sections
MORE

അമേരിക്കയെ വെല്ലുവിളിച്ച് വാവെയ്, പുതിയ ഒഎസ് ഫോൺ വിപണിയിലേക്ക്, ഗൂഗിൾ പുറത്ത്

Huawei-
SHARE

വാവെയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അത്തരമൊരു ഓപ്പേറേറ്റിങ് സിസ്റ്റം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ മാത്രം മികവിലെത്തിയിട്ടില്ലെന്ന് വാവെയുടെ ചില ഡെവലപ്പര്‍മാര്‍ പോലും വാദിക്കുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആന്‍ഡ്രോയിഡ് നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ അറ്റകൈപ്രയോഗം നടത്താന്‍ തന്നെയാണ് വാവെയുടെ തീരുമാനമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളാണ് പി സീരിസും മെയ്റ്റ് സീരിസും. അടുത്തതായി ഇറങ്ങാന്‍ പോകുന്ന മെയ്റ്റ് 30 സീരിസ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒക്ടോബറിലാണ് ഈ മോഡല്‍ അവതരിപ്പിക്കാന്‍ സാധ്യത. ഒാക്ക് ഒഎസ് (Oak OS) എന്നായിരിക്കാം പുതിയ ഒഎസിന്റെ പേര്. ഇത് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ കാര്യത്തില്‍ ഒരു വന്‍ മാറ്റത്തിനു വഴിവച്ചേക്കാം. അതിലും വലുതാണ് ഇതിന്റെ രാഷ്ട്രീയ മാനവും.

നിലവില്‍ ലോകത്തെ 85 ശതമാനത്തിലേറെ സ്മാര്‍ട് ഫോണുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിലാണ്. 14 ശതമാനത്തിലേറെയാണ് ആപ്പിള്‍ ഐഒഎസിന്റെ വിഹിതം. ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ആപ്പിള്‍ മാത്രം നിര്‍മിക്കുമ്പോള്‍ ആന്‍ഡ്രോയിഡ് വാഹികളായ ഹാന്‍ഡ്‌സെറ്റുകള്‍ സാംസങും വാവെയും ഷവോമിയുമടക്കമുളള വിവിധ കമ്പനികള്‍ നിര്‍മിക്കുന്നു. ഇതാണ് ആന്‍ഡ്രോയിഡിന്റെ വിജയത്തിനു പിന്നില്‍. ഇവയില്‍ പല കമ്പനികളും ചൈനീസ് ഉടമസ്ഥരുടെ കീഴിലാണ്. ഭാവിയില്‍ ഇവ പുതിയ ഒഎസിലേക്ക് മാറുമോ എന്ന് ഗൂഗിള്‍ ഭയപ്പെടുന്നു. അത്തരമൊരു സാധ്യത നിലനില്‍ക്കുന്നുണ്ട്. അത് ഗൂഗിളിന്റെ ബിസിനസിനെ നേരിട്ടു ബാധിക്കുകയും സ്മാര്‍ട് ഫോണ്‍ നിര്‍മാണവും വില്‍പനയും ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള വഴികളിലേക്കു പ്രവേശിക്കുകയും ചെയ്യാം. ഒപ്പം അമേരിക്ക-ചൈന മത്സരത്തിനും അതു വഴിവയ്ക്കാം. വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് സുഗമമായി പ്രവര്‍ത്തിക്കാനാകുന്നുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിലകുറഞ്ഞ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഓക് ഒഎസ് ഉപയോഗിക്കുന്നവരായി തീരാം. ആപ്പിള്‍ ഐഒഎസ് ഉപയോഗിക്കുന്നതു പോലെ ഓക് ഒഎസ് തങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നായിരിക്കുമെന്ന് വാവെയ് തീരുമാനിക്കുമോ എന്നും അറിയില്ല. എന്തായാലും ആദ്യകാലത്ത് മറ്റു നിര്‍മാതാക്കളാരും ആന്‍ഡ്രോയിഡ് ഉപേക്ഷിക്കില്ല.

ഓക് ഒഎസ് ചൈനയില്‍ അറിയപ്പെടുക ഹോങ്‌മെങ് ഒഎസ് (HongMeng OS) എന്നായിരിക്കുമത്രെ. മെയ്റ്റ് 30 ഫോണ്‍ ഇറങ്ങുന്നതിനു മുൻപ് തന്നെ ഒഎസിനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടുമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഓക് ഒഎസ് ആന്‍ഡ്രോയിഡിന്റെ ഓപ്പണ്‍ സോഴ്‌സ് വേര്‍ഷനെ കേന്ദ്രീകരിച്ചായിരിക്കും ഇറക്കുക. ഇതിനാല്‍ പ്രത്യക്ഷത്തില്‍ വാവെയ് ഫോണുകള്‍ക്ക് കാതലായ മാറ്റമൊന്നും കാണുകയുമില്ല. ഓക് ഒഎസില്‍ ഗൂഗിള്‍ ആപ്പുകള്‍ കാണില്ല. എന്നാല്‍ അവ ഉപയോക്താവിന് വേണമെങ്കില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുകയും ചെയ്യാം. ഇതായിരിക്കും ഗൂഗിളിന് വിഷമം ഉണ്ടാക്കുന്ന സംഗതി. അതിനാല്‍ വാവെയുടെ വിലക്ക് എത്രയും വേഗം പിന്‍വലിപ്പിക്കാനായി ഗൂഗിള്‍ കാര്യമായ ചരടുവലികള്‍ തുടങ്ങിയിരിക്കുകയാണ്. ചൈനീസ് സർക്കാരുമായി അടുത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വാവെയ് എന്ന് ആരോപണമുണ്ട്. അതുകൊണ്ടു തന്നെ മറ്റു ചൈനീസ് നിര്‍മാതാക്കളോടും വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു ഫോണ്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാലും അദ്ഭുതപ്പെടേണ്ടതില്ല.

വാവെയുടെ 5ജി ചിപ്പും ഉടന്‍ പുറത്തിറങ്ങുമെന്നു പറയുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണത്തിന് വാവെയ് അമേരിക്കന്‍ കമ്പനിയായ എആര്‍എംന്റെ സഹകരണം സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതെങ്ങനെ ഇറങ്ങുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. വിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുൻപ് നിര്‍മാണം തുടങ്ങിയതിനാലാണോ ഇതു സാധ്യമാകുന്നതെന്ന് റിപ്പോര്‍ട്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുന്നു.

സഹകരിക്കണമെന്ന് ആപ് സൃഷ്ടാക്കളോട് വാവെയ്

അതേസമയം, തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായ സഹകരിക്കണമെന്ന് വാവെയ് ഗൂഗിള്‍ പ്ലേ ആപ് സൃഷ്ടാക്കളോട് ആവശ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. സ്വന്തമായി ആപ്ഗ്യാലറി (AppGallery) എന്ന പേരില്‍ ആപ്‌സ്റ്റോര്‍ തുടങ്ങാനാണത്രെ ഇത്.

വാവെയുടെ ഒഎസ് പരാജയമായിരിക്കുമെന്ന് വിദഗ്ധര്‍

അതേസമയം, പുതിയ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റവുമായി വിലസാമെന്നത് വാവെയുടെ വ്യാമോഹമാണ് എന്നാണ് ഒരുകൂട്ടം വിദഗ്ധര്‍ പറയുന്നത്. ഒഎസ് നിര്‍മാണമൊക്കെ എളുപ്പമാണ്. എന്നാല്‍, മറ്റു സേവനങ്ങളും ആപ് പരിസ്ഥിതിയുമൊക്കെ വിശ്വസനീയമായ രീതിയില്‍ തട്ടിക്കൂട്ടല്‍ എളുപ്പമല്ലെന്നാണ് അവര്‍ പറയുന്നത്. ഒഎസിനുള്ളില്‍ വിവിധ സേവനങ്ങള്‍ ഒരുമിപ്പിക്കുക എന്നത് കുട്ടിക്കളിയല്ല. ഇങ്ങനെ പരാജയപ്പെട്ട ഫയര്‍ഫോക്‌സ് ഒഎസിനായി പ്രവര്‍ത്തിച്ച മോസിലയുടെ ചീഫ് ടെക്‌നോളജി ഓഫിസറായ ആന്‍ഡ്രിയാസ് ഗാലും പറയുന്നത് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA