sections
MORE

ഐഫോണുകളുടെ അർധരാത്രിയിലെ ‘രഹസ്യ ജീവിതം’ ഇങ്ങനെ...

iphone
SHARE

ഐഫോണ്‍ അല്ലെങ്കില്‍ ഐഒഎസ് ഉപകരണം വാങ്ങിക്കഴിഞ്ഞാല്‍ തന്റെ സ്വകാര്യത ആപ്പിള്‍ നോക്കിക്കൊള്ളുമെന്ന് കരുതുന്നവരുണ്ട്. അവര്‍ക്കൊരു ഷോക് ട്രീറ്റ്‌മെന്റ് നല്‍കുകയാണ് ദി വാഷിങ്ടൺ പോസ്റ്റിന്റെ ടെക്‌നോളജി എഴുത്തുകാരനായ ജെഫ്രി എ ഫൗളര്‍. 'നിങ്ങളുടെ ഐഫോണില്‍ നടക്കുന്നതെല്ലാം ഐഫോണില്‍ തന്നെ ഇരിക്കും,' (What happens on your iPhone stays on your iPhone.) എന്ന ആപ്പിളിന്റ സമീപകാല പരസ്യത്തെയും ഫൗളര്‍ എടുത്തിട്ടു കുടയുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ (ഇന്റര്‍നെറ്റ്) ജീവിതം സ്വകാര്യമായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണെങ്കില്‍ അതിനു കുറച്ച് അറിവുവേണം, ത്യാഗങ്ങളും സഹിക്കേണ്ടിവരും അല്ലാതെ ആപ്പിളിനു ടെക്‌നോളജി പൊലീസുകാരനാകാന്‍ കഴിയില്ലെന്ന് അസന്നിഗ്ധമായി കാണിച്ചു തരികയാണ് ഫൗളര്‍.

തന്റെ ഐഫോണിന്റെ രഹസ്യ രാത്രി ജീവിതത്തെക്കുറിച്ച് 'ഡിസ്‌കണക്ട്' എന്ന സുരക്ഷാ കമ്പനിയുടെ പാട്രിക് ജാക്‌സണുമൊത്തു നടത്തിയ പഠനമാണ് ലോകത്തെ ഐഫോണ്‍ ആരാധകരുടെ ബലൂണ്‍ പോലെ വീര്‍ത്ത അഹങ്കാരത്തെ നിഷ്‌കരുണം കുത്തിപ്പൊട്ടിച്ചത്. ജാക്‌സണ്‍ അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. അദ്ദേഹം ഫൗളറുടെ ഫോണ്‍ ഒരു പ്രത്യേക സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് വഴിവച്ചത്. ഫൗളറുടെ ഐഫോണില്‍ 5,400 ട്രാക്കര്‍മാരെയാണ് പാട്രിക് കണ്ടെത്തിയത്! ഇതു തന്റെ ഐഫോണിന്റെ കാര്യമാണ്. പക്ഷേ, നിങ്ങളുടെ ഐഫോണും ഇതില്‍ നിന്നു വ്യത്യസ്തമാകാന്‍ തരമില്ലെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. തന്റെ സ്വകാര്യ ഡേറ്റയുടെ കാര്യം ഗൗരവമായി എടുക്കുന്നവര്‍ക്ക് ഇതൊരു നല്ല പാഠമാണ്. ഐഫോണ്‍ വാങ്ങിയാല്‍ ആപ്പിള്‍ ഡിറ്റക്ടീവ് കളിച്ച്ട്രാക്കര്‍മാരെ ഓടിച്ചു വിട്ടോളുമെന്ന കെട്ടുകഥയ്ക്ക് ഇതോടെ അന്ത്യമാകുകയാണ്.

എനിക്ക് ഡേറ്റയുടെ വില എന്തെന്നറിയാം. എന്റെ ഡേറ്റ എത്തേണ്ടിടത്ത് എത്തുന്നതിനോട് എനിക്കു യോജിപ്പല്ലെന്നാണ് പാട്രിക് ഫൗളറോടു പറഞ്ഞത്. ചുറ്റും ഡേറ്റാ ഖനനക്കാരുടെ ലോകമാണ്. ആന്‍ഡ്രോയിഡിനെ പോലെ തന്നെ ഐഫോണിലും അത് യഥേഷ്ടം നടക്കും. ഇരുവരും ചേര്‍ന്നു കണ്ടെത്തിയ ട്രാക്കര്‍മാരില്‍ മൈക്രോസോഫ്റ്റ്, നൈക്കി, വെതര്‍ ചാനല്‍, യെല്‍പ് ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങി സകല വിധ ട്രാക്കര്‍മാരും ഉണ്ടായിരുന്നു. വ്യക്തിയെ നേരിട്ടറിയാവുന്ന രീതിയിലുള്ള വിവരങ്ങള്‍ വരെ ഇവയില്‍ ചില ട്രാക്കര്‍മാര്‍ ഐഫോണില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്നതായാണ് കണ്ടെത്തിയത്.

ഡേറ്റ ചോർത്തുന്നവരിൽ നിഷ്‌കളങ്കരും ഹാനികരമായ ഉദ്ദേശമുള്ളവരും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഫൗളറുടെ ഫോണിലെ ഡേറ്റാ പാതി രാത്രിയില്‍ കടത്തുന്നതായാണ് കണ്ടെത്തിയത്. അതെന്തിനാണ്? പലരും രാത്രിയില്‍ ഫോണ്‍ കുത്തിയിട്ടുറങ്ങുന്നവരാണ്. പല ആപ് നിര്‍മാതാക്കളും തങ്ങളുടെ ആപ്പുകളോട് ഈ സമയത്താണ് ഡേറ്റാ പിടിച്ചെടുത്ത് അയയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ പകല്‍ ഫോണിന്റെ മറ്റു പ്രവര്‍ത്തനത്തില്‍ ഇടപെടന്നില്ല എന്നുറപ്പാക്കാമെന്നു പറയുന്നു.

ശരിക്കും എന്താണ് സംഭവിക്കുന്നത്? 

ഐഫോണിലും മറ്റും ഇന്‍സ്‌റ്റാള്‍ ചെയ്യുന്ന തേഡ്പാര്‍ട്ടി ആപ്പുകളാണ് വില്ലന്മാര്‍. ഇവയൊക്കെ എന്തു ചെയ്യുന്നുവെന്നത് ആപ്പിളിന് സദാ നിരീക്ഷിച്ചിരിക്കാന്‍ സാധ്യമല്ല. അത്തരമൊരു പൊലീസുകാരന്‍ കളിക്കാന്‍ ആപ്പിള്‍ ഇറങ്ങാതിരിക്കുന്നതു തന്നെയായിരിക്കും ടെക്‌നോളജിക്കു നല്ലതെന്നും ഫൗളര്‍ നിരീക്ഷിക്കുന്നുണ്ട്. കാരണം അങ്ങനെ ചെയ്താല്‍ മറ്റു കമ്പനികള്‍ നൂതനത്വം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് അതോടെ ഇല്ലാതായേക്കും. എന്നാല്‍, ആപ്പിളിന്റെ ആപ്പുകള്‍ സ്വകാര്യ ഡേറ്റയിലേക്ക് പരമാവധി കടക്കുന്നില്ല. കടക്കുമ്പോള്‍ പോലും അവ വ്യക്തിയെ നേരിട്ട് മനസ്സിലാക്കുന്ന രീതിയിലല്ല. അപ്പോഴും ഐഫോണില്‍ നടക്കുന്ന കാര്യങ്ങള്‍ മറ്റാരും അറിയില്ലെന്ന രീതിയില്‍ ആപ്പിള്‍ നല്‍കുന്ന പരസ്യങ്ങള്‍ ഉപയോക്താക്കള്‍ക്കു ഗുണം ചെയ്യില്ല. അവ തെറ്റിധരിപ്പിക്കുന്നു. ആപ്പിളിന്റെ ആപ്പുകള്‍ മാത്രം ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ ഐഫോണ്‍ സുരക്ഷിതമാണ്. ആപ്‌ സ്റ്റോറിലെ മറ്റു കാക്കത്തൊള്ളായിരം ആപ്പുകളില്‍ ഏതെങ്കിലുമൊക്കെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഡേറ്റ കടത്തപ്പെടുന്നുണ്ടെന്നു കരുതാം. ബ്രൗസറില്‍ കുക്കിയെന്നതു പോലെ പല ആപ്പുകളിലും ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ട്രാക്കര്‍മാരും ഉണ്ടാകും. ചുരുക്കി പറഞ്ഞാല്‍ ആപ്പിളിന്റെ ആപ്പുകള്‍ മാത്രം ട്രാക്കു ചെയ്യുന്നില്ലെന്ന് ആപ്പിളിന് ഉറപ്പിച്ചു പറയാനാകൂ.

പ്രതിരോധം

ആപ്പുകളുടെ പ്രൈവസി പോളിസി ആരും വായിച്ചു നോക്കാറില്ല. നോക്കുന്നുണ്ടെങ്കില്‍ സ്വകാര്യതയെക്കുറിച്ച് ബോധമുള്ള ആളുകള്‍ അവ ഇന്‍സ്‌റ്റാള്‍ ചെയ്യാനും സാധ്യതയില്ല. നിങ്ങളെക്കുറിച്ച് കമ്പനികള്‍ അറിയരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ എന്തെല്ലാം ചെയ്യണം? ആന്‍ഡ്രോയിഡ് ആണെങ്കിലും ഐഒഎസ് ആണെങ്കിലും ഫോണുകളില്‍ ഉപയോക്താക്കള്‍ ട്രാക്കു ചെയ്യപ്പെടുന്നുണ്ട്. ആപ്പിളിനെ പോലെയല്ലാതെ ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ തന്നെ ഉപയോക്താവിനെ ട്രാക്കു ചെയ്യുന്നുണ്ടാകാമെന്നത് ഐഫോണിന്റെ ഒരു മേന്മയാണെന്നു പറയാതിരിക്കാന്‍ തരമില്ല.

ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഉപയോഗിക്കാവുന്ന ചില അറ്റകൈ പ്രയോഗങ്ങള്‍:

1. ആവശ്യമില്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. (ബന്‍സാലുമാരുടെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ ഫ്ളിപ്കാര്‍ട്ട് ആപ്ഒണ്‍ലി ആകാന്‍ ഒരു ശ്രമം നടത്തിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എല്ലാവരെ കൊണ്ടും ആപ് ഇന്‍സ്റ്റാള്‍ ചെയ്യിക്കാനായിരുന്നു ഇത്. അത്തരമൊരു നീക്കം എന്തിനായിരുന്നുവെന്ന് ഊഹിക്കാമല്ലോ.)

2. ഒരു രസത്തിന് ഇന്‍സ്‌റ്റാള്‍ ചെയ്തതും കാര്യമായി ഉപയോഗിക്കാത്തതുമായ തേഡ് പാർട്ടി ആപ്പുകളെ നിഷ്‌കരുണം ഡിലീറ്റു ചെയ്യുക.

3. ലൊക്കേഷന്‍ സര്‍വീസ് പോലെയൊരു സേവനം അവശ്യമുള്ളപ്പോള്‍ ഓണ്‍ ചെയ്ത ശേഷം വീണ്ടും ഓഫ് ചെയ്യുക. മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ തലവന്‍ ടിം കുക്കും ഇത് ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്.

4. ബാക്ഗ്രൗണ്ട് ആപ് റിഫ്രഷ്. ഇതാണ് പ്രധാന വില്ലനെന്നാണ് ഫൗളര്‍ - പാട്രിക് ഗവേഷകരുടെ കണ്ടെത്തല്‍. സെറ്റിങ്‌സില്‍ പോയി ബാക്ഗ്രൗണ്ട് ആപ് റിഫ്രഷ് ടേണ്‍ ഓഫ് ചെയ്യുക. ഇതു ചെയ്താല്‍ ഇരട്ടി ഗുണമാണ്. ഇത് ഓഫ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററി കൂടുതല്‍ നേരം നില്‍ക്കുന്നത് കാണാനാകും. കൂടാതെ, ഡേറ്റാ കടത്തലുകാര്‍ക്ക് കടിഞ്ഞാണിടാനും ആയേക്കുമെന്നാണ് നിരീക്ഷണം. ഐഫോണില്‍ പോലും ബാക്‌ഗ്രൗണ്ട് ആപ് റിഫ്രഷ് ഡീഫോള്‍ട്ടായി ഓണ്‍ ആണ്. 

5. രാത്രി ഫോണ്‍ ഓണ്‍ ചെയ്തിടേണ്ട. ഇതിനും ഇരട്ടി ഗുണം കിട്ടിയേക്കും. ഒന്ന് ആപ്പുകളുടെ രഹസ്യജീവിതം അവസാനിപ്പിക്കാം എന്നതാണെങ്കില്‍ രണ്ടാമതായി ഫോണിന്റെയും പ്രോസസറിന്റെയും ബാറ്ററിയുടെയുമൊക്കെ ആയുസ് നീണ്ടു കിട്ടുകയും ചെയ്‌തേക്കും. അലാം വയ്ക്കാന്‍ ഒരു ചെറിയ ടൈംപിസ് അല്ലെങ്കില്‍ വാച് വാങ്ങിയാല്‍ മതി.

6. ഐഫോണ്‍ ഉപയോക്താവാണെങ്കില്‍ സഫാരിയില്‍ കസ്റ്റമൈസേഷന്‍ നടത്തുക. വേണമെങ്കില്‍ ഡീഫോള്‍ട്ട് സേര്‍ച് എൻജിന്‍ സ്ഥാനത്തുനിന്ന് ഗൂഗിളിനെ മാറ്റി ഡക്ഡക്‌ഗോ പരീക്ഷിക്കുക. പരമാവധി ആപ്പിളിന്റെ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക.

തേഡ് പാര്‍ട്ടി ആപ്പുകള്‍ തങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം ആപ്പിള്‍ ഉപയോക്താക്കളോടു തുറന്നു പറയാത്തതാണ് പ്രധാന പ്രശ്‌നം. പല തേഡ് പാര്‍ട്ടി ആപ്പുകളുടേയും പ്രവര്‍ത്തനത്തിലൂടെ ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളെ പോലെ തന്നെ സ്വകാര്യതയ്ക്കു ഭീഷണിതന്നെയാണെന്നാണ് ഫൗളറും പാട്രിക്കും പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA