sections
MORE

‌കുത്തക കമ്പനികളെ നേരിടാൻ വാവെയ് ഓപ്പറേറ്റിങ് സിസ്റ്റം, കണ്ണു തളളി ഗൂഗിൾ

Huawei-phone
SHARE

ആപ്പിളിനെ പോലെ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണവുമെന്നത് ആത്മാഭിമാനമുള്ള ഏതു സ്മാര്‍ട് ഫോണ്‍ നിര്‍മാതാവിന്റെയും സ്വപ്‌നമാണ്. പകരം ആപ്പിളൊഴികെ എല്ലാ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് തന്നെ ഉപയോഗിക്കണമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചുരുക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അന്തിമമായ ഗുണഭോക്താവ് ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിളാണ്. ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ആന്‍ഡ്രോയിഡിന്റെ ലൈസന്‍സ് നല്‍കുമ്പോള്‍ തങ്ങളുടെ ആപ്പുകള്‍ ഉപയോഗിക്കണമെന്ന നിബന്ധനയും ഉണ്ട്. ഗൂഗിളിനെതിരെയുള്ള യൂറോപ്പിലെ ആന്റിട്രസ്റ്റ് നീക്കം ഇക്കാര്യങ്ങളെല്ലാം വ്യക്തമായി തന്നെ കാണിച്ചു തരികയും ചെയ്തിരുന്നല്ലോ. എന്നാൽ ചൈനീസ് ഫോൺ നിർമാണ കമ്പനിയായ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരീക്ഷണം തുടങ്ങി. പുതിയ ഒഎസിൽ പ്രവർത്തിക്കുന്ന പത്ത് ലക്ഷം ഫോണുകളാണ് വാവെയ് പുറത്തിറക്കുന്നത്. ഈ നീക്കം ഗൂഗിളിനു കുറച്ചെങ്കിലും ഭീഷണിയാകുമെന്നാണ് അറിയുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആപ്പുകള്‍ ബലമായി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഗൂഗിള്‍ നടത്തുന്ന ഡേറ്റാ ഖനനത്തെക്കുറിച്ചുള്ള ആരോപണം അടക്കമുള്ള കാര്യങ്ങള്‍ അമേരിക്കയിലെ ആന്റിട്രസ്റ്റ് നീക്കത്തിലും പരിഗണിച്ചേക്കും. ഗൂഗിളിനെതിരെ എണീറ്റു നില്‍ക്കാന്‍ ശേഷിയുള്ള രണ്ടു കമ്പനികളായിരുന്നു മൈക്രോസോഫ്റ്റും സാംസങും. അവരുടെ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് അകാല ചരമം പ്രാപിക്കേണ്ടിവന്നതിനെ കുറിച്ചും ഭാവിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാം. വിന്‍ഡോസ് മൊബൈലില്‍ ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബിന്റെ ആപ് ഇല്ലായിരുന്നു. തങ്ങള്‍ക്ക് ഒരെണ്ണം ഉണ്ടാക്കി നല്‍കണമെന്ന ആവശ്യം ഗൂഗിള്‍ കേട്ടില്ലെന്നു നടിച്ചു. അവസാനം മൈക്രോസോഫ്റ്റ് തന്നെ ഒരെണ്ണം നിര്‍മിച്ചിട്ടപ്പോള്‍ അതിനെ യുട്യൂബിലേക്ക് കടക്കാന്‍ അനുവദിക്കാതിരിക്കുക ആയിരുന്നല്ലോ. ഗൂഗിളിനെ പോലെ തന്നെ പൈസയുള്ള മൈക്രോസോഫ്റ്റിന്റെ ഗതി ഇതായിരുന്നു എങ്കില്‍ മറ്റു കമ്പനികളുടെ കാര്യം എന്തു പറയാന്‍? നിലവില്‍ ആപ്പിളൊഴികെയുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ തല ഗൂഗിളിന്റെ കക്ഷത്തില്‍ വച്ചുകൊടുക്കണമെന്ന ഭീകരാവസ്ഥയാണുള്ളത്.

വാവെയുടെ ഒഎസ് നിര്‍മാണം

ലോകത്തെ ഇപ്പോഴത്തെ രണ്ടാമത്തെ വലിയ സമാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് ഇപ്പോള്‍ അമേരിക്കന്‍ നടപടികളുടെ ആഘാതത്തില്‍ പെട്ട് ഉഴലുകയാണ്. അവര്‍ സ്വന്തമായ ഓപ്പറേറ്റിങ് സിസ്റ്റവുമായി എത്താന്‍ പോകുന്നുവെന്ന വാര്‍ത്തയ്ക്ക് ഇപ്പോള്‍ ചൂടു പിടിച്ചിരിക്കുന്നു. എന്നാല്‍ കമ്പനി പൊടുന്നനെ എടുത്തു ചാടി ചെയ്യുന്നതല്ല ഇതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2012ല്‍ കമ്പനിക്ക് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കേവലം 5 ശതമാനം സാന്നിധ്യം മാത്രം ഉണ്ടായിരുന്ന സമയം മുതല്‍ തന്നെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാന്‍ ശ്രമിച്ചിരുന്ന കമ്പനിയാണ് വാവെയ്. അതീവ രഹസ്യമായാണ് കമ്പനി പുതിയ ഒഎസിന്റെ നര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത് അമേരിക്ക കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയത് പുതിയ ഒഎസ് അവതരിപ്പിക്കാന്‍ ഒരു നിമിത്തമായി തീരാനാണു വഴി. 

സാംസങ്ങിനും മൈക്രോസോഫ്റ്റിനും സാധിക്കാത്തത് തങ്ങള്‍ക്ക് എങ്ങനെ സാധിക്കാനാണെന്ന ചിന്ത തന്നെയായിരിക്കണം പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അനാവരണം ചെയ്യുന്നതില്‍ നിന്ന് കമ്പനിയെ ഇത്രനാള്‍ മാറ്റി നിർത്തിയത്. ലോകത്തെ സ്മാര്‍ട് ഫോണുകളില്‍ 99.9 ശതമാനത്തിന്റെയും സോഫ്റ്റ്‌വെയര്‍ ചാലകം ആന്‍ഡ്രോയിഡോ, ഐഒഎസോ ആണ്. ഇവരുടെ സ്വേച്ഛാതിപത്യത്തില്‍ നിന്നുള്ള മോചനം കംപ്യൂട്ടിങ് മേഖലയ്ക്ക് ഗുണമായി തീരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ചുള്ള ആദ്യ സൂചനകള്‍ പറയുന്നത് ഇത് ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഒരു മിശ്രണമായിരിക്കുമെന്നാണ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മൈക്രോകേണല്‍ (microkernel) അനായാസമായി പ്രവര്‍ത്തിക്കുന്നതും ചടുലതയുള്ളതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വന്തമായ ഒഎസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്പനിയുടെ മൊബൈല്‍ ശാഖയുടെ മേധാവി പറഞ്ഞത് അതിന് സ്മാര്‍ട് ഫോണുകളിലും കംപ്യൂട്ടറുകളിലും ടാബുകളിലുമൊക്കെ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടായിരിക്കുമെന്നാണ്. 

വാവെ നേരിടുന്ന പ്രധാന പ്രശ്‌നം ആപ് നിര്‍മാതാക്കളെ എങ്ങനെ ആകര്‍ഷിക്കാമെന്നതാണ്. ആന്‍ഡ്രോയിഡിന് ആപ് നിര്‍മിക്കുന്നവര്‍ തങ്ങളുടെ ഒഎസിനായി കൂടെ കോഡിങ് നടത്തണമെന്ന വാവെയുടെ അഭ്യര്‍ഥന പല ആപ് ഡെവലപ്പര്‍മാര്‍ക്കും ലഭിച്ചതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അതിലും എളുപ്പം തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തെ ആന്‍ഡ്രോയിഡിന്റെ പ്ലേ സ്റ്റോറുമായി ബന്ധിപ്പിക്കുന്നതാണ്. ഇതിനായിരിക്കും വാവെയ് പ്രഥമ പരിഗണന നല്‍കുക എന്നും ചില സൂചനകളുണ്ട്.

എന്നാല്‍ അനുവദിക്കുന്ന കാലത്തോളം ആന്‍ഡ്രോയിഡിനോടും വിന്‍ഡോസിനോടും ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ക്കു താത്പര്യമെന്ന് വാവെ പറഞ്ഞു. അതിനും കാരണമുണ്ട്. തങ്ങളെ ഇപ്പോഴെ ഭയക്കുന്ന രാജ്യങ്ങളില്‍ സ്വന്തം ഒഎസുമായി എങ്ങനെ ഫോണ്‍ വില്‍ക്കാനാകുമെന്ന ചിന്ത അവര്‍ക്കുണ്ടായിരിക്കും. എന്നാല്‍, ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ ഒഎസ് ഉപയോഗിക്കേണ്ടെന്ന കടുത്ത നിലപാടു തുടര്‍ന്നാല്‍ അവര്‍ക്ക് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം പുറത്തെടുക്കാതെ നിര്‍വാഹമില്ലാതെ വരികയും ചെയ്യും. ആര്‍ക്ക് ഒഎസ് (Huawei Ark OS) എന്നായിരിക്കാം പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ നാമകരണം ചെയ്യുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓക് (Oak) ഒഎസ് എന്ന പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഒഎസിന്റെ ചൈനയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പേര് വാവെയ് ഹോങ്‌മെങ് (Hongmeng) എന്നാണ്. എന്നാല്‍ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കപ്പെട്ടാല്‍ ഈ ഒഎസ് അവര്‍ പുറത്തെടുക്കില്ല.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ സാംസങ് ഇറക്കിയ റ്റിസന്‍ ഒഎസ് സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ആന്‍ഡ്രോയിഡ് ആപ്പുകളെ വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെങ്കില്‍ അതും പരാജയപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പിന്നെ 'എല്ലാം ഒന്നേന്നു തുടങ്ങേണ്ട' അവസ്ഥയായിരിക്കും കമ്പനിക്ക്. എന്നാല്‍ തങ്ങളുടെ പ്രധാന വിപണി ചൈന ആയതിനാല്‍ സാംസങ്ങിനെ പോലെയല്ലാതെ പിടിച്ചു കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അന്തര്‍ദേശീയമായി കമ്പനിക്ക് സ്വീകാര്യത ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഇപ്പോഴും സുഗമമായി പ്രവര്‍ത്തിക്കാറായിട്ടില്ലെന്നു വാദിക്കുന്നവരും ഉണ്ട്.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരുന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ഉപയോക്താക്കള്‍ക്ക് ഗുണകരമായേക്കാം. കുത്തക അവസാനിക്കുന്നത് പുതിയ ആശയങ്ങള്‍ക്കു വഴിവയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA