sections
MORE

ആപ്പിളിൽ ഓഫർ പെരുമഴ; ഐഫോണ്‍ XR ന് 17,000 രൂപ വെട്ടിക്കുറച്ചു, മറ്റു ഇളവുകളും

iphone-china
SHARE

ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഐഫോണ്‍ വില കുറച്ചു വിറ്റതിന് മുന്‍ ആപ്പിള്‍ ഇന്ത്യാ മേധാവി ശാസിച്ചതായി വരെ വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെ വെറുതെ വില കുറച്ചു വിറ്റ് ഐഫോണുകളുടെ വില കളയാന്‍ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആ കാലം അദ്ദേഹത്തോടൊപ്പം അവസാനിച്ചുവെന്നു വേണം കരുതാന്‍. ഓണ്‍ലൈനിലൂടെ അല്ലെങ്കിലും ഒരു മോഡലെങ്കിലും ഇപ്പോൾ വിലകുറച്ചു വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ് എന്നാണ് തോന്നുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ മോഡലായ ഐഫോണ്‍ XRന് ഇപ്പോള്‍ 17,000 രൂപയാണ് കിഴിവു ലഭിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലും ഇത്തരമൊരു ഓഫര്‍ ആപ്പിള്‍ നടത്തിയിരുന്നു. അത് വന്‍ വിജയമായിരുന്നു. 2018 നവംബറില്‍ 76,900 രൂപയ്ക്കാണ് XR മോഡലിന്റെ കുറഞ്ഞ പതിപ്പ് അവതരിപ്പിച്ചത്. ആപ്പിള്‍ വില കുറച്ചതിനു ശേഷം XRന്റെ 64 ജിബി വേരിയന്റ് 59,000 രൂപയ്ക്കും 128ജിബി മോഡല്‍ 64,000 രൂപയ്ക്കുമായിരുന്നു വിറ്റിരുന്നത്. ഈ ഫോണിന് എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക കിഴിവും നല്‍കിയിരുന്നു. ഇതിലൂടെ 64 ജിബി വേരിയന്റിന്റെ വില 53,900 രൂപയിലേക്ക് എത്തിയിരുന്നു. എന്നാല്‍ അത് കഴിഞ്ഞയാഴ്ച അവസാനിച്ചു.

ഇപ്പോള്‍ എസ്ബിഐ കസ്റ്റമര്‍മാര്‍ക്ക് അതേ ഓഫര്‍ വന്നിരിക്കുകയാണ്. ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പത്തു ശതമാനം കിഴിവ് ലഭിക്കും. അതായത് എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ചാല്‍ ഐഫോണ്‍ XR 64 ജിബി മോഡല്‍ 53,900 രൂപയ്ക്കു വാങ്ങാം. മുൻപുണ്ടായിരുന്ന എച്ഡിഎഫ്‌സി ബാങ്ക് ഓഫര്‍ പോലെ ഇതും ഓണ്‍ലൈനിലൂടെ വാങ്ങുമ്പോള്‍ ലഭിക്കില്ല. ആപ്പിള്‍ അംഗീകരിച്ച ഇന്ത്യയൊട്ടാകെയുള്ള റീസെല്ലര്‍മാരിലൂടെ ഈ ഓഫര്‍ സ്വീകരിക്കാം. ബജാജ് ഫിനാന്‍സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക് കണ്‍സ്യൂമര്‍ ലോണ്‍സ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് പലിശയില്ലാതെ പ്രതിമാസ തവണ വ്യവസ്ഥകളിലും ഫോണ്‍ വാങ്ങാവുന്നതാണ്. ഇതിനിപ്പോള്‍ കാലാവധി പ്രഖ്യാപിച്ചിട്ടില്ല. സ്റ്റോക്കു തീരുന്നതു വരെ തുടരുമെന്നു കരുതാം.

എക്‌സ്‌ചേഞ്ച്

വിദേശത്ത് ആപ്പിള്‍ ഉപയോഗിക്കുന്ന മറ്റൊരു വ്യാപാര തന്ത്രമാണ് എക്‌സ്‌ചേഞ്ച് ഓഫര്‍. ഐഫോണ്‍ 7 പ്ലസ് എക്‌സ്‌ചേഞ്ച് ചെയ്താല്‍ 20,000 രൂപയാണ് നല്‍കുക. ഐഫോണ്‍ 6ന് 6,000 രൂപയും ലഭിക്കും. ആന്‍ഡ്രോയിഡ് ഫോണുകളും എക്‌സ്ചേഞ്ചു ചെയ്യാവുന്നതാണ്. എന്നാല്‍ ഫോണുകളുടെ കണ്ടിഷന്‍ വിലയിരുത്തിയ ശേഷമായിരിക്കും വില നല്‍കുക.

എന്നാല്‍, ഈ കിഴിവുകളൊന്നും ഓണ്‍ലൈനില്‍ ലഭിക്കില്ലെന്നു കരുതേണ്ട. ഇക്കഴിഞ്ഞ ആമസോണ്‍ പ്രൈം ഡേയില്‍ ഐഫോണ്‍ XR 64ജിബി മോഡല്‍ വിറ്റത് 50,000 രൂപയ്ക്കാണ്. 2018ല്‍ ഐഫോണ്‍ XS/XS മാക്‌സ് എന്നീ മോഡലുകള്‍ക്കൊപ്പം അവതരിപ്പിച്ചതാണ് XR മോഡല്‍. കൂടിയ മോഡലുകളില്‍ ഉള്ള A12 ബയോണിക് പ്രോസസര്‍ തന്നെയാണ് XR മോഡലിലും ഉള്ളത്. കൂടിയ മോഡലുകളില്‍ ഓലെഡ് സ്‌ക്രീന്‍, ഇരട്ട പിന്‍ ക്യാമറ തുടങ്ങിയ അധിക മികവുകളാണുള്ളത്. പക്ഷേ, ഇത്ര കാലം ഇറങ്ങിയതില്‍ വച്ച് ഏറ്റവുമധികം ബാറ്ററി ലൈഫുള്ള ഐഫോണ്‍ എന്ന കീര്‍ത്തി XRന് സ്വന്തമാണെന്നും പറയുന്നു.

XR മോഡല്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ്. ഐഫോണ്‍ Xനൊപ്പം അവതരിപ്പിച്ച ഫെയ്‌സ്‌ഐഡി എന്ന ഫീച്ചറും XRന് ഉണ്ട്. 12എംപി ഒറ്റ ക്യാമറയാണ് പിന്നില്‍. 7എംപി മുന്‍ ക്യാമറയും ഉണ്ട്. ഐഫോണ്‍ XSനെക്കാള്‍ വലിയ സ്‌ക്രീനാണ്. 6.1-ഇഞ്ച് വലുപ്പമുളള ലിക്വിഡ് റെറ്റിനാ ഡിസ്‌പ്ലെയാണ് XR നുള്ളത്.

XR വാങ്ങണോ? 

പ്രത്യക്ഷത്തില്‍ നല്ല ഓഫറാണിത്. എന്നാല്‍ ഈ വര്‍ഷത്തെ മോഡലുകള്‍ ഇറങ്ങാറാകുകയാണ്. XR മോഡലിന് പിന്‍ഗാമിയുണ്ടെന്നാണ് പറയുന്നത്. ഇറങ്ങി ഏതാനും മാസങ്ങള്‍ക്കകം അതിനും ഒരു പക്ഷേ ഓഫര്‍ പ്രഖ്യാപിച്ചേക്കാം. കൂടുതല്‍ ഫീച്ചറുകളുമായി ഇറങ്ങുന്ന പുതിയ ഫോണ്‍ ഇപ്പോള്‍ XR വാങ്ങുന്നവര്‍ക്ക് മോഹഭംഗത്തിനു കാരണമാകാം.

ഇന്ത്യാഐസ്‌റ്റോര്‍!

ആപ്പിളിന്റെ ഇന്ത്യക്കായുള്ള വെബ്‌സൈറ്റിന്റെ പേരാണ് indiaistore.com. ഐഫോണുകളും ഐപാഡുകളും മാക് പിസി ശ്രേണിയും ആപ്പിള്‍ വാച്ചുമൊക്കെ പ്രതിമാസ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ ഇന്ത്യഐസ്റ്റോറില്‍ സാധിക്കും. പുതിയ കേന്ദ്ര ബജറ്റില്‍ ആപ്പിള്‍ പോലെയുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള വ്യവസ്ഥകളില്‍ ഇളവു നല്‍കിയിരിക്കുന്നതായി വാര്‍ത്തകളുണ്ട്. ഇതും ആപ്പിളിന്റെ വ്യാപാരം വര്‍ധിക്കാന്‍ കാരണമായേക്കും. വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങാനുള്ള സാധ്യതയാണ് ഇനി തുറന്നു കിട്ടാനായി ആപ്പിള്‍ ആഗ്രഹിക്കുന്നത്. അതും വന്നു കഴിഞ്ഞാല്‍ ഐഫോണ്‍ ആരാധകര്‍ക്ക് കൂടുതല്‍ ഇളവു ലഭിച്ചേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA