ADVERTISEMENT

ഓരോരുത്തര്‍ക്കും സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ഓരോരോ കാരണങ്ങളാണ്. മിക്കവര്‍ക്കും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭിച്ചാല്‍ മാത്രം മതി. ചിലര്‍ക്ക് ക്യാമറയാണ് പ്രധാനമെങ്കില്‍ വേറെ ചിലര്‍ക്ക് ഗെയ്മിങ്ങിനുള്ള വേഗമാണ് വേണ്ടത്. ചിലര്‍ക്ക് ഫീച്ചറുകളെക്കാൾ ബ്രാന്‍ഡ് നെയ്മാണു പ്രധാനം. എന്നാല്‍ വളരെ ചുരുക്കം ആളുകള്‍ക്കേ സുരക്ഷ എന്നൊരു കാര്യത്തെക്കുറിച്ച് ബോധമുളളു. പത്തു കൊല്ലമൊക്കെ മുൻപ് താരമ്യേന കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്ന ഏറ്റവും സുരക്ഷയുള്ള ഫോണായിരുന്നു ബ്ലാക്‌ബെറി. ബ്ലാക്‌ബെറിയുടെ മെസഞ്ചര്‍ ഏതു പാലം കുലുങ്ങിയാലും അശേഷം കുലുങ്ങാത്ത കേമനായിരുന്നു. സുരക്ഷാ പ്രേമികള്‍ ഐഫോണിന്റെ പോലും ആകര്‍ഷണ വലയത്തില്‍ പെടാതെ ബ്ലാക്‌ബെറിയെ മുറുകെ പിടിച്ചിരുന്നത് അതുകൊണ്ടായിരുന്നു. ബ്ലാക്‌ബെറി മെസഞ്ചറിന്റെ പ്രവര്‍ത്തനം നിർത്തിയപ്പോള്‍ ഇനിയെന്തെന്ന് ആകുലപ്പെടുകയായിരുന്നു ആരാധകര്‍.

 

ഇത്രയും പറഞ്ഞത് സുരക്ഷ വേണമെന്നുള്ളവര്‍ക്ക് ഇന്നുള്ള മിക്ക ഫോണുകളും മികച്ചതല്ലെന്നു പറയാനാണ്. അത്തരം സുരക്ഷയും സ്വകാര്യതയുമൊക്കെ ബിസിനസുകാര്‍ക്കും മറ്റും പോരെ എന്നും ചോദിക്കാം. എന്തായാലും ലോകത്തെ ഇപ്പോഴത്തെ ഏറ്റവും സുരക്ഷയുള്ള ഫോണ്‍ എന്ന അവകാശാവദവുമായാണ് ബിറ്റിയം (Bittium) കമ്പനിയുടെ 'ടഫ് മൊബൈല്‍ 2' എന്ന സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്‌ബെറിയ്ക്കു പോലും സാധ്യമല്ലാതിരുന്ന തരം സുരക്ഷയാണ് ബിറ്റിയം ഫോണിനുള്ളതത്രെ. ഫിന്‍ലന്‍ഡില്‍ റേഡിയോ കമ്യൂണിക്കേഷന്‍ രംഗത്ത് 30 ലേറെ വര്‍ഷത്തെ സേവനം നല്‍കിയവരാണ് ബിറ്റിയം. തങ്ങളുടെ ഫോണ്‍ യുദ്ധ രംഗത്തെ പട്ടാളക്കാര്‍ക്കു പോലും സുരക്ഷിതമായി ഉപയോഗിക്കാമെന്നാണ് അവരുടെ അവകാശവാദം.

 

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രൊഫഷണലുകള്‍ക്കും വ്യക്തികള്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്നതാണ് തങ്ങളുടെ പുതിയ മോഡലെന്ന് കമ്പനി പറഞ്ഞു. നിരവധി അടരുകളുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നതത്രെ. ആന്‍ഡ്രോയിഡ് 9.0 പൈയുടെ സോഴ്‌സ്‌കോഡില്‍ തന്നെ സുരക്ഷാ ഫീച്ചറുകള്‍ ഉൾപ്പെടുത്തി നിര്‍മിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനെന്ന് അവര്‍ പറഞ്ഞു. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഡേറ്റയ്ക്കും ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഡേറ്റയ്ക്കും ഇന്നു ലഭിക്കാവുന്ന ഏറ്റവും നല്ല സുരക്ഷയാണ് തങ്ങള്‍ നല്‍കുന്നതെന്ന് കമ്പനി പറഞ്ഞു.

 

നിരവധി എന്‍ക്രിപ്ഷനുകള്‍, ഒതന്റിക്കേഷനുകള്‍, കീ മാനേജ്‌മെന്റ് ഫീച്ചറുകള്‍, ബൂട്ട് ആന്‍ഡ് റണ്‍ടൈം സുരക്ഷാ പരിശോധിക്കല്‍, വിവരങ്ങള്‍ ആര്‍ക്കും ലഭിക്കില്ലെന്നുറപ്പിക്കാനുള്ള ഫീച്ചറുകള്‍, സ്വകാര്യ മോഡ് തുടങ്ങിയവയാണ് ഫോണിന്റെ ചില ഫീച്ചറുകള്‍. പ്രൈവസി മോഡിന്റെ സേവനം തേടിക്കഴിഞ്ഞാല്‍ മൈക്രോഫോണുകള്‍, ക്യാമറകള്‍, ബ്ലൂടൂത്ത് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തും. കൂടാതെ സെന്‍സറുകളുടെ കൃത്യത കുറയ്ക്കും. ഇവയെല്ലാം ഒരു ബട്ടണമര്‍ത്തുമ്പോള്‍ സംഭവിക്കുകയും ചെയ്യും. ഇതു കൂടാതെ ബിറ്റിയം സെക്യൂവര്‍ സൂട്ടിന്റെ സേവനവും ഉള്ളതിനാൽ ഫോണ്‍ എവിടെയങ്കിലും നഷ്ടപ്പെട്ടാലും ഡേറ്റ എന്‍ക്രിപ്റ്റു ചെയ്തു തന്നെ ഇരിക്കുകയോ, ദൂരെയിരുന്നു പോലും നശിപ്പിച്ചു കളയുകയോ ചെയ്യാം.

 

സർക്കാർ ഉദ്യോഗസ്ഥര്‍ക്കു പോലും ഔദ്യോഗിക വിവരങ്ങള്‍ സുരക്ഷിതമായി കൊണ്ടു നടക്കാമെന്നാണ് പറയുന്നത്. സാധാരണ സ്മാര്‍ട് ഫോണുകള്‍ക്കു ലഭിക്കാത്ത രീതിയിലുള്ള സുരക്ഷാ അപ്‌ഡേറ്റുകള്‍ സമയാസമയങ്ങളില്‍ തങ്ങള്‍ എത്തിക്കുമെന്ന് ബിറ്റിയം വാഗ്ദാനം ചെയ്യുന്നു. ഫോണില്‍ പരസ്പരം ബന്ധപ്പെടുത്താതെ പ്രവര്‍ത്തിപ്പിക്കാവുന്ന വര്‍ക്‌സ്‌പെയ്‌സുകളുണ്ട്. അതീവ രഹസ്യമായ ഡേറ്റാ ഈ ഇടങ്ങളില്‍ സൂക്ഷിക്കാം. പല കമ്പനികളുടെ രേഖകള്‍ പോലും ഒരു ഫോണില്‍ സൂക്ഷിക്കാം. ഇതു കൂടാതെ വ്യക്തിപരമായ ഡേറ്റയും സൂക്ഷിക്കാം. സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാമെങ്കിലും അവയ്‌ക്കൊന്നും സാധാരണ ഫോണുകളില്‍ സംഭവിക്കുന്നതു പോലെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഫയലുകളിലേക്ക് എത്തി നോക്കാനാവില്ല.

 

ബിറ്റിയം ടഫ് മൊബൈല്‍ 2ന്റെ ഹാര്‍ഡ്‌വെയര്‍ മികച്ചതാണെങ്കിലും കണ്ണഞ്ചിപ്പിക്കുന്നതല്ല. 5.2-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി സ്‌ക്രീനാണുള്ളത്. ഈ സ്‌ക്രീന്‍ സൂര്യപ്രകാശത്തിലും സുഖമായി വായിക്കാവുന്നതാണ്. ടച്‌സ്‌ക്രീന്‍ ഗ്ലൗ ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രവര്‍ത്തിപ്പിക്കാം. നനഞ്ഞിരിക്കുമ്പോഴും ഉപയോഗിക്കാം. സ്‌നാപ്ഡ്രാഗണ്‍ 670 ആണ് പ്രോസസര്‍. 4 ജിബി റാമും 64ജിബി സ്റ്റോറേജ് ശേഷിയുമുള്ള ഫോണ്‍ മൈക്രോ എസ്ഡികാര്‍ഡും സ്വീകരിക്കും. 12 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ക്യാമറയും ഫോണിനുണ്ട്. മുന്നില്‍ ഇരട്ട സ്പീക്കറുകളുമുണ്ട്. മിക്കവാറും എല്ലാ കണക്ടിവിറ്റി ഓപ്‌നുകളുമുള്ള ഫോണിന് ഐപി 67 ഡെസ്റ്റ്, വാട്ടർ പ്രതിരോധ ശേഷിയുമുണ്ട്. 3000 എംഎഎച് ആണ് ബാറ്ററി. തട്ടും മുട്ടും താഴെ വീഴലൊന്നും സാധാരണ ഫോണുകളെ പോലെ ഇതിനെ ബാധിക്കില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. പ്രൈവസി മോഡ്, എമര്‍ജന്‍സി, പുഷ്-ടു-ടോക്ക് എന്നിവയ്ക്ക് പ്രത്യേകം ബട്ടണുകളുണ്ട്. 1,550 യൂറോയാണ് ഫോണിനിട്ടിരിക്കുന്ന വില.

 

ഈ ഫോണും ബ്ലാക്‌ബെറിയുമായി താരതമ്യം ചെയ്യാനാവില്ല. ഒറ്റക്കാര്യം കൂടെ പറഞ്ഞു നിർത്താം. ബ്ലാക്‌ബെറി മെസഞ്ചറിനു പകരം സുരക്ഷിതമായ ഏതു മെസഞ്ചര്‍ ഉപയോഗിക്കാമെന്ന പഠനം രസകരമായായിരുന്നു നടന്നത്. ഫെയ്‌സ്ബുക് മെസഞ്ചര്‍ പോലെ സാധാരണക്കാര്‍ യാതൊരു ആധിയുമില്ലാതെ ഉപയോഗിക്കുന്ന ഒരെണ്ണം പരിഗണിക്കുന്ന പ്രശ്‌നം പോലുമില്ലെന്നാണ് ബ്ലാക്‌ബെറിയുടെ ആരാധകര്‍ പറഞ്ഞത്. അവസാനം താരതമ്യേന സുരക്ഷിതമായി അവര്‍ കണ്ടെത്തിയത് ആപ്പിളിന്റെ ഐമെസേജ് (iMessage) ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com