്രതിനിധി വേദിയിലെത്തുകയും അസിസ്റ്റന്റിന്റെ പ്രകടനം എത്ര സുഗമായിരിക്കുമെന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്നു. മുന്‍ വേര്‍ഷനെക്കാള്‍ പത്തിരട്ടി വേഗമായിരിക്കും അടുത്ത വേര്‍ഷന് ഉണ്ടാകുക. ഗൂഗിള്‍ അസിസ്റ്റന്റിന്റെ അടുത്ത തലമുറയെ പരിചയപ്പെടുത്താനായി ഒരു ഫോണ്‍ കാണിക്കുന്നുണ്ട്. ഇത് പിക്‌സല്‍ 3 സീരിസിലുള്ള ഒരു ഫോണ്‍ ആയിരുന്നില്ല. മറിച്ച് ഇത് പിക്‌സല്‍ 4 ആയിരുന്നിരിക്കാം എന്നാണ് സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ പറയുന്നത്. ഫോണ്‍ മൊത്തത്തില്‍ ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്നതാണ് സംശയം ഇരട്ടിക്കാനുള്ള ഒരു പ്രധാന കാരണം.

കവറില്‍ കിടക്കുന്ന ഫോണിന്റെ പിന്‍ ക്യാമറ സിസ്റ്റം മറച്ചു വച്ചു തന്നെയാണ് പ്രദര്‍ശിപ്പിച്ചതെന്നും കാണാം. എന്നാല്‍ ഇതിന്റെ എല്‍ഇഡി ഫ്ലാഷ് പ്രദര്‍ശിപ്പിച്ചിരുന്നു. വോയ്‌സ് കമാന്‍ഡിലൂടെ ഗൂഗിള്‍ അസിറ്റന്റ് ഫ്ലാഷ് ഓണ്‍ ചെയ്യുകയും ഓഫു ചെയ്യുകയും ചെയ്യുന്നതു കാണിക്കാനായിരുന്നു അത്. ഈ വിഡിയോയുടെ 23-ാം മിനിറ്റില്‍ ഈ ഭാഗം കാണാം: https://bit.ly/30gdFHE

തന്റെ ഡെമോ അവസാനിപ്പിക്കാറാകുന്ന സമയത്ത് ഫോണ്‍ തിരിച്ചു പിടിച്ച് ഒരു സെല്‍ഫി എടുക്കാന്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെടുന്നുമുണ്ട്. ആസമയത്ത് മുന്‍ക്യാമറ അവിടെ കൂടിയിരുന്നവരുടെ നേര്‍ക്കു തിരിച്ചു പിടിക്കുന്നതു കാണാം. ഒപ്പം സ്‌ക്രീനിന്റെ ഭാഗവും കാണാം. ഡിസ്‌പ്ലെയുടെ മുകള്‍ ഭാഗത്ത് നോച് ഇല്ല. ഇത് പിക്‌സല്‍ 4ന്റെ പ്രോട്ടോടൈപ് (പൂര്‍ണ്ണമാക്കാത്ത മൂല രൂപം) ആയിരിക്കാമെന്നും അതിനാല്‍ പിന്‍ ക്യാമറ പിടിപ്പിക്കാത്തതാകാമെന്നും വാദമുണ്ടെങ്കിലും, ഇത് പിക്‌സല്‍ 4 തന്നെയാകാനാണു വഴി എന്നാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്. പുതിയ മോഡലുകളുടെ അവതരണം അടുത്തു എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. വേദിയിലെത്തിയത് ടെസ്റ്റ് മോഡിലുള്ള ഫോണോ, അല്ലെങ്കില്‍ പൂര്‍ണ്ണമായും നിര്‍മാണം പൂര്‍ത്തിയായ വേര്‍ഷന്‍ തന്നെയോ ആയിരിക്കാം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഓണ്‍ലൈനിലെത്തിയ ചില അഭ്യൂഹങ്ങള്‍ പറയുന്നത് പിക്‌സല്‍ 4 മോഡലുകളില്‍ നോച് കണ്ടേക്കില്ല എന്നാണ്. എന്നാല്‍, ഇരട്ട പിന്‍ ക്യാമറകള്‍ കണ്ടേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐഫോണടക്കമുള്ള പല ഫോണുകളും ടെലി ലെന്‍സ് പിടിപ്പിച്ചിട്ടും ഗൂഗിള്‍ അത്തരമൊരു ശ്രമം നടത്തിയിരുന്നില്ല. അവരാകട്ടെ ഗുണമേന്മ നഷ്ടപ്പെടാത്ത ഡിജിറ്റല്‍ സൂം എന്ന ആശയത്തെ പുല്‍കുകയായിരുന്നു. പിക്‌സല്‍ 4 മോഡലിന്‍ ഇരട്ട ക്യാമറകളുണ്ടെങ്കില്‍ അവയില്‍ ഒന്ന് ടെലി ലെന്‍സ് ആയിരിക്കുമെന്ന് ഉറപ്പിച്ചു പറയാനൊന്നും ആവില്ല. ടെലി പ്രകടനത്തിനായി ഗൂഗിള്‍ വീണ്ടും ഡിജിറ്റല്‍ സൂമിനെ ആശ്രയിക്കുകയും രണ്ടാം ലെന്‍സായി ഒരു അള്‍ട്രാ വൈഡ് ആങ്ഗിള്‍ ലെന്‍സ് പിടിപ്പിച്ചാലും അതില്‍ അദ്ഭുതപ്പെടാനില്ല. എന്തായാലും പിന്‍ ക്യാമറാ സിസ്റ്റം ആരുടെയും കണ്ണില്‍ പെടേണ്ടെന്ന തീരുമാനം തന്നെയാകാണം അതു മറച്ചു വയ്ക്കാനുണ്ടായ കാരണമെന്ന് പറയുന്നു. പുതിയ മോഡലുകള്‍ സെപ്റ്റംബറിലായിരിക്കും പുറത്തിറക്കുക എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. വേദിയില്‍ കാണിച്ചത് പിക്‌സല്‍ 4 അല്ലാതിരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു എന്ന കാര്യം വിസ്മരിച്ചു കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA