ADVERTISEMENT

അതിവേഗം വളരുന്ന സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷോമി (Xiaomi) തങ്ങളുടെ പുതിയ സീരിസിലെ ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. എംഐ സിസി9, എംഐ സിസി9ഇ എന്നിവയാണ് അവ. ഇന്ത്യയിലേക്കും താമസിയാതെ എത്തിയേക്കാവുന്ന ഇവ ഫീച്ചറുകളുടെ മികവും വിലയിലെ കുറവും ചില ഉപയോക്താക്കള്‍ക്കു പ്രിയപ്പെട്ടതാക്കിയേക്കും എന്നാണ് പ്രാഥമിക നിഗമനം.

മെയ്റ്റു സീരിസിലെ ആദ്യ മോഡലുകള്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഷോമി ഏറ്റെടുത്ത കമ്പനികളിലൊന്നാണ് മെയ്റ്റു (Meitu). ഏറ്റെടുക്കലിനു മുൻപ് അല്‍പം വിചിത്രമെന്നു തോന്നിക്കുന്ന തരം സ്മാര്‍ട് ഫോണ്‍ ഡിസൈനുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കമ്പനിയാണ് മെയ്റ്റു.

എംഐ സിസി9

പുതിയ മോഡലുകളില്‍ മികച്ചത് ഇതാണ്. സാംസങ് നിര്‍മിച്ച, 6.39-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. സെല്‍ഫി ക്യാമറ സിസ്റ്റത്തിനായി ഡ്യൂഡ്രോപ് നോച്ച് ഉണ്ടെങ്കിലും സ്‌ക്രീന്‍-ബോഡി അനുപാതം 91 ശതമാനമാണ് എന്നത് ഡിസൈന്‍ മികവാണ്. ഫുള്‍എച്ഡി പ്ലസ് റെസലൂഷനും 600 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസുമുള്ള ഈ ഡിസ്‌പ്ലെ അത്യാകര്‍ഷകമാണ് എന്നാണ് ആദ്യ സൂചനകള്‍. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന്റെ മറ്റൊരു ഡിസൈന്‍ മികവാണ്.

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 710ഇ പ്രോസസറും 6 ജിബി റാമുമാണ് പ്രവര്‍ത്തന മികവ് ഉറപ്പാക്കാനായി നല്‍കിയിരിക്കുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ടു സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഈ മോഡലുകള്‍ വില്‍പനയ്‌ക്കെത്തുക. ബാറ്ററി 4,030 എംഎഎച് ആണ്. 18w ക്വിക് ചാര്‍ജറും ഫോണിനൊപ്പം കിട്ടും. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥനമാക്കിയുള്ള ഷോമിയുടെ സ്വന്തം എംഐയുഐ 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

ക്യാമറ സിസ്റ്റം

മൂന്നു ക്യാമറകളുള്ളതാണ് പിന്‍ ക്യാമറ സിസ്റ്റം. അര ഇഞ്ച് വലുപ്പമുള്ള 48എംപി സെന്‍സറാണ് പ്രധാന ക്യാമറ. 1.6 മൈക്രോണ്‍സ് ആണ് പിക്സല്‍ സൈസ്. f/1.79 അപേർച്ചറുള്ള ഈ മൊഡ്യൂളിന് 6 പി ലെന്‍സാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം 8 എംപി വൈഡ് ആംഗിള്‍ ലെന്‍സും ആണ് ലഭിക്കുക. മൂന്നാമത്തെ ക്യാമറ 2 എംപിയുള്ള ഡെപ്ത് സെന്‍സറാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഷൂട്ടു ചെയ്യുന്ന സീനിനെ തിരിച്ചറിയുകയുന്നതിനൊപ്പം രാത്രി മോഡും ഉണ്ട്.

മുന്‍ ക്യാമറയും മിമോജിയും

മുന്നിലുള്ളത് 32 എംപി സെന്‍സറാണ്. ഇതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷിയുമുണ്ട്. ഇതിലൂടെ സ്‌കിന്‍ ബ്യൂട്ടിഫിക്കേഷന്‍ നടത്താം. കൂടാതെ ആപ്പിളിന്റെ മെമോജിയെയും സാംസങ്ങിന്റെ എആര്‍ഇമോജിയെയും അനുസ്മരിപ്പിക്കുന്ന മിമോജിയും അവതരിപ്പിച്ചിരിക്കുന്നു. ഓഗ‌്മെന്റഡ് റിയാലിറ്റി ഇമോജിയാണ് ഇവയെല്ലാം. നിങ്ങളുടെ മുഖം സൂപ്പര്‍ ഇംപോസ് ചെയ്ത് ഇമോജികള്‍ ഉണ്ടാക്കാമെന്നതാണ് ഇതിന്റെ മികവ്. മുഖഭാവവും തലയനക്കവും വരെ സമ്മേളിപ്പിച്ചാണ് മിമോജികള്‍ സൃഷ്ടിക്കുന്നത്. ഇത്ര വിലക്കുറവില്‍ ഈ ഫീച്ചറുള്ള ഫോണുകള്‍ ഇന്നു ലഭ്യമാണോ എന്നു സംശയമാണ്.

ഇത്തരമൊരു ഫോണില്‍ നിന്നു ലഭിക്കുന്ന എല്ലാത്തരം കണക്ടിവിറ്റി ഓപ്ഷനുകളും എംഐ സിസി9ന് ഉണ്ട്. മൂന്നു കളര്‍ വേരിയന്റുകള്‍ എത്തും. ഇവയില്‍ ഡാര്‍ക് ബ്ലൂ മോഡല്‍ 3ഡി ലൈറ്റ് റിഫ്രാക്ഷന്‍ അനുഭവം പ്രദാനം ചെയ്യും. 

എംഐ സിസി9ഇ

മുകളില്‍ പരിചയപ്പെട്ട മോഡലിന്റെ അനുജനാണ് ഈ മോഡലെന്നു വേണമെങ്കില്‍ പറയാം. 6.08- ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഇതിന്. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് തുടങ്ങിയ എല്ലാ രീതിയിലും തന്നെ അതിന്റെ ചേട്ടനെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ ഇതിന്റെ പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 665 ആണ്. മൂന്നു വേരിയന്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത് (4GB/64GB, 6GB/64GB, 6GB/128GB).

ബാറ്ററി, ക്യാമറ സെറ്റ്-അപ് തുടങ്ങിയവയുടെ കാര്യത്തിലും ഒരു പിശുക്കും വരുത്തിയിട്ടില്ല. എല്ലാം കൂടിയ മോഡലിനു നല്‍കിയിരിക്കുന്നവ തന്നെയാണ്. 

വില

എംഐ സിസി 9 മോഡലിന്റെ 6ജിബി, 64ജിബി മോഡലിന് പ്രതീക്ഷിക്കുന്ന വില ഏകദേശം 18,000 രൂപയാണ്. എന്നാല്‍ 128ജിബി മോഡലിന് 20,000 ആയിരിക്കാം വില.

എംഐ സിസി 9ഇയുടെ തുടക്ക മോഡല്‍ 13,000 രൂപയ്ക്ക് ലഭ്യമാക്കിയേക്കാമെന്നാണ് കരുതുന്നത്. കൂടിയ മോഡലിന് 16,000 രൂപ നല്‍കേണ്ടി വന്നേക്കും.

ഷോമി നോട്ട് പ്രോ മോഡലുകളിലും മറ്റും കുരുങ്ങിക്കിടിക്കുന്നവരെ അല്‍പം കൂടെ മികച്ച മോഡലിലേക്ക് ആകര്‍ഷിക്കുന്നതോടൊപ്പം മറ്റു ബ്രാന്‍ഡുകളുടെ ആരാധകരെയും ഒപ്പം കൂട്ടാനുള്ള ശ്രമമമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. 20,000 രൂപയില്‍ താഴെ സ്മാര്‍ട് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അവഗണിക്കാനാകാത്ത തരത്തിലായിരിക്കും ഇവ അവതരിപ്പിക്കുക. സാംസങ്, എല്‍ജി തുടങ്ങിയ കമ്പനികള്‍ വില കുറച്ച് ഫോണുകള്‍ നിര്‍മിച്ച് ഷോമിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുമ്പോഴാണ് കമ്പനി പുതിയി മോഡലുകളുമായി എത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com