sections
MORE

വിലക്കുറവ് മാജിക്കിലൂടെ ചൈന ഇന്ത്യയെ വിഴുങ്ങി; ഷോമിക്ക് കിതപ്പ്, റിയല്‍മിക്ക് കുതിപ്പ്

xiaomi
SHARE

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയെ ചൈന വിഴുങ്ങിയിരിക്കുകയാണ്. വില്‍പനയില്‍ ആദ്യ അഞ്ചു സ്ഥാനത്തുള്ള ബ്രാന്‍ഡുകളില്‍ നാലും ചൈനീസ് കമ്പനികളാണ്. ഇതില്‍ ഇന്ത്യക്കാരുടെ പ്രിയ ബ്രാന്‍ഡായ ഷോമി സാംസങ്ങിനെ പിന്തള്ളി ഇത്തവണയും ഒന്നാം സ്ഥാനത്തു തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രകടനം മെച്ചപ്പെടുത്തിയില്ല എന്നതാണ് പ്രധാന വാര്‍ത്ത. അതേസമയം തിളക്കമാര്‍ന്ന പ്രകടനവുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് റിയല്‍മി. ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റാണ് 2018 ഏപ്രില്‍ മുതല്‍ജൂണ്‍ വരെയുള്ളതും 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളും പുറത്തുവിട്ടിരിക്കുന്നത്.

മുകളില്‍ പറഞ്ഞ കാലയളവില്‍ വിപണിയുടെ 28 ശതമാനം കൈപ്പിടിയിലാക്കിയ ഷോമിയാണ് ഈ വര്‍ഷവും ഒന്നാം സ്ഥാനത്ത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും 28 ശതമാനം തന്നെയായിരുന്നു മാര്‍ക്കറ്റ് ഷെയര്‍ എന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ മികവു പുറത്തെടുക്കാനായില്ല എന്നുകാണാം. റെഡ്മി നോട്ട് 7 പ്രോ, റെഡ്മി 7എസ് തുടങ്ങി ഒരു പറ്റം പുതിയ ഫോണുകളും ഫീച്ചറുകളും അവതരിപ്പിച്ചാണ് അവര്‍ സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ചു നിർത്തിയത്. ഓണ്‍ലൈന്‍ കൂടാതെ ഓഫ്‌ലൈന്‍ വില്‍പനയും അവരുടെ മുന്നേറ്റത്തിനു സഹായകമായെന്നു കാണാം.

രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന് 25 ശതമാനമാണ് മാര്‍ക്കറ്റ് ഷെയര്‍. തങ്ങളുടെ എം, എ സീരിസുകളുടെ വിജയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തിന് അര്‍ഹമാക്കുന്നത്. ഏതാനും ഫീച്ചറുകള്‍ കൂടുതലുണ്ടെങ്കിലും ഷോമി പോലെയുള്ള ചൈനീസ് കമ്പനികളുടെ ഫോണുകള്‍ കയ്യില്‍ വയ്ക്കാന്‍ മടിക്കുന്നവരാണ് സാംസങ്ങിന്റെ ബ്രാന്‍ഡ് നെയ്മിനു പിന്നാലെ പോകുന്നത്. ഏറ്റവുമധികം സാംസങ് വിറ്റത് ഗ്യാലക്‌സി എ10 ആണ്.

മൂന്നാം സ്ഥാനത്ത് വിവോ ആണ്. കഴിഞ്ഞ വര്‍ഷം 12 ശതമാനമുണ്ടായിരുന്ന വിവോയുടെ പങ്ക് ഈ വര്‍ഷം 11 ആയി കുറയുകയാണ് ചെയ്തിരിക്കുന്നത്. റിയല്‍മി നാലാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം കേവലം 1 ശതമാനം മാര്‍ക്കറ്റ് സാന്നിധ്യമുണ്ടായിരുന്ന കമ്പനി 9 ശതമാനത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഇത് ശരിക്കും ഷോമിക്ക് ഭീഷണിയാണ്. ഇരു കമ്പനികളും ഫീച്ചറുകള്‍ കുത്തി നിറച്ച് ഏകദേശം ഒരേ വിലയ്ക്കാണ് വില്‍ക്കുന്നത്. റിയല്‍മി സി2, റിയല്‍മി 3 പ്രോ തുടങ്ങിയ മോഡലുകളാണ് കമ്പനിക്കു കുതിപ്പു നല്‍കിയത്. ഏറ്റവും വേഗത്തില്‍ 80 ലക്ഷം ഫോണുകള്‍ വിറ്റ കമ്പനിയും അവരാണ്. 

ഒപ്പോയാണ് അഞ്ചാം സ്ഥാനത്തുള്ളത്. എട്ടു ശതമാനമാണ് അവരുടെ മാര്‍ക്കറ്റ് ഓഹരി. കഴിഞ്ഞ വര്‍ഷം 9 ശതമാനം ഉണ്ടായിരുന്ന അവരുടെ വിപണി വിഹിതം ഒരു ശതമാനം ഇടിഞ്ഞിരിക്കുന്നതായി കാണാം. 

ശരിക്കുള്ള വിജയി പ്രച്ഛന്ന വേഷത്തിലുള്ള ബിബികെ ഗ്രൂപ്പ്!

സൂക്ഷിച്ചു നോക്കിയാല്‍ ഷോമിയല്ല ചൈനീസ് കമ്പനിയായ ബിബികെ ഗ്രൂപ് (BBK group) ആണ് ഇന്ത്യയിലെ ശരിയായ വിജയി എന്നു കാണാം. ബിബികെ ഗ്രൂപ്പാണ് ഒപ്പോ, വിവോ, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളുടെയെല്ലാം പിതൃകമ്പനി! ഇവരുടെ ഇന്ത്യയിലെ മൊത്തം മാര്‍ക്കറ്റ്ഷെയര്‍ 30 ശതമാനമാണ്.

സാംസങ്ങിനെ പിന്തള്ളി പ്രീമിയം സെഗ്‌മെന്റില്‍ വണ്‍പ്ലസ് മുന്നില്‍

ഇന്ത്യയില്‍ ഏകദേശം 35,000 രൂപയ്‌ക്കൊ അതിനു മുകളിലോ വില്‍ക്കുന്ന ഫോണുകളെയാണ് പ്രീമിയം സെഗ്‌മെന്റിലെ ഹാന്‍ഡ് സെറ്റുകളെന്നു പറയുന്നത്. ഇതില്‍ സാംസങ് ആയിരുന്നു കഴിഞ്ഞ വര്‍ഷം വരെ മുൻപിലെങ്കില്‍ വണ്‍പ്ലസ് 7/7 പ്രോ എന്നീ മോഡലുകളുടെ മികവാര്‍ന്ന വിജയത്തിലൂടെ വണ്‍പ്ലസ് മുന്നിലെത്തിയിരിക്കുകയാണ്.

വാവെയുടെ നില

അമേരിക്ക-ചൈന വാണിജ്യ വടംവലിക്കിടയില്‍ പെട്ടു പോയ വാവെയ് കമ്പനിക്ക് ഇന്ത്യയിലും തിരിച്ചടി നേരിട്ടുവെങ്കിലും അവര്‍ ഇപ്പോഴും ആദ്യ പത്തു കമ്പനികള്‍ക്കിടയില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ഫീച്ചര്‍ ഫോണ്‍ വില്‍പന 39 ശതമാനം ഇടിഞ്ഞു

2019 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍ വിറ്റത് 3.7 കോടി സ്മാര്‍ട് ഫോണുകളാണ്. അതേസമയം ഇന്ത്യയില്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പന കുത്തനെ ഇടിഞ്ഞു. ജിയോഫോണിനു പോലും ഇടിവു തട്ടിയെന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ. കഴിഞ്ഞ വര്‍ഷം 47 ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ടായിരുന്ന ബ്രാന്‍ഡിന് ഈ വര്‍ഷം അത് 28 ആയി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 9 ശതമാനം ഒഹരിയുണ്ടായിരുന്ന സാംസങ് 21 ശതമാനമായി ഇപ്പോള്‍ കുതിച്ചു കയറിയിട്ടുണ്ട്. 

ഓണ്‍ലൈന്‍ വില്‍പനയില്‍ ശ്രദ്ധിച്ചിരുന്ന കമ്പനികള്‍ ഓഫ്‌ലൈന്‍ വില്‍പനയിലും (കടകളിലൂടെയുള്ള വില്‍പന), തിരിച്ചും തന്ത്രങ്ങള്‍ മാറ്റി പയറ്റുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA