ADVERTISEMENT

ദിവസവും പുതിയ സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുന്നു. ഇതിന്റെയൊക്കെ ഫീച്ചറുകള്‍ എന്തിന് അറിയണമെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഷോമി ജൂലൈ 17 ന് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന റെഡ്മി കെ20 പ്രോ, കെ20 സ്‌പോര്‍ട് മോഡലുകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഇവ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചാല്‍ വണ്‍പ്ലസ് കമ്പനിയുടെ പണി പാളിയേക്കാം.

വിലയിലെ കളി

മുന്തിയ ഫോണുകളുടെ വില ആയിരം ഡോളറും കടന്നു മുന്നേറുകയാണ്. അത്തരം ഫോണുകളുടെ ഫീച്ചറുകള്‍ അവയെക്കാള്‍ കുറഞ്ഞ വിലയ്ക്കു നല്‍കിയാണ് വണ്‍പ്ലസ് ലോക ശ്രദ്ധപിടിച്ച ഒരു ബ്രാൻഡായി മാറിയത്. പല കമ്പനികളും ഫ്‌ളാഗ്ഷിപ് ഫോണുകള്‍ക്ക് ഈടാക്കുന്നതിന്റെ പകുതി വിലയോ അതില്‍ താഴെയോ ആണ് വണ്‍പ്ലസ് ആദ്യമൊക്കെ തങ്ങളുടെ മോഡലുകള്‍ക്ക് ഇട്ടിരുന്നത്. അവരിപ്പോള്‍ ലോകത്ത് പ്രീമിയം ഫോണ്‍ വില്‍ക്കുന്ന ആദ്യത്തെ അഞ്ചു കമ്പനികള്‍ക്കിടയിലുണ്ട്. എന്നാല്‍ വണ്‍പ്ലസ് കടുവയെ പിടിക്കുന്ന ഒരു കിടുവയെ ഇറക്കാനുള്ള ഷോമിയുടെ ശ്രമമാണ് പുതിയ റെഡ്മി കെ 20 സീരിസില്‍ കാണുന്നത്. 

ഷോമിയുടെ പരസ്യത്തില്‍ കെ20 പ്രോ വണ്‍പ്ലസിനു മുന്നില്‍ തലകുനിക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ്. ഇത്തവണ ഇറക്കിയ ഏറ്റവും വില കൂടിയ വണ്‍പ്ലസ് പ്രോ മോഡലിന്റെ പകുതിയോ അതില്‍ തഴെയോ ആയിരിക്കും കെ20 പ്രോ മോഡലുകളുടെ വില തുടങ്ങുക എന്നു പറഞ്ഞാല്‍ ഷോമി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് എന്നു മനസിലാകുമല്ലോ. ഏറ്റവും കുറഞ്ഞ വിലയ്ക്കു വിപണിയില്‍ ലഭ്യമാകാന്‍ പോകുന്ന ഫ്‌ളാഗ്ഷിപ് ഫോണായിരിക്കും കെ20 പ്രോ. സ്‌പെസിഫിക്കേഷനില്‍ മിക്ക ഫോണുകള്‍ക്കു മുന്നിലും തല കുനിക്കില്ല ഈ മോഡല്‍.

ഇന്ത്യയിലെ 15,000 രൂപയ്ക്കു താഴെയുള്ള ഫോൺ വിപണിയിലെ രാജാവാണ് ഷോമിയെങ്കിലും പ്രീമിയം വിഭാഗത്തില്‍ കമ്പനി അങ്ങനെ ശോഭിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 845 ഉൾപ്പെടുത്തി ഇറങ്ങിയ ഷോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ F1 ചെറിയ ചലനങ്ങളുണ്ടാക്കിയത് ഒഴിച്ചാല്‍ വണ്‍പ്ലിസിനെയൊന്നും വെല്ലുവിളിക്കാന്‍ ഷോമിക്ക് കഴിഞ്ഞിട്ടില്ല. ഷോമിയുടെ എംഐ5, എംഐ മിക്‌സ് 2 തുടങ്ങിയ മോഡലുകള്‍ അത്രപോലും ശോഭിച്ചതുമില്ല. എംഐ മിക്‌സ് 2 നല്ല ഡിസൈനുമായാണ് വന്നതെങ്കിലും അതിന്റെ ക്യാമറ പ്രകടനം ആണെന്നു തോന്നുന്നു വേണ്ടത്ര ചലനമുണ്ടാക്കാതെ പോകാന്‍ കാരണമായത്.

 

കെ20 പ്രോയുടെ ചില പ്രത്യേകതകള്‍ നോക്കാം: റെഡ്മി സീരിസില്‍ ആദ്യമായാണ് സ്‌നാപ്ഡ്രാഗണ്‍ 8XX സീരിസിലെ ചിപ്പുമായി ഒരു ഫോണ്‍ ഇറങ്ങുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 855 ആണ് ഫോണിനു നല്‍കിയിരിക്കുന്നത്. മറ്റൊരു സവിശേഷത ഇത് റെഡ്മി സീരിസില്‍ ആദ്യമായി ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ്പുമായി ഇറങ്ങുന്നു എന്നതാണ്. അതു കൂടാതെയാണ് പോപ്-അപ് സെല്‍ഫി ക്യാമറ. ഇതോടെ തീര്‍ത്തും ബെസല്‍ ഇല്ലാത്ത സ്‌ക്രീനും ലഭ്യമാകും. റെഡ്മി സീരിസിന് ഇതിനു മുൻപ് നല്‍കിയിട്ടില്ലാത്ത മറ്റൊരു ഫീച്ചറും ഈ മോഡലിനുണ്ട്. സ്‌ക്രീനിനുള്ളിൽ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. ഇതെല്ലാം വണ്‍പ്ലസിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള ഫീച്ചറുകള്‍ തന്നെയാണ്. വണ്‍പ്ലസ് കമ്പനിയുടെ മുദ്രാവാക്യമായിരുന്നു 'ഫ്‌ളാഗ്ഷിപ് കില്ലര്‍' എന്നത്. എന്നാല്‍ തങ്ങള്‍ 'ഫളാഗ്ഷിപ് കില്ലര്‍ 2.0' ആണെന്നാണ് ഷോമി ഇപ്പോള്‍ അവകാശപ്പെടുന്നത്.

 

കെ20 പ്രോയുടെ ക്യാമറ സിസ്റ്റം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ വണ്‍പ്ലസിന് ശക്തനായ എതിരാളി അവതരിച്ചതായി കരുതാമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ക്യാമറ പ്രകടനത്തിന്റെ കാര്യത്തില്‍ ഷോമിയുടെ മുന്‍ മോഡലുകളെ കൈവിട്ടത് സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ അതു ശരിയായാല്‍ വണ്‍പ്ലസുമായി നേരിട്ടൊരു മല്‍പ്പിടുത്തം തന്നെ നടന്നേക്കുമെന്നാണ് കരുതുന്നത്. ഇതെല്ലാം മുന്നില്‍കണ്ട് വണ്‍പ്ലസ് തങ്ങളുടെ 7 പ്രോ മോഡലിന്റെ ക്യാമറയ്ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കിയിരുന്നു.

 

ക്യാമറ 'കൊള്ളാം' എന്നു പറയിക്കാനേ ആകുന്നുള്ളുവെങ്കില്‍ ഷോമിയുടെ ഉദ്യമം ഫലിച്ചേക്കില്ല. അതേസമയം, 'അമ്പോ, എന്താ പ്രടകനം!' എന്ന തരത്തിലുള്ള പ്രതികരണം വന്നാല്‍ കെ20 പ്രോ തകര്‍ക്കുമെന്നു പറയുന്നു. മുന്‍നിര ഫോണുകളുടെ ക്യാമറ പ്രകടനം വിലയിരുത്തപ്പെടുന്നത് പിക്‌സല്‍ 3, വാവെയ് പി30 പ്രോ, ഐഫോണ്‍ XS, സാംസങ് ഗ്യാലക്‌സി എസ്10 പ്ലസ് തുടങ്ങിയ മോഡലുകളോടു തട്ടിച്ചു നോക്കിയാണ്. ഈ ഫോണുകളുടെ ക്യാമറകളോട് പിടിച്ചു നില്‍ക്കാനാകുന്ന ഒരു മോഡല്‍ 25,000 രൂപയ്ക്ക് വിപണിയിലെത്തിയാല്‍ വിജയിക്കുക തന്നെ ചെയ്യും എന്നാണ് പൊതുവെയുള്ള അഭിപ്രായം.

 

ക്യാമറയുടെ സോഫ്റ്റ്‌വെയര്‍ മാത്രമല്ല, മൊത്തം സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും ഷോമിയുടെ മോഡലുകള്‍ നന്നാവാനുണ്ടെന്ന വാദവും ഉണ്ട്. വണ്‍പ്ലസ് 5 മുതല്‍ ഇപ്പോഴത്തെ വണ്‍പ്ലസ് 7 പ്രോ വരെയുള്ള മോഡലുകളുടെ സോഫ്റ്റ്‌വെയര്‍ അനുഭവം സുഖകരമാണ്. ഇത് പൊതുവെ ഷോമി ഫോണുകള്‍ക്കില്ലെന്നും അവര്‍ വാദിക്കുന്നു. ആന്‍ഡ്രോയിഡിനു മേല്‍ പണിതിടുന്ന കൂട്ടിച്ചേര്‍ക്കലുകളാണ് വണ്‍പ്ലസിന്റെയും ഷോമിയുടെയുമൊക്കെ മേന്മയില്‍ വ്യത്യാസം കൊണ്ടുവരുന്നത്.

 

ഷോമി ഇപ്പോള്‍ കെ20 മോഡലുകളുടെ പരസ്യത്തിനു വേണ്ടി ചിലവഴിക്കുന്ന പൈസ കണ്ടാല്‍ തോന്നുന്നത് അവര്‍ അടുത്ത ചുവടു വയ്ക്കാനൊരുങ്ങുന്നു എന്നാണ്. ഈ മോഡല്‍ വിജയിച്ചാല്‍ ബജറ്റ് ഫോണുകളുടെ നിര്‍മാതാവ് എന്ന പേരില്‍ നിന്ന് മോചനവും അവര്‍ക്കു ലഭിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com