ADVERTISEMENT

തൊട്ടു മുന്‍ തലമുറയിലെ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും 'ബോറിങ്' ആയ അപ്‌ഡേറ്റ് ആയിരിക്കും ഈ വര്‍ഷത്തെ ഐഫോണുകള്‍ എന്നാണ് പൊതുവെയുളള സംസാരം. എന്നാല്‍ 2020ല്‍ കാലോചിതമായ പല പരിഷ്‌കാരങ്ങളും എത്തുമെന്നും പറയുന്നു. ചരിത്രത്തിലാദ്യമായി ഐഫോണുകള്‍ ഒരു ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം കൊണ്ടുവരുന്നു എന്നിവയൊക്കെയാണ് 2019ലെ പ്രധാന മികവായി പറയുന്നത്. എന്നാല്‍ എതിരാളികള്‍ ഇതൊക്കെ പണ്ടേ ചെയ്തു കഴിഞ്ഞതാണെന്നാണ് ആപ്പിള്‍ വിരുദ്ധര്‍ പറയുന്നത്. പക്ഷേ, എല്ലാ വര്‍ഷവും എതിരാളികള്‍ക്കില്ലാത്ത ഏതാനും ഫീച്ചറുകളെങ്കിലും ഐഫോണുകളില്‍ കൊണ്ടുവരിക എന്ന രീതി ആപ്പിൾ പിന്തുടരുന്നുണ്ട്. ഈ വര്‍ഷവും അതുണ്ടാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം വന്നേക്കാവുന്ന പുതിയ ഫീച്ചറുകളിൽ ചിലത് പരിശോധിക്കാം.

 

പുതിയ മോഡലുകള്‍ സെപ്റ്റംബറില്‍ തന്നെ അവതരിപ്പിച്ചേക്കും. മൂന്നു മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഇവ നിലവിലുള്ള ഐഫോണ്‍ Xs/Xs മാക്‌സ്, XR എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകളായിരിക്കും. ഇവയില്‍ മൂന്നു മോഡലുകള്‍ക്കോ, ആദ്യ രണ്ടു മോഡലുകള്‍ക്കോ ട്രിപ്പിള്‍ പിന്‍ക്യാമറ സിസ്റ്റം ഉണ്ടായിരിക്കും. XR മോഡലിന് ട്രിപ്പിള്‍ ക്യാമാറ സിസ്റ്റം കിട്ടുന്നില്ലെങ്കില്‍ ഇരട്ട ക്യാമറ സിസ്റ്റമെങ്കിലും കിട്ടിയേക്കുമെന്നു പറയുന്നു. നിലവില്‍ ഒറ്റ ക്യാമറയാണ് XR മോഡലിനുള്ളത്.

 

പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക് പുതിയ പ്രോസസര്‍ ഉണ്ടായിരിക്കുമെന്നും അത് മുന്‍ മോഡലുകളെക്കാള്‍ ശക്തിയുള്ളതായിരിക്കുമെന്ന കാര്യം ഏതു കുട്ടിക്കും പ്രവചിക്കാവുന്നതേയുള്ളു. ഈ ചിപ്‌സെറ്റ് രണ്ടാം തലമുറ 7nm പ്രോസസ് ഉപയോഗപ്പെടുത്തും. എക്‌സ്ട്രീം അള്‍ട്രാവയലറ്റ് ലിതോഗ്രാഫി പ്രയോജനപ്പെടുത്തുന്ന ആദ്യ ഐഫോണ്‍ പ്രോസസറായിരിക്കും ഇത്. പ്രോസസറിന്റെ പേര് A13 ബയോണക് എന്നായിരിക്കാനുള്ള സാധ്യതയാണുള്ളത്. ഐപാഡുകളില്‍ യുഎസ്ബി ടൈപ്-സി പോര്‍ട്ടുകള്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് അടുത്ത ഐഫോണുകള്‍ക്ക് പുതിയ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള ടൈപ്-സി പോര്‍ട്ട് നല്‍കിയേക്കുമെന്ന്. അത് നടന്നേക്കില്ലെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഐഫോണ്‍ 5 മുതലുള്ള ഫോണുകളില്‍ ആപ്പിള്‍ ഉപയോഗിച്ചു വരുന്ന ലൈറ്റ്‌നിങ് കണക്ടര്‍ തന്നെയായിരിക്കും ഈ വര്‍ഷത്തെ മോഡലുകള്‍ക്കുമെന്നാണ് കൂടുതല്‍ പേര്‍ വിശ്വസിക്കുന്നത്.

 

ട്രിപ്പിള്‍ പിന്‍ ക്യാമറ സിസ്റ്റം

 

മുന്‍ ലീക്കുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളും. XS/XS മാക്‌സ് മോഡലുകളുടെ പിന്‍ഗാമികളുടെ മുകളില്‍ ഇടതു ഭാഗത്ത് ഒരു ചെറു ചതുരത്തില്‍ അടക്കം ചെയ്ത മൂന്നു ക്യാമറകളായിരിക്കും പുതിയ മോഡലുകളുടെ മുഖമുദ്ര. XRന്റെ പിന്നിലും ഇത്തരമൊരു ചതുരം ഉണ്ടാകാമെന്നും എന്നാല്‍ അതില്‍ രണ്ടു ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക എന്നും പറയുന്നു. (ഈ വാദം മുഖവിലയ്‌ക്കെടുക്കാനാവില്ല എന്നും പറയുന്നു.) 

 

സ്മാര്‍ട് ഫ്രെയിം- എതിരാളികള്‍ക്കില്ലാത്ത ഫീച്ചര്‍

 

നിലവിലുള്ള ഐഫോണ്‍ മോഡലുകളില്‍ പരമാവധി രണ്ടു ക്യാമറകളാണ് ഉള്ളത്. ഇവയില്‍ ഒന്ന് പരമ്പരാഗത ക്യാമറയും മറ്റൊന്ന് ടെലി ലെന്‍സുമാണ്. പുതിയ മോഡലുകളില്‍ ഉണ്ടായിരിക്കുമെന്നു പറയുന്ന മൂന്നാം ക്യാമറയ്ക്ക് ഒരു സൂപ്പര്‍ വൈഡ് മൊഡ്യൂളായിരിക്കും നല്‍കുകയത്രെ. സൂപ്പര്‍വൈഡ് ഇന്ന് പല ആന്‍ഡ്രോയിഡ് ഫോണുകളിലും ഉണ്ട്. എന്നാല്‍ ആപ്പിളിന്റെ സൂപ്പര്‍ വൈഡ് ക്യാമറയ്ക്ക് മറ്റൊരു നിര്‍മാതാവും ഇതുവരെ നല്‍കാത്ത സ്മാര്‍ട് ഫ്രെയിം (SmartFrame) ഫീച്ചര്‍ ഉണ്ടായിരിക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഐഫോണുകളില്‍ നിലവിലുള്ള ഏതു ക്യാമറയെ കഴിഞ്ഞും വിസ്തൃതമായ കാഴ്ച ഇതിനു ലഭിക്കുമെന്നത് അനുമാനിക്കാവുന്നതാണ്. എന്നാല്‍ ഇതോടൊപ്പം ഇണക്കിയിരിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഫീച്ചറാണ് സ്മാര്‍ട് ഫ്രെയിം. എടുക്കുന്ന ഫോട്ടോയുടെ വീക്ഷണകോണും ഫ്രെയ്മും ഫോട്ടോ എടുത്ത ശേഷം പുനക്രമീകരിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ഇതിനായി ക്യാമറ ഫ്രെയ്മില്‍ കാണുന്നതിപ്പുറമുള്ള ഭാഗങ്ങള്‍ കൂടെ പിടിച്ചെടുക്കുന്നു. ഈ ഇമേജ് ഇന്‍ഫര്‍മേഷനാണ് ചിത്രം കറക്ടു ചെയ്യുന്ന സമയത്ത് ഉപകരിക്കുക. അതിനു ശേഷം കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ കരുത്തില്‍ ഫോട്ടോയുടെ വീക്ഷണകോണില്‍ മാറ്റം വരുത്തുകയും ക്രോപ്പു ചെയ്യുകയും ചെയ്ത് അന്തിമ ചിത്രം സേവു ചെയ്യുന്നു.

 

അധികമായി ലഭിക്കുന്ന വിവരങ്ങള്‍ ‘കുറച്ചു കാലം’ ഐഫോണില്‍ സൂക്ഷിച്ച ശേഷം ഡിലീറ്റു ചെയ്യുമെന്നാണ് പറയുന്നത്. കാരണം ഇത്തരം വിവരങ്ങള്‍ സ്വകാര്യതയ്ക്കു ഭീഷണിയാകുമെന്നാണ് കമ്പനി കരുതുന്നത്. ഫോണില്‍ ചെയ്യുന്ന കാര്യങ്ങളും പോകുന്ന വഴിയും മുഴുവന്‍ ട്രാക്കു ചെയ്യുന്നസോഫ്റ്റ്‌വെയര്‍ സൃഷ്ടാക്കളെപ്പോലെയല്ലാതെ ചില കാര്യങ്ങളില്‍ ആപ്പിളിന്റെ നിഷ്ഠയ്ക്കു നാം കയ്യടിക്കണം. ഈ ഫീച്ചര്‍ XR മോഡലിന് കിട്ടിയേക്കില്ല. എന്നാല്‍ മൂന്നു മോഡലുകളുടെയും മുന്‍ ക്യാമറയ്ക്ക് സൂപ്പര്‍ സ്ലോമോഷന്‍ വിഡിയോ റെക്കോഡിങ് ശേഷി നല്‍കുമെന്നും അറിയുന്നു.

 

ഡിസ്‌പ്ലേ

 

XRനു പകരമെത്തുന്ന മോഡല്‍ ഒഴികെയുള്ള ഫോണുകള്‍ക്ക് 3X ഓലെഡ് റെറ്റിനാ ഡിസ്‌പ്ലേ ആയിരിക്കും. XRന്റെ പിന്‍ഗാമിക്ക് 2x ലിക്വിഡ് റെറ്റിനാ ഡിസ്‌പ്ലേ ആയിരിക്കും. ഇവയുടെ പിന്‍ഗാമികളുടെ അതേ റെസലൂഷനായിരിക്കും ലഭിക്കുക.

 

പുതിയ ടാപ്റ്റിക് എൻജിന്‍

 

ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍ തട്ടിയെടുത്ത് അവതരിപ്പിക്കുന്നതില്‍ എതിരാളികളുടെ വിരുത് ഒന്നു വേറെ തന്നെയാണ്. സാംസങ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നതു തന്നെ കോപ്പിക്യാറ്റ് എന്നാണ്. വാവെയുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. നമ്മള്‍ മുകളില്‍ കണ്ട സ്മാര്‍ട് ഫ്രെയിം ഫീച്ചറൊക്കെ എതിരാളികള്‍ എപ്പോള്‍ പകര്‍ത്തിയെന്നു ചോദിച്ചാല്‍ മതി. എന്നാല്‍ ഇവര്‍ക്കാര്‍ക്കും വിജയകരമായി പകര്‍ത്താനാകാത്ത ഒരു ഫീച്ചര്‍ ഐഫോണുകളിലുണ്ട്, 3ഡി ടച്ച്. എന്തിന് എതിരാളികളുടെ കാര്യം പറയണം, ആപ്പിളിനു പോലും തങ്ങളുടെ ഐപാഡുകളില്‍ 'ഫോഴ്‌സ്ടച്ച്' എന്നും അറിയപ്പെടുന്ന ഈ ടെക്‌നോളജി വിജയകരമായി അവതരിപ്പിക്കാനായില്ല. സ്‌ക്രീനിന്റെ വിലുപ്പ വ്യത്യാസമാണ് പ്രശ്‌നം. എന്നാല്‍, 3ഡി ടച്ചിന്റെ അല്‍പം വേറിട്ട വേര്‍ഷന്‍ ആപ്പിള്‍ വാച്ചില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.

 

പക്ഷേ ആപ്പിള്‍ തന്നെ ഇപ്പോള്‍ 3ഡി ടച്ച് നിർത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്. പകരം പുതിയ ടാപ്റ്റിക് എൻജിനുകള്‍ അവതരിപ്പിക്കും. ഇത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റായി പഴയ ഉപകരണങ്ങള്‍ക്കും നല്‍കുമോ അതോ പുതിയ മോഡലുകള്‍ക്കു മാത്രമായിരിക്കുമോ എന്നറിയില്ല. എന്തായാലും ഇത് ആന്‍ഡ്രോയിഡ് ഫോണുകളിലും അധികം താമസിയാതെ പ്രതീക്ഷിക്കാനായേക്കും.

 

വലിയ ബാറ്ററികളും 18w ക്വിക് ചാര്‍ജറും

 

പുതിയ ഐഫോണുകളില്‍ കൂടുതല്‍ ചാര്‍ജ് ഉള്‍ക്കൊള്ളാനാകുന്ന ബാറ്ററികളും 18w ഉള്ള ഒരു ക്വിക് ചാര്‍ജറും കിട്ടുമെന്ന് പറയുന്നു.

 

ഐഫോണ്‍ മൈഗ്രേഷന്‍ ടൂള്‍

 

നിലവില്‍ ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമൊക്കെ ഇപ്പോള്‍ പുതിയ 12.4 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളിലൊന്നാണ് ഐഫോണ്‍ മൈഗ്രേഷന്‍ ടൂള്‍. പുതിയ ഐഫോണ്‍ വാങ്ങുമ്പോള്‍ പഴയ ഫോണിലെ ആവശ്യമുള്ള ഡേറ്റ പകര്‍ത്താനുള്ള ടൂളാണിത്. ഇതു കൂടാതെ പുതിയ അപ്‌ഡേറ്റില്‍ ബഗ് ഫിക്‌സുകളാണ് ഉള്ളത്. 

 

മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പേറ്റന്റ്

 

ആപ്പിള്‍ തങ്ങളുടെ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റിന്റെ പണി നിർത്തിയ കാര്യം വാര്‍ത്തയായിരുന്നല്ലോ. എന്നാല്‍ കമ്പനി ഇപ്പോള്‍ ഫയല്‍ ചെയ്തിരിക്കുന്ന പേറ്റന്റില്‍ നിന്നു മനസിലാകുന്നത് അവര്‍ ഇനി ഒരു മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിക്കാന്‍ ശ്രമിക്കുമെന്നാണ്. ഇതിന് ഉപയോക്താവിന്റെ കണ്ണുകളുടെ നീക്കവും മുഖഭാവവും വരെ ട്രാക്കു ചെയ്യാനുള്ള കഴിവുണ്ടായിരിക്കുമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com