sections
MORE

അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ല; ഫോൺ നിർമാണം നിർത്തിയിട്ടില്ലെന്ന് വാവെയ്

huawei
SHARE

ചൈനയിലെ മുൻനിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് സ്മാര്‍ട് ഫോണ്‍ നിർമാണം നിർത്തുകയാണെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ, അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട് കമ്പനി വക്താവ് രംഗത്തെത്തി. ഫോണ്‍ നിർത്തുന്നു എന്ന അവകാശവാദം തള്ളിക്കളയുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ ഫോണ്‍ നിര്‍മാണം കൂട്ടിയിട്ടോ കുറച്ചിട്ടോ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ സൗത്ത് ചൈന മോണിങ് പോസ്റ്റ് ദിനപ്പത്രമാണ് വാവെയ് സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിർത്തുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്.

ആപ്പിളിനും ഷവോമിക്കുമടക്കം നിരവധി കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ, വാവെയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ ശാലകള്‍ പൂട്ടിയെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. അമേരിക്കിയിലെ ട്രംപ് ഭരണകൂടം വാവെയ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനാലാണ് അവര്‍ക്ക് ഫോണ്‍ നിര്‍മാണവുമായി മുന്നോട്ടു പോകാനാകാത്തത്. ഈ വര്‍ഷമാദ്യം ഫോക്‌സകോണ്‍ വാവെയ്ക്കു വേണ്ടി ഫോണ്‍ നിര്‍മിക്കാന്‍ കൂടുതല്‍ ആളുകളെ എടുത്തിരുന്നു. നിലവിലെ സ്റ്റാഫിന് വാവെയുടെ കൂടിവരുന്ന വില്‍പനയ്ക്ക് അനുസരിച്ച് ഫോണുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ സാധിക്കാത്തതിനാലാണ് അവര്‍ കൂടുതല്‍ പേരെ ജോലിക്കെടുത്തത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ സാഹചര്യം മാറുകയായിരുന്നു. ആന്‍ഡ്രോയിഡ് ലൈസന്‍സ് നല്‍കുന്ന ഗൂഗിളും ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ ഇന്റലും ക്വാല്‍കമും എല്ലാം വാവെയോടുള്ള സഹകരണം ഇല്ലാതാക്കുകയാണ്. അമേരിക്കയുടെ ആജ്ഞ പിന്‍വലിച്ചാല്‍ മാത്രമായിരിക്കും വാവെയ്ക്ക് മുഴുവന്‍ ശക്തിയോടെ മുന്നേറാനാകൂ എന്നാണ് പൊതുവെ കരുതുന്നത്.

ലോക സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള വാവെയ് കഴിഞ്ഞ മാര്‍ച്ച് അവസാനം വരെ ആപ്പിളിനെ മൂന്നാം സ്ഥാനത്തു നിർത്തി രണ്ടാം സ്ഥാനത്തു തുടരുകയായിരുന്നു. ഒന്നാം സ്ഥാനത്ത് സാംസങ് ആണ്. അടുത്ത വര്‍ഷം സാംസങ്ങിനെ കവച്ചു വയ്ക്കണമെന്ന ആഗ്രഹം തങ്ങള്‍ തത്കാലം മാറ്റിവച്ചതായി കമ്പനി നേരത്തെ പറഞ്ഞിരുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വാവെയുടെ ഫോണുകളുടെ വില്‍പന കുറയുന്നുവെന്നു തന്നെയാണ്. ബ്രിട്ടനിലെ 5ജി നെറ്റ്‌വര്‍ക്കില്‍ വാവെയുടെ 5ജി ഫോണിനു പ്രവേശനാനുമതി നിഷേധിച്ചതായും വാര്‍ത്തകളുണ്ട്.

അമേരിക്കന്‍ നീക്കത്തെ തുടര്‍ന്ന് വാവെയ് കമ്പനിക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു എന്നാണ് സൂചനകള്‍. ആന്‍ഡ്രോയിഡിനു ബദലായി വാവെയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കണമോ എന്നതടക്കം പല കാര്യങ്ങളിലും ഉദ്യോഗസ്ഥര്‍ക്കു തീരുമാനത്തിലെത്താനാകുന്നില്ല എന്നാണ് പറയുന്നത്. ഇതിനാല്‍, വാവെയുടെ വക്താവ് എന്തു പറഞ്ഞാലും കമ്പനിയുടെ ഫോണ്‍ നിര്‍മാണം അവതാളത്തിലായി എന്ന വാര്‍ത്ത കഴമ്പില്ലാത്തതല്ലെന്ന അനുമാനത്തിലാണ് പലരും. എന്തായാലും തത്കാലം വാവെയുടെ വക്താവിന്റെ വാക്കുകള്‍ക്കും വില കല്‍പ്പിക്കണമെന്ന് പറയുന്നവരും ഉണ്ട്. കമ്പനിയുടെ പ്രധാന വിപണി ചൈന തന്നെയാണ് എന്നതാണ് ഒരു കാര്യം.

കടലിനടിയിലൂടെയുള്ള ഇന്റര്‍നെറ്റ് കേബിള്‍ ബിസിനസും വാവെയ് വില്‍ക്കുന്നു

ചൈനയ്ക്കു വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെ തന്നെ, വാവെയ് ലോക ഇന്റര്‍നെറ്റ് വിതരണ ശൃംഖലയുടെ ഒരു വന്‍ കണ്ണിയായി മാറിയിരുന്നു. അവര്‍ കടലിനടിയിലൂടെ വരെ കേബിള്‍ ഇട്ടിരുന്നു. വാവെയ് മറൈന്‍ സിസ്റ്റംസ് ആണ് കടലിനടിയില്‍ കേബിള്‍ ഇട്ടിരുന്നത്. മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളും ഇതു ചെയ്തിട്ടുണ്ട്. വാവെയ് 90 പ്രൊജക്ടുകളിലായി 50,000 കിലോമീറ്റര്‍ കേബിള്‍ ഇട്ടിട്ടുണ്ട്. ‌സ്മാര്‍ട് ഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിനൊപ്പം കടിലനടിയിലൂടെയുള്ള ഇന്റര്‍നെറ്റ് കേബിള്‍ ബിസിനസ് മുഴുവന്‍ വില്‍ക്കാനും കമ്പനി തീരുമാനിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളങ്കപ്പെട്ട തങ്ങളുടെ പേരുമായി മുന്നോട്ടു പോകുന്നതില്‍ അര്‍ഥമില്ലെന്ന തോന്നലാണ് അവരെക്കൊണ്ട് ഇതു ചെയ്യിക്കുന്നതെന്നു പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA