ADVERTISEMENT

സ്മാര്‍ട് ഫോണ്‍ നിര്‍മാണമികവിന്റെ പര്യായമായിരുന്ന ആപ്പിളും ഫോള്‍ഡബിൾ ഐഫോണ്‍ എന്ന സങ്കല്‍പം മനസ്സില്‍ കൊണ്ടുനടക്കുന്നുവെന്നാണ് പുതിയ പേറ്റന്റ് അപേക്ഷകള്‍ സൂചിപ്പിക്കുന്നത്. പേറ്റന്റ്‌ലി ആപ്പിള്‍ എന്ന വെബ്‌സൈറ്റ് കണ്ടെത്തിയ അപേക്ഷകളില്‍ ഒരു തവണ മടക്കാവുന്നതും ഒന്നിലേറെ തവണ മടക്കാവുന്നതുമായ സങ്കല്‍പങ്ങള്‍ ഉണ്ട്. മൊത്തം 37 രേഖാ ചിത്രങ്ങളാണ് കണ്ടെത്തിയിത്. ഫോണിനെ വളയാന്‍ അനുവദിക്കുന്ന 'വിജാഗിരി'യെക്കുറിച്ചും പറയുന്നുണ്ട്. 180 ഡിഗ്രിയില്‍ നിന്ന് 90 ഡിഗ്രിയിലേക്ക് മടക്കാവുന്നതാണ് ഒരു ചിത്രത്തില്‍ കാണുന്നത്.

 

സ്മാര്‍ട് ഫോണുകള്‍ അവതരിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെ ആയെങ്കിലും വന്‍ ഡിസൈന്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇത്രയും കാലം അവ നിര്‍മിക്കപ്പെട്ടിരുന്നത്. സാംസങും വാവെയുമടക്കമുള്ള കമ്പനികള്‍ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കിയെങ്കിലും സാംസങ്ങിന്റെ ഫോണിന്റെ സ്‌ക്രീനില്‍ മടങ്ങുന്ന ഭാഗത്ത് ചുളുക്കു വീഴുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പനയ്‌ക്കെത്തിക്കല്‍ മാറ്റി വയ്ക്കുകയായിരുന്നു. 2,000 ഡോളറടുത്ത് വിലയിട്ടിരുന്ന ഫോണിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും താമസിയാതെ തിരിച്ചു വിപണിയിലെത്തുമെന്നും പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍, വാവെയുടെ ഫോണിനെപ്പറ്റി അധികം വാര്‍ത്തകള്‍ വരുന്നില്ല. അമേരിക്കയുടെ നിരോധനത്തെ തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ നി‌ൽക്കുകയാണ് ചൈനീസ് കമ്പനി വാവെയ്.

 

ആപ്പിളിന്റെ പുതിയ വളയ്ക്കാവുന്ന സ്‌ക്രീന്‍ എന്ന സങ്കല്‍പം വന്‍ മാറ്റങ്ങള്‍ക്കു വഴിവച്ചേക്കാമെന്നു പറയുന്നു. മാറ്റം ഐഫോണുകള്‍ക്കു മാത്രമാവില്ല ബാധകമാകുക. ഐപാഡുകൾ, മാക്ബുക്, എന്തിന് ആപ്പിള്‍ വാച്ചില്‍ പോലും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തിയേക്കാം എന്നാണ് പറയുന്നത്. വിവിധ രൂപത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്തു വന്നേക്കാം. ആപ്പിള്‍ പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത് അമേരിക്കയിലാണ്.

 

സ്‌കെച്ചുകള്‍ അല്ലാതെ, ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ചും മറ്റും കൂടുതല്‍ വശദാംശങ്ങള്‍ ലഭ്യമല്ല. നല്‍കിയിരിക്കുന്ന രൂപരേഖയെ ആസ്പദമാക്കി ഡച്ചുകാരനായ ഡിസൈനര്‍ റോയി ഗില്‍സിങ് ഇവയെ ചിത്രങ്ങളാക്കിയത് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

 

പ്രധാന ഫോള്‍ഡിങ് ഫോണുകളില്‍ ചിലത് ഇവയാണ്:

 

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ്

 

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ആണ് ഇന്നത്തെ ഏറ്റവും മികച്ച ഫോള്‍ഡിങ് ഫോണ്‍ എന്നാണ് പറയുന്നത്. എന്നാല്‍, റിവ്യൂ ചെയ്യാനായി നല്‍കിയ ഫോണുകളുടെ മടക്കുകള്‍ വേര്‍പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പന മാറ്റിവയ്ക്കുകയായിരുന്നു.

 

വാവെയ് മെയ്റ്റ് X

 

അവതരിപ്പിച്ചപ്പോള്‍ ഗ്യാലക്‌സി ഫോണിനെ കഴിഞ്ഞും മികച്ചതെന്ന് ചിലര്‍ വിധിയെഴുതിയിരുന്നു. അമേരിക്കയും ഗൂഗിളുമൊക്കെ കമ്പനിക്കു ഭൃഷ്ടുകല്‍പ്പിച്ചതോടെ ഫോണ്‍ വില്‍പനയ്‌ക്കെത്തുന്ന കാര്യം സംശയത്തിലാണ്.

 

ഒപ്പോ ഫോള്‍ഡബിൾ

 

ഈ മോഡല്‍ ഇതുവരെയും ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. വാവെയ് മെയ്റ്റ് Xനോട് വളരെ സാമ്യം തോന്നുന്ന ഒന്നാണിത്.

 

മോട്ടറോള റെയ്‌സര്‍

 

ഇതിന് പഴയ ഫ്ലിപ് ഫോണുകളെ അനുസ്മരിപ്പിക്കുന്ന നിര്‍മിതിയാണ്. ഫോണ്‍ തങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്ന് കമ്പനി പറഞ്ഞെങ്കിലും ഇനിയും അത് വിപണിയിലെത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com