sections
MORE

ടിക് ടോകിന്റെ കളി കാണാൻ പോകുന്നതേയുള്ളൂ, നീക്കം ഫോൺ കമ്പനികൾക്ക് വന്‍ വെല്ലുവളി

tik-tok
SHARE

ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളെ തട്ടിയിട്ട് ഇന്ത്യയില്‍ നടക്കാന്‍ വയ്യ എന്നോര്‍ത്തു പരിതപിക്കുന്നയാളാണ് നിങ്ങളെങ്കില്‍ അതിലും വലിയ വാര്‍ത്തയാണ് കേള്‍ക്കാന്‍ പോകുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. കുറിയ വിഡിയോ ക്ലിപ്പുകള്‍ അപ് ലോഡ് ചെയ്ത് പ്രശസ്തമായ ടിക്‌ടോക്കിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സും സ്മാർട് ഫോൺ ഒരെണ്ണം ഇറക്കാന്‍ പോകുകയാണത്രെ! ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്ത പറയുന്നത് തങ്ങളുടെ ആപ്പുകള്‍ പ്രീ-ഇൻസ്റ്റാള്‍ ചെയ്ത ഫോണ്‍ എന്നത് ബൈറ്റ്ഡാന്‍സിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു എന്നാണ്. തങ്ങളുടെ ആപ്പുകള്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ ഇറക്കുക എന്നത് ചൈനീസ് കമ്പനികളുടെ ഒരു രീതി തന്നെയാണുതാനും.

ഐഫോണിലും ഐപാഡിലും ഏറ്റവും ജനസമ്മതിയുള്ള ആപ്പാണ് ടിക്‌ടോക് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് അവസാനം ഈ വര്‍ഷം മാത്രം 3.3 കോടി തവണയാണ് ആപ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ആന്‍ഡ്രോയിഡിലെ ഏറ്റവും ജനപ്രീതിയുള്ള ആപ് ടിക്‌ടോക് അല്ല. പക്ഷേ, മേല്‍പ്പറഞ്ഞ കാലയളവില്‍ പ്ലേസ്റ്റോറില്‍ നിന്ന് 8.82 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചത്ര വരുമാനമുണ്ടാക്കാനായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതുകൊണ്ട് ബിസിനസില്‍ പുതിയൊരു പാത കൂടെ തുറന്നു പരീക്ഷിച്ചുനോക്കാനാണ് കമ്പനിയുടെ ശ്രമമെന്നു പറയുന്നു.

ബൈറ്റ്ഡാന്‍സ് ഈ വര്‍ഷം സ്മാര്‍ട്ടിസന്‍ (Smartisan) എന്ന സ്മാര്‍ട് ഫോണ്‍ നിര്‍മാതാവിന്റെ പേറ്റന്റുകളും, ഒപ്പം ജോലിക്കാരെയും തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ത്തിരുന്നു. ഇത് അവര്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിലേക്കു കണ്ണുവയ്ക്കുന്നു എന്നതിന് മതിയായ തെളിവായികാണാമെന്ന് പറയുന്നു.

പുതിയ നീക്കം ചൈനീസ് സമാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികള്‍ക്ക് വന്‍ ഭീഷണിയായേക്കമെന്നാണ് പറയുന്നത്. അത്ര വിലയില്ലാത്ത ഫോണുകള്‍ നിര്‍മിക്കാനായിരിക്കും കമ്പനി ശ്രമിക്കുക എന്നാണ് സൂചനകള്‍. കുറഞ്ഞ വിലയിലൂടെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന കമ്പനികളായ ഇവയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായിരിക്കും ബൈറ്റ്ഡാന്‍സ് ശ്രമിക്കുകയത്രെ. ഇതൊക്കെയാണെങ്കിലും തങ്ങള്‍ ഉടനെ ഒരു സ്മാര്‍ട് ഫോണ്‍ ഇറക്കാന്‍ പോകുകയാണ് എന്നൊന്നും കമ്പനി ഇതുവരെ അവകാശപ്പെട്ടിട്ടും ഇല്ല.

ടിക്‌ടോക് മാത്രമല്ല ബൈറ്റ്ഡാന്‍സ് നല്‍കുന്ന ആപ്. ലാര്‍ക് (Lark) എന്ന സഹകരകരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ആപ്, ഫെലിലാവോ (Felilao) എന്ന മെസഞ്ചര്‍, ഒരു മ്യൂസിക് സ്ട്രീമിങ് ആപ് എന്നിവയും അവരുടേതായുണ്ട്. പുതിയ ഫോണ്‍ വന്നാല്‍ ഇവയ്ക്കു കൂടുതല്‍ പ്രചാരം നല്‍കാനും ബൈറ്റ്ഡാന്‍സിനായേക്കും.

ടിക്‌ടോകിന്റെ പ്രചാരം ഒരു വശത്തു വാര്‍ത്തയാകുമ്പോള്‍ അതിനു ഇന്ത്യയില്‍ കുറച്ചു കാലത്തേക്കെങ്കിലും നേരിടേണ്ടിവന്ന നിരോധനവും ചര്‍ച്ചയാകുന്നു. അശ്ലീലതയും നിയമവിരുദ്ധമായ ഉള്ളടക്കവും പ്രചരിപ്പിക്കുന്നു എന്നാണ് ടിക്‌ടോകിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ അധികം താമസിയാതെ നിരോധനം റദ്ദാക്കുകയും ടിക്‌ടോക് ആപ്പിൾ സ്റ്റോറിലും പ്ലേ സ്റ്റോറിലും തിരിച്ചെത്തുകയുമുണ്ടായി.

മറുവശം

ഫോണിന്റെ ഡിസൈനിനെക്കുറിച്ചും ഏതു വിപണിയാണ് ലക്ഷ്യംവയ്ക്കുന്നത് എന്നതിനെപ്പറ്റിയും മറ്റും സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ബൈറ്റ്ഡാന്‍സിനും അമേരിക്ക വാതില്‍ തുറന്നേക്കില്ലെന്നാണ് ടെക് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. കൂടാതെ ഇനി പുതിയൊരു ഫോണ്‍ വിജിയപ്പിച്ചെടുക്കുക എന്ന സാധ്യത വന്‍ വെല്ലുവിളിയായിരിക്കുമെന്നും പറയുന്നു. ആമസോണും ഫെയ്‌സ്ബുക്കും തങ്ങളുടെ ആപ്പുകള്‍ പ്രീ-ലോഡ് ചെയ്ത് ഫോണിറക്കി പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് കാര്യമായ ജനശ്രദ്ധ നേടാനായില്ലെന്ന കാരണത്താല്‍ പിന്നീട് നിർത്തുകയായിരുന്നു. ഫെയ്‌സ്ബുക് ഉപയോഗിക്കാനായി അവരുടെ ഫോണ്‍ വാങ്ങേണ്ട കാര്യമില്ല എന്നതായിരുന്നു പല ഉപയോക്താക്കളുടെയും പ്രതികരണം. ഇതേ കാരണത്താല്‍ ബൈറ്റ്ഡാന്‍സിനും വിജയം നേടാനായേക്കില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വന്തമായി ഫോണിറക്കാനുള്ള ശ്രമത്തേക്കാള്‍ നല്ലത് നിലവിലുള്ള ഏതെങ്കിലും ഫോണ്‍ നിര്‍മാതാവുമായി കരാറിലെത്തുകയായിരിക്കുമെന്നും അവര്‍ പറയുന്നു. എന്തായാലും, ടിക്‌ടോക് ഫോണ്‍ ഇറക്കുമോ എന്നുറപ്പിക്കാന്‍ ഏതാനും മാസം കൂടെ കാത്തിരിക്കേണ്ടിവന്നേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA