sections
MORE

വാവെയ് സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിർത്തുന്നു, ഫാക്ടറികൾ നിശ്ചലമായി

huawie-phone
SHARE

ലോകത്തെ വിവിധ കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ഏറ്റവും പ്രശസ്തമായ ചൈനീസ് കമ്പനികളിലൊന്നായ ഫോക്‌സ്‌കോണ്‍ വാവെയ്ക്കു വേണ്ടിയുള്ള തങ്ങളുടെ പല യൂണിറ്റുകളിലും പണി നിർത്തിയതായി റിപ്പോര്‍ട്ട്. ഐഫോണുകളും പ്ലേസ്റ്റേഷനുമടക്കം പല ഉപകരണങ്ങളും നിര്‍മിക്കുന്നത് ഫോക്‌സ്‌കോണ്‍ ആണ്. വാവെയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണിന്റെ നിര്‍മാണശാലകള്‍ പ്രവര്‍ത്തനം നിർത്തിയെന്ന് റിപ്പോര്‍ട്ടു ചെയ്തത് സൗത് ചൈന മോണിങ് പോസ്റ്റ് ആണ്. വാവെയ് പുതിയ ഫോണുകള്‍ക്കുള്ള ഓര്‍ഡറിന്റെ എണ്ണം കുറച്ചതിനാല്‍ പല യൂണിറ്റുകളും പൂട്ടിയെന്നാണ് അവര്‍ പറയുന്നത്. ചൈനീസ് ടെക്‌നോളജി ഭീമനായ വാവെയ്ക്ക് അമേരിക്കയുടെ നിരോധനം വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്.

2020തോടെ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് സാംസങ്ങിനെ മറികടക്കണമെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം സ്ഥാനത്തുള്ള വാവെയ് കുതിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അമേരിക്കയുമായുള്ള പ്രശ്‌നങ്ങളാല്‍ വാവെയുടെ ആ സ്വപ്‌നം തകര്‍ന്നുവെന്നു വേണം കരുതാന്‍. പുതിയ സാഹചര്യത്തില്‍ ആ ആഗ്രഹം നടക്കുമോ എന്നു പറയാനാവില്ലെന്ന് വാവെയുടെ സബ് ബ്രാന്‍ഡായ ഓണറിന്റെ പ്രസിഡന്റ് സാവോ മിങ് പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസം വാവെയ് ലോകമെമ്പാടുമായി 59.1 ദശലക്ഷം സ്മാര്‍ട് ഫോണുകളാണ് വിതരണത്തിനെത്തിച്ചത്. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങും രണ്ടാം സ്ഥാനത്ത് വാവെയും മൂന്നാം സ്ഥാനത്ത് ആപ്പിളുമാണ്.

ഫോക്‌സ്‌കോണ്‍ കമ്പനി വാവെയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നുവെന്ന വാര്‍ത്ത അമേരിക്കയുടെ വിലക്ക് വാവെയെ സാരമായി ബാധിക്കുന്നുവെന്നതു തന്നെയാണ്. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാവെയ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. നോര്‍ത്ത് അമേരിക്കിയിലുള്ള ഏതെങ്കിലും കമ്പനിയുമായി വാവെയ് സഹകരിക്കുന്നതിനും ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ചിപ്പ് നിര്‍മാതാക്കളായ ഇന്റലും, ക്വാല്‍കവും അടക്കമുള്ള പല കമ്പനികളും വാവെയുമായുള്ള സഹകരണം അവസാനിപ്പിച്ചു. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വാവയ്ക്കു നല്‍കിവന്ന ലൈസന്‍സ് ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. വാവെയുടെ ഇനി ഇറങ്ങാന്‍ പോകുന്ന ഫോണുകള്‍ക്ക് ഗൂഗിളിന്റെ ആപ്പുകളായ പ്ലേസ്റ്റോര്‍, മാപ്‌സ്, യുട്യൂബ്, ക്രോം തുടങ്ങിയവ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. വാവെയ് കമ്പനിക്ക് ചൈനീസ് സർക്കാരുമായി വളരെയടുത്ത ബന്ധമാണ് ഉള്ളതെന്നും അതിനാല്‍ അവര്‍ അമേരിക്കയ്ക്ക് സുരക്ഷാഭീഷണിയാകുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.

അതേസമയം, വാവെയ് പറയുന്നത് തങ്ങള്‍ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. കമ്പനിയുടെ മൊബൈല്‍ ബിസിനസ് തലവന്‍ റിച്ചാഡ് യു ആണ് ഇക്കാര്യം പറഞ്ഞത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് 'ആര്‍ക്ക് ഒഎസ്' എന്നായിരിക്കുമത്രെ. സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബുകള്‍, വെയറബ്ള്‍സ്, ടിവികള്‍ തുടങ്ങി പല തരം ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും പുതിയ ഒഎസ് എന്നാണ് അവരുടെ അവകാശവാദം. ഈ വര്‍ഷം തന്നെ ഓപ്പറേറ്റിങ് സിസ്റ്റം വരുമെന്നും അവര്‍ പറയുന്നു.

എന്നാല്‍, പുതിയ ഓപ്പറേറ്റിങ് സിസ്റ്റമൊന്നും വാവെയെ രക്ഷിക്കണമെന്നില്ലെന്നു വാദിക്കുന്നവരും ഉണ്ട്. സാക്ഷാല്‍ മൈക്രോസോഫ്റ്റും സാംസങും നടത്തിയ ഇത്തരം പരീക്ഷണങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഒരു ഓപ്പറേറ്റിങ് സിസ്റ്റം സുഗമാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നത് ഒന്നാമത്തെ കാര്യം. രണ്ടാമത് ആപ് നിര്‍മാതാക്കള്‍ പുതിയ ഒഎസുമായി സഹകരിക്കുമെന്നതിന് ഒരുറപ്പുമില്ല. അതു കൂടാതെയാണ് ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കള്‍ സഹകരിക്കാത്തത്. ഇനി എല്ലാം ചൈനയില്‍ തന്നെ നിര്‍മിച്ചിറക്കിയാല്‍ അത് എത്ര രാജ്യങ്ങളില്‍ സ്വീകാര്യമായിരിക്കുമെന്ന കാര്യത്തിലും പലര്‍ക്കും ആശങ്കയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA