sections
MORE

2018 ലെ മികച്ച ഫോണിന്റെ വില കുത്തനെ കുറച്ചു, ഓഫർ വില 17,999 രൂപ

xiaomi-pocophone-f1
SHARE

ഷവോമിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ കൂടുതല്‍ ആവേശകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കരുത്തന്‍ മോഡലുകളിലൊന്നായ പോക്കോ എഫ്1 ന്റെ തുടക്ക മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 17,999 രൂപയ്ക്കാണ്. ഫ്ളിപ്കാര്‍ട്ടിലും ഷവോമിയുടെ സ്വന്തം വെബ്‌സൈറ്റായ എംഐ.കോമിലും ഹാന്‍ഡ്‌സെറ്റ് വാങ്ങാന്‍ സാധിക്കും. ഈ വിലയ്ക്ക് ലഭിക്കുന്നത് 6 ജിബി റാമും 64 ജിബി സ്റ്റോറേജ് ശേഷിയുമുള്ള മോഡലായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ അതിശക്തമായ പ്രോസസറുകളിലൊന്നായ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 845 ആണ് ഈ ഫോണിനുള്ളത്. പേപ്പറിലെങ്കിലും ഈ വിലയ്ക്കു ലഭിക്കുന്ന മറ്റു പല ഹാന്‍ഡ്‌സെറ്റുകളെക്കാളും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ളതാണ് മോഡല്‍. വില കൂടിയ ഹാന്‍ഡ്‌സെറ്റുകള്‍ സെക്കന്‍ഡ്ഹാന്‍ഡ് വിപണിയില്‍ നിന്നു വാങ്ങുന്ന പ്രവണതയും ഏറിവരുന്ന ഈ കാലത്ത് അതിശക്തമായ ഒരു ഫോണ്‍ മുഴുവന്‍ ഗ്യാരന്റിയോടു കൂടി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണിത്.

പോക്കോ എഫ് സീരിസില്‍ കൂടുതല്‍ മോഡലുകള്‍ ഷവോമി ഇറക്കിയിരുന്നെങ്കിലും ഈ സെയിലില്‍ വില കുറച്ചിരിക്കുന്നത് ഈ ഒരു മോഡലിനു മാത്രമാണ്. പോക്കോ എഫ്1ന്റെ മറ്റ് ഓപ്ഷനുകളും അവയുടെ വിലയും ഇതാണ്: 6ജിബി/28ജിബി-20,999 രൂപ; 8ജിബി/265ജിബി വേര്‍ഷന്‍ വേണമെങ്കില്‍ 27,999 രൂപ നല്‍കണം. മൂന്നു നിറങ്ങളിലാണ് ഫോണുകളാണ് ഫോണുകൾ ലഭ്യമാക്കിയിരിക്കുന്നത്. റോസ് റെഡ്, സ്റ്റീല്‍ ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക്. 

കഴിഞ്ഞ മാസം ഷവോമി 6 ജിബി/128 ജിബി വേരിയന്റിന്റെ വില 2,000 രൂപ കുറച്ചിരുന്നു. ആ മോഡലിന് പിന്നെ വില വര്‍ധിപ്പിച്ചില്ല. ഇപ്പോഴും 20,999 രൂപയ്ക്കു തന്നെയാണ് വില്‍ക്കുന്നത്. പല നിര്‍മാതാക്കളുടെയും മധ്യനിര മോഡലുകള്‍ വരെ ഇവയെക്കാള്‍ വില കൂടിയതാണ്. 

എല്ലാ പോക്കൊ വേരിയന്റുകള്‍ക്കും പൊതുവായിട്ടുള്ള സ്‌പെസിഫിക്കേഷന്‍സ് നോക്കാം: 6.18-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡിപ്ലസ് (2340 x 1080 പിക്‌സല്‍സ്) ഉള്ള സ്‌ക്രീനാണ് ഫോണിനുള്ളത്. യുണീ ബോഡി ഡിസൈനുള്ള ഫോണിന്റെ നിര്‍മാണം പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ്. നോച്ചുളള ഈ മോഡലുകള്‍ക്ക് 19:9 അനുപാതമാണ് നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 845 (2.8Ghz 10nn FinFet Snapdragon 845) ശക്തിപകരുന്ന ഈ ഫോണിന് അഡ്രെനൊ 630 ഗ്രാഫിക്‌സ് പ്രൊസസറുമുണ്ട്.

പോക്കോ മോഡലുകള്‍ക്കു വേണ്ടി സൃഷ്ടിച്ച എംഐയുഐ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ആന്‍ഡ്രോയിഡ് 8.1 ഒറിയോ കേന്ദ്രമാക്കി നിര്‍മിച്ച ഈ യൂസര്‍ ഇന്റര്‍ഫെയ്‌സിന് പോക്കോ ലോഞ്ചര്‍ ഉണ്ട്. ഒരു ആപ് ഡ്രോയറും കസ്റ്റമൈസേഷനുളള സാധ്യതകളും ഇവിടെ ലഭിക്കുന്നു. 4,000 എംഎഎച് ബാറ്ററിയാണ് ഫോണിനുള്ളത്. എട്ടു മണിക്കൂര്‍ ഗെയിം കളിക്കാനും 30 മണിക്കൂര്‍ ടോക് ടൈമും 15 ദിവസത്തെ സ്റ്റാന്‍ഡ്-ബൈ ടൈമും ഈ ഫോണിനു കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പോരെങ്കില്‍ ക്വിക് ചാര്‍ജ് 3.0 സപ്പോര്‍ട്ടുമുണ്ട്.

ക്യാമറ

സെല്‍ഫിക്കായി നല്‍കിയിരിക്കുന്നത് 20 എംപി ക്യാമറയാണ്. ബ്യൂട്ടിഫിക്കേഷന്‍ ഫീച്ചറുമുണ്ട്. പിന്നിലെ പ്രധാന ക്യാമറ സിസ്റ്റത്തില്‍ ഇരട്ട ക്യാമറകളുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്. സോണിയുടെ 12 മെഗാപിക്‌സല്‍ (IMX363) സെന്‍സറും 5എംപി ക്യാമറയും ഒത്തു ചേര്‍ന്നതാണിത്. ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, റിയല്‍ടൈം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫൊട്ടോഗ്രാഫി തുടങ്ങിയവയൊക്കെയാണ് മറ്റു ഫീച്ചറുകള്‍. ഈ ക്യാമറകള്‍ക്ക് 206 സീനുകള്‍ കണ്ടാലറിയാമെന്നാണ് പറയുന്നത്. വേണ്ട ക്രമീകരണങ്ങള്‍ നടത്തി ഫോട്ടോ എടുക്കാന്‍ അവയ്ക്കാകുമെന്ന് ഷവോമി അവകാശപ്പെടുന്നു. 

ഈ മോഡലിന്റെ പരിമിതികളിലൊന്ന് അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും. അത് ആന്‍ഡ്രോയിഡ് 9.0 പൈയിലേക്ക് അപ്‌ഗ്രേഡു ചെയ്യുമോ എന്ന് അറിയില്ല. ഇനി പോക്കോ മോഡലുകള്‍ നിര്‍മിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനമെങ്കില്‍ ചിലപ്പോള്‍ അതു സംഭവിക്കണമെന്നില്ല. ഷവോമിയുടെ ആരാധകര്‍ക്ക് സോണിയുടെ 48 എംപി ക്യാമറാ സെന്‍സറും മറ്റും പരിശോധിക്കാനാണ് ആഗ്രഹമെങ്കില്‍ മറ്റു മോഡലുകള്‍ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ ഫ്ലാഗ്ഷിപ് ഫോണുകളുടെ കരുത്തുള്ള ഒരു മോഡല്‍ വേണമെന്നുള്ളവര്‍ക്ക് പോക്കോ എഫ്1 പരിഗണിക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA