sections
MORE

ഒപ്പോ റെനോ 10x-പ്രീമിയം മികവ് ലഭിക്കുമോ? റിവ്യൂ

SHARE

ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ഈ വര്‍ഷത്തെ മിക്ക ഫോണുകളും അവതരിപ്പിച്ചത്. മികച്ച ഫീച്ചറുകളുമായി എത്തിയ ഐഫോണ്‍ X സീരിസ്, സാംസങ് ഗ്യാലക്‌സി S10 സീരീസിലെ മികച്ച മോഡലുകള്‍ക്ക് നല്ല വിലയും കൊടുക്കണം. എന്നാൽ ഏതാനും ചൈനീസ് കമ്പനികള്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് അത്യുഗ്രൻ ഫീച്ചറുകളുള്ള ഫോണുകൾ അവതരിപ്പിച്ച് ടെക് ലോകത്തെ അമ്പരപ്പിക്കുകയാണ്. ഇപ്പോള്‍ പ്രതിസന്ധിയിലായ വാവെയുടെ പി30 പ്രോ ഫോണിന് അസൂയാവഹമായ ക്യാമറാ മികവുണ്ട്. ഈ ഫോണിന് ശക്തമായ എതിരാളിയായാണ് ഒപ്പോ റെനോ 10x സൂം അവതരിച്ചിരിക്കുന്നത്. ഐഫോണിന്റെ പുതിയ മോഡലുകളിൽ പോലും പ്രതീക്ഷിക്കുന്നില്ലാത്ത 10x സൂം ലെന്‍സുമായാണ് പുതിയ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്.

വാവെയ്, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളോളം പകിട്ടില്ലാത്തതായിരുന്നു ഒപ്പോയുടെ ഇതു വരെയുള്ള നാളുകള്‍. എന്നിരിക്കിലും അവരുടെ മോഡലുകള്‍ക്ക് മികച്ച ഡിസൈനുകളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തില്‍ മികച്ച സാന്നിധ്യമുള്ള ബ്രാന്‍ഡുമാണ് ഒപ്പോ. എന്നാല്‍ അവര്‍ക്ക് സാംസങ്ങിന്റെയൊ വാവെയുടെയോ മികച്ച ഫോണുകള്‍ക്ക് വെല്ലുവിളിയുയര്‍ത്താനാകുന്ന ഒന്നും ഇതുവരെ ഇറക്കാനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങളുടെ R സീരിസിസിന് നല്‍കിയ പരസ്യത്തിലൂടെ കൂടുതല്‍ സ്വീകാര്യത കൈവരിക്കാനായി. ഫൈന്‍ഡ് X ആയിരുന്നു മറ്റൊരു ശ്രദ്ധേയമായ മോഡല്‍.

oppo-reno-10x-zoom

2019ല്‍ ഒപ്പോ മറ്റൊരു മാറ്റം നടത്തുകയാണ്. തങ്ങളുടെ ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും മികച്ച പ്രീമിയം മോഡലുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ഗ്ലാസിലുള്ള ഇതിന്റെ നിര്‍മിതി മനോഹരമാണെന്നതു കൂടാതെയാണ് 10x സൂം ക്യാമറയുടെ മികവ്. വാവെയ് പി30 പ്രോ സൃഷ്ടിച്ച അമ്പരപ്പ് അടങ്ങാതെ നില്‍ക്കുമ്പോഴാണ് ഒപ്പോയുടെ പുതിയ മോഡലിന്റെ വരവ്. വാവെയ്ക്ക് അമേരിക്കന്‍ സർക്കാർ‌ വിലക്കിട്ടു നിർത്തിയിരിക്കുന്ന ഈ സമയത്ത് അവരുടെ ഫോണുകള്‍ വാങ്ങാന്‍ പലരും തയാറായേക്കില്ല. ആ വിടവു പരിഹരിക്കാന്‍ ഒപ്പോ റെനോ 10xന് ആകുമോ?

ലോകത്തെ ഇന്നത്തെ ഏറ്റവും ശക്തി കൂടിയ പ്രോസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 855ആണ് ഫോണിന് ശക്തി പകരുന്നത്. 6 ജിബി അല്ലെങ്കില്‍ 8 ജിബി റാമുള്ള രണ്ടു വേര്‍ഷനുകളാണ് ഉള്ളത്. ഹാര്‍ഡ്‌വെയറിന്റെ കരുത്തില്‍ മികച്ച പ്രകടനമാണ് ഫോണ്‍ നടത്തുന്നത്. നിറപ്പകിട്ടേറിയതും കോണ്‍ട്രാസ്റ്റ് തോന്നിക്കുന്നതും സജീവവുമായ 6.6-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള, തീര്‍ത്തും ബെസല്‍ ഇല്ലാത്ത സ്‌ക്രീനാണ് ഫോണിന്. ഈ ഡിസ്‌പ്ലെ ഗെയിം താൽപര്യക്കാരെ ആനന്ദത്തിലാറാടിക്കുമെന്നതില്‍ സംശയം വേണ്ട. രണ്ടു ഡിസ്‌പ്ലെ മോഡുകളും നല്‍കിയിട്ടുണ്ട്. സ്‌ക്രീന്‍ സ്വന്തമായി ക്രമീകരിക്കാം. ഒപ്ടിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. മികച്ച പ്രകടനമാണിതിനും. 4065 എംഎഎച് ബാറ്ററിയും ഫോണിനുണ്ട്. കൂടെ കിട്ടുന്ന 20w ചാര്‍ജര്‍ ഉപയോഗിച്ചാല്‍ കേവലം 80 മിനിറ്റില്‍ ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാം. ആന്‍ഡ്രോയിഡ് 9 പൈയുടെ മേല്‍ സൃഷ്ടിച്ച കളര്‍ഒഎസ്6 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇതും ഒപ്പോ ഫോണുകളില്‍ ഇതുവരെ കാണാത്തത്ര മികച്ചതാണ്.

ഒറ്റ നോട്ടത്തില്‍ വണ്‍പ്ലസ് 7 പ്രോയോട് സാമ്യം തോന്നുന്നതാണ് ഒപ്പോയുടെ പുതിയ മോഡല്‍. ഇരു കമ്പനികളും അടുത്ത ബന്ധുക്കളാണ്. അതിനാല്‍ ഡിസൈനിലെ സമാനത യാദൃശ്ചകിമല്ലെന്ന് അനുമാനിക്കാം. റെനോയുടെ സ്‌ക്രീനിന് 6.6-ഇഞ്ച് വലുപ്പവും 7 പ്രോയ്ക്ക് 6.67-ഇഞ്ച് വലുപ്പവുമാണ് ഉള്ളത്. ഇരു ഫോണുകളും ഒരേ ഫാക്ടറിയിലാണ് നിര്‍മിച്ചതു പോലും. ഒരേ ഘടകഭാഗങ്ങള്‍ ഇരു ഫോണുകളിലും പ്രതീക്ഷിക്കാം. എന്നാല്‍ ഇവയെ തമ്മില്‍ വേര്‍തിരിക്കുന്ന ഫീച്ചറുകള്‍ റെനോയുടെ സൂം ക്യാമറയും മുന്നിലെ പോപ്-അപ് ക്യാമറയും ഇയര്‍പീസും പിന്‍ ക്യാമറകള്‍ക്കുള്ള ഇരട്ട എല്‍ഇഡി ഫ്ലാഷുമാണ്. പോപ്-അപ് ക്യാമറയ്ക്കു മുകളില്‍ ഒരു മൈക്രോഫോണും പിടിപ്പിച്ചിട്ടുണ്ട്. ഒരു സെക്കന്‍ഡ് കൊണ്ട് സജ്ജമാക്കാവുന്ന പോപ്-അപ് ഷൂട്ടറിന് 200,000 തവണ ഉപയോഗിച്ചാലും പ്രശ്‌നമുണ്ടാവില്ല എന്നാണ് ഒപ്പോ അവകാശപ്പെടുന്നത്. താഴെ വീണാല്‍ ചലനം തിരിച്ചറിഞ്ഞ് പോപ്-അപ് ക്യാമറ തിരിച്ചു കയറുമെന്നും ഒപ്പോ പറയുന്നു.

പിന്നിൽ ഗൊറിലാ ഗ്ലാസ് 5, മുന്നിൽ ഗൊറിലാ ഗ്ലാസ് 6 ഉപയോഗിച്ചുള്ള സുരക്ഷയും നല്‍കിയിട്ടുണ്ടെങ്കിലും ഗ്ലാസ് നിര്‍മിത ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നതു പോലെ ധാരാളം വിരലടയാളം പതിയാൻ സാധ്യതയുണ്ട്. ഇതിനായി കെയസ് ഉപയോഗിക്കുന്നതാണ് ഉചിതം. നാളിതുവരെയുള്ള ഒപ്പോയുടെ നിര്‍മാണ മികവിന്റെ അവസാന വാക്കാണ് റെനോ. ചുരുക്കി പറഞ്ഞാല്‍ പ്രീമിയം നിര്‍മിതി വ്യക്തമാണ്. ഓൺ-ഓഫ് ബട്ടണ്‍ ഫോണിന്റെ വലതു വശത്തും വോളിയം ക്രമീകിരണം ഇടതു വശത്തുമാണ്. താഴെ യുഎസ്ബി-സി പോര്‍ട്ടിനോടു ചേര്‍ന്നാണ് സിം ട്രെ. ചാര്‍ജിങ് പോര്‍ട്ടിനോടു ചേര്‍ന്നാണ് പ്രധാന സ്പീക്കര്‍. 3.5എംഎം ജാക് ഇല്ല. ഇതെല്ലാം നമ്മെ തലവാചക ഫീച്ചറായ 10x സൂമില്‍ എത്തിക്കുന്നു.

oppo-reno

മൂന്നു പിന്‍ ക്യാമറാ സിസ്റ്റമാണ് ഫോണിനുള്ളത്. 13എംപി f/3.0 ടെലി, 8 എംപി f/2.2 വൈഡ്, 48എംപി f/1.7 (സോണി IMX 586) പ്രധാന ക്യാമറ എന്നിവയാണ് നല്‍കിയിരിക്കുന്നത്. വൈഡ്, ടെലീ ലെന്‍സുകള്‍ക്ക് ഒപ്ടിക്കല്‍ സ്റ്റബിലൈസേഷന്‍ ഉണ്ട്. ക്യാമറാ സിസ്റ്റം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി ഉപയോഗിച്ച് സീനുകള്‍ തിരിച്ചറിയുകയും ചെയ്യും.

പെരിസ്‌കോപ് ലെന്‍സ് പിടിപ്പിച്ചാണ് സൂം ലെന്‍സ് നിര്‍മിച്ചിരിക്കുന്നത്. ശരിക്കും ഒപ്ടിക്കല്‍ സൂം 5x ആണ്. 10x റീച്ച് സോഫ്റ്റ് വെയറിലൂടെയാണ് എത്തിച്ചേരുന്നത്. പി30 പ്രോയും ഇതേ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. സൂമിന്റെ കാര്യത്തില്‍ ഇന്നു വിപണിയിലുള്ള മറ്റു ഫോണുകളെക്കാള്‍ മികച്ച പ്രകടനമാണ് റെനോ നടത്തുന്നതെങ്കിലും പി30 പ്രോയെ മറികടക്കുന്നില്ല. നല്ല വെളിച്ചത്തില്‍ ഇരു ഫോണുകളുടെയും പ്രകടനം ഏകദേശം ഒരേ രീതിയിലാണെന്നു പറയാം.

oppo-reno-10x

മികവുകള്‍

നോച്ചില്ലാത്ത ഡിസൈനും മികച്ച അമോലെഡ് സ്‌ക്രീനും ശക്തമായ ഹാര്‍ഡ്‌വെയറും നല്ല ബാറ്ററി ലൈഫും ഈ ഫോണിനെ ആകര്‍ഷകമാക്കുന്നു.

വില 

തുടക്ക മോഡലിന് (6GB/128GB) ഇന്ത്യയിലെ വില 39,990 രൂപയാണ്. വണ്‍പ്ലസ് 7 പ്രോയെക്കാള്‍ 10,000 ത്തോളം രൂപയാണ് കുറവ്. വണ്‍പ്ലസ് 7 പ്രോയുടെ അത്യാകര്‍ഷകമായ 90Hz ഡിസ്‌പ്ലെ വേണ്ടെങ്കില്‍ പരിഗണിക്കാവുന്ന മോഡലാണിത്. വണ്‍പ്ലസ് 7 പ്രോയെക്കാള്‍ മികച്ച ക്യാമറാ സിസ്റ്റമാണ് കിട്ടുന്നതെന്നു കാണാം. കൂടിയ വേര്‍ഷന് (8GB/256GB) 49,990 രൂപയാണ് വില. ഈ വര്‍ഷത്തെ മികച്ച ഫോണുകളിലൊന്നാണ് ഒപ്പോ റെനോ 10x സൂം എന്നു തന്നെ പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA