sections
MORE

ഗൂഗിൾ പിക്‌സല്‍ 4ൽ സോളി റഡാർ ചിപ്, ഇത് ലോകത്തെ ആദ്യ സംഭവം - വിഡിയോ

google-pixel-4
SHARE

ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന പിക്‌സല്‍ 4 മോഡലുകളില്‍ എതിരാളികള്‍ക്കൊപ്പമോ, അതിനപ്പുറമോ ഉള്ള ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. സ്റ്റൈലിന്റെ അവസാന വാക്കാണ് ഐഫോണ്‍ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതേ രീതിയില്‍ തന്നെയൊ മെച്ചമായോ ചമഞ്ഞൊരുങ്ങിയാണ് ഇത്തവണ പിക്‌സല്‍ മോഡലുകളും ഇറങ്ങുന്നതത്രെ. ആംഗ്യങ്ങളിലൂടെ പോലും ഫോണിനോട് ഇടപെടാമെന്നതും ഫെയ്‌സ് ഐഡിയുടെ പ്രവര്‍ത്തനത്തില്‍ ഐഫോണിനെ കടത്തിവെട്ടിയേക്കാം എന്നുമൊക്കെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇവയില്‍ ചിലത് ഗൂഗിള്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പല വര്‍ഷങ്ങളായി സ്മാര്‍ട് ഫോണുകള്‍ ഇറക്കുന്നുണ്ട്. ഇപ്പോള്‍ പിക്‌സല്‍ ശ്രേണിയിലാണ് തങ്ങളുടെ ഫോണുകള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം രണ്ടു പുതിയ മോഡലുകളാണ് കമ്പനി ഇറക്കുന്നത്. പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ്എല്‍. കൂടുതല്‍ വലുപ്പമുള്ള സ്‌ക്രീനും മറ്റുമുള്ള എക്‌സ്എല്‍ മോഡലായിരിക്കും ഇവയിലെ കേമന്‍.

ആംബിയന്റ് കംപ്യൂട്ടിങ്

കപ്പാസിറ്റീവ് ടച്‌സ്‌ക്രീനാണ് സ്മാര്‍ട് ഫോണുകളെ പ്രിയങ്കരമാക്കിയത്. എന്നാല്‍ അതിനുശേഷം കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്പനികള്‍ക്കു സാധിച്ചിട്ടല്ല എന്നു കാണാം. ടച്ചിങ് ഫോണുമായി ഉപയോക്താവ് ഇടപെടുന്നതിലേ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. എന്നാല്‍ പുതിയ പിക്‌സല്‍ ഫോണുകള്‍ ആംബിയന്റ് കംപ്യൂട്ടിങ് (പരിസര സ്വാധീനത്തിലൂടെയുള്ള കംപ്യൂട്ടിങ്) എന്ന പുതിയ തലത്തിലേക്ക് ഉയരാന്‍ ശേഷിയുള്ള ഉപകരണങ്ങളായിരിക്കുമെന്നു പറയുന്നു. ഫെയ്‌സ് അണ്‍ലോക്കിലും എയര്‍ ജെസ്ചറുകളിലും (വായുവില്‍ ആംഗ്യങ്ങള്‍ കാണിക്കുക) ആയിരിക്കും ഇവയുടെ മികവ് കാണാനാകുക.

പിക്‌സല്‍ ഫോണുകളെക്കുറിച്ച് ഗൂഗിള്‍ പുറത്തിറക്കിയ വിഡിയോയില്‍ ഒരു സ്ത്രീ പിക്‌സല്‍ 4 ഫോണിനടുത്തേക്കു നടന്നു വരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഫോണ്‍ അണ്‍ലോക് ആകുന്നു. അവര്‍ അല്‍പം പിന്നോട്ടു മാറിനിന്ന് തന്റെ കൈ ഫോണിന്റെ മുന്നില്‍ വീശി ഫോണിലുളള പാട്ടുകളിലൂടെ കടന്നു പോകുന്നു. ഫോണില്‍ സ്പര്‍ശിക്കുന്നതേയില്ല. പിക്‌സല്‍ 4 മോഡലുകളുടെ മുകള്‍ ഭാഗത്തുള്ള ബെസലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സെന്‍സറുകളുടെ നിരയുടെ ഫോട്ടോ ഗൂഗിള്‍ തന്നെ പുറത്തുവിട്ടിട്ടുമുണ്ട്.

ഐഫോണിന് ഈ വര്‍ഷവും ഒറ്റ മുന്‍ക്യാമറയായിരിക്കും ഉണ്ടാകുക എന്നാണ് കേള്‍ക്കുന്നത്. പിക്‌സല്‍ 4ന് രണ്ട് ഇന്‍ഫ്രാറെഡ് ക്യാമറകള്‍ മുന്നില്‍ കാത്തിരിക്കുകയാണ്. അവയ്‌ക്കൊപ്പം ആംബിയന്റ് ലൈറ്റ് അഥവാ പ്രോക്‌സിമിറ്റി സെന്‍സര്‍, ഓഡിയോ പോര്‍ട്ട്, സോളി റഡാര്‍ ചിപ് (ചലനംമനസിലാക്കാന്‍), ഫെയ്‌സ് അണ്‍ലോക്കിനുള്ള ഡോട്ട് പ്രൊജക്ടര്‍, ഫെയ്‌സ് അണ്‍ലോക് ഫ്‌ളഡ് ഇലൂമിനേറ്റര്‍ എന്നിവയാണ് നിരന്നിരിക്കുന്നത്.

സോളി മോഷന്‍ സെന്‍സ്

പിക്‌സലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സോളി മോഷന്‍-സെന്‍സിങ് റഡാര്‍, വിമാനം തുടങ്ങിയവയെ കണ്ടെത്താനുള്ള ശരിക്കുള്ള റഡാറിന്റെ കുഞ്ഞന്‍ പതിപ്പാണെന്നാണ് പറയുന്നത്. പിക്‌സല്‍ 4ല്‍ ഹാര്‍ഡ്‌വെയര്‍ സെന്‍സറും സോഫ്റ്റ്‌വെയര്‍ അല്‍ഗോറിതവും ചേര്‍ന്നാണ് ഫോണിനു സമീപത്തുള്ള ചെറിയ ചലനങ്ങള്‍ അറിയുന്നത്. ആംഗ്യഭാഷ മനസിലാക്കുന്നതും ഇതിലൂടെയാണ്. ഉപയോക്താവ് അടുത്തുണ്ടോ എന്ന് ഇതിനറിയാമത്രെ! അടുത്ത പാട്ടെടുക്കാനും അലാമുകള്‍ സ്‌നൂസ് ചെയ്യാനും ഫോണ്‍ കോളുകള്‍ കട്ടു ചെയ്യാനും ഉപയോഗിക്കാം! എന്നാല്‍ പിക്‌സലുകളിലെ എല്ലാ ഫീച്ചറുകളും എല്ലാ രാജ്യങ്ങളിലും ലഭ്യമാക്കില്ലെന്നും ഗൂഗിള്‍ പറയുന്നു.

ഫെയ്‌സ് അണ്‍ലോക് അഥവാ സോളിയുടെ ലീലകള്‍

നിലവിലുള്ള ഐഫോണ്‍ അടക്കമുള്ള ഫോണുകളില്‍ നിന്ന വ്യത്യസ്തമാണ് പിക്‌സല്‍ 4ലെ ഫെയ്‌സ് അണ്‌ലോക് എന്നാണ് കമ്പനി പറയുന്നത്. പരസ്യത്തില്‍ കാണിക്കുന്നതു പോലെ ഫെയ്‌സ് അണ്‍ലോക് ഉപയോഗിക്കാന്‍ ഫോണ്‍ എടുത്തുയര്‍ത്തേണ്ട കാര്യമില്ല. നിങ്ങളിപ്പോള്‍ ഫോണ്‍ അൺലോക് ചെയ്യാനാണോ വരുന്നതെന്ന് സോളിക്കറിയാമത്രെ! നിങ്ങള്‍ അടുത്തെത്തുമ്പോള്‍ ഫെയ്‌സ് അണ്‍ലോക് സെന്‍സറുകള്‍ ഓണ്‍ ചെയ്യുകയാണ് സോളി ചെയ്യുന്നത്. എന്നാല്‍ ഇത് മുഖത്തിന് അഭിമുഖമായി ഫോണ്‍ വച്ചാലല്ലേ സാധിക്കൂ. അതോ കിടത്തിയിട്ടിരിക്കുന്ന ഫോണിലും മറ്റും സാധ്യമാണോ എന്ന് അറിയില്ല. എന്നാല്‍ ഫോണ്‍ തലതിരിച്ചു പിടിച്ചാല്‍ പോലും ഫെയ്‌സ് അണ്‍ലോക് സാധിക്കുമെന്നും കമ്പനി പറഞ്ഞു. സുരക്ഷിതമായി പണമടയ്ക്കാനും മറ്റും ഇത് ഉപകരിക്കും. ഫെയ്‌സ് അണ്‍ലോക്കിന്റെയും മോഷന്‍ സെന്‍സറിന്റെയും ഡേറ്റ തങ്ങളുടെ സെര്‍വറുകളിലേക്ക് കൊണ്ടുപോകില്ലെന്നും ഗൂഗിള്‍ പറയുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്റെയും സോളി സെന്‍സറിന്റെയും ഡേറ്റയും ഫോണില്‍ തന്നെ സൂക്ഷിക്കുമെന്നും കമ്പനി പറയുന്നു. പിക്‌സലിന്റെ ടൈറ്റന്‍-എം ചിപ്പിലാണ് ഇത് സുരക്ഷിതമായി വയ്ക്കുക എന്നും കമ്പനി പറയുന്നു. ചരിത്രത്തിലാദ്യമായാണ് ഗൂഗിള്‍ ഇത്തരം ഒരു പ്രസ്താവന ഇറക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ പേരില്‍ ഗൂഗിള്‍ നിയമ നടപടികള്‍ നേരിട്ടേക്കാം. കമ്പനിയുടെ വാദം എത്ര ഉപയോക്താക്കള്‍ മുഖവിലയ്‌ക്കെടുക്കുമെന്നും അറിയില്ല.

പിന്‍ ക്യാമറ സിസ്റ്റം

കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ ഗൂഗിളിന്റെ മികവ് മറ്റൊരു കമ്പനിക്കും അവകാശപ്പെടാനായേക്കില്ല. കഴിഞ്ഞ വര്‍ഷങ്ങളിലും പിക്‌സൽ ക്യാമറയുടെ പ്രകടനം അതിഗംഭീരമായിരുന്നു. എന്നാല്‍ ഒറ്റ ക്യാമറയാണ് ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം പ്രധാന ഐഫോണുകള്‍ മൂന്നു പിന്‍ക്യാമറയുമായി ആയിരിക്കും ഇറങ്ങുക എന്നു പറയുന്നു. പിന്നില്‍, അല്‍പം തള്ളിനില്‍ക്കുന്ന ചെറു ചതുരത്തില്‍ പിടിപ്പിച്ച മൂന്നു ക്യാമറകളാണ് ഐഫോണിനുണ്ടാവുക. അതേ ഡിസൈന്‍ തന്നെയായിരിക്കും പിക്‌സല്‍ 4നെന്നും പറയുന്നു. ചിലര്‍ പറയുന്നത് മൂന്നു ക്യാമറകള്‍ ഉണ്ടാകുമെന്നാണെങ്കില്‍ മറ്റു ചിലര്‍ രണ്ടേ കാണൂ എന്നും പറയുന്നു. എന്തായാലും കെട്ടിലും മട്ടിലും ഈ വര്‍ഷത്തെ ഐഫോണിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് നിര്‍മാണമെങ്കിലും ടെക്‌നോളജിയില്‍ ഒരുപടി മുന്നില്‍ കയറുമോ പിക്‌സല്‍ മോഡല്‍ എന്നറിയാന്‍ ഉറ്റു നോക്കുകയാണ് ടെക്പ്രേമികള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA