sections
MORE

വാവെയ്: ചിപ് മുടങ്ങിയാൽ പണി പാളും, നിലവിലെ ഫോണുകൾക്ക് എന്തു സംഭവിക്കും?

huawei
SHARE

ലോക സ്മാർട്ഫോൺ വിപണിയിൽ രണ്ടാം സ്ഥാനക്കാരായ വാവെയ്ക്ക്(Huawei) വൻ വെല്ലുവിളി സൃഷ്ടിച്ച് അമേരിക്കൻ ടെക് കമ്പനികളുടെ ഉപരോധം. യുഎസ് സർക്കാർ ചൈനീസ് കമ്പനിക്ക് ഏർപ്പെടുത്തിയ വിലക്കിന്റെ തുടർച്ചയാണിത്. ഗൂഗിളിന്റെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, സാങ്കേതിക സേവനം എന്നിവ ഇനി വാവെയ്ക്ക് ലഭിക്കില്ല. ഗൂഗിൾ പ്രഖ്യാപനത്തിനു പിന്നാലെ ഇന്റെൽ, ക്വാൽകോം, ബ്രോഡ്കോം തുടങ്ങിയ ചിപ്പ് നിർമാതാക്കളും വാവെയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നറിയിച്ചു.

നിലവിലെ ഫോണുകളിൽ തുടർന്നും ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കാം. ഇനി വരാനിരിക്കുന്ന വാവെയ്, ഓണർ ഫോണുകളിൽ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമോ ആപ്പുകളോ ലഭിക്കില്ല. ഇതു പരിഹരിക്കാൻ സ്വന്തം സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്നു വാവെയ് പ്രതികരിച്ചിട്ടുണ്ട്.

ചൈനീസ് സർക്കാരുമായി ബന്ധമുള്ള കമ്പനിയാണു വാവെയ് എന്നും ഉപകരണങ്ങളിലൂടെ വിവരം ചോർത്തലും ചാരപ്പണിയും നടത്തുമെന്നുമാണ് അമേരിക്കയുടെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടെയും നിലപാട്.  

നിലവിലെ ഉപയോക്താക്കൾ

∙ ഒരു തടസ്സവുമില്ലാതെ ഫോൺ ഉപയോഗിക്കാം

∙ എല്ലാ ഗൂഗിൾ ആപ്പുകളും ഉപയോഗിക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും

∙ വരാനിരിക്കുന്ന ആൻഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റുകളെയും ബാധിക്കില്ല

∙ ആൻഡ്രോയ്ഡിന്റെ അടുത്ത വേർഷനിലേക്ക് അപ്ഡേറ്റ് ലഭിക്കാനുള്ള സാധ്യത വിരളം

 ഇനി ഇറങ്ങുന്ന ഫോണുകൾ

∙ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം ലഭിക്കില്ല

∙ ഓപൺ സോഴ്സ് ലൈസൻസുള്ള മറ്റൊരു ആൻഡ്രോയ്ഡ് പതിപ്പ് പ്രതീക്ഷിക്കാം

∙ ഓപൺ സോഴ്സ് ലൈസൻസിൽ ഉൾപ്പെടാത്ത ഗൂഗിൾ ആപ്പുകളും ഉണ്ടാവില്ല (സമാനമായ സേവനങ്ങൾ നൽകുന്ന ബദൽ ആപ്പുകൾ പ്രതീക്ഷിക്കാം)

ചിപ് മുടങ്ങിയാൽ പണി പാളും

ആൻഡ്രോയ്ഡ്, ഗൂഗിൾ ആപ് ലൈസൻസുകളില്ലെങ്കിലും വാവേയ്ക്കു പിടിച്ചുനിൽക്കാമെങ്കിലും ക്വാൽകോം ഉൾപ്പെടെയുള്ള ചിപ് നിർമാതാക്കൾ സപ്ലൈ നിർത്തുന്നതോടെ കമ്പനി വെട്ടിലാവും. കാരണം, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പുതിയ ഫോണുകളിലേക്ക് എത്തിക്കുന്നത് അതിനു ശേഷിയുള്ള ചിപ്പുകളുടെ കരുത്തിലാണ്. 

ഫിംഗർപ്രിന്റ് സെൻസർ, ഫേഷ്യൽ റെക്കഗ്നിഷൻ, പുതിയ ക്യാമറ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ചിപ് ലെവൽ സാങ്കേതികവിദ്യകളാണ്. ഒക്ടോബറോടെയെങ്കിലും പ്രതിസന്ധിക്കു പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഫോണുകളെ അതു ബാധിക്കും.

 5ജി വൈകുമോ?

5ജി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിൽ ലോകമെങ്ങും വാവെയ് ഏറെ സജീവമായി രംഗത്തുണ്ട്. യുഎസ് തുടങ്ങിവച്ച ഉപരോധം മറ്റു പല രാജ്യങ്ങളും ഏറ്റെടുക്കുന്ന സാഹചര്യത്തിൽ 5ജി സേവനം ലോകമെങ്ങും വൈകുമോ എന്ന് ആശങ്കയുണ്ട്. ഇന്ത്യയിലും ടെലികോം കമ്പനികൾ വാവെയ് ഉപകരണങ്ങളും ടെക്നോളജിയും 5ജിക്കുവേണ്ടി ഉപയോഗിക്കുന്നു.

ഭാവിയിലെ വാവേയ്/ഓണർ ഫോണുകളിൽനിന്ന് അപ്രത്യക്ഷമാകുന്ന ആപ്പുകൾ

∙പ്ലേസ്റ്റോർ

∙സേർച്ച്

∙അസിസ്റ്റന്റ്

∙മാപ്സ്

∙യു ട്യൂബ്

∙ക്രോം

∙ജിമെയിൽ

∙ഗൂഗിൾ പേയ്

∙ഡ്രൈവ്

∙ഡ്യുവോ

∙ഫോട്ടോസ്

∙പ്ലേ മ്യൂസിക്

∙പ്ലേ മൂവീസ്

∙പ്ലേ ബുക്സ്

∙ന്യൂസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA