ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോ ടെലികോം രംഗത്തെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ടെക്നോളജി അവതരിപ്പിക്കുന്നു. മോഷ്ടാക് ടെക്നോളജിയാണ് ഒപ്പോ പുതിയതായി പരീക്ഷിക്കുന്നത്. നെറ്റ്‌വർക്ക് കണക്‌ഷൻ, വൈഫൈ, ബ്ലൂടൂത്ത് സേവനങ്ങൾ ഇല്ലാതെ മറ്റു ഫോണുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നതാണ് ഒപ്പോയുടെ പുതിയ ടെക്നോളജി. വോയിസ് മെസേജ്, വോയിസ് കോൾ, ടെക്സ്റ്റ് മെസേജ് എന്നിവ ഇതു വഴി സാധിക്കും.

 

മൂന്നു കിലോമീറ്ററിനുള്ളിൽ ഈ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. ഒപ്പോ ഫോണുകളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകളിലെല്ലാം ഈ ടെക്നോളജി പ്രതീക്ഷിക്കാം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഒപ്പോ നടത്തിയിട്ടില്ല.

 

ഇതോടൊപ്പം അണ്ടർ സ്ക്രീൻ ക്യാമറ ടെക്നോളജിയും ഒപ്പോ പരീക്ഷിക്കാൻ പോകുന്നു. സ്ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നതു തടയാൻ പല വഴികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ഫോൺ നിർമാതാക്കൾ പുതിയ വഴിത്തിരിവാകും ഒപ്പോയുടെ കണ്ടെത്തൽ. സെൽഫി ക്യാമറയ്ക്കു പൊട്ടു പോലെ ഒരിടം നൽകുന്ന നോച്ച് ഡിസൈനും സെൽഫി ക്യാമറ ഫോണിനുള്ളിൽ നിന്ന് ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നുവരന്നു പോപ്അപ് ഡിസൈനും കടന്ന് ഇതാ, സ്ക്രീനിനുളളിൽത്തന്നെ ക്യാമറ ഒളിച്ചുവയ്ക്കുന്ന ഡിസൈൻ ഒപ്പോ അവതരിപ്പിച്ചു. ചൈനയിലെ ഷാങ്‌ഹായിൽ നടക്കുന്ന ലോക മൊബൈൽ കോൺഗ്രസിലാണ് ഇന്നലെ ‘ഇൻ–ഡിസ്പ്ലേ ക്യാമറ’യുള്ള ഫോൺ കമ്പനി പ്രദർശിപ്പിച്ചത്.

 

ക്യാമറയ്ക്കു മുകളിൽ വരുന്ന ഡിസ്പ്ലേ സ്ക്രീനിന്റെ ഭാഗം പ്രത്യേകതരം സുതാര്യ പദാർഥം കൊണ്ടാണു രൂപപ്പെടുത്തിയത്. സാധാരണ സെൽഫി ക്യാമറകളെക്കാൾ വലിയ സെൻസറും പിക്സലുമാണ് ഇതിലെ ക്യാമറയ്ക്കുള്ളതെന്നും കമ്പനി പറഞ്ഞു. സ്ക്രീൻ മറയുള്ളതുകാരണം വ്യക്തത കുറയാതിരിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തും. വിപണിയിൽ ഇത്തരം ഫോണുകൾ എന്നെത്തിക്കുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com