ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാളായ ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ രണ്ടു മോഡലുകളായ ഐഫോണ്‍ XS/XR എന്നിവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ അടുത്ത മാസത്തോടെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചില കാര്യങ്ങളില്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓഗസ്‌റ്റോടെ ഈ രണ്ടു മോഡലുകള്‍ക്കും വില കുറയ്ക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ തന്നെ കൂടുതല്‍ ഐഫോണുകള്‍ നിര്‍മിച്ചു തുടങ്ങിയതാണ് വില കുറയാന്‍ കാരണം. ഇറക്കുമതി ചെയ്തിരുന്ന ഐഫോണുകള്‍ക്ക് ടാക്‌സ് കൂടുതലായിരുന്നു.

 

വിലകുറയ്ക്കുന്നതിനെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനികളിലൊരാളായ ഫോക്‌സ്‌കോണ്‍ പറഞ്ഞത്, തങ്ങളുടെ ഉപയോക്താക്കളുടെ നീക്കങ്ങളെക്കുറിച്ച് ഒരു പ്രതികരണവും നടത്തില്ലെന്നാണ്. ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ ധാരാളം ആരാധകരുണ്ട്. എന്നാല്‍, വിലയാണ് പലരെയും അവ വാങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1 ശതമാനം മാത്രമാണ് ഐഫോണുകള്‍ വിറ്റു പോകുന്നത്. ചൈനയില്‍ നിന്നുള്ള വണ്‍പ്ലസ് പോലെയുള്ള കമ്പനികളാണ് ഫീച്ചറുകള്‍കൊണ്ട് ഇന്ത്യാക്കാരെ കീഴടക്കിയിരിക്കുന്നത്. 

 

ഐഫോണ്‍ X ഈ വര്‍ഷം മുതല്‍ ഫോക്‌സ്‌കോണ്‍ തങ്ങളുടെ തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ നിര്‍മിച്ചു തുടങ്ങിയേക്കുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയിലെ, കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണ്‍ SE/6s/7 എന്നീ മോഡലുകള്‍, കമ്പനിയുടെ മറ്റൊരു നിര്‍മാതാവായ വിന്‍സ്ട്രണ്‍ തങ്ങളുടെ ബെംഗളൂരിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്നുണ്ട്. ഫോക്‌സ്‌കോണിനെ പോലെ വിന്‍സ്ട്രണും പല രാജ്യങ്ങളിലും നിര്‍മാണ യൂണിറ്റുകളുണ്ട്.

 

പ്രാദേശികമായി ഫോണ്‍ നിര്‍മിക്കാനായാല്‍ തങ്ങളുടെ വില്‍പ്പനക്കാര്‍ക്കു നല്‍കുന്ന കമ്മീഷനിലും ഉപയോക്താക്കള്‍ക്കു നല്‍കുന്ന വിലയിലും മാറ്റം വരുത്താല്‍ ആപ്പിളിനായേക്കും. ഇന്ത്യയെ ഒരു ഫോണ്‍ നിര്‍മാണ ഹബാക്കാനുള്ള ശ്രമങ്ങള്‍ കുറച്ചു വര്‍ഷങ്ങളായി നടക്കുന്നുണ്ട്. സാംസങ്, ഒപ്പോ തുടങ്ങിയ കമ്പനികൾക്കും ഇന്ത്യയില്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com