sections
MORE

ഐഫോൺ വാങ്ങാനാളില്ല, ആപ്പിൾ നഷ്ടപരിഹാരം നൽകണമെന്ന് സാംസങ്; ഇതെന്ത് കഥ

tim-cook-iphone-x
SHARE

വിശ്വസനീയമായ വാര്‍ത്തകള്‍ പുറത്തുവിടുന്ന കാര്യത്തില്‍ പുകള്‍പെറ്റ ഈറ്റിന്യൂസ് (ETNews) പറയുന്നത് ആപ്പിളിന് ആവശ്യത്തിന് ഐഫോണ്‍ വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ തങ്ങള്‍ക്കു നഷ്ടം വന്നുവെന്നും അത് എത്രയും വേഗം നികത്തണമെന്നും സാംസങ് ആപ്പിളിനോട് ആവശ്യപ്പെട്ടു എന്നാണ്. ദശലക്ഷക്കണക്കിനു ഡോളര്‍ ആപ്പിള്‍ പിഴയൊടുക്കണം എന്നാണ് സാംസങ്ങിന്റെ ആവശ്യം. കഥയെന്താണെന്നു വച്ചാല്‍ ഐഫോണുകള്‍ക്കു മാത്രമായി സവിശേഷതകളുള്ള ഓലെഡ് ഡിസ്‌പ്ലെ നിര്‍മിക്കാന്‍ പ്രത്യേകം ഫാക്ടറി തന്നെ പണിയണമെന്നും 2019-19 വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10 കോടി ഒലെഡ് പാനലുകള്‍ വേണമെന്നുമാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആപ്പിളിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഐഫോണ്‍ വില്‍പന കൂടിയില്ലെന്നു മാത്രമല്ല കുറയുകയും ചെയ്തു.

പ്രത്യേകം ഫാക്ടറിയൊക്കെ പണിത സാംസങ്ങിനു കാശും പോയി. ഈറ്റിന്യൂസ് പറയുന്നത് സാംസങ്ങിന്റെ പ്ലാന്റില്‍ ആപ്പിള്‍ ആവശ്യപ്പെട്ടതിന്റെ ഏകദേശം 50 ശതമാനം മാത്രം പണിയാണു നടക്കുന്നതത്രെ. സാംസങ് ഡിസ്‌പ്ലെയുടെ (Samsung Display) പ്രവര്‍ത്തന ലാഭം 50 ശതമാനം ഇടിയുകയും ചെയ്തു. ഇതൊന്നും കൂടാതെ പുതിയ ഫാക്ടറി തുടങ്ങി ആദ്യ കാലത്തു ഉണ്ടാക്കി നില്‍കിയ ഏതാനും പാനലുകളില്‍ നിര്‍മാണ പ്രശ്‌നം കണ്ടെന്നു പറഞ്ഞ് ആപ്പിള്‍ അപ്പോള്‍ത്തന്നെ സാംസങ്ങിനു പിഴയിടുകയും ചെയ്തിരുന്നുവെന്ന കാര്യവും സാംസങ്ങിന് മറക്കാനാവുന്നില്ലെന്നും വാര്‍ത്തകളുണ്ട്.

ഒരു ചുവടു മുന്നോട്ടു വച്ച് രണ്ടു ചുവടു പിന്നോട്ടു മാറുന്ന ഒരവസ്ഥ ആപ്പിളിനു സമീപകാലത്തു വന്നു ചേര്‍ന്നോ എന്ന് അദ്ഭുതപ്പെടുകയാണ് ചില ടെക് റിപ്പോര്‍ട്ടര്‍മാര്‍.

ആപ്പിള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

എന്നാല്‍ ആപ്പിള്‍ പിഴയൊടുക്കിയേക്കില്ല പകരം സാംസങ്ങിന് പുതിയ കോണ്‍ട്രാക്ട് നല്‍കുകയായിരിക്കും ചെയ്യുക എന്നാണ് അനുമാനം. അടുത്ത വര്‍ഷത്തെ (2020) ഐഫോണ്‍ XR പോലും സാംസങ്ങിന്റെ ഓലെഡ് ഡിസ്‌പ്ലെ അണിഞ്ഞായിരിക്കും എത്തുകയത്രെ. ഡിസ്‌പ്ലെയെല്ലാം വാങ്ങി ഐപാഡുകളുടെയും മാക്ബുക്കുകളുടെയുമൊക്കെ ഡിസ്‌പ്ലെ ഓലെഡ് ആക്കാനായിരിക്കും ആപ്പിള്‍ തീരുമാനിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതാകട്ടെ ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ്. മാക്ബുക്കുകളിലും ഐപാഡുകളിലും എല്ലാം ആപ്പിള്‍ ഇപ്പോഴും എല്‍സിഡി പാനലുകള്‍ ഉപയോഗിക്കുന്നുണ്ട്. സാംസങ്ങിന്റെ ഫാക്ടറിയുടെ കപ്പാസിറ്റിക്ക് അനുസരിച്ച് ഓലെഡ് സ്‌ക്രീനുകള്‍ നിര്‍മിച്ചോളൂ, ഞങ്ങള്‍ എടുത്തോളാമെന്നു പറഞ്ഞ് അവരെ തണുപ്പിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. മാക്ബുക്കിനും ഐപാഡ് പ്രോയ്ക്കുമൊക്കെ വല്ലാതെ കാശുവാങ്ങി ആപ്പിള്‍ പെട്ടിയിലിടുന്നുണ്ടെങ്കിലും 'റെറ്റിനാ ഡിസ്‌പ്ലെ' എന്നൊക്കെ ഓരോ പേരുമിട്ട് എല്‍സിഡി പാനല്‍ തന്നെയാണ് നല്‍കുന്നത് എന്ന ആരോപണവും ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ ആപ്പിളിനു സാധിച്ചേക്കും. ഇതൊക്കെ കൊണ്ട് ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വെമ്പി നില്‍ക്കുന്നവര്‍ അല്‍പം കാത്തിരുന്നാല്‍ കൂടുതല്‍ മേന്മയുള്ള ഡിവൈസുകള്‍ കൈയ്യില്‍ കിട്ടിയേക്കാമെന്ന വാദവും ഉണ്ട്.

5.8 ഇഞ്ച് ഐഫോണ്‍ വേണ്ടന്നുവച്ചു

ഐഫോണ്‍ എസ്ഇ മോഡലിനു പകരം ഒരു 5.8 ഇഞ്ച് മോഡല്‍ ഇറക്കാന്‍ കമ്പനി ആഗ്രിഹിച്ചിരുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ പ്രധാന മോഡലുകളുടെ വില്‍പനയ്ക്ക് വിലങ്ങുതടിയായേക്കാമെന്നു കണ്ട ആപ്പിള്‍ ആ ഉദ്യമത്തില്‍ നിന്നു പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി 5.4 ഇഞ്ച് വലുപ്പമുള്ള ഒരു മോഡല്‍ ഇറക്കയേക്കുമെന്നും കേള്‍ക്കുന്നുണ്ട്. ചിലപ്പോള്‍ അതിനും ഓലെഡ് ഡിസ്‌പ്ലെ നല്‍കാൻ വഴിയുണ്ട്. ഒറ്റകൈ കൊണ്ട് ഉപയോഗിക്കാവുന്ന ഏക ഐഫോണും അതായരിക്കും.

ഇനി നോട്ടം മൈക്രോ എല്‍ഇഡി (Micro LED)

സാംസങ്ങിന്റെ ഓലെഡ് പാനലിനപ്പുറത്തേക്കും ആപ്പിള്‍ നോട്ടമിട്ടിട്ടുണ്ട്. തങ്ങള്‍ക്ക് ഐഫോണ്‍ കൂട്ടിയിണക്കിത്തരുന്ന ഫോക്‌സകോണ്‍ കമ്പനിയുമൊത്തു ചേര്‍ന്നാണ് ഓലെഡ് സ്‌ക്രീനുകളെ കവച്ചു വയ്ക്കുന്ന സ്‌ക്രീന്‍ സാങ്കേതികവിദ്യ അടങ്ങുന്ന മൈക്രോ എല്‍ഇഡി സ്‌ക്രീന്‍ നിര്‍മിക്കാന്‍ കമ്പനി ശ്രമിക്കുക. ഓലെഡ് സ്‌ക്രീനുകളെക്കാള്‍ പല രീതിയില്‍ മികവുള്ളതായിരിക്കും മൈക്രോ എല്‍ഇഡി. ഫോക്‌സ്‌കോണ്‍-ആപ്പിള്‍ കൂട്ടുകെട്ട് അതിന് ഇറങ്ങുന്നത് ഒരു നല്ല നീക്കം തന്നെയാണ്. പക്ഷേ, അത്തരം ആദ്യ പാനല്‍ ഇപ്പോഴും വര്‍ഷങ്ങള്‍ അകലെയാണ് എന്നാണ് പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA