ADVERTISEMENT

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ പുതു ചരിത്രമെഴുതിയ ഷവോമിയുടെ സബ്-ബ്രാന്‍ഡ് റെഡ്മിയുടെ പ്രധാന മോഡലായ കെ20 പ്രോ അടുത്തയാഴ്ച അവതരിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച പ്രോസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 855നെ കേന്ദ്രമാക്കി നിര്‍മിക്കുന്ന ഈ മോഡല്‍ വണ്‍പ്ലസ് 7 മോഡലുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

മൂന്നു പിന്‍ ക്യാമറകളടങ്ങുന്ന സെറ്റ്-അപ് ആണ് പിന്നില്‍. ഇവയില്‍ അല്‍പം അകന്നു നില്‍ക്കുന്നതാണ് 48 മെഗാപിക്സൽ റെസലൂഷനുള്ള പ്രധാന സെന്‍സർ. ഇവയ്‌ക്കൊപ്പം ഒരു എല്‍ഇഡി ഫ്ലാഷുമുണ്ട്. പിന്നില്‍ ഒരു ഫിംഗര്‍പ്രിന്റെ സെന്‍സര്‍ ഇല്ലാ എന്നത് ഇന്‍-ഡിസ്‌പ്ലെ സെന്‍സറാണുള്ളത് എന്നതിന്റെ സൂചനയായി ചിലര്‍ പറയുന്നു. 7-ാം തലമുറയിലെ ഒപ്ടിക്കല്‍ ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഉണ്ടാകുക. കെ20 പ്രോയ്‌ക്കൊപ്പം കെ20 മോഡലും ഇറക്കുന്നുണ്ട്. രണ്ടാമത്തെ മോഡലിന്റെ പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 700 സീരിസിലെ ചിപ് ആയിരിക്കുമെന്നാണ് അറിയുന്നത്.

 

പ്രധാന ഫീച്ചറുകൾ നോക്കാം

 

6.39-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയായിരിക്കും ഫോണിനുണ്ടാകുക. സ്‌ക്രീന്‍ റെസലൂഷന്‍ 1080 x 2340പി ആയിരിക്കും. ഫോണിന്റെ സ്‌ക്രീന്‍-ബോഡി അനുപാതം 91.2 ആയിരിക്കും. സ്‌ക്രീനിനു പ്രതിരോധം കോര്‍ണിങ് ഗോറില ഗ്ലാസ് 5 ഉപയോഗിച്ചായിരിക്കും.

 

ക്യാമറ

 

ക്യാമറയുടെ കാര്യത്തില്‍ 48 മെഗാപിക്സൽ പ്രധാന സെന്‍സറും, 13 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ലെന്‍സും 8 മെഗാപിക്സൽ ടെലി ലെന്‍സുമായിരിക്കും ഉണ്ടാകുക. സെല്‍ഫിയുടെ കാര്യത്തില്‍ 20 മെഗാപിക്സല്‍ പോപ്-അപ് ക്യാമറായണ് പ്രതീക്ഷിക്കുന്നത്. 

 

ബാറ്ററി

 

4,000എംഎഎച് ബാറ്ററിയും 27 വോട്‌സ് വരെ ക്വിക് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ടായിരിക്കും. 

 

ഓപ്പറേറ്റിങ് സിസ്റ്റം

 

ആന്‍ഡ്രോയിഡ് 9 പൈ കേന്ദ്രമാക്കി നിര്‍മ്മിച്ച എംഐയൂഐ 10 ആയിരിക്കും ഒഎസ്.

 

ഇരു മോഡലുകളും 6ജിബി+64ജിബി, 6ജിബി+128ജിബി എന്നീ രണ്ടു വേരിയന്റുകളിലായിരിക്കും എത്തുക. യുഎസ്ബി ടൈപ്-സി പോര്‍ട്ട്, 3.5 എംഎം ജാക്ക് തുടങ്ങിയവയും ഉണ്ടായിരിക്കും. ഈ മോഡല്‍ മേയ് 28ന് ചൈനയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ മനു ജെയ്ന്‍ പറയുന്നത് അധികം താമസിയാതെ ഈ മോഡല്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ്. 

 

അല്‍പം ചരിത്രം

 

കഴിഞ്ഞ വര്‍ഷം കമ്പനി തങ്ങളുടെ പോക്കോ ബ്രാന്‍ഡ് നെയ്മില്‍ F1 മോഡലും അന്നത്തെ ഏറ്റവും മികച്ച പ്രോസസര്‍ ഉപയോഗിച്ചു നിര്‍മിച്ചു വിറ്റിരുന്നു. സ്‌നാപ്ഡ്രാഗണ്‍ 545 നിയന്ത്രിച്ച ആ മോഡലായിരുന്നു ഏറ്റവും വിലക്കുറവില്‍ മികച്ച പ്രോസസറിന്റെ ശക്തി അനുഭവിപ്പിച്ചത്. തുടക്ക മോഡലിന് ഏകദേശം 21,000 രൂപയായിരുന്നു വില. പിന്നീടിത് 20,000 രൂപയ്ക്കു പോലും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വിറ്റിരുന്നു. പോക്കോ F2  ഈ വര്‍ഷം അവതരിപ്പിക്കുമോ എന്നൊരു ചോദ്യം ഉയരുന്നു. അതോ, കുറഞ്ഞ വിലയ്ക്ക് മികച്ച പ്രോസസറിന്റെ സുഖം അനുഭവിപ്പിക്കാന്‍ എത്തുന്നത് റെഡ്മി കെ20 പ്രോ ആയിരിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. എന്തായാലും മുന്തിയ പ്രോസസര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ഫോണുകളായ വണ്‍പ്ലസ് 7 തുടങ്ങിയവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ് കെ20 പ്രോ എത്തുക എന്നാണ് ലഭിക്കുന്ന ആദ്യ സൂചനകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com