ADVERTISEMENT

തന്റെ കമ്പനി കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആന്‍ഡ്രോയിഡിനു പകരം ഇന്ന് ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് ആകുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകനും മുന്‍ മേധാവിയുമായ ബില്‍ ഗെയ്റ്റ്‌സ്. ഇതിനു മുൻപും സ്മാര്‍ട് ഫോണ്‍ നിര്‍മാണം കൈവിട്ടുപോയതില്‍ അദ്ദേഹം പരിതപിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ തന്റെ ഏറ്റവും വലിയ മണ്ടത്തരം ആന്‍ഡ്രോയിഡിനോട് അടിയറവു പറയേണ്ടിവന്നതാണെന്ന് ഏറ്റുപറഞ്ഞിരിക്കുകയാണ് ഗെയ്റ്റ്‌സ്.

 

വിന്‍ഡോസ് മൊബൈലിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് തന്റെ ഭാഗത്തു നിന്നുണ്ടായ പാളിച്ചയാണ് മൈക്രോസോഫ്റ്റിന് ആന്‍ഡ്രോയിഡിന്റെ മേല്‍ വിജയം ലഭിക്കാതെ പോയത് എന്നാണ് അദ്ദേഹം പറയുന്നത്. ആപ്പിളിന്റെതല്ലാത്ത ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമായി ഇറക്കുന്നത് ആന്‍ഡ്രോയിഡാണ്. ഈ മേഖലയിൽ മൈക്രോസോഫ്റ്റിനു ജയിക്കാവുന്ന കളിയാണ് ആന്‍ഡ്രോയിഡ് സ്വന്തമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. ആളുകള്‍ ഗൗരവമുള്ള രീതിയില്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചേക്കാനുള്ള സാധ്യത കാണാതെ പോയതാണ് ഗെയ്റ്റ്‌സിനു പറ്റിയ വീഴ്ചയെന്നു വേണമെങ്കില്‍ പറയാം.

 

ഇതെല്ലാം ശരിവയ്ക്കുന്നതാണ് ഗൂഗിളിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എറിക് സ്മിഡ്റ്റിന്റെ ഏറ്റുപറച്ചിലും. 2005ലാണ് ഗൂഗിള്‍ കമ്പനി അഞ്ചു കോടി ഡോളറിന് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം വാങ്ങുന്നത്. തങ്ങളുടെ ആദ്യ ലക്ഷ്യം മൈക്രോസോഫ്റ്റിന്റെ മുന്നില്‍ കയറുക എന്നതായിരുന്നുവെന്ന് സ്മിഡ്റ്റ് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ തന്ത്രങ്ങള്‍ വിജയിച്ചേക്കുമെന്ന് തങ്ങള്‍ക്ക് തോന്നിയിരുന്നുവെന്നും സ്മിഡ്റ്റ് പറയുന്നു. ഇക്കാലത്ത് മൈക്രോസോഫ്റ്റ് കൈക്കൊണ്ട തീരുമാനങ്ങളുടെ കാര്യത്തിലാകണം ഗെയ്റ്റ്‌സ് ഇപ്പോള്‍ പശ്ചാത്തപിക്കുന്നത്. അമേരിക്ക മൈക്രോസോഫ്റ്റിനെതിരെ നടത്തിയ ആന്റിട്രസ്റ്റ് നീക്കത്തിന്റെ അലയൊലികള്‍ അടങ്ങിയിരുന്നില്ല എന്നതും കമ്പനിക്ക് ഇക്കാര്യത്തില്‍ വിനയായിട്ടുണ്ട്. ചെറു കമ്പനികളെയെല്ലാം മൈക്രോസോഫ്റ്റ് വിഴുങ്ങുന്നു. അല്ലെങ്കില്‍ അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്നതായിരുന്നു കമ്പനിക്കെതിരെയുള്ള ആരോപണം. (അത്തരത്തിലൊരു ആരോപണമാണ് ഇപ്പോള്‍ ഗൂഗിളും ഫെയ്‌സബുക്കും ആമസോണും ആപ്പിളും നേരിടുന്നത്. അമേരിക്ക ഈ ടെക് ഭീമന്മാര്‍ക്കെതിരെ താമസിയാതെ നടപടി എടുത്തേക്കാമെന്നാണ് കേള്‍ക്കുന്നത്.) എന്തായാലും അവസാനം ആന്‍ഡ്രോയിഡ് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈലിനെയും വിന്‍ഡോസ് ഫോണിനെയും കെട്ടുകെട്ടിച്ചു എന്നത് ചരിത്രം.

 

തന്റെ പരാജയമാണ് ഇതെന്ന ഗെയ്റ്റ്‌സിന്റെ കുറ്റസമ്മതം പലരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് നാടകത്തിലെ ഒരു വിവാദ കഥാപാത്രമായിരുന്ന സ്റ്റീവ് ബാള്‍മര്‍ ആയിരുന്നു കമ്പനിക്ക് മൊബൈല്‍ രംഗം കീഴടക്കാന്‍ സാധിക്കാതെ പോയതിനു പിന്നിലെന്നായിരുന്നു ഇതു വരെയുള്ള പൊതു ധാരണ. ഐഫോണിനെതിരെ ബാള്‍മറുടെ കുപ്രസിദ്ധമായ വാചകം ആര്‍ക്കാണ് മറക്കാനാകുക. ഫിസിക്കല്‍ കീബോര്‍ഡ് ഇല്ലാത്തതിനാല്‍ ബിസിനസുകാര്‍ക്ക് യാതൊരു ആകര്‍ഷണവും തോന്നാത്ത ലോകത്തെ ഏറ്റവും വിലകൂടിയ ഫോണ്‍ എന്നാണ് അന്ന് അദ്ദേഹം ചിരിച്ചു തള്ളിയത്. ആപ്പിള്‍ കുറേ ഫോണ്‍ വിറ്റേക്കുമെന്ന് ബാള്‍മര്‍ അന്ന് സമ്മതിച്ചിരുന്നെങ്കിലും ടച്ച് ഫോണ്‍ യുഗപ്പിറവി ബാള്‍മര്‍ യുഗത്തില്‍ കാണാതെ പോയതാണ് മൈക്രോസോഫ്റ്റിന്റെ പരാജയത്തില്‍ നിര്‍ണ്ണായകമായത് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. (ബാള്‍മര്‍ക്കു കൂടുതല്‍ മണ്ടത്തരം കാണിക്കാനും യോഗമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും ധനനഷ്ടമുണ്ടാക്കിയ ഒന്ന് അദ്ദേഹത്തിന്റെ പേരിലാണ്. സ്മാര്‍ട് ഫോണിന്റെ വണ്ടി വിട്ടു പോയെങ്കിലെന്താ ഒരു കമ്പനിയെ ഏറ്റെടുത്ത് അതു പരഹരിക്കാവുന്നതല്ലെയുള്ളു എന്ന രീതിയിലായിരുന്നു കമ്പനിയുടെ ചിന്ത. ബാള്‍മറുടെ അടുത്ത നീക്കം നോക്കിയ കമ്പനി വാങ്ങാനായിരുന്നു. 800 കോടി ഡോളറാണ് ഇതില്‍ മൈക്രോസോഫ്റ്റിനു നഷ്ടം. ബാള്‍മര്‍ക്കു പണിയും പോയി.

 

ഐഫോണിനെതിരെ ബാള്‍മര്‍ നടത്തിയ ചിരിയോടെ, മൈക്രോസോഫ്റ്റില്‍ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന് അന്ന് തോന്നിയിരുന്നു. കമ്പനിക്ക് നിര്‍ണ്ണായകമായത് കീബോര്‍ഡിനെ കുറിച്ചുള്ള ചര്‍ച്ചയാണ്. അവര്‍ കമ്പനിക്കുള്ളില്‍ ഫോണിന് ഫിസ്‌ക്കല്‍ കീബോര്‍ഡ് വേണോ എന്ന് ചര്‍ച്ച ചെയ്ത് വിലയേറിയ മാസങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. വിന്‍ഡോസ് മൊബൈല്‍ ടച്-സൗഹദമായിരുന്നില്ല. അത് സ്‌റ്റൈലസ് യുഗത്തിന്റെ ബാക്കി പത്രമായിരുന്നു. 2008ല്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഒരു മീറ്റിങ്ങിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് മൊബൈല്‍ വേണ്ടെന്നു വച്ചത്. 2000ത്തില്‍ ഗെയ്റ്റ്‌സ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവച്ചിരുന്നെങ്കിലും ചീഫ് സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്ട് എന്ന പദവിയിലായിരുന്നു അദ്ദേഹം തുടര്‍ന്നത്. ഈ കാലഘട്ടത്തിലാണ് കമ്പനിക്ക് രണ്ടു വന്‍ വീഴ്ചകള്‍ സംഭവിച്ചത്. വിന്‍ഡോസ് വിസ്റ്റ എന്ന വൃത്തികെട്ട കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം ജനിച്ചതും വിന്‍ഡോസ് മൊബൈലില്‍ കടിച്ചു തൂങ്ങിക്കിടന്നതും. 2008ലാണ് അദ്ദേഹം പ്രധാന സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്ട് പദവി രാജിവയ്ക്കുന്നത്.

 

മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള ഏതെല്ലാം തീരുമാനത്തില്‍ ഗെയ്റ്റ്‌സ് തലയിട്ടിരിക്കാമെന്നറിയില്ല. എന്തായാലും അദ്ദേഹം പടിയിറങ്ങുന്നത് ആന്‍ഡ്രോയിഡ് വിന്‍ഡോസിനു മേല്‍ വ്യക്താമായ ആധിപത്യം ഉറപ്പിച്ചു തുടങ്ങുന്ന കാലത്താണ്. ബാള്‍മര്‍ കരഞ്ഞുകൊണ്ടാണ് മൈക്രോസോഫ്റ്റ് വിട്ടത്. വിസ്റ്റയാണ് തന്റെ ഏറ്റവും വലിയ പരാജയം എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. അപ്പോള്‍ വിന്‍ഡോസ് മൊബൈലിന്റെ പരാജയത്തിന്റെ കാര്യത്തില്‍ ഗെയ്റ്റ്‌സിന് കാര്യമായ പങ്കുണ്ടായിരിക്കാം.

 

എന്തായാലും ഇന്നും മൈക്രോസോഫ്റ്റ് കാലഹരണപ്പെടാത്ത ഒരു കമ്പനിയായി തുടരുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഇന്ത്യൻ വംശജനായ പുതിയ മേധാവി സത്യാ നഡേലയുടെ നേതൃത്വത്തില്‍ ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ നടത്തിയ മുന്നേറ്റമാണ്. ഇത്ര വലിയ തെറ്റു വരുത്തിയിട്ടും തങ്ങളുടെ വിന്‍ഡോസും (കംപ്യൂട്ടര്‍ ഒഎസ്) ഓഫിസുമൊക്കെ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നത് ആശ്ചര്യകരമാണെന്നും ഗെയ്റ്റ്‌സ് 'വില്ലെജ് ഗ്ലോബല്‍' എന്ന വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ ഒരു തെറ്റു വരുത്താതിരുന്നെങ്കില്‍ തങ്ങള്‍ ഇന്നു ലോകത്തെ ഏറ്റവും വലിയ കമ്പനിയായി തീര്‍ന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com