ADVERTISEMENT

ഏകദേശം 15,000 രൂപയ്‌ക്കൊ അതില്‍ താഴെയോ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പല മോഡലുകളും പരിഗണിച്ച ശേഷം അന്ന് വിപണിയിലുള്ള റെഡ്മി നോട്ട് മോഡല്‍ വാങ്ങുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷം കണ്ടിരുന്നത്. ഈ വര്‍ഷം മുതല്‍ ഷവോമിയുടെ റെഡ്മി നോട്ട് സീരിസിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ തന്നെ ഉദ്ദേശിച്ചാണ് ഒപ്പോ കമ്പനിയുമായി അടുത്ത സഹകരണമുളള റിയല്‍മി ബ്രാന്‍ഡ് കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയില്‍ അവതരിപ്പിച്ച റിയല്‍മി X എന്ന മോഡല്‍ റെഡ്മി നോട്ട് 7 പ്രോയോട് നേരിട്ട് ഏറ്റുമുട്ടാനായി ഇറക്കിയതാണത്രെ. ഈ മോഡല്‍ അധികം താമസിയാതെ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമെന്ന് റിയല്‍മിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ മാധവ് സേത്ത് ട്വീറ്റു ചെയ്തിരിക്കുകയുമാണ്. ഇരു മോഡലുകളുടെയും സ്‌പെസിഫിക്കേഷന്‍ പരിശോധിക്കാം.

വില

റിയല്‍മി Xന്റെ 4ജിബി/64ജിബി വേരിയന്റിന് ഏകദേശം 15,000 രൂപയായിരിക്കും വില. 6 ജിബി/ 64ജിബി വേരിയന്റിന് ഏകദേശം 16,000 രൂപയും, 8ജിബി/128ജിബി വേരിയന്റിന് 18,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. 

റെഡ്മി നോട്ട് 7പ്രോ ഇപ്പോള്‍ത്തന്നെ വാങ്ങാം. ഇതിന്റെ 4 ജിബി റാം മോഡലിന് 13,999 രൂപയാണു വില. 6 ജിബി/128ജിബി വേരിയന്റിന് 16,999 രൂപയും നല്‍കണം.

സ്‌ക്രീന്‍

റിയല്‍മി Xന് 6.5-ഇഞ്ച് വലുപ്പമുള്ള, ബെസല്‍ കുറച്ച, നോച്ച് ഇല്ലാത്ത, അമോലെഡ് ഡിസ്‌പ്ലെയാണുള്ളത് (2340×1080 പിക്‌സല്‍ റെസലൂഷന്‍). കമ്പനി ഇറക്കുന്ന ആദ്യ ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയാണിത്. പോപ്-അപ് സെന്‍ഫി ക്യാമറയാണ് ഇതിന്റെ സവിശേഷതകളിലൊന്ന്. ആദ്യമായാണ് ഇത്ര വില താഴ്ത്തി പോപ്-അപ് ക്യാമറയുള്ള ഒരു ഫോണ്‍ വിപണിയിലെത്തുന്നത്.

റെഡ്മി നോട്ട് 7 പ്രോയ്ക്ക് 6.3 ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഉളളത്. 19.5:9 അനുപാതത്തിലുള്ള ഈ സ്‌ക്രീനിനു വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച് ഉണ്ട്. ഇവിടെ റിയല്‍മി കൂടുതല്‍ മികച്ച സ്‌ക്രീനും, നോച് ഇല്ലാത്ത ഡിസ്‌പ്ലെയുമായി റെഡ്മി നോട്ട് 7 പ്രോയെക്കാള്‍ മികച്ചു നില്‍ല്‍ക്കുന്നു എന്നാണ് പറയുന്നത്.

മുന്‍ ക്യാമറ

ഈ രണ്ടു മോഡലുളും തമ്മില്‍ എടുത്തുകാണിക്കാവുന്ന പ്രധാന വ്യത്യാസം തന്നെ സെല്‍ഫി ക്യാമറയാണ്. ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്നു വരുന്ന റിയല്‍മി Xന്റെ 16എംപി പോപ്-അപ് ക്യാമറ മോഡ്യൂള്‍ പൂര്‍ണ്ണതയുള്ള സ്‌ക്രീന്‍ സമ്മാനിക്കുതോടോപ്പം മികച്ച സെല്‍ഫി ചിത്രങ്ങളും എടുക്കുന്നു. റെഡ്മി നോട്ട് 7 പ്രോയ്ക്ക് നോച്ചിനുള്ളില്‍ 13 എംപി ക്യാമറായാണ് ഇരിക്കുന്നത്.

പ്രോസസര്‍

കഴിഞ്ഞ വര്‍ഷത്തെ ഇടത്തരം പ്രോസസറുകളില്‍ മികച്ചതായിരുന്ന സ്‌നാപ്ഡ്രാഗണ്‍ 710 ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 616 ഗ്രാഫിക്‌സ് പ്രോസസറുമുണ്ട്. ഹെവി ഗെയ്മുകള്‍ പോലും വലിയ പ്രശ്‌നമില്ലാതെ കളിക്കാവുന്നതാണിത്.

റെഡ്മി നോട്ട് 7 പ്രോയ്ക്ക് ഈ വര്‍ഷമിറക്കിയ സ്‌നാപ്ഡ്രാഗണ്‍ 675 ആണ് ശക്തി പകരുന്നത്. ഒപ്പം അഡ്രെനോ 612 ഗ്രാഫിക്‌സ് പ്രോസസറുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 710ന്റെ മറ്റൊരു വേരിയന്റാണ് സ്‌നാപ്ഡ്രാഗണ്‍ 675. പേപ്പറിലെങ്കിലും ഇതിന് അല്‍പ്പം മികവുണ്ട.് പ്രായോഗിക തലത്തിലിത് എത്രമാത്രം പ്രകടമാകും എന്നറിയില്ല. ചെറിയൊരു മുന്‍ഗണന റെഡ്മി നോട്ട് 7 പ്രോയ്ക്ക് നല്‍കാം.

ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍

റിയല്‍മി Xന് ഇന്‍-സ്‌ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് സെന്‍സറാണുളളത്. ഈ ഫീച്ചറുള്ള റിയല്‍മിയുടെ ആദ്യ ഫോണുമാണിത്. ഫോണിന്റെ ഓലെഡ് സ്‌ക്രീനിനുള്ളിലാണ് ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍. സാംസങ് ഗ്യാലക്‌സി എസ്10, വാവെയ് മെയ്റ്റ് 20 പ്രോ തുടങ്ങിയ മുന്‍നിര ഫോണുകളിലാണ് ഈഫീച്ചര്‍ ഉള്ളത്.

റെഡ്മി നോട്ട് 7 പ്രോയ്ക്ക് കപ്പാസിറ്റീവ് ടൈപ് ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. റിയല്‍മിയുടെ ഇന്‍-സ്‌ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് സെന്‍സറിന്റെ സ്പീഡ് ഇപ്പോള്‍ അറിയില്ല. എന്തായാലും അത് അടുത്ത തലമുറയിലെ ഒരു ഫീച്ചറാണ്. ഫിങ്ഗര്‍പ്രിന്റ് ഉപയോഗിച്ച് പെട്ടെന്ന് അണ്‍ലോക് ചെയ്യാന്‍ സാധിക്കുക റെഡ്മി നോട്ട് 7 പ്രോ ആയിരിക്കുമെന്നാണ് അനുമാനം.

സ്‌പെഷ്യല്‍ എഡിഷന്‍സ്

റെഡ്മി നോട്ട് പ്രോ തിളങ്ങി നിന്ന കാലത്തു പോലും ഈ മോഡലിന് സ്പെഷ്യല്‍ എഡിഷന്‍സ് ഇറക്കിയിട്ടില്ല. എന്നാല്‍, റിയല്‍മി Xന് ഗാളിക് എഡിഷന്‍, അനിയന്‍ എഡിഷന്‍ എന്നിങ്ങനെ രണ്ട് സ്‌പെഷ്യല്‍ എഡിഷനുകള്‍ ഇറക്കുന്നുണ്ട്. സാധാരണ കളര്‍ വേരിയന്റുകളെക്കാള്‍ ഇവയ്ക്ക് 1,000 രൂപ കൂടുതലായിരിക്കും.

പിന്‍ ക്യാമറ

ഇരു മോഡലുകളും 48എംപി+5എംപി (ഡെപ്ത് സെന്‍സര്‍) ഇരട്ട ക്യാമറകളാണ് പിന്നില്‍. ഇവ തമ്മില്‍ കാര്യമായ പ്രകടന വ്യത്യാസം പ്രതീക്ഷിക്കുന്നില്ല.

ബാറ്ററി

റിയല്‍മി Xന് 3,765 എംഎഎച്ച് ബാറ്ററിയും, കമ്പനിയുടെ സ്വന്തം VOOC 3.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയുമാണ് ഉള്ളത്. റെഡ്മി നോട്ട് 7 പ്രോയ്ക്ക് 4,000 എംഎഎച് ബാറ്ററിയും ക്വാല്‍കം ക്വിക് ചാര്‍ജ് 4.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയുമുണ്ട്.

ഓപ്പറേറ്റിങ് സിസ്റ്റം

ഇരു ഫോണുകളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 9.0 പൈ കേന്ദ്രീകരിച്ചു സൃഷ്ടിച്ച സ്വന്തം സ്‌കിന്നുകള്‍ ഉപയോഗിക്കുന്നു. റിയല്‍മി ഇതിനെ കളര്‍ഓഎസ് 6.0 എന്നു വിളിക്കുന്നു. ഷവോമി അതിനെ എംഐയുഐ 10 എന്നു വിളിക്കുന്നു.

പ്രകടനത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, റിയല്‍മി Xന്റെ കൂടുതല്‍ മെച്ചപ്പെട്ട സ്‌ക്രീന്‍ പലര്‍ക്കും പ്രിയങ്കരമായേക്കും. വരും വര്‍ഷങ്ങളില്‍ പക്ഷേ, ഷവോമി ഇനി കടുത്ത വെല്ലുവിളി നേരിടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. റിയല്‍മി Xന്റെ ആദ്യ വര്‍ഷത്തെ പ്രകടനത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ ഇരു കമ്പനികളും ഒപ്പം അവരുടെ ആരാധകരും കാത്തിരിക്കുന്നു. പോപ്-അപ് ക്യാമറയും മറ്റും ഇടയ്ക്ക് കേടാകുകയാണെങ്കില്‍ അത് ഷവോമിക്കു മുന്‍തൂക്കം നല്‍കിയേക്കാം. എന്നാല്‍, മികച്ച ഡിസ്‌പ്ലേയും, ഇന്‍-സ്‌ക്രീന്‍ഫിങ്ഗര്‍ പ്രിന്റ് സ്‌കാനറും മറ്റും ഉപയോക്താക്കള്‍ക്കിടയില്‍ ഹിറ്റ് ആകുമെന്നായിരിക്കും റിയല്‍മി കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com