sections
MORE

അതിശയം, അദ്ഭുതം! ഷോമിയുടെ കെ20 പ്രോ മോഡലിന് വില 4.80 ലക്ഷം രൂപ

redmi-k20-special
SHARE

വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ ഇറക്കി ശ്രദ്ധ പിടിച്ചുപറ്റിയ ഷോമി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡലുകളുടെ കൂടെ റെഡ്മി കെ 20 പ്രോ എന്ന ഹാന്‍ഡ്‌സെറ്റും ഉണ്ടാകും. ഇതിന്റെ വില 4,80,000 രൂപ ആയിരിക്കുമെന്നും കമ്പനി പറയുന്നു. കെ20 പ്രോ ഫോണുകള്‍ ഇന്നത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ പ്രോസസറുകളിലൊന്നായ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 855 വച്ചിറക്കുന്ന മോഡലുകളില്‍ ഏറ്റവും വില കുറഞ്ഞവ ആയിരിക്കും എന്നായിരുന്നു ആദ്യം പുറത്തുവിട്ട സൂചനകള്‍. എന്നാല്‍ സ്മാര്‍ട് ഫോണ്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഹാന്‍ഡ്‌സെറ്റുകളിലൊന്നും ഇന്ന് പുറത്തിറക്കുമെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 4,80,000 രൂപ വില വരുന്ന മോഡലും അവതരിപ്പിക്കുന്നുണ്ടെന്ന് ഷോമി അറിയിച്ചത്. സ്വര്‍ണ്ണ വര്‍ണ്ണാവരണമാണ് ഫോണിന്റെ പിന്‍ ഭാഗത്തിനുള്ളത്. പുറകിലുള്ള K എന്ന അക്ഷരത്തില്‍ വൈരക്കല്ലുകള്‍ പതിച്ചിട്ടുണ്ട്. ഷോമിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ പറഞ്ഞത് ഈ പുതിയ മോഡല്‍ അഭൗമികമാണ് ('something out of the world') എന്നാണ്. ഈ മോഡലിനൊപ്പം വില കുറഞ്ഞ കെ20 പ്രോയും അവതരിപ്പിക്കും. വില കൂടിയ മോഡല്‍ വില്‍പനയ്ക്കു വരുമോ, അതോ വെറുതെ കാണിക്കുകയേ ഉള്ളോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ചയില്ല.

റെഡ്മി കെ20 പ്രോയ്ക്ക് 6.3-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറിനൊപ്പം അഡ്രെനോ 640 ഗ്രാഫിക്‌സ് കാര്‍ഡും ഉണ്ട്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് ശേഷിയുമുള്ള മോഡലുകളാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 9.0 പൈ കേന്ദ്രീകൃതമായ എംഐ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 4,000 എംഎഎച് ബാറ്ററിയും ഒപ്പം ദ്രുത ചാര്‍ജിങ്ങിനായി 27w ചാര്‍ജറും ഉണ്ടാകുമെന്നു കരുതുന്നു. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് ആയിരിക്കും ഉണ്ടാകുക. 48 എംപി പ്രധാന ക്യാമറയ്‌ക്കൊപ്പം 12എംപി, 8എംപി സെന്‍സറുകളും ഉണ്ടായരിക്കും. സെല്‍ഫി ഷോട്ടുകള്‍ക്കായി 20എംപി റെസലൂഷനുള്ള മോട്ടൊറൈസ്ഡ് പോപ്-അപ് ക്യാമറകളാണ് നല്‍കിയിരിക്കുന്നത്.

ആഢംബര ഫോണ്‍ വിപണി

ഏറ്റവുമധികം വിലയുള്ള ഫോണുകള്‍ ഇറക്കുന്ന കമ്പനികളിലൊന്നായ ആപ്പിള്‍ ആഢംബര ഫോണുകള്‍ ഇറക്കുന്നില്ല. എന്നാല്‍ ഐഫോണ്‍ വാങ്ങി സ്വര്‍ണ്ണം പൂശിയും മറ്റും മോടി പിടിപ്പിച്ച് ലക്ഷക്കണക്കിനു രൂപയ്ക്കു വില്‍ക്കുന്ന കമ്പനികളുണ്ട്. ഐഫോണ്‍ XS/Max മോഡലുകളുടെ ആരും എഡിഷന്റെ (Aurum Edition) വില യഥാകൃമം 3,500 ഡോളറും 5,800 ഡോളറുമാണ്. തങ്ങളുടെ ഫോണിന് മാറ്റം വരുത്തിയാല്‍ ആപ്പിള്‍ ഗ്യാരന്റി നല്‍കിയേക്കില്ല എന്നറിഞ്ഞിട്ടു കൂടെ ഇത്തരം ഫോണുകള്‍ പോക്കറ്റിലാക്കുന്ന ധനികരുണ്ട്. സ്വത്തുണ്ടായാല്‍ മാത്രം പോര അതു പ്രദര്‍ശിപ്പിക്കുകയും വേണമെന്ന മനസ്ഥിതിക്കാരാണ് ഇത്തരം ഫോണുകള്‍ വാങ്ങുന്നത്. വാവെയ് ഇത്തരം ഫോണ്‍ ഇറക്കിയിരുന്നു. പോര്‍ഷാ മെയ്റ്റ് എന്നായിരുന്നു അതിന്റെ പേര്. ആഢംബര ഫോണ്‍ വിപണിയില്‍ കേട്ടുവന്നിരുന്ന ഒരു പേരാണ് വെര്‍ട്ടൂ എന്നത്.

ഫോണ്‍ നിര്‍മാതാക്കള്‍ ഇത്തരം അധികം ഫോണുകള്‍ ഇറക്കിയേക്കില്ല. കുറച്ച് എണ്ണം ഇറക്കി കൂടുതല്‍ ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികളാണ് ഇത്തരം ഫോണുകള്‍ നിര്‍മിക്കുന്നത്. ബജറ്റ് ഫോണ്‍ നിര്‍മാതാവായി പേരെടുത്ത ഷോമി ആഢംബര ഫോണുമായി എത്തുന്നത് പലരിലും ജിജ്ഞാസ വളര്‍ത്തിയിട്ടുണ്ട്. എന്തായാലും സ്‌നാപ്ഡ്രാഗണ്‍ 855 ഉപയോഗിച്ചു നിര്‍മിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഫോണിന്റെയും വില കൂടിയ ഫോണിന്റെയും നിര്‍മാതാവ് ഷോമി ആയിരിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA